Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202413Thursday

മണൽ ഇല്ലാതായതോടെ പുഴയിൽ വെള്ളം നിൽക്കാതെ കടലിലേക്ക് ഒഴുകിപ്പോയി; ഭൂഗർഭ ജലത്തിന്റെ അളവ് കുറഞ്ഞതോടെ പുഴയോരങ്ങൾ വറ്റി വരണ്ടു; വീണ്ടും മണൽ വാരൽ; കരട് ബില്ലിന് അഞ്ചംഗ ഉപസമിതി; മണലൂറ്റിൽ സർക്കാർ ലാഭം കാണുമ്പോൾ

മണൽ ഇല്ലാതായതോടെ പുഴയിൽ വെള്ളം നിൽക്കാതെ കടലിലേക്ക് ഒഴുകിപ്പോയി; ഭൂഗർഭ ജലത്തിന്റെ അളവ് കുറഞ്ഞതോടെ പുഴയോരങ്ങൾ വറ്റി വരണ്ടു; വീണ്ടും മണൽ വാരൽ; കരട് ബില്ലിന് അഞ്ചംഗ ഉപസമിതി; മണലൂറ്റിൽ സർക്കാർ ലാഭം കാണുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നദികളിൽ നിന്ന് മണൽ വാരൽ വീണ്ടും തുടങ്ങാനായി റവന്യുവകുപ്പ് നിയമത്തിൽ മാറ്റം വരുത്തുമ്പോൾ നിർമ്മാണ മേഖലയ്ക്ക് ആശ്വാസം. കരട്ബിൽ തയ്യാറാക്കാൻ നിയമസെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉപസമിതിക്ക് രൂപംനൽകി. നിയമത്തിൽ മാറ്റം വന്നാൽ ആറ്റുമണൽ ലഭ്യത എളുപ്പമാവും. അമിതവില നൽകേണ്ടിവരുന്നത് ഒഴിവാക്കാനുമാകും. ഈ നിയമം തെറ്റായി വ്യാഖ്യാനിച്ചാൽ അത് പുഴകളുടെ നാശത്തിനും വഴിവയ്ക്കും. മണൽ വാരൽ കാരണം നെയ്യാറിന്റെ തീരമിടിഞ്ഞത് അടക്കുള്ള ദുരന്തങ്ങൾ മലയാളി കണ്ടതാണ്. ഇതിന് സമാനമായ ദോഷം പുതിയ നിയമം കൊണ്ടു വരുമോ എന്ന ആശങ്കയും ശക്തമാണ്.

അച്ചൻകോവിൽ, പമ്പ, മണിമല, പെരിയാർ, മൂവാറ്റുപുഴ, ഭാരതപ്പുഴ (സ്ട്രെച്ച് ഒന്നുമുതൽ മൂന്നുവരെ), കടലുണ്ടി, ചാലിയാർ, പെരുമ്പ, വളപട്ടണം, ശ്രീകണ്ഠാപുരം, മാഹി, ഉപ്പള, മൊഗ്രാൽ, ഷിറിയ, ചന്ദ്രഗിരി (പാർട്ട് 2) എന്നീ നദികളിൽ നിന്നും ഉടൻ മണൽ വാരാൻ കഴിയുന്ന തരത്തിൽ തീരുമാനം ഉണ്ടാകും. എന്നാൽ 14 നദികളിൽ മൂന്ന് വർഷത്തേക്ക് മണൽ എടുക്കൽ നിരോധിക്കുകയും ചെയ്യും. പാരിസ്ഥിതി വശങ്ങൾ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. നെയ്യാർ, കരമന, വാമനപുരം, ഇത്തിക്കര, കല്ലട, മീനച്ചിൽ, കരുവന്നൂർ, ചാലക്കുടി, കീച്ചേരി, ഗായത്രിപ്പുഴ, കബനി, കുറ്റ്യാടി, വള്ളിത്തോട്. ചന്ദ്രഗിരി (പാർട്ട് 1) എന്നീ നദികളിൽ മൂന്ന് കൊല്ലത്തേക്ക് മണൽ വാരലുണ്ടാകാൻ ഇടയില്ലെന്നാണ് സൂചന.

പുഴയിലൂടെ ഒഴുകുന്ന വെള്ളം വേഗത്തിൽ കടലിലെത്തുന്നത് തടയുന്നതിൽ മണൽത്തരികൾക്ക് വലിയ പ്രാധാന്യമുണ്ട്. മണൽ വാരൽ വ്യാപകമാകുന്നതോടെ പുഴയിലെ ഒഴുക്ക് വർദ്ധിച്ച് വെള്ളം എളുപ്പത്തിൽ കടലിലെത്തുന്നു. പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നിയന്ത്രിതമായ രീതിയിലായിരുന്നു മുമ്പ് മണൽ നീക്കം ചെയ്തിരുന്നത്. നിർമ്മാണ ആവശ്യങ്ങൾക്കായി പഞ്ചായത്തുകൾ പാസുകൾ നൽകി ഓരോ മണൽ കടവുകളിൽ നിന്നും പരിമിതമായ അളവിലാണ് മണൽ എടുത്തിരുന്നത്. പക്ഷേ, പിന്നീടിത് അനിയന്ത്രിതമായി. ഇതോടെ മണൽ വാരൽ വലിയൊരു വ്യാപാരമായി മാറുകയും മണൽ മാഫിയ തഴച്ചുവളരുകയും ചെയ്തു. പുതിയ നീക്കം ഈ മാഫിയയ്ക്ക് വീണ്ടും കരുത്താകുമെന്ന വിലയിരുത്തലുമുണ്ട്.

കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ കണക്കിലെടുത്ത് 2001-ലെ നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമം ഭേദഗതിചെയ്യാനാണ് കേരളത്തിന്റെ നീക്കം. ഹൈക്കോടതിവിധിയെത്തുടർന്ന് കേരളത്തിലെ നദികളിൽനിന്ന് മണൽവാരുന്നത് നിരോധിച്ചിരിക്കയാണ്. മണൽവാരൽ അനുവദിക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം ഉയരുമെന്നത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സർക്കാരിന് ആശ്വാസവുമാകും. ഇതെല്ലാം മുന്നിൽക്കണ്ടാണ് നിയമഭേദഗതി അടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽചേർന്ന യോഗം തീരുമാനിച്ചത്.

കേന്ദ്രത്തിന്റെ പുതിയ നിർദേശപ്രകാരം ജില്ലാതല സർവേറിപ്പോർട്ടുകൾ അടിസ്ഥാനമാക്കി മാത്രമേ മണൽവാരലിന് അനുമതി നൽകാനാകു. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോനദിക്കും വെവ്വേറേ പാരിസ്ഥിതികാനുമതിയും തേടണം. തുടർന്ന് മണൽ ഖനനപദ്ധതി തയ്യാറായാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കടവുകൾ ലേലംചെയ്ത് നൽകാനാകും. ഇത് പുതിയ വരുമാന മാർഗ്ഗമായി മാറുകയും ചെയ്യും. എന്നാൽ വൻ മാഫിയകൾ ഇതിന്റെ പേരിൽ ആറ്റുമണൽ കടത്തും മറ്റും നടത്താനും സാധ്യതയുണ്ട്. അതുകൊണ്ട് കർശന നിരീക്ഷണങ്ങൾ ഉറപ്പാക്കി വേണം അന്തിമാനുമതികൾ നൽകാൻ.

32 നദികളിലെ മണൽശേഖരത്തിന്റെ വിലയിരുത്തലാണ് (സാൻഡ് ഓഡിറ്റിങ്) പൂർത്തിയായത്. ഇതിൽ 17-ൽ മണൽ നിക്ഷേപം കണ്ടെത്തി. പാരിസ്ഥിതിക അനുമതിയോടെ ഇവിടെ നിയന്ത്രിത അളവിൽ മണൽവാരാമെന്നാണ് ശുപാർശ. 14 നദികളിൽ മൂന്നുവർഷത്തേക്ക് മണൽവാരൽ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഈ പട്ടിക അന്തിമമാക്കിയിട്ടില്ല. ഇതും ഉടൻ തയ്യാറാകും.

ജി.പി.എസിലൂടെ നദികളുടെ മാപ്പിങ് നടത്തിയാണ് മണൽശേഖര വിലയിരുത്തൽ തുടങ്ങുന്നത്. പിന്നീട് നദീതടത്തിൽ അടിഞ്ഞ മണൽ, എക്കൽ എന്നിവയുടെ തോത് ഉപഗ്രഹസർവേയിലൂടെ നിർണയിക്കും. ഫെബ്രുവരി-മെയ്‌ മാസങ്ങളിൽ നേരിട്ടുള്ള പരിശോധനയും നടത്തും..പുഴയുടെ പാരിസ്ഥിതിക പ്രശ്നങ്ങളെ ഒട്ടും ഗൗനിക്കാതെ നടന്ന പഴയ മണലൂറ്റ്, പുഴകളുടെ നാശത്തിന് കാരണമായി എന്ന വസ്തുത മുമ്പിലുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും ജാഗ്രത അനിവാര്യതയാണ്.

പുഴകളുടെ അടിത്തട്ടിൽ നിന്നുവരെ മണൽ പോയതോടെ ചെളി ബാക്കിയാകുകയും പുഴയിൽ വന്മരങ്ങൾ വരെ വളർന്നുവന്നു. ഇതോടെ പുഴ കാടായി മാറി. മണൽ ഇല്ലാതായതോടെ പുഴയിൽ വെള്ളം നിൽക്കാതെ കടലിലേക്ക് ഒഴുകിപ്പോയി. ഭൂഗർഭ ജലത്തിന്റെ അളവ് കുറയുകയും ചെയ്തു. ഇതോടെ പുഴയോരങ്ങൾ പോലും വരൾച്ചയുടെ പിടിയിലകപ്പെട്ടു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് മണൽ വാരൽ പൂർണമായും നിറുത്തിയതോടെയാണ്. അതുകൊണ്ട് തന്നെ പുതിയ തീരുമാനം പരിസ്ഥിതിയെ ദുർബ്ബലമാക്കുമെന്ന ചർച്ചയും സജീവമാണ്.

ഇടനിലക്കാരുടെ ഇടപെടൽ അധികം വൈകാതെ തന്നെയുണ്ടാകാം. അത് അനിയന്ത്രിതമായ മണലെടുപ്പിലേക്കും പുഴയെ വീണ്ടും നശിപ്പിക്കുന്ന നിലയിലേക്കും വളരാനുള്ള സാദ്ധ്യതയും നിലനില്ക്കുന്നുണ്ട്. വിദഗ്ധ സമിതി നിർദേശിച്ച അളവിനേക്കാൾ കൂടുതൽ മണൽ വാരൽ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. ഇല്ലെങ്കിൽ പുഴകൾ വീണ്ടും നാശത്തിലേക്ക് പോകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP