Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

മീശ പിരിച്ച് വീണ്ടും സിങ്കം; തീർത്തും നിരാശനായി ജേക്കബ് തോമസ്; അപ്രതീക്ഷിത തിരിച്ചടിയിൽ ഞെട്ടി ബെഹ്‌റ; മുതിർന്ന ഐപിഎസുകാർക്ക് കേന്ദ്ര സർക്കാർ റാങ്കിട്ടപ്പോൾ നേട്ടം ഋഷിരാജ് സിംഗിന് തന്നെ; എക്‌സൈസ് കമ്മീഷണർക്ക് മോദി സർക്കാർ സുപ്രധാന പദവി നൽകുമെന്ന് സൂചന; കേന്ദ്രപദവി മോഹം പൂർണ്ണമായും ഉപേക്ഷിച്ച് പൊലീസ് മേധാവിയും

മീശ പിരിച്ച് വീണ്ടും സിങ്കം; തീർത്തും നിരാശനായി ജേക്കബ് തോമസ്; അപ്രതീക്ഷിത തിരിച്ചടിയിൽ ഞെട്ടി ബെഹ്‌റ; മുതിർന്ന ഐപിഎസുകാർക്ക് കേന്ദ്ര സർക്കാർ റാങ്കിട്ടപ്പോൾ നേട്ടം ഋഷിരാജ് സിംഗിന് തന്നെ; എക്‌സൈസ് കമ്മീഷണർക്ക് മോദി സർക്കാർ സുപ്രധാന പദവി നൽകുമെന്ന് സൂചന; കേന്ദ്രപദവി മോഹം പൂർണ്ണമായും ഉപേക്ഷിച്ച് പൊലീസ് മേധാവിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഐപിഎസുകാരിൽ ഇനി ഒന്നാമൻ സിങ്കം തന്നെ. ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകരിച്ച ഐപിഎസ് പട്ടികയിൽ കേരളത്തിൽ നിന്നുള്ളത് ഋഷിരാജ് സിങ് മാത്രമാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തള്ളിയാണ് ഋഷിരാജ് സിംഗിന്റെ നേട്ടം. ഇതോടെ സിആർപിഎഫ്, ബിഎസ്എഫ്, ഇന്റലിജൻസ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജൻസി, സിബിഐ തുടങ്ങിയവ സുപ്രധാന പദവികളിൽ ഡയറക്ടർ ജനറലായി ഋഷിരാജ് സിങ് എത്താനുള്ള സാധ്യത തെളിഞ്ഞു. മുതിർന്ന ഐപിഎസുകാരെ എം പാനൽ ചെയ്യുമ്പോൾ അഴിമതിക്കെതിരെ കുരിശ് യുദ്ധം ചെയ്യുന്ന ജേക്കബ് തോമസിനെ പൂർണ്ണമായും കേന്ദ്ര സർക്കാർ ഒഴിവാക്കുകയും ചെയ്തു.

കേരള പൊലീസ് കേഡറിൽ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും മറികടന്നുള്ള ഋഷി രാജ് സിംഗിന്റെ മുന്നേറ്റം മികച്ച പ്രതിച്ഛാായയുമായാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ മനസ്സും ഋഷിരാജ് സിംഗിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ കേന്ദ്രത്തിൽ മികച്ച പദവികൾ ഋഷിരാജ് സിംഗിനെ തേടിയെത്തും. സിബിഐയിൽ പ്രവർത്തിച്ച മുൻ പരിചയവും ഋഷിരാജ് സിംഗിന് തുണയാണ്. സസ്‌പെൻഷനിലുള്ള ജേക്കബ് തോമസിന് ലിസ്റ്റിൽ ഇടം കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ പട്ടികയിൽ പ്രധാന സ്ഥാനത്ത് ലോക് നാഥ് ബെഹ്‌റ എത്തുമെന്നായിരുന്നു സൂചന. ഇതാണ് അട്ടിമറിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് നിരാശ നൽകുന്നതാണ് പുതിയ പട്ടിക.

മുതിർന്ന ഐപിഎസുകാരുടെ രണ്ട് പട്ടികയാണ് പ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കാനായി കേന്ദ്രം തയ്യാറാക്കിയത്. ജേക്കബ് തോമസിനെ രണ്ടിലും ഉൾപ്പെടുത്തിയില്ല. ആദ്യ പട്ടികയിലെ 10 പേർക്കും കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിലോ, തത്തുല്യ തസ്തികകളിലോ നിയമിക്കപ്പെടാൻ അർഹതയുണ്ട്. പട്ടികയിൽ അഞ്ചാമനാണു സിങ്. രണ്ടാമത്തെ പട്ടികയിൽ നാലാം സ്ഥാനക്കാരനാണു ബെഹ്‌റ. ഈ പട്ടികയിലുള്ളവർ ഡയറക്ടർ ജനറലിന്റെ തത്തുല്യ തസ്തികകളിൽ നിയമിക്കപ്പെടാൻ അർഹരെന്നാണ് ഉത്തരവിൽ പറയുന്നത്. കേന്ദ്രത്തിൽ സ്‌പെഷൽ സെക്രട്ടറി, മറ്റേതെങ്കിലും കേന്ദ്ര തസ്തിക ഡയറക്ടർ ജനറലിന്റെ പദവിയിലേക്ക് ഉയർത്തിയവ എന്നിവയിൽ ഈ പട്ടികയിലുള്ളവർക്കു നിയമനം ലഭിക്കും.

എംപാനൽ പട്ടികയിൽ ഇടംപിടിച്ച ഋഷിരാജ് സിങ് കേരളം വിടാനാണ് സാധ്യത. കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിൽ നിയമിക്കപ്പെടാനുള്ള പട്ടികയിൽ ഇടം നേടിയതിനു തൊട്ടുപിന്നാലെ, എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നൽകി. നേരത്തേ, ജേക്കബ് തോമസിനെ മാറ്റിയ സമയത്തു ഡിജിപിയുടെ കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ പദവിയിൽ സർക്കാർ സിങ്ങിനെ പരിഗണിച്ചില്ല. സംസ്ഥാന പൊലീസ് മേധാവിയായ ബെഹ്‌റയ്ക്കു തന്നെ ഈ കസേരയും നൽകി. അതിൽ അതൃപ്തി ഉണ്ടായിരുന്നെങ്കിലും വെല്ലുവിളിക്ക് മുതിർന്നില്ല. കേന്ദ്രസർക്കാരുമായും സിങിന് നല്ല അടുപ്പമുണ്ടായിരുന്നു. ഇതും കേന്ദ്ര പട്ടികയിൽ പ്രതിഫലിച്ചിട്ടുണ്ട്. മികച്ച പദവിയിലേക്ക് ഋഷിരാജ് സിംഗിനെ നിയമിക്കുമെന്നാണ് സൂചന.

മെറിറ്റും സീനിയോറിറ്റിയും പരിശോധിച്ചാണു പട്ടിക തയാറാക്കുന്നത്. സർവീസിലുടനീളമുള്ള വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടും പരിശോധിക്കും. ഈ റിപ്പോർട്ട് ഋഷിരാജ് സിങിന് പൂർണ്ണമായും അനുകൂലമായിരുന്നു. ജേക്കബ് തോമസിന് എതിരായിരുന്നു ഇത്. സംസ്ഥാന സർക്കാരിന്റെ ശത്രുതയാണ് ഇതിന് കാരണമായത്. പൊലീസ് മേധാവിയായ ലോക് നാഥ് ബെഹ്‌റ നേരത്തെ സിബിഐയിലും എൻഐഎയിലും പ്രവർത്തിച്ചിരുന്നു. എൻഐഎയിൽ നിന്ന് കേരളാ കേഡറിലേക്ക് ബെഹ്‌റയെ മടക്കി അയക്കുകയും ചെയ്തു. ഇതാണ് ബെഹ്‌റയെ ആദ്യ പട്ടികയിൽ നിന്ന് മാറ്റി നിർത്താൻ കാരണം. ഇക്കാര്യം വീണ്ടും ചർച്ചയാകുന്നത് ബെഹ്‌റയ്ക്ക് തിരിച്ചടിയാണ്. ബെഹ്‌റയും കേന്ദ്ര ഡെപ്യൂട്ടേഷൻ നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു.

എം പാനിലിലെ പിന്നോട്ട് പോക്ക് കാരണം ബെഹ്‌റ കേരളത്തിൽ തന്നെ തുടരാനാണ് സാധ്യത. തന്നെക്കാൾ ജൂനിയറായ ഋഷിരാജ് സിങിന് മികച്ച പദവി കിട്ടുമ്പോൾ ജൂനിയർ പദവിയിൽ ജോലി നോക്കാൻ ബെഹ്‌റ താൽപ്പര്യം കാട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP