Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വഴിയോര ബിരിയാണി കച്ചവടക്കാർക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നടപടി വൻകിട ഹോട്ടൽ മുതലാളിമാരുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം; രാമനാട്ടുകര മുതൽ വടകര വരെ ബൈപ്പാസിൽ ബിരിയാണി വിറ്റ് ഉപജീവനം കണ്ടെത്തിയത് നൂറ് കണക്കിന് കുടുംബങ്ങൾ; വീട്ടിൽ നിന്നുണ്ടാക്കിയ ബിരിയാണി വാഹനങ്ങളിലെത്തിച്ച് റോഡ്‌സൈഡിൽ വെച്ച് വിൽക്കുന്നത് 60ഉം 70ഉം രൂപക്ക്

വഴിയോര ബിരിയാണി കച്ചവടക്കാർക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നടപടി വൻകിട ഹോട്ടൽ മുതലാളിമാരുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം; രാമനാട്ടുകര മുതൽ വടകര വരെ ബൈപ്പാസിൽ ബിരിയാണി വിറ്റ് ഉപജീവനം കണ്ടെത്തിയത് നൂറ് കണക്കിന് കുടുംബങ്ങൾ; വീട്ടിൽ നിന്നുണ്ടാക്കിയ ബിരിയാണി വാഹനങ്ങളിലെത്തിച്ച് റോഡ്‌സൈഡിൽ വെച്ച് വിൽക്കുന്നത് 60ഉം 70ഉം രൂപക്ക്

ജാസിം മൊയ്തീൻ

കോഴിക്കോട്: കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടവരും വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുമായ നിരവധിയാളുകൾ അതിജീവനം കണ്ടെത്തിയത് റോഡരികിൽ ബിരിയാണി വിൽപന ആരംഭിച്ചായിരുന്നു. കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെട്ടവർ മുതൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന മദ്രസ അദ്ധ്യാപകർ വരെ ഇത്തരത്തിൽ റോഡരികിൽ ബിരിയാണി വിൽപന ആംരഭിച്ചിരുന്നു. കോഴിക്കോട് രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷൻ മുതൽ വടകരെ വരെ ദേശീയ പാതയിൽ മാത്രം നൂറിലധികം കുടുംബങ്ങളാണ് ഈ കോവിഡ് കാലത്ത് ബിരിയാണി വിറ്റ് ഉപജീവനം കണ്ടെത്തിയത്. കോഴിക്കോട് പാലക്കാട് ഹൈവേയിലും ഇതിലേറെ ആളുകൾ ബിരിയാണി വിൽപന നടത്തുന്നുണ്ട്. എന്നാൽ ഇത്തരം ബിരിയാണി വിൽപനക്കാർക്കെതിരെ നടപടി കർശനമാക്കിയിരിക്കുകയാണ് ഇപ്പോൾ ഭക്ഷ്യസുരക്ഷ വകുപ്പ്.

കോഴിക്കോട് രാമനാട്ടുകര മുതൽ വടകര വരെയുള്ള ഭാഗങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ച തെരുവോര ബിരിയാണി കേന്ദ്രത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകളായി പരിശോധന തുടങ്ങിയത്. വൻകിട ഹോട്ടൽ മുതലാളിമാരുടെയും അവരുടെ സംഘടനയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇപ്പോൾ ഭക്ഷ്യസുരക്ഷ വകുപ്പ് ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന തുടങ്ങിയത് എന്നാണ് ആക്ഷേപം.

പാതയോരങ്ങളിൽ വാഹനങ്ങളിൽ ഭക്ഷണ വിൽപന നടത്തുന്നതിന് ചെറുകിട വ്യവസായമെന്ന നിലയിൽ ലൈസൻസ് നൽകാറുണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്ന കച്ചവടങ്ങളിൽ പലതും ലൈസൻസില്ലാതെയാണ് എന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ വാദം. പലരും ഈ കച്ചവടത്തിനിറങ്ങിയത് കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്‌പ്പെട്ടതോടെയാണ്. പലരും ഭാര്യയെയും മക്കളെയും എല്ലാം കൊണ്ട് വന്ന് കുടുംബ സമേതമാണ് റോഡരികിൽ ബിരിയാണി വിൽപന നടത്തുന്നത്. വീട്ടിൽ നിന്നും തയ്യാറാക്കി കാറുകളിലും ബൈക്കുകളിലുമെല്ലാം എത്തിച്ചാണ് വിൽപന നടത്തുന്നത്. 60 രൂപയാണ് ഭൂരിഭാഗം ആളുകളും ഒരു ചിക്കൻ ബിരിയാണിക്ക് വില ഈടാക്കുന്നത്.

ഹോട്ടലുകളിൽ 160 രൂപ മുതൽ വില ഈടാക്കുമ്പോൾ വീട്ടിലുണ്ടാക്കിയ ബിരിയാണിക്ക് 60 രൂപ മാത്രം വിലയായതിനാൽ ആവശ്യക്കാരും ഏറെയാണ്. ഇത് ഹോട്ടലുകളുടെ കച്ചവടത്തെ സാരമായി ബാധിക്കുകയും ചെയ്തു. ബിരിയാണിക്കാണ് ആവശ്യക്കാർ ഏറെയുള്ളതെങ്കിലും ചോറും കറിയും പാക്കറ്റുകളിലാക്കി വിൽപനയ്‌ക്കെത്തിക്കുന്നവരുമുണ്ട്. ഹോട്ടലുകൾ പാർസൽ മാത്രം കൊടുക്കാൻ തുടങ്ങിയതോടെയാണ് തെരുവോര കച്ചവടം വർധിച്ചത്. ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടവരും വീട്ടിൽ ഇരിക്കുന്നവരുമാണ് ചെറുകിട സംരംഭം എന്ന നിലയിൽ ഭക്ഷണ വിൽപനയുമായി രംഗത്ത് വന്നത്. വീട്ടിൽനിന്നുള്ള ഭക്ഷണമെന്ന ബോർഡ് വച്ചാണ് പലയിടത്തും വിൽപന നടത്തുന്നതും.

അതുകൊണ്ട് തന്നെ നിരവധിയാളുകൾ കയറിയിറങ്ങുന്ന ഹോട്ടലുകളേക്കാൾ സുരക്ഷിതമെന്ന നിലയിൽ യാത്രക്കാർ ഇത്തരം ചെറുകിട കച്ചവടക്കാരെ സമീപിക്കാനും തുടങ്ങി. ഇതെല്ലാമാണ് വൻകിട ഹോട്ടൽ കച്ചവടക്കാരെയും അവരുടെ സംഘടനയെയും ശത്രുക്കളാക്കിയിരിക്കുന്നത്. ഇവരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇപ്പോൾ ഇത്തരം വിൽപന നടത്തുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് നടപടി കർശനമാക്കിയിരിക്കുന്നത് എന്നാണ് ആക്ഷേപം.

നിയമ പ്രകാം ഇപ്പോൾ നടക്കുന്ന കച്ചവടം മിക്കതും അനധികൃതമാണെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ വാദം. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചപ്പോൾ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് പറയുന്നു. ഇനിയും ഫലം വരാനുണ്ട്. പരിശോധനയും തുടരുന്നുണ്ട്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കച്ചവടക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിക്കുന്നു. വാഹനങ്ങളിൽ ഭക്ഷണം വിൽപന ചെയ്യാൻ ലൈസൻസ് പ്രദർശിപ്പിക്കണം. ഇത് വാഹനങ്ങളിൽ പുറത്ത് നിന്ന് കാണുന്ന തരത്തിൽ പതിക്കുകയും വേണം. ഇത് ഭക്ഷണം വാങ്ങിക്കാൻ പോവുന്നവർ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എന്നാൽ ഈ പരിശോധനകളൊന്നും വൻകിട ഹോട്ടലുകൾക്ക് ബാധകമല്ലേയെന്നാണ് തെരുവോരത്ത് ബിരിയാണി വിറ്റ് ഉപജീവനം നടത്തുന്ന കുടുംബങ്ങൾ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP