Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ആർഎൽവി രാമകൃഷ്ണനുണ്ടായ അനുഭവം ഒറ്റപ്പെട്ടതല്ല; ആദിവാസി - ദളിത് കലാകാരന്മാരോട് സംഗീത നാടക അക്കാദമി കാട്ടുന്ന ചിറ്റമ്മ നയം പതിവ്; അട്ടപ്പാടിയിൽ നിന്നുള്ള ആദിവാസി കലാകാരന്മാരും നേരിട്ടത് കടുത്ത വിവേചനം; അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ജോലിക്കത്തിയവരെ കാട്ടിൽ പണിയെടുത്താൽ മതിയെന്ന് പറഞ്ഞ് തിരിച്ചയച്ചത് അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ; പരാതിയുമായി നാടക കലാകാരന്മാരുടെ കൂട്ടായ്മ

ആർഎൽവി രാമകൃഷ്ണനുണ്ടായ അനുഭവം ഒറ്റപ്പെട്ടതല്ല; ആദിവാസി - ദളിത് കലാകാരന്മാരോട് സംഗീത നാടക അക്കാദമി കാട്ടുന്ന ചിറ്റമ്മ നയം പതിവ്; അട്ടപ്പാടിയിൽ നിന്നുള്ള ആദിവാസി കലാകാരന്മാരും നേരിട്ടത് കടുത്ത വിവേചനം; അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ജോലിക്കത്തിയവരെ കാട്ടിൽ പണിയെടുത്താൽ മതിയെന്ന് പറഞ്ഞ് തിരിച്ചയച്ചത് അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ; പരാതിയുമായി നാടക കലാകാരന്മാരുടെ കൂട്ടായ്മ

ജാസിം മൊയ്തീൻ

തൃശ്ശൂർ: ഡോ. ആർഎൽവി രാമകൃഷ്ണന് അനുഭവിക്കേണ്ടി വന്നതുപോലുള്ള വിവേചനം സംഗീത നാടക അക്കാദമിയിൽ നിന്നും ആദിവാസി കലാകാരന്മാർക്കും നേരിടേണ്ടി വന്നതായി പരാതി. അട്ടപ്പാടിയിൽ നിന്നുള്ള നാടക കലാകാരന്മാരാണ് അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ അപമാനിച്ചുവെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സംഗീത നാടക അക്കാദമിയിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായുള്ള പുറംജോലികൾക്കായും സാങ്കേതിക വിഭാഗത്തിൽ ആർട്ടിസ്റ് സുജാതന്റെ സഹായികളായും നാല് വർഷത്തോളം തുടർച്ചയായി അട്ടപ്പാടി ആദിവാസി ഊരിൽ നിന്നും പത്തോളം ആദിവാസികൾ വന്ന് ജോലി ചെയ്യാറുണ്ടായിരുന്നു.

എന്നാൽ 2018 ലെ നാടകോത്സവ ജോലിക്കായി എത്തിയ ആദിവാസികളോട് നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ മോശമായി പെരുമാറുകയും കാട്ടിൽ പണിയെടുത്താൽ മതിയെന്നും പറഞ്ഞ് ജോലി കൊടുക്കാതെ മടക്കി അയയ്ക്കുകയുമാണ് ചെയ്തത്. അട്ടപ്പാടിയിലെ ആനവായ് ഊരിലെ ചന്ദ്രന്റെ നേതൃത്വത്തിലെ സംഘമാണ് ജോലിക്കായി സംഗീത നാടക അക്കാദമിയിൽ എത്തിയിരുന്നത്. പണിയും വരുമാനവും ഇല്ലാതെ കഷ്ടപ്പെടുന്ന ആദിവാസി കുടുംബങ്ങൾക്ക് ഈ സീസണിൽ നിന്ന് ലഭിക്കുന്ന വരുമാനം വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ 2018ൽ അക്കാദമി സെക്രട്ടറി ജോലി നൽകാതെ അപമാനിച്ച് ഇറക്കി വിടുകയായിരുന്നു.

ആനവായ് ഊരിലെ ചന്ദ്രൻ, ബർമ്മൻ, ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അക്കാദമിയിൽ നിന്നും അപമാനിച്ച് തിരിച്ചയച്ചത്. ഈ സംഭവത്തെ കുറിച്ച് ഇവർ ഇതുവരെയും ആരോടും പരാതി പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ആർഎൽവി രാമകൃഷ്ണന് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ വാർത്തകൾ പുറത്തു വന്നതോടെയാണ് ഈ സംഘവും പരാതിയുമായി രംഗത്തെത്തിയത്. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്ന ശങ്കർ വെങ്കിടേഷിന്റെ തിയേറ്റർ റൂട്ട്സ് ആൻഡ് വിങ്സ് കൂട്ടായ്മയിലെ പ്രവർത്തകരായിരുന്നു ഇവർ. അട്ടപ്പാടി കേന്ദ്രീകരിച്ചാണ് ശങ്കർ വെങ്കിടേഷിന്റെ ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്.

നിരവധി ആദിവാസി കലാകാരന്മാർ ഈ കൂട്ടായ്മയിലുണ്ട്. മൺമറഞ്ഞുപോയ നിരവധി ആദിവാസി കലാകരൂപങ്ങൾ പുനരാവിഷ്‌കരിക്കാനുള്ള പ്രവർത്തനങ്ങളും ഈ കൂട്ടായ്മ നടത്തിയിരുന്നു. മൺമറഞ്ഞ ആദിവാസി കലാരൂപമായ 'മധുരവീരൻ കൂത്ത്' ഇവരുടെ ശ്രമഫലമായി 2015ൽ അരങ്ങിലെത്തിയിരുന്നു. 2016ലാണ് ബർമ്മനും സംഘവും ആദ്യമായി ഇറ്റ്ഫോക്കിനെത്തുന്നത്. അന്ന് മാധ്യമങ്ങൾ ഇവരുടെ വരവിനെ പ്രകീർത്തിച്ച് വാർത്തകളുമെഴുതിയിരുന്നു. പിന്നീട് രണ്ട് വർഷം ഇവർ ഇറ്റ്ഫോക്കിന്റെ ഭാഗമായുള്ള പുറം ജോലികൾ ചെയ്യുകയും ആർട്ടിസ്റ് സുജാതന്റെ സഹായികളായും പ്രവർത്തിച്ചിരുന്നു. എന്നാൽ 2018ലാണ് അക്കാദമി സെക്രട്ടറി ഇവർക്ക് ജോലി നിഷേധിച്ചത്.

അതേ സമയം ആൽഎൽവി രാമകൃഷണന് അവസരം നിധേഷിച്ച സംഗീത നാടക അക്കാദമി ഭാരവാഹികൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാടക കലാകാരന്മാരുടെ കൂട്ടായ്മ അക്കാദമി സെക്രട്ടറിയുടെ വീട്ടുപടിക്കൽ സമരം നടത്തി.കേരളത്തിലെ കലാപ്രവർത്തകർ ഏറ്റവും പ്രതിസന്ധി അനുഭവിക്കുമ്പോൾ മാനസികമായി ചേർത്തു പിടിക്കേണ്ട ഒരു സ്ഥാപനം ഒരു കലാകാരന്റെ ജീവിതം വെച്ച് പന്താടിയത് തികച്ചും ഖേദകരവും പ്രതിഷേധാർഹവും ആണ്. ഒരു പുരോഗമന സമൂഹത്തിന് ചേർന്ന പ്രവൃത്തിയല്ല അക്കാദമി അധികൃതരുട ഭാഗത്ത് നിന്നുണ്ടായത്.

ഇത് കേരളീയ കലാസമൂഹത്തിന് കനത്ത നാണക്കേടാണ് വരുത്തിവെച്ചത്. കേരള സംഗീത നാടക അക്കാദമി കോവിഡ് കാലത്ത് കലാകാര സമൂഹത്തെ സഹായിക്കാനെന്ന വ്യാജേന ഒരുതരം മാനദണ്ഡങ്ങളും പാലിക്കാതെ നടത്തുന്ന സർഗ്ഗ ഭൂമിക എന്ന പരിപാടി, മുഴുവൻ കലാപ്രവർത്തകർക്കും അവസരം നൽകുന്ന വിധത്തിൽ പുനഃസംഘടിപ്പിക്കണം.സുതാര്യമായ മാനദണ്ഡങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പുകൾ നടത്തണം .കലാപ്രവർത്തകർ പ്രതിസന്ധിയിലായ കാലത്ത് തന്നെ അവരുടെ ആത്മവീര്യം തകർക്കുന്ന നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ല.

ആർഎൽവി രാമകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിന് ഉത്തരവാദികൾ ആയ അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായരും, ചെയർപേഴ്സൺ കെ.പി.എ.സി.ലളിതയും ധാർമ്മികതയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് രാജിവെക്കേണ്ടതാണ്.അല്ലാത്തപക്ഷം സാംസ്‌കാരിക വകുപ്പ് ഇവരെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കണം എന്നും നാടക കലാകാരന്മാരുടെ കൂട്ടായ്മ നാടക് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP