Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

രണ്ടു ദിവസമായി വിചിത്ര വീഡിയോ കണ്ട ശേഷം യുകെ മലയാളികൾ തപ്പിനടന്ന ആളെ മിൽട്ടൺ കെയ്ൻസിൽ നിന്നും കണ്ടെത്തി; അന്യഗ്രഹ ജീവിയെ പോലെ തോന്നിക്കുന്ന സ്റ്റാർ ഷിപ്പിനെ വീഡിയോയിൽ പകർത്തിയ ബോണി എം ജോർജ് വെളിപ്പെടുത്തുന്നത് അധികമാർക്കും അറിയാത്ത രഹസ്യം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: രണ്ടു ദിവസമായി യുകെ മലയാളികൾ അന്വേഷിച്ചു നടന്ന ആളെ ഒടുവിൽ മിൽട്ടൺ കെയ്ൻസിൽ കണ്ടെത്തി. റോബോട്ടുകളുടെ സഹായത്തോടെ വീടുകളിൽ സാധനം എത്തിക്കുന്ന സ്റ്റാർ ഷിപ്പ് കൊച്ചു കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടിനെ വീഡിയോയിൽ പകർത്തി അവതരിപ്പിച്ചത് വഴിയാണ് കട്ടപ്പനക്കാരൻ ബോണി എം ജോർജിനെ തേടി ആളുകൾ പരക്കം പാഞ്ഞത്.

വീഡിയോയിൽ കണ്ട കാഴ്ചകൾ സത്യമാണോ മാത്രമാണ് എല്ലാവര്ക്കും അറിയാന് ഉണ്ടായിരുന്നത്. വല്ല ഡ്രോൺ പോലെ പ്രവർത്തിക്കുന്ന വസ്തുവിനെ റോഡിൽ കൂടി റിമോട്ട് സെൻസർ സംവിധാനം വഴി പ്രവർത്തിപ്പിച്ചതാകും എന്ന് കരുതിയവരും ഏറെ. എന്നാൽ സംഗതി സത്യമാണ്. അന്യഗ്രഹ ജീവിയെ പോലെ തോന്നിക്കുന്ന വസ്തു ചെറിയൊരു ആന്റിനയിൽ പിടിപ്പിച്ച ചുവന്ന ലൈറ്റും തെളിച്ചു തനിയെ നീങ്ങുന്ന കാഴ്ച അതീവ രസകരമാണ്.

സംഭവം സ്റ്റാർ ഷിപ്പ് എന്ന കമ്പനി റോബോട്ടിന്റെ സഹായത്തോടെ വീടുകളിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുന്ന ഡോർ ഡെലിവറി സമ്പ്രദായമാണ്. യുകെയിൽ ആകട്ടെ മിൽട്ടൺ കെയ്ൻസിൽ മാത്രമാണ് ഇത് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി മിൽട്ടൺ കെയ്ൻസ് നിവാസികൾക്ക് ഇത് നിത്യകാഴ്ചയാണ്.

പാലും പഞ്ചസാരയും മുട്ടയും ബ്രെഡും ഒക്കെ ഈ ഇത്തിരി കുഞ്ഞൻ റോബോട്ട് വീട്ടിൽ എത്തിക്കും. കടയിൽ പോകാൻ പ്രയാസമുള്ളവർക്കും ഒന്നോ രണ്ടോ സാധനം വാങ്ങാൻ കടയിൽ പോകാൻ മടിയുള്ളവർക്കും ഒക്കെ ഈ റോബോട്ടിന്റെ സേവനം തേടാം. ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തു സ്റ്റാർ ഷിപ്പ് കമ്പനിയുടെ സേവനം നേടാം. ഓരോ തവണയും കടയിൽ നിന്നും സാധനം എത്തിക്കാൻ 1.99 പൗണ്ട് ടിപ്പ് നൽകണം. എന്നാൽ എന്താ വെറും മുക്കാൽ മണിക്കൂറിൽ സാധനം വീട്ടിൽ എത്തുമല്ലോ.

പുറപ്പെട്ട സമയവും വഴിയിൽ കൂടിയുള്ള സഞ്ചാരവും ഒക്കെ സാധനം ഓർഡർ ചെയ്ത ആൾക്ക് നിരീക്ഷിക്കാം. അതായത് റോബോട്ട് വഴിയിൽ വായും നോക്കി നിന്നാൽ കൈയോടെ പൊക്കാം എന്നർത്ഥം. ഇപ്പോൾ മിൽട്ടൺ കെയ്ൻസിലെ ഊടുവഴിയിലും ഈ ഇത്തിരി കുഞ്ഞൻ സ്ഥിരം കാഴ്ചയാണ്. കമ്പനിയുടെ ദൂരപരിധിയിൽ അഞ്ചു മൈൽ ചുറ്റളവിലാണ് ഇപ്പോൾ റോബോട്ട് എത്തുക. വഴിയിൽ കുണ്ടിലും കുഴിയിലും വീഴാതിരിക്കാൻ ഫുട് പാത്ത് വഴിയാണ് സഞ്ചാരം.

ഇഷ്ടൻ ലൈസൻസ് എടുക്കാത്തതും പ്രധാന നിരത്തു വഴി സഞ്ചരിക്കാൻ തടസ്സമാകുന്നുണ്ടാകാം. ഇപ്പോൾ ഏതായാലും 30 മൈൽ വേഗതയിൽ ഉള്ള റോഡുകൾ വഴിയാണ് റോബോട്ട് പായുന്നത്. മുട്ട അടക്കം പൊട്ടിപോകാൻ സാധ്യത ഉള്ള സാധനങ്ങൾ ഉണ്ടാകും എന്നതിനാലാകണം ഡെലിവറിയുമായി വരുമ്പോൾ അൽപം സാവകാശമാണ് കക്ഷിയുടെ വരവ്. എന്നാൽ തിരിച്ചു പോക്ക് ഉഷാർ വേഗതയിലുമാണ്.

ചിലപ്പോഴൊക്കെ വേഗം വേഗത കൂടി തലകുത്തി മറിഞ്ഞു കിടക്കുന്നതും കാണാം. പക്ഷെ ദയാലുക്കളായ മിൽട്ടൺ കെയ്ൻസ് നിവാസികൾ കക്ഷിയെ എടുത്തു നേരെ റോഡിൽ കിടത്തും. അതോടെ പുള്ളി ഒന്നും സംഭവിക്കാത്ത പോലെ ഓടിപ്പോകുകയും ചെയ്യും. എന്നാൽ പോകും മുൻപ് സഹായിച്ച ആളെ ടിപ്പിക്കൽ സായിപ്പിനെ പോലെ താങ്ക്യൂ പറഞ്ഞു സന്തോഷിപ്പിക്കാനും മടിക്കാറില്ല.

ചിലപ്പോൾ വല്ല ചെടിയുടെ കമ്പോ മറ്റോ വഴിയിൽ കിടന്നാൽ ഇഷ്ടന്റെ യാത്ര മുടങ്ങുകയും ചെയ്യും. അപ്പോഴും വഴിയാത്രക്കാരാണ് സഹായത്തിന് എത്തുക. അപൂർവ്വമായെങ്കിലും ചിലപ്പോ വഴിതെറ്റി യാത്ര തടാകത്തിൽ ഒക്കെ എത്തുകയും ചെയ്യും. മൂന്നു വർഷം മുൻപ് റോബോട്ട് എത്തിയപ്പോൾ കൗതുകത്തിനു ചെറുപ്പക്കാർ കുന്നായ്മ കാട്ടിയിരുന്നെങ്കിലും ഇപ്പോൾ പാവം ജീവിച്ചു പോകട്ടെ എന്ന നിലപാടിലാണ് ചെറുപ്പക്കാരും.

നിലവിൽ ടെസ്‌കോ, കോ ഓപ് എന്നീ രണ്ടു കടകളിൽ ലഭിക്കുന്നതും ഇഷ്ടനു താങ്ങാൻ സാധിക്കുന്ന ഭാരത്തിൽ ഉള്ള സാധനവുമാണ് വീടുകളിൽ എത്തിക്കുക. എത്ര കുറഞ്ഞ വിലയുടെ ഓർഡറും സ്റ്റാർ ഷിപ്പ് ഏറ്റെടുക്കും. ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഈ റോബോട്ടിന്റെ സേവനം തനിക്കു പ്രയോജനപ്പെട്ടതെന്ന് ബോണി പറയുന്നു. വീട്ടിൽ ക്വാറന്റൈൻ കഴിഞ്ഞപ്പോൾ ആരെയും ആശ്രയിക്കാതെ സാധനം ഓർഡർ ചെയ്തു വീട്ടിൽ എത്തിക്കാനായി. മാത്രമല്ല, പ്രായം ചെന്നവർ തനിയെ കഴിയുന്ന വീടുകളിൽ സാധനം എത്തിക്കാനും റോബോട്ട് ഏറെ മിടുക്കനാണ്.

തന്റെ വീട്ടിൽ വിരുന്നുകാർ വന്നപ്പോൾ അവരെ കാണിക്കാൻ തമാശക്ക് ഒരു ട്രേ മുട്ടയാണ് ബോണി ഓർഡർ ചെയ്തത്. ഒരെണ്ണം പോലും പൊട്ടിപ്പോകാതെ റോബോട്ട് വീട്ടിൽ എത്തിക്കുകയും ചെയ്തു. വീട്ടിൽ വന്നവരുടെ കാർ പാർക്ക് ചെയ്തിരുന്നതിനാൽ വഴിയിൽ അൽപം കൺഫ്യുഷൻ നേരിട്ട് അൽപം മാറിയാണ് കക്ഷി യാത്ര അവസാനിപ്പിച്ചത് എന്ന് മാത്രം.

കഴിഞ്ഞ പത്തുവർഷമായി ബോണിയും ഭാര്യ ടാനിയ മക്കളായ ഇവാ, ഇന എന്നിവരുമൊത്തു മിൽട്ടൺ കെയ്ൻസിലാണ് ആണ് താമസം. ബോണിയും ടാനിയയും മിൽട്ടൺ കെയ്ൻസ് ഹോസ്പിറ്റലിൽ നഴ്‌സുമാരായി ജോലി ചെയ്യുകയാണ്. വെറും ഒരു കൗതുകത്തിനു ചെയ്ത റോബോട്ട് വീഡിയോ ഇപ്പോൾ യുകെയിലെ മുഴുവൻ മലയാളികളുടെയും ഫോണിൽ എത്തി എന്നറിയുമ്പോൾ റോബോട്ടിനെ കാണുന്നതിനേക്കാൾ അത്ഭുതമാണ് ബോണിക്ക്. ഇതെങ്ങനെ ഇത്ര വേഗത്തിൽ ഏവരുടെയും കൈകളിൽ എത്തി എന്നാണ് ഇപ്പോൾ ബോണി ചിന്തിക്കുന്നത്. ചില കാര്യങ്ങൾ അങ്ങനെയാണ് എന്ന് പറയുമ്പോഴും ബോണിക്കു സോഷ്യൽ മീഡിയയുടെ ഈ വേഗത പിടികിട്ടുന്നില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP