Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് പ്രതിരോധത്തിന് റോബോട്ട് മാതൃകയുമായി കേരളം; യുവ മെക്കാനിക്കൽ അദ്ധ്യാപകൻ കണ്ണൂർ മെഡിക്കൽ കോളേജിന് നൽകിയത് രണ്ടു റോബോട്ടുകൾ; മൂന്നെണ്ണത്തിന്റെ പണിപ്പുരയിലും; വീഡിയോ കോൺഫറൻസിങ് സംവിധാനമുള്ള റോബോട്ട് ഒന്നര കിലോമീറ്റർ സഞ്ചരിക്കും; രോഗികൾക്ക് മരുന്നു വെള്ളവും നൽകും; റോബോട്ടുകൾ നൽകിയ സുനിലിന് ബിഗ് സല്യൂട്ട് നൽകി ആരോഗ്യമന്ത്രി; ടെക്‌നോളജി പൊതുനന്മയ്ക്കായി വിട്ടു നൽകുമെന്ന് അദ്ധ്യാപകൻ മറുനാടനോട്; കൊറോണ കാലത്ത് കൈത്താങ്ങായി സുനിൽ പോളിന്റെ റോബോട്ടുകൾ

കോവിഡ് പ്രതിരോധത്തിന് റോബോട്ട് മാതൃകയുമായി കേരളം; യുവ മെക്കാനിക്കൽ അദ്ധ്യാപകൻ കണ്ണൂർ മെഡിക്കൽ കോളേജിന് നൽകിയത് രണ്ടു റോബോട്ടുകൾ; മൂന്നെണ്ണത്തിന്റെ പണിപ്പുരയിലും; വീഡിയോ കോൺഫറൻസിങ് സംവിധാനമുള്ള റോബോട്ട് ഒന്നര കിലോമീറ്റർ സഞ്ചരിക്കും; രോഗികൾക്ക് മരുന്നു വെള്ളവും നൽകും; റോബോട്ടുകൾ നൽകിയ സുനിലിന് ബിഗ് സല്യൂട്ട് നൽകി ആരോഗ്യമന്ത്രി; ടെക്‌നോളജി പൊതുനന്മയ്ക്കായി വിട്ടു നൽകുമെന്ന് അദ്ധ്യാപകൻ മറുനാടനോട്; കൊറോണ കാലത്ത് കൈത്താങ്ങായി സുനിൽ പോളിന്റെ റോബോട്ടുകൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ഈ കൊറോണ കാലത്ത് നൈറ്റിംഗേൽ-19 ആകും കേരളത്തിന്റെ താരം. ഈയിടെ കേരളത്തിലെ തിയേറ്ററുകൾ കീഴടക്കിയ സുരാജ് വെഞ്ഞാറമൂട് സിനിമ ആൻഡ്രോയിഡ് കുഞ്ഞപ്പൻ പോലെ നൈറ്റിംഗേൽ നയന്റീനും ഇപ്പോൾ കേരളത്തിന്റെ മനസ് പിടിച്ചെടുക്കാൻ തുടങ്ങിയിരിക്കുകയാണ്. നൈറ്റിംഗേൽ നയന്റീൻ ഒരു കൊച്ചുമിടുക്കനാണ്. കേരളത്തിലെ റോബോട്ടിക് യുഗത്തിന്റെ പിറവി വിളിച്ചോതുന്ന റോബോട്ട് ആണിത്. കൊറോണ കാലത്ത് കേരളത്തിനു വെന്റിലെറ്റർ അല്ല ആവശ്യം കൊറോണബാധിതർക്ക് ഭക്ഷണവും മരുന്നും വീഡിയോ കോൺഫറൻസും ഒരുക്കി നൽകുന്ന റോബോട്ടുകൾ ആണെന്ന് മനസിലാക്കിയാണ് നൈറ്റിംഗേൽ-19 കേരളത്തിൽ പിറവിയെടുത്തിയിരിക്കുന്നത്.

കണ്ണൂർ അഞ്ചരക്കണ്ടി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ ,മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ്‌റ് പ്രൊഫസറായ സുനിൽ പോളാണ് നൈറ്റിംഗേൽ-19ന് പിന്നിലെ ചാലകശക്തി. കണ്ണൂർ മെഡിക്കൽ കോളേജിൽ നൈറ്റിംഗേൽ നയന്റീൻ വഴിയാണ് കൊറോണ രോഗികൾക്ക് ഭക്ഷണവും മരുന്നുകളുമെത്തിക്കുന്നത്. കണ്ണൂർ മെഡിക്കൽ കോളേജിലെ നൈറ്റിംഗേലിന്റെ പ്രവർത്തനം വീക്ഷിക്കുകയും റോബോട്ടിന് ബിഗ് സല്യൂട്ട് നൽകുകയും ചെയ്തത് ഇങ്ങ് തിരുവനന്തപുരത്തിരുന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ കൂടിയാണ്. റോബോട്ടിലെ വീഡിയോ കോൺഫറൻസിങ് സംവിധാനം വഴി ആരോഗ്യമന്ത്രി വീക്ഷിച്ചത് പൂക്കളും മലയും ഉദിച്ചുയരുന്ന സൂര്യന്റെയും രണ്ടു ക്രയോൺസ് ചിത്രങ്ങൾ ആണ്. കൊറോണ വാർഡിലെ രണ്ട് കുട്ടികൾ വരച്ച ചിത്രങ്ങൾ. ഇത് തിരുവനന്തപുരത്തിരുന്നു വീക്ഷിച്ചാണ് ശൈലജ ടീച്ചർ കൈയടിക്കുകയും റോബോട്ടിനും ഡോക്ടർമാർക്കും ബിഗ് സല്യൂട്ട് നൽകുകയും ചെയ്തത്.

റോബോട്ട് പരിപൂർണ വിജയം ആണെന്ന് കണ്ടതോടെ ഒരു റോബോട്ട് കൂടി കോളെജിനു സുനിൽ നൽകിയിട്ടുണ്ട്. കണ്ണൂർ മെഡിക്കൽ കോളെജിനു നൽകാനുള്ള മൂന്നു റോബോട്ടുകളുടെ പണിപ്പുരയിലാണ് സുനിൽ എന്നാ യുവ മെക്കാനിക്കൽ അദ്ധ്യാപകൻ. കൊറോണ വൈറസ് രൂപപ്പെട്ട ചൈനയിൽ തന്നെയാണ് രോഗികളുമായി സമ്പർക്കം ഒഴിവാക്കാൻ റോബോട്ടുകൾ പരീക്ഷിക്കപ്പെട്ടത്. ഇത് വിജയമാണെന്ന് കണ്ടതോടെയാണ് വ്യാപകമായി റോബോട്ടുകൾ ചൈന ഉപയോഗിച്ച് തുടങ്ങിയത്. ഇതിൽ ലോകം വിസ്മയം കൂറിയിരിക്കെ തന്നെയാണ് കൊറോണ എത്തിയ കൊച്ചു കേരളത്തിലും റോബോട്ടുകൾ രോഗികളുടെ സഹായത്തിനായി ഉപയോഗിച്ച് തുടങ്ങിയത്. ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന 25 കിലോ വഹിക്കാൻ ശേഷിയുള്ള വീഡിയോ കോൺഫറൻസിങ് രോഗികൾക്ക് ഒരുക്കി നൽകാൻ കഴിയുന്ന രോബോട്ടാണ് സുനിൽ വികസിപ്പിച്ചിരിക്കുന്നത്.

കൊറോണ കാലത്തെ കേരളത്തിലെ ശ്രദ്ധേയമായ കണ്ടുപിടുത്തമായി മാറിയിരിക്കുകയാണ് നൈറ്റിംഗേൽ-19. രോഗികളുടെ അടുത്ത് പോകാൻ ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന പിപിഇ കിറ്റിനു ആയിരത്തി അഞ്ഞൂറോളം രൂപയുണ്ട്. ആറു തവണ ഭക്ഷണം എത്തിക്കാൻ ജീവനക്കാർ പോകുമ്പോൾ ഇതിനു തന്നെ 9000 രൂപയോളം വരും. പിപിഇ കിറ്റ് കൊണ്ടുള്ള അസ്വസ്ഥതകൾ വേറെയും. റോബോട്ട് നിർമ്മിതിക്ക് വേണ്ടിവരുന്നത് 45000ത്തിൽ താഴെ തുക മാത്രമാണ്. അതായത് അഞ്ചു ദിവസം പിപിഇ കിറ്റിനു മാത്രം ലഭിക്കുന്ന തുക. ഈ ഘട്ടത്തിലാണ് റോബോട്ടിന്റെ ഗുണഗണങ്ങൾ കേരളം തിരിച്ചറിയുന്നത്. കണ്ണൂർ മെഡിക്കൽ കോളേജിൽ ഇത് നടപ്പാക്കിയതോടെ തലശ്ശേരി ജനറൽ ആശുപത്രിയും പരിയാരം മെഡിക്കൽ കോളേജും റോബോട്ടിനായി സുനിലിനു മുന്നിൽ ആവശ്യം ഉയർത്തിയിട്ടുണ്ട്. മുംബെയിൽ നിന്നും ഗൾഫിൽ നിന്നും കോളുകൾ തേടി വരുകയും ചെയ്യുന്നു. ഡൽഹിൽ നിന്നും നഴ്‌സുമാരും വിളിച്ചു.

ഡൽഹിയിൽ നിന്ന് വിളിച്ച നഴ്‌സുമാർ സുനിലിനോട് പറഞ്ഞത് നിലവിലെ ബുദ്ധിമുട്ടുകളാണ്. അവർക്ക് പിപിഇ കിറ്റ് റേഷനാണ്. കൊറോണ വാർഡിൽ ആണെങ്കിൽ അവശ്യത്തിനു കിറ്റ് നം കിട്ടും. അതേസമയം കോവിഡ് വാർഡ് അല്ലാത്ത സമയത്ത് പിപിഇ കിറ്റില്ല. അവിടെ രോഗികൾ ഷിഫ്റ്റ് ചെയ്ത് വരുന്നുണ്ട്. കൊറോണ ബാധിതർ അതറിയാതെ വേറെ വാർഡിൽ വരുന്നുണ്ട്. ഈ പ്രശ്‌നം മുന്നിൽ നിൽക്കുന്നതിനാലാണ് വിളിച്ചത്. ഒരു കാർപ്പെന്ററും ടെക്‌നിക്കൽ കാര്യങ്ങൾ അറിയുന്ന ആളുമുണ്ടെങ്കിൽ റോബോട്ട് എവിടെയും ആർക്കും ഉണ്ടാക്കാം എന്ന മറുപടിയാണ് സുനിൽ നൽകിയത്. . നമ്മൾ ഇവിടെയുണ്ടാക്കി ഡൽഹിയിൽ കൊടുക്കുന്നു എന്നതിനെക്കാളും നല്ലത് അവർക്ക് അവിടെ വെച്ച് അത് നിർമ്മിക്കുകയാണ്.

ടെക്‌നോളജി ഓപ്പൺ ആയി ഇടുകയാണ്. ഇതിന്റെ വീഡിയോ എടുത്ത് ഓൺലൈൻ ആയി പബ്ലിഷ് ചെയ്യാൻ ശ്രമിക്കുകയാണ്. അതിനാൽ അവിടെ വച്ച് നിർമ്മിക്കാനുള്ള സഹായം നൽകാം എന്നാണ് സുനിൽ പറഞ്ഞത്. 'റോബോട്ട് കൊണ്ട് . പൈസയുണ്ടാക്കാനോ പേറ്റന്റ് എടുക്കാനോയുള്ള പരിപാടിയില്ല. റോബോട്ട് ഇപ്പോൾ വളരെ അത്യാവശ്യമാണ്. നമ്മളെക്കാൾ അത്യാവശ്യം മുംബൈയിൽ ഒക്കെയാകും. നമ്മൾ നോക്കുന്നത് രോഗികളുടെ ജീവൻ രക്ഷിക്കാനാകും. രോഗികളെക്കാൾ നൂറിരട്ടി വിലയുണ്ട് അവരെ ട്രീറ്റ് ചെയ്യുന്ന മുന്നണിപ്പോരാളികളെ. ഒരാളുടെ ജീവൻ പോയാൽ ആയിരം പേരെ നോക്കാനുള്ള ഒരാളാണ് നഷ്ടമാകുന്നത്. അതിനാൽ റോബോട്ട് അവിടെ എത്തിക്കാൻ കഴിഞ്ഞാൽ അവർക്ക് മെച്ചം ലഭിക്കും-സുനിൽ മറുനാടനോട് പറഞ്ഞു.

കൊറോണ കാലത്ത് മിനി പോർട്ടബിൾ വെന്റിലെറ്റർ കണ്ണൂർ മെഡിക്കൽ കോളെജിനു നിർമ്മിച്ച് നൽകിയപ്പോൾ കോളേജ് അധികൃതരാണ് റോബോട്ടുകൾ ആണ് വേണ്ടത് എന്ന ആവശ്യം സുനിലിനു മുന്നിൽ ഉയർത്തിയത്. രോഗികളുമായുള്ള സമ്പർക്കത്തിനു നിരന്തരം ആവശ്യമായി വരുന്ന പിപിഇ കിറ്റുകളുടെ മുടിഞ്ഞ വില താങ്ങാൻ കഴിയാതെയാണ് മെഡിക്കൽ കോളേജ് അധികൃതർ കിറ്റ് ഡോക്ടർമാർക്ക് മാത്രം നൽകി രോഗികളുടെ ആവശ്യത്തിനു റോബോട്ട് എന്ന ആശയം സുനിലിനു നൽകിയത്. ഇതോടെയാണ് കോളേജ് ലാബിൽ തന്നെ ഒരുക്കിയ മോഡലുമായി സുനിൽ ആശുപത്രി അധികൃതരെ കണ്ടത്. അതിൽ വേണ്ട മാറ്റങ്ങൾ വരുത്തിയപ്പോൾ റോബോട്ട് ആശുപത്രി അധികൃതർക്ക് നിർണ്ണായക സഹായമൊരുക്കുമേന്നു സുനിലിനു മനസിലായി. ഇതോടെയാണ് പൊലീസ് സഹായത്തോടെ ഷോപ്പുകൾ തുറപ്പിച്ച് കോളേജ് ലാബിൽ നിന്ന് തന്നെ സുനിൽ തന്റെ ടീമുമൊത്ത് അതിവേഗം റോബോട്ട് നിർമ്മിതിയിൽ ഏർപ്പെടുകയും റോബോട്ടുകൾ നിർമ്മിച്ച് നൽകുകയും ചെയ്തത്.

കേരള ടെക്‌നോളജി യൂണിവേഴ്‌സിറ്റി നടത്തിയ കൊമ്പിറ്റീഷനിൽ ടോപ് ഫൈവിൽ ഒക്കെ വന്നു നിൽക്കുന്ന സന്തോഷത്തിൽ നിൽക്കുമ്പോഴാണ് കൊറോണയുടെ വരവ്. കൊറോണ പ്രത്യക്ഷപ്പെട്ട ചൈനയിലെ റോബോട്ടിക് ഉപയോഗങ്ങൾ സുനിൽ ശ്രദ്ധിച്ചിരുന്നു. പോർട്ടബിൾ വെന്റിലെറ്റർ ഒരുക്കി നൽകിയപ്പോൾ കണ്ണൂർ മെഡിക്കൽ കോളേജിലെ നോഡൽ ഓഫീസർ ഡോക്ടർ അജിത്കുമാറാണ് കൊറോണയിൽ ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്ന ദുരിതങ്ങൾ സുനിലിനു മുന്നിൽ വരച്ചു കാട്ടിയത്. കേരളത്തിനെ സംബന്ധിച്ച് വെന്റിലെറ്ററുകളുണ്ട്. രോഗികൾ കുറവാണ്. കാരണം രോഗം ആദ്യമെ കണ്ടുപിടിക്കപ്പെടുന്നു. വെന്റിലെറ്റർ വരുന്നത് മരണാസന്നനായ രോഗികൾക്കാണ്. പക്ഷെ കൊറോണയിൽ ആരൊക്കെ രോഗികൾ എന്ന് തന്നെ അറിയാൻ പ്രയാസമാണ്. രോഗികൾ ഉള്ള വാർഡിൽ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ പോകുന്നത് പിപിഇ കിറ്റ് ധരിച്ചാണ്.

പിപിഇ കിറ്റ് ഇടണമെങ്കിൽ പത്തിരുപത് മിനിട്ടുകൾ വേണം. ഡോക്ടർമാർ അല്ലാതെ കിറ്റ് ധരിക്കുന്നത് ഭക്ഷണം എത്തിക്കുന്ന കാന്റിൻ ജീവനക്കാരും കൂടിയാണ്. കിറ്റ് ധരിക്കാൻ ഇവർക്ക് പേടിയാണ്. എങ്ങിനെയും കൊറോണ വരുമോ എന്നാണ് ഇവരുടെ പേടി. ഡോക്ടർമാർക്കും നഴ്‌സുമാർക്കും അറിയാം. ഈ കിറ്റ് സേഫ് ആണെന്ന്. അതിനാൽ അവർക്ക് പ്രശ്‌നമില്ല. ഈ കിറ്റിനാണെങ്കിൽ ആയിരത്തി അഞ്ഞൂറ് രൂപയോളം വിലയുമുണ്ട്. ഭക്ഷണത്തിനായി ഇവർക്ക് ദിവസത്തിൽ ആറു തവണയെങ്കിലും രോഗികളുടെ അടുത്ത് പോകണം. പിപിഇ കിറ്റിനു മാത്രം പ്രതിദിനം ഒൻപതിനായിരം രൂപയോളം വേണം. സുരക്ഷാ പ്രശ്‌നം വേറെയും. ഇനി വേറെ എന്തെങ്കിലും ആവശ്യം രോഗികൾക്ക് വന്നാൽ ഇവർ കിറ്റ് ഇട്ടിട്ടു വേണം പോകാൻ. ഇനി പിപിഇ കിറ്റ് ധരിച്ചാൽ രോഗികൾക്ക് ഡോക്ടർമാരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്നില്ല.

ആരോ ഒരാൾ വന്നു എന്തൊക്കെയോ നിർദ്ദേശം നൽകിപ്പോയി. ഡോക്ടർമാർക്ക് നേരിട്ട് മുഖാമുഖം രോഗികളുമായി സംസാരിക്കാനും കഴിയില്ല. റോബോട്ട് ആകുമ്പോൾ ഈ പ്രശ്‌നങ്ങൾ മുക്കാൽ ഭാഗവും പരിഹൃതമാകും. ഇതൊക്കെയാണ് മെഡിക്കൽ കോളേജ് അധികൃതർ സുനിലിനു മുന്നിൽ വിരൽ ചൂണ്ടിയത്. റോബോട്ടിന് ചെലവ് 45000 രൂപയിൽ താഴെ മാത്രമാണ് എന്നറിഞ്ഞപ്പോൾ മെഡിക്കൽ കോളേജ് അധികൃതർ അമ്പരന്നും പോയി. കാരണം അഞ്ചു ദിവസത്തെ പിപിഇ കിറ്റിന്റെ വില മാത്രമാണത്. ഇതോടെയാണ് ഇതിന്റെ മോഡൽ കണ്ടു മറ്റ് മാറ്റങ്ങൾ വരുത്താൻ ആദ്യം മോഡൽ നിർമ്മിച്ച് നൽകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ഇതോടെയാണ് കോളേജ് ലാബ് തുറന്നു തന്റെ ടീമിനെ ഒരുക്കി പൊലീസ് സഹായത്തോടെ കടകൾ തുറപ്പിച്ച് റോബോട്ടിന്റെ പണിപ്പുരയിൽ സുനിൽ മുഴുകിയത്. നിർമ്മിതിയെയും അതിന്റെ സാങ്കേതിക വശങ്ങളെയും കുറിച്ച് സുനിൽ മറുനാടനോട് വിശദമാക്കുന്നത് ഈ കാര്യങ്ങളാണ്;

നൈറ്റിംഗേൽ-19 കേരളത്തിന്റെ കരുത്താകും: സുനിൽ പോൾ

മെഡിക്കൽ കോളേജ് അധികൃതർ റോബോട്ട് ആവശ്യപ്പെട്ട പ്രകാരം ഞങ്ങൾ ആദ്യം കോളേജിലെത്തി ലാബ് ഫംഗ്ഷൻ ചെയ്യിപ്പിച്ചു. കോളേജിൽ ഒരു ഇൻഡസ്ട്രിയൽ സ്‌പോൺസെഡ് ലാബ് ഉണ്ട്. .അത് മുൻപത്തെ കുട്ടികൾ തുടങ്ങിയതാണ്. ഞാൻ അവരുടെ അദ്ധ്യാപകനായിരുന്നു. ഒരു കമ്പനികൂടി ഞങ്ങൾ തുടങ്ങിയിരുന്നു. 2011-ൽ സ്റ്റാർട്ട് ചെയ്ത കമ്പനി. . സൃഷ്ടി റോബോട്ടിക് ടെക്‌നോളജിസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ആ കമ്പനിയും കോളേജും കൂടി ടൈ അപ്പ് ചെയ്തിട്ട് ഒരു ലാബുണ്ട്. കേരളത്തിൽ കുറെ കോളേജസ് ഉണ്ട്. ആ കോളേജുകളുടെ പ്രശ്‌നം പ്രൊട്ടോടൈപ്പ് പോലെ ചെയ്യാനല്ലാതെ പ്രോഡക്റ്റിലേക്ക് പോകാനാണെങ്കിൽ കമ്പനികളുടെ സപ്പോർട്ട് വേണം. ഞങ്ങൾക്ക് ഇങ്ങിനെ ഒരു ലാബുള്ളതുകൊണ്ട് ചെയ്തിട്ട് ഞങ്ങൾ ഒരു പ്രോട്ടോ ടൈപ്പുമായി പോയി. അതിനു ശേഷം രണ്ടാമത്തെ പ്രൊട്ടോടൈപ്പുണ്ടാക്കി. അതിൽ നാല് കിലോ ലോഡ് മാത്രമേ പറ്റുമായിരുന്നുള്ളൂ. ഫുഡ് കൊണ്ടുപോകാനുള്ള അളവ് കുറവായിരുന്നു.

ഞങ്ങൾ സൈസ് കൂടി ഇരുപത്തിയഞ്ചു കിലോ പേ ലോഡ് എടുക്കാനുള്ള മിനി റോബോട്ട് ചെയ്തു. റോബോട്ട് ഉണ്ടാക്കുമ്പോൾ ശ്രദ്ധിച്ചത് അത് ഓപ്പറേറ് ചെയ്യുന്നത് ആരാണെങ്കിലും എളുപ്പത്തിൽ അത് ഓപ്പറേറ് ചെയ്യാൻ കഴിയണം. അതിനാൽ ഈ കാര്യം ആദ്യം നടപ്പിൽ വരുത്തി. പിന്നെ സോഫ്റ്റ്‌വെയർ മോദിഫിക്കെഷൻ നടത്തി. ഡ്രൈവിംഗിന്റെ കാര്യത്തിലായിരുന്നു ഈ മോദിഫിക്കെഷൻ. ഇത് ഓരോ റൗണ്ട് പോയി തിരിച്ച് വന്നാൽ അണുവിമുക്തമാക്കണം. വാഷ് ചെയ്യാൻ കഴിയണം. അവര് സ്‌ട്രോങ്ങ് കെമിക്കലാണ് ഉപയോഗിക്കുന്നത്. എപ്പോഴും സർവീസ് ചെയ്യാൻ കഴിയാത്തതിനാൽ മോട്ടോറും കപ്പാസിറ്ററും നല്ലത് വേണമായിരുന്നു. കാറിലൊക്കെ ഉപയോഗിക്കുന്ന വൈപ്പബർ മോട്ടോർ ഉപയോഗിച്ചു. ഇതൊന്നും വണ്ടി ഒരു തവണ ഉപയോഗിച്ചാൽ പിന്നെ നമ്മൾ മാറ്റാറില്ല. അതോടെ ഷോപ്പ് തുറക്കേണ്ട പ്രശ്‌നം വന്നു. അത് എസ്‌ഐയുമായി സംസാരിച്ചു. അവർ ഷോപ്പ് തുറക്കാൻ അനുമതി നൽകി. ഇതോടെ റോബോട്ടിന്റെ പണി തുടങ്ങി.

ആദ്യം നിർമ്മിച്ച് നൽകിയ റോബോട്ട് നല്ലവണ്ണം റൺ ചെയ്യുന്നുണ്ട്. ആറേഴു പ്രോജക്റ്റ് അവർക്ക് വേണ്ടി ചെയ്യുന്നുണ്ട്. അടുത്ത രണ്ടു റോബോട്ടുകളുടെ പണിപ്പുരയിലാണ്. ഒരെണ്ണം അഡീഷണൽ ആയും കൊടുക്കുന്നുണ്ട്. സ്‌കൂളുകളിൽ റോബോട്ടിക് ട്രെയിനിങ് ക്ലാസുകൾ നടത്തുന്നുണ്ട്. ദുബായിലും പ്രോഗ്രാം നടത്തുന്നുണ്ട്. റാസൽഗതി എന്ന കമ്പനി ദുബായിലുണ്ട്. അടുത്ത അക്കാദമിക് ഇയറിൽ ആയിരം കുട്ടികളെ ഈ റോബോട്ട് എങ്ങിനെയുണ്ടാക്കുന്നു എന്ന് കുട്ടികളെ പഠിപ്പിക്കും. അപ്പോൾ ആയിരം പേർക്ക് കൂടി റോബോട്ടുകളെ ഉണ്ടാക്കാൻ കഴിയും. ഒരു കാർപ്പെന്ററും ടെക്‌നിക്കൽ കാര്യങ്ങൾ അറിയുന്ന ആളുമുണ്ടെങ്കിൽ റോബോട്ട് എവിടെയും ആർക്കും ഉണ്ടാക്കാം.

ഡൽഹിയിൽ നിന്ന് നഴ്‌സുമാർ വിളിച്ചിട്ടുണ്ടായിരുന്നു. അവർക്ക് പിപിഇ കിറ്റ് റേഷനാണ്. കൊറോണ വാർഡിൽ ആണെങ്കിൽ അവർക്ക് അവശ്യത്തിനു സാധനം കിട്ടും. അതേസമയം കോവിഡ് വാർഡ് അല്ലാത്ത സമയത്ത് പിപിഇ കിറ്റില്ല. അവിടെ രോഗികൾ ഷിഫ്റ്റ് ചെയ്ത് വരുന്നുണ്ട്. കൊറോണ ബാധിതർ അതറിയാതെ വേറെ വാർഡിൽ വരുന്നുണ്ട്. അത് മുന്നിൽ നിൽക്കുന്നതിനാൽ അവർ റോബോട്ട് അന്വേഷിച്ചു വിളിച്ചു.ഇതിന്റെ വീഡിയോ എടുത്ത് ഓൺലൈൻ ആയി പബ്ലിഷ് ചെയ്യാൻ നോക്കുന്നുണ്ട്. ഒരു കാർപ്പെന്ററും ടെക്‌നിക്കൽ കാര്യങ്ങൾ അറിയുന്ന ആളുമുണ്ടെങ്കിൽ റോബോട്ട് എവിടെയും ആർക്കും ഉണ്ടാക്കാം. നമ്മൾ ഇവിടെയുണ്ടാക്കി ഡൽഹിയിൽ കൊടുക്കുന്നു എന്നതിനെക്കാളും നല്ലത് അവർക്ക് അവിടെ വെച്ച് അത് നിർമ്മിക്കുകയാണ്. ടെക്‌നോളജി ഓപ്പൺ ആയി ഇടുകയാണ്. ഇതുകൊണ്ട് പൈസയുണ്ടാക്കാനോ പേറ്റന്റ് എടുക്കാനോയുള്ള പരിപാടിയില്ല. റോബോട്ട് ഇപ്പോൾ വളരെ അത്യാവശ്യമാണ്. നമ്മളെക്കാൾ അത്യാവശ്യം മുംബൈയിൽ ഒക്കെയാകും. നമ്മൾ നോക്കുന്നത് രോഗികളുടെ ജീവൻ രക്ഷിക്കാനാകും. രോഗികളെക്കാൾ നൂറിരട്ടി വിലയുണ്ട് അവരെ ട്രീറ്റ് ചെയ്യുന്ന മുന്നണിപ്പോരാളികളെ. ഒരാളുടെ ജീവൻ പോയാൽ ആയിരം പേരെ നോക്കാനുള്ള ഒരാളാണ് നഷ്ടമാകുന്നത്. അതിനാൽ റോബോട്ട് എത്തിക്കാൻ കഴിയുന്നത് നിർണ്ണായക നേട്ടമാകും.

റോബോട്ട് പവർ ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. 18 ആമ്പിയർ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഫുൾ ചാർജ് ആയാൽ ഒരു ദിവസം ഉപയോഗിക്കാം. രാത്രി ചാർജിൽ ഇട്ടു വച്ചാൽ മാത്രം മതി. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഒരു കിലോമീറ്റർ വരെ ഉപയോഗിക്കാം. ഡ്രോണിൽ ഉപയോഗിക്കുന്ന റിമോട്ട് ആണിത്. മൊബൈൽ ഫോൺ ഉപയോഗിച്ചും വൈഫൈ വഴി ഇത് കൺട്രോൾ ചെയ്യാൻ കഴിയും, പക്ഷെ കമ്മ്യൂണിക്കേഷൻ ഡിലെ വരും. പക്ഷെ റിമോട്ട് റിലെയ്ബിൾ ആണ്. റോബോട്ടിന് 26 കിലോ വെയിറ്റ് ഉണ്ട്. 25 കിലോ വരെ വഹിക്കാനും കഴിയും. വീഡിയോ കോൺഫറൻസിങ് ഫെസിലിറ്റി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കൊറോണ രോഗികൾക്ക് മരുന്നുകൾ അത് മൂന്നു ദിവസത്തേക്കൊ മറ്റോ ഉള്ളതാണ്. അത് ഡോക്ടർമാർ റൗണ്ട്‌സിന് പോകുമ്പോൾ തന്നെ നൽകാവുന്നതാണ്. ഇതും വേണമെങ്കിൽ ഇനി റോബോട്ടിന് നൽകാവുന്നതാണ്. ഭക്ഷണം, വെള്ളം അത് പതിനഞ്ചു പേർക്ക് എങ്കിലും ഒരു സമയത്ത് നൽകണം. ഭക്ഷണ പാക്കറ്റ് ആണെങ്കിലും 25 കിലോയുടെ താഴെ മാത്രമേ വരുകയുള്ളൂ. റോബോട്ടിൽ പതിനഞ്ചു പേർക്ക് ഭക്ഷണം നൽകാം. രണ്ടു റോബോട്ട് കൊടുത്തു. ഇപ്പോൾ മൂന്നു റോബോട്ടിന്റെ ജോലിയിലാണ്.

ഇനി പ്രവാസി മലയാളികൾ തിരിച്ചു വന്നാൽ സ്ഥിതി മാറും. അവരെ പരിചരിക്കാൻ ഇത്രമാത്രം മെഡിക്കൽ പ്രൊഫഷനൽസ് നിലവിലില്ല. കുറെ ആളുകളെ വീട്ടിൽ വിട്ടാലും നിരീക്ഷണം കുറെയാളുകൾക്ക് വേണ്ടിവരും. അപ്പോൾ റോബോട്ട് ഉപകാരപ്രദമാകും. ടെക്‌നോളജി എല്ലാവർക്കും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. എവിടെയും വെച്ച് ആർക്കും നിർമ്മിക്കാം. കൊറോണാ കാലത്ത് ടെക്‌നോളജി ഉപയോഗിക്കപ്പെട്ടട്ടെ. അത് മാനവരാശിയുടെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കാനുള്ളതാണ്. ഇതുകൊണ്ട് തന്നെയാണ് ടെക്‌നോളജി എല്ലാവർക്കും ലഭ്യമാക്കി എവിടെനിന്നും നിർമ്മിക്കാനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്-സുനിൽ പറയുന്നു. ബിടെക് തിരുവനന്തപുരത്ത് നിന്നാണ് സുനിൽ കഴിഞ്ഞത്. എംടെക് ചെന്നൈയിലെ എസ്ആർഎം യൂണിവേഴ്‌സിറ്റിയിൽ നിന്നും. കണ്ണൂർ അഞ്ചരക്കണ്ടി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ്‌റ് പ്രൊഫസറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP