Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചേച്ചി പുറത്തുപോയ തക്കം നോക്കി അനിയത്തി ഗൂണ്ടകളെയും കൂട്ടി വന്ന് വീട് തകർത്തു; ചേച്ചി ഇനി വീട്ടിൽ താമസിക്കരുതെന്ന വാശിയിൽ സകലതും തച്ചുതകർത്ത് അനിയത്തി; മൂന്നാറിൽ പട്ടാപ്പകൽ നടന്ന പകവീട്ടൽ കണ്ട് രസിച്ച് തമാശ പൊട്ടിച്ച് പൊലീസും; സ്വത്ത് തർക്കത്തിൽ ആനന്ദ സെൽവിയുടെ വീട് മുത്തമിഴ് സെൽവി തകർത്തത് തൊടുപുഴ കോടതിയിൽ വാദം നടക്കുന്നതിനിടെ; നാട്ടുകാരെ ഞെട്ടിച്ച പ്രതികാര കഥ ഇങ്ങനെ

ചേച്ചി പുറത്തുപോയ തക്കം നോക്കി അനിയത്തി ഗൂണ്ടകളെയും കൂട്ടി വന്ന് വീട് തകർത്തു; ചേച്ചി ഇനി വീട്ടിൽ താമസിക്കരുതെന്ന വാശിയിൽ സകലതും തച്ചുതകർത്ത് അനിയത്തി; മൂന്നാറിൽ പട്ടാപ്പകൽ നടന്ന പകവീട്ടൽ കണ്ട് രസിച്ച് തമാശ പൊട്ടിച്ച് പൊലീസും; സ്വത്ത് തർക്കത്തിൽ ആനന്ദ സെൽവിയുടെ വീട് മുത്തമിഴ് സെൽവി തകർത്തത് തൊടുപുഴ കോടതിയിൽ വാദം നടക്കുന്നതിനിടെ; നാട്ടുകാരെ ഞെട്ടിച്ച പ്രതികാര കഥ ഇങ്ങനെ

എം മനോജ് കുമാർ

മൂന്നാർ: സ്വത്ത് തർക്കപ്രശ്‌നവുമായി ബന്ധപ്പെട്ട് തൊടുപുഴ കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെ ജേഷ്ഠത്തിയുടെ വീട് ഗുണ്ടകളുടെ സഹായത്തോടെ പൂർണമായി തകർത്ത് അനുജത്തിയുടെ പ്രതികാരം. മൂന്നാർ ടൗണിലെ ജനങ്ങളെ അമ്പരപ്പിച്ചാണ് സഹോദരി പുറത്ത് പോയ സമയം നോക്കി അനുജത്തി ഗുണ്ടകളുടെ സഹായത്തോടെ വീട് തല്ലിത്തകർത്തത്. വീട് തല്ലിത്തകർക്കുമ്പോൾ അത് തടയിടാതെ മൂകസാക്ഷികളായി മാറി മൂന്നാർ പൊലീസും വീട് പൊളിക്കലിൽ തങ്ങളുടെ കയ്യൊപ്പ് പതിച്ചു. സഹോദരിമാരായ ആനന്ദ സെൽവിയും മുത്തമിഴ് സെൽവിയും തമ്മിലുള്ള തർക്കത്തിന്നൊടുവിലാണ് വീട് തല്ലിത്തകർക്കൽ നടന്നത്. വീട് തകർത്ത സംഭവത്തിൽ ഇടുക്കി എസ്‌പിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ആനന്ദസെൽവി.

അച്ഛൻ ജി. വൈകുണ്ഠം മരിച്ചതിന് ശേഷം സഹോദരങ്ങൾ തമ്മിൽ തുടങ്ങിയ സ്വത്ത് തർക്കമാണ് വീട് കയ്യേറലിലും തകർക്കലിലും സമാപിച്ചത്. സഹോദരങ്ങൾക്ക് സ്വന്തമായി ഇൻഡൈന്റെ രണ്ടു ഗ്യാസ് സിലിണ്ടർ ഏജൻസികളുണ്ട്. ഈ രണ്ടു ഗ്യാസ് സിലിണ്ടർ ഏജൻസികൾ വിഭജിക്കുന്നതിലും ലാഭം പങ്കു വയ്ക്കുന്നതിലും തമ്മിലുള്ള തർക്കത്തിന്റെ അന്ത്യത്തിലാണ് വീട് തകർക്കൽ നടന്നത്. രണ്ടായിരത്തി പതിമൂന്നു മുതലുള്ള ഏജൻസിയുടെ കണക്കുകൾ മുഴുവൻ സമർപ്പിക്കാൻ തൊടുപുഴ കോടതി അനുജത്തി മുത്തമിഴ് സെൽവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് കൂടി അവകാശപ്പെട്ട ഏജൻസിയുടെ ലാഭത്തിൽ നിന്നും ഒരു തുകയും ലഭിക്കാത്തതിനെ തുടർന്ന് ജ്യേഷ്ടത്തി ആനന്ദ സെൽവി നൽകിയ പരാതിയെ തുടർന്നാണ് കണക്കുകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്. കണക്കുകൾ സമർപ്പിക്കുമ്പോൾ 2013 മുതലുള്ള ലാഭത്തിന്റെ പകുതി ആനന്ദ സെൽവിക്ക് അനുജത്തി നൽകേണ്ടി വരും. ഇതാണ് അനുജത്തിയെ പ്രകോപിച്ചത്-കാര്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ആനന്ദ സെൽവിയുടെ അഭിഭാഷകൻ ഹല്ലാജു മറുനാടനോട് ചൂണ്ടിക്കാട്ടുന്നു.

യാതൊരു കരുണയും കൂടാതെയാണ് അനുജത്തി തന്റെ ദൗത്യം നിറവേറ്റിയത്. തകർത്ത വീടിന്റെ അകത്തളത്തിന്റെ ഫോട്ടോകൾ ഈ കാര്യം തെളിയിക്കുന്നു. വീട്ടു സാധനങ്ങൾ അതേപടി വീട്ടിൽ നിർത്തിയാണ് സഹോദരി ഏർപ്പെടുത്തിയവർ വീടിന്റെ ഷീറ്റും അകത്തുള്ള സാധനങ്ങളും തല്ലിത്തകർത്തത്. വീട്ടിൽ ഉള്ളവർ ഈ വീട്ടിൽ താമസിക്കാനോ അവർ ഉപയോഗിച്ച സാധനങ്ങൾ തുടർന്ന് ഉപയോഗിക്കാനോ കഴിയാത്ത വിധത്തിലാണ് വീട് തകർക്കൽ നടന്നത്. വീട് തകർക്കൽ അറിഞ്ഞു സഹോദരി എത്തി പൊലീസ് സഹായം തേടിയെങ്കിലും പൊളിക്കൽ തടയാൻ പൊലീസ് തയ്യാറായില്ല. വീട് തകർത്തത് ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്കിയതായി അഭിഭാഷകൻ പറഞ്ഞു. രണ്ടു ഗ്യാസ് സിലിണ്ടർ ഏജൻസികളുണ്ട് സഹോദരിമാർക്ക്. അച്ഛനായ വൈകുണ്ഠമാണ് ഗ്യാസ് ഏജൻസിയുടെ ഡീലർഷിപ്പ് സംഘടിപ്പിച്ചത്. വൈകുണ്ഠത്തിന്റെ മരണത്തോടെ കുഴപ്പങ്ങൾ തുടങ്ങി. 2012ലാണ് വൈകുണ്ഠം മരിക്കുന്നത്. അച്ഛൻ മരിച്ചതോടെ മുത്തമിഴ് സെൽവി ഗ്യാസ് ഏജൻസികൾ കൈവശമാക്കുകയായിരുന്നു.

സഹോദരിമാർ തമ്മിൽ പാർട്ട്ണർഷിപ്പ് ഡീൽ ഉണ്ടെങ്കിലും ഇത് മുത്തമിഴ് സെൽവി ലംഘിക്കുകയായിരുന്നു. 49 ശതമാനം ഷെയർ ആനന്ദ സെൽവിക്ക്. 51 ശതമാനം ഷെയർ അനുജത്തിയായ മുത്തമിഴ് സെൽവിക്ക്. ഇത് പക്ഷെ കടലാസിൽ മാത്രം ഒതുങ്ങുകയായിരുന്നു. സഹോദരിയെ ഗ്യാസ് എജൻസിയിൽ കാലു കുത്താനും അനുജത്തി സമ്മതിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഗതികെട്ടിട്ടാണ് ആനന്ദ സെൽവി തൊടുപുഴ കോടതിയിൽ ആർബിട്രേഷൻ കേസ് നൽകിയത്. ഇത് പിന്നെ ഒത്തുതീർപ്പാക്കിയിരുന്നു. 2013 മുതലുള്ള ലാഭവിഹിതം നൽകണം. ഓരോ മാസവും 75000 രൂപ വീതം നൽകണം എന്നായിരുന്നു ഉടമ്പടി വ്യവസ്ഥകൾ. ഇത് പിന്നെ അനുജത്തി ലംഘിക്കുകയായിരുന്നു. തുടർന്ന് ആനന്ദസെൽവി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കണക്കുകൾ സമർപ്പിക്കാൻ തൊടുപുഴ കോടതി അനുജത്തിക്ക് നിർദ്ദേശം നൽകിയത്. ഇതിന്റെ തീയതി അടുത്തു കൊണ്ടിരിക്കെയാണ് വീട് തകർക്കൽ നടന്നത്.

കേസുമായി ബന്ധപ്പെട്ടു അഭിഭാഷകൻ ഹല്ലാജുവിന്റെ പ്രതികരണം:

ഗ്യാസ് ഏജൻസി വലിയ ലാഭം തരുന്ന ഏർപ്പെടാണ്. ആനന്ദ സെൽവിയും മുത്തമിഴ് സെൽവിയുമുണ്ട്. ഇവർ ജി. വൈകുണ്ഠം എന്നയാളുടെ മക്കളാണ്. മൂന്നാറിലും അടിമാലിയിലുമായാണ് ഗ്യാസ് സിലിണ്ടർ ഏജൻസികൾ ഇവർക്കുള്ളത്. 2012 വൈകുണ്ഠം മരിച്ച ശേഷം ഇവർ തമ്മിലുള്ള സ്വത്ത് തർക്കം തുടങ്ങി. പ്രധാനമായും ഗ്യാസ് ഏജൻസിയുടെ കാര്യത്തിലാണ് തർക്കം തുടങ്ങിയത്. ഇതോടെ തൊടുപുഴ കോടതിയിൽ കേസ് നൽകി. ആർബിട്രേഷൻ കേസ് നടന്നുകൊണ്ടിരിക്കെ കേസ് ഒത്തുതീർപ്പായി. 2013 മുതലുള്ള ലാഭവിഹിതം നൽകണം. ഓരോ മാസവും 75000 രൂപ വീതം നൽകണം എന്നായിരുന്നു ഉടമ്പടി വ്യവസ്ഥകൾ. ഇത് പിന്നെ അനുജത്തി ലംഘിച്ചു.

തുടർന്ന് ആനന്ദസെൽവി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കണക്കുകൾ സമർപ്പിക്കാൻ തൊടുപുഴ കോടതി അനുജത്തിക്ക് നിർദ്ദേശം നൽകിയത്. ഈ കണക്കുകൾ ഇവർ ഈ മാസം കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഈ വിരോധം വച്ചാണ് ഇവർ ആനന്ദ സെൽവി ഇല്ലാത്തപ്പോൾ ഗുണ്ടകളെ വെച്ച് വീട് തല്ലിത്തകർത്തത്. ഇപ്പോഴുള്ള ഈ വസ്തുവിനെക്കുറിച്ച് ദേവികുളം കോടതിയിലും ഹൈക്കോടതിയിലും കേസുണ്ട്. ഗ്യാസ് ഏജൻസികളിൽ 49 ശതമാനം ഷെയർ ജ്യേഷ്ടത്തി ആനന്ദസെൽവിക്കുണ്ട്. ലാഭവീതം ഇപ്പോഴുള്ളതല്ല 2013 മുതലുള്ള ലാഭവീതം മുത്തമിഴ് സെൽവി ആനന്ദസെൽവിക്ക് നൽകേണ്ടതുണ്ട്. ലാഭവീതം നൽകാത്തത് മാത്രമല്ല ഗ്യാസ് ഏജൻസികളിൽ കാലുകുത്താൻ പോലും മുത്തമിഴ് സെൽവി സമ്മതിക്കാറില്ല.

ഇന്നലെയാണ് വീട് ഗുണ്ടകളെ വെച്ച് മുത്തമിഴ് സെൽവി തല്ലിത്തകർത്തത്. പൊലീസിനു പരാതി നൽകിയത് പ്രകാരമാണ് പൊലീസ് അവിടെ വന്നത്. ഈ പൊലീസിന്റെ അവരുടെ സാന്നിധ്യത്തിൽ പൊളിക്കൽ നടക്കുകയായിരുന്നു. പൊളിക്കാൻ വിധി ഉണ്ടെങ്കിൽ ഹാജരാക്കാൻ പറഞ്ഞു. ഒരു വിധിയുമില്ല. വീട് പൊളിക്കാൻ പൊലീസ് അനുവാദം നൽകാൻ പാടില്ലായിരുന്നു. പിന്നെ എങ്ങിനെ അവർ വീട് പൊളിക്കും. കേരളത്തിൽ ഒരു ലോ ആൻഡ് ഓർഡർ നിലനിൽക്കുന്ന സംസ്ഥാനമാണ്. ഇവിടെയാണ് പട്ടാപ്പകൽ ഒരാൾ താമസിച്ചു കൊണ്ടിരിക്കുന്ന വീട് പൊലീസ് സാന്നിധ്യത്തിൽ ഇടിച്ചു തകർക്കുന്നത്. അഞ്ച് സെന്റ് സ്ഥലം ആനന്ദസെൽവിക്ക് ഉള്ളതാണ്. അഞ്ച് സെന്റ് സ്ഥലം മുത്തമിഴ് സെൽവിക്കും. അത് കൂടാതെ പാരമ്പര്യമായി കിട്ടിയ ഇരുപതിലേറെ സെന്റ് സ്ഥലവും ഇരുനില വീടും വേറെയുമുണ്ട്. അതും മുത്തമിഴ് സെൽവിയുടെ കയ്യിലാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി ദേവികുളം കോടതിയിൽ വേറെ കേസ് നൽകിയിട്ടുണ്ട്. അതിനു അഭിഭാഷക കമ്മിഷനെ വെച്ചിട്ടുണ്ട്. ആ അഭിഭാഷക കമ്മിഷൻ സ്ഥലം സന്ദർശിക്കാൻ ഇരിക്കുകയാണ്. എല്ലാ പ്രശ്‌നവും മുന്നിൽ നിൽക്കെയാണ് വീട് തകർത്ത് മുത്തമിഴ് സെൽവി പ്രതികാരം ചെയ്യുന്നത്-ഹല്ലാജു പറയുന്നു.

മൂന്നാർ പൊലീസ് നൽകുന്ന വിശദീകരണം:

മൂന്നാർ ടൗണിൽ ഇപ്പോൾ പ്രശ്‌നം നടന്ന സ്ഥലം പൂർണമായി മുത്തമിഴ് സെൽവിയുടെ കൈവശമുള്ളതാണ്. തകർത്ത വീട് അവരുടെ കൈവശമുള്ള സ്ഥലത്തുള്ളതാണ്. സ്ഥലം തീറാധാര പ്രകാരം സെന്തമിഴ് സെൽവിയുടെ സ്ഥലമാണ്. ഞങ്ങൾ അത് പരിശോധിച്ചതാണ്. വണ്ടിയിടാനുള്ള അനുവാദമാണ് ആനന്ദസെൽവിക്ക് നൽകിയത്. അവിടെ ആനന്ദ സെൽവി വീട് പണിതീർക്കുകയായിരുന്നു. അവിടെ അനധികൃതമായുള്ള കെട്ടിടമാണ് അവർ പൊളിച്ചത്. സ്ഥലമുടമ തന്നെയാണ് അത് ചെയ്തത്. ഇവർ തമ്മിലുള്ള മറ്റ് തർക്കത്തിന്റെ കാര്യം ഞങ്ങളുടെ വിഷയമല്ല-മൂന്നാർ പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP