Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

മന്ത്രിയെ കാണാൻ എത്തിയപ്പോൾ ഉദ്യോഗസ്ഥനോട് 'മുറിയിൽ നിന്ന് ഇറങ്ങിപ്പോടാ..' എന്നു പറഞ്ഞു അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി; ചോദ്യം ചെയ്തതോടെ തർക്കം കയ്യാങ്കളിയിലെത്തി; മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലെ കയ്യാങ്കളിയിൽ പരിക്കേറ്റ ചീഫ് എൻജിനിയർ ചികിൽസയിൽ

മന്ത്രിയെ കാണാൻ എത്തിയപ്പോൾ ഉദ്യോഗസ്ഥനോട് 'മുറിയിൽ നിന്ന് ഇറങ്ങിപ്പോടാ..' എന്നു പറഞ്ഞു അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി; ചോദ്യം ചെയ്തതോടെ തർക്കം കയ്യാങ്കളിയിലെത്തി; മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലെ കയ്യാങ്കളിയിൽ പരിക്കേറ്റ ചീഫ് എൻജിനിയർ ചികിൽസയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളി. മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറും തമ്മിലാണ് ഏറ്റുമുട്ടിയത്. ചീഫ് എൻജിനീയർ ശ്യാംഗോപാലിനെ മന്ത്രി റോഷി അഗസ്റ്റിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി മർദിച്ചെന്നാണ് പരാതി. ആലപ്പുഴയിലെ ഇറിഗേഷൻ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എൻജിനീയർ കൂടിയാണ് ശ്യാംഗോപാൽ.

ഔദ്യോഗിക ആവശ്യത്തിനായി മന്ത്രി റോഷി അഗസ്റ്റിനെയും പ്രൈവറ്റ് സെക്രട്ടറിയേയും കാണാനാണ് ചീഫ് എൻജിനിയറായ ശ്യാംഗോപാൽ സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തിയത്. ഈ സമയത്ത് സെക്രട്ടറിയും മന്ത്രിയും സ്ഥലത്തുണ്ടായിരുന്നില്ല. കാബിനിനകത്ത് ഇരിക്കാൻ നിർദ്ദേശം നൽകിയെങ്കിലും ഇതിനിടയിൽ അഡി. പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നാണു പരാതി. ഇതേ തുടർന്നാണ് വിഷയം കയ്യാങ്കളിയിൽ കലാശിച്ചത്.

മുറിയിൽ നിന്ന് ഇറങ്ങിപ്പോടാ എന്നാണ് പറഞ്ഞത്. ഇതു ചോദ്യംചെയ്തതാണു തർക്കത്തിനിടയാക്കിയത്. തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. മന്ത്രി ഓഫിസിലെയും സമീപത്തെയും ജീവനക്കാരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ വ്യാഴാഴ്ച രാവിലെ പത്തേമുക്കാലിനാണു സംഭവം.

പരിക്കേറ്റ ചീഫ് എൻജിനിയർ ചികിൽസ തേടി. സംഭവത്തിൽ മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് വളപ്പിലെ ക്ലിനിക്കിൽ ചികിത്സ തേടിയതായി പരാതിയിൽ ശ്യാംഗോപാൽ പറഞ്ഞു. ശ്യാം ഗോപാലിനെതിരെ ഓഫിസിൽ എല്ലാവരും ഒപ്പിട്ട പരാതി കിട്ടിയെന്ന് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു.

അതേസമയം തന്റെ ഭാഗത്തുനിന്ന് കൈയേറ്റമോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജിയുടെ പ്രതികരണം. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിൽ അവതരിപ്പിച്ച ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥനായ ശ്യാംഗോപാൽ അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് വിശദീകരണത്തിനായി ശ്യാം ഗോപാലിനെ ഫോണിൽ കിട്ടിയില്ല.

ഇത് അദ്ദേഹത്തോട് റിവ്യൂമീറ്റിന് എത്തിയപ്പോൾ സൂചിപ്പിച്ചിരുന്നു. ഇതിന് മറ്റ് ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച് മോശമായി പെരുമാറിയതായി മന്ത്രിയെ അറിയിച്ചിരുന്നു, കഴിഞ്ഞ ദിവസം ഓഫീസിൽ എത്തിയപ്പോൾ മന്ത്രി പറഞ്ഞ ശേഷം എത്തിയാൽ മതിയെന്നറിയിക്കുക മാത്രമായിരുന്നുവെന്നും പ്രേംജി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP