Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

സീനിയർ ഐഎഎസുകാർ കൈവച്ചിരുന്ന എക്സൈസ് കമ്മീഷണർ പോസ്റ്റ് ഋഷിരാജിന് നൽകിയത് പ്രത്യേക ഉത്തരവിലൂടെ; ലക്ഷ്യം ഗാർഡ് മുതൽ മന്ത്രിവരെ അഴിമതിയിൽ കുളിച്ച വകുപ്പിനെ ശുദ്ധീകരിക്കാൻ തന്നെ; ഉദ്യോഗസ്ഥ പുനർനിർണ്ണയത്തിൽ മെരിറ്റ് മാത്രം നോക്കി പിണറായിയുടെ ഉഗ്രൻ കാൽവയ്പ്

സീനിയർ ഐഎഎസുകാർ കൈവച്ചിരുന്ന എക്സൈസ് കമ്മീഷണർ പോസ്റ്റ് ഋഷിരാജിന് നൽകിയത് പ്രത്യേക ഉത്തരവിലൂടെ; ലക്ഷ്യം ഗാർഡ് മുതൽ മന്ത്രിവരെ അഴിമതിയിൽ കുളിച്ച വകുപ്പിനെ ശുദ്ധീകരിക്കാൻ തന്നെ; ഉദ്യോഗസ്ഥ പുനർനിർണ്ണയത്തിൽ മെരിറ്റ് മാത്രം നോക്കി പിണറായിയുടെ ഉഗ്രൻ കാൽവയ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിങ് ഈ സ് കിങ്... സിങ്കം... ഋഷിരാജ് സിംഗിന് വിശേഷണങ്ങൾ പലതാണ്. പൊലീസിലും ട്രാൻസ്‌പോർട്ട വകുപ്പിലും വൈദ്യുതി വകുപ്പിലും ഇരുന്നപ്പോൾ ഉണ്ടാക്കിയെടുത്ത സത്‌പേരാണിതെല്ലാം. ആരെന്ത് പറഞ്ഞാലും ജോലിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലത്താത്തിനാലാണിത്. സോഷ്യൽ മീഡിയയുടെ താരമായിരുന്നു ഇദ്ദേഹം.

എന്നാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും മാഫിയാ സംഘത്തിനുമെല്ലാം ഋഷിരാജ് സിംഗിനോട് താൽപ്പര്യമില്ല. എവിടെ ഇരുത്തിയാലും അധികാരം എന്തെന്ന് കാട്ടിത്തരം. അവിടെ കൈക്കൂലി ഇല്ലായ്മ ചെയ്യും. എല്ലാം നിയമത്തിന്റെ വഴിയിലുമാകും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആദ്യം ഒതുക്കാൻ തീരുമാനിച്ചത് ഋഷിരാജ് സിംഗിനെയായിരുന്നു. ഗതാഗത കമ്മീഷണറായും വൈദ്യുതി വകുപ്പ് വിജിലൻസ് ഓഫീസറായും സിങ്കത്തിന് പ്രവർത്തിക്കേണ്ടി വന്നത് അങ്ങനെയായിരുന്നു. എന്നാൽ അതൊന്നും സിങ്കത്തിന്റെ വീര്യം കുറച്ചില്ല.

പിണറായി വിജയൻ മുഖ്യമന്ത്രിയായെത്തുമ്പോൾ ജയിൽ ഡിജിപിയായിരുന്നു ഋഷിരാജ് സിങ്. കള്ളന്മാരെ നേർവഴിക്ക് നടത്തുന്ന ജോലി. എന്നാൽ മുഖം മൂടിയിട്ട കള്ളന്മാരെ പിടിയടച്ച് പിണ്ഡം വയ്ക്കാൻ ഋഷിരാജ് സിംഗിനെ നിയോഗിക്കാനായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ തീരുമാനം. അങ്ങനെ എക്‌സൈസ് വകുപ്പിന്റെ തലപ്പത്ത് ഋഷിരാജ് സിങ് എത്തുന്നു. ബാർ കോഴ പോലുള്ള ആരോപണങ്ങളിൽ ഇടതു സർക്കാർ പെടരുതെന്ന് പിണറായി ആഗ്രഹിക്കുന്നു. അതൊടൊപ്പം ബാർ മുതലാളിമാരുടെ പിന്തുണയോടെ അധികാരത്തിലെത്തിയെന്ന ആരോപണവും സജീവം.

ഇത് മറികടക്കാൻ ഋഷിരാജ് സിംഗിന് എക്‌സൈസ് വകുപ്പ് നൽകുന്നു. കർശന നടപടികളിലൂടെ അനധികൃത സ്പിരിറ്റ് കടത്തും മറ്റും നിയന്ത്രിച്ച് ബാർ മുതലാളിമാരുടെ കൊള്ള ലാഭം കൊയ്യലിന് തടയിടാനാണ് നീക്കം. നിലവിൽ ഫൈവ് സ്റ്റാർ ബാറുകൾ മാത്രമാണ് ഉള്ളത്. ഇവിടെ പലതരം കച്ചവടം നടക്കുന്നുവെന്ന റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് ഋഷിരാജ് സിംഗിന്റെ നിയമനം.

പുതിയ നിയമനത്തിൽ ഋഷിരാജ് സിംഗും പ്രതീക്ഷയിലാണ്. ഏറെ നാളിന് ശേഷം പൊതു ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യാനാകുന്ന വകുപ്പ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. ഭംഗിയായി ഈ പദവിയും കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് അദ്ദേഹം നൽകുന്ന ഉറപ്പ്. ബാർനിരോധനത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമദ്യം, മയക്കുമരുന്ന് എന്നിവയുടെ വ്യാപനം കർശനമായി തടയുന്നതിന്റെ ഭാഗമായാണു ഋഷിരാജിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചത്. അതിനായി, ഐ.എ.എസ്. തസ്തികയായിരുന്ന എക്‌സൈസ് കമ്മിഷണർ പദവി ഒരുവർഷത്തേക്കു വിജിലൻസ് ഡയറക്ടറുടേതിനു തുല്യമാക്കി.

അതായത് അടുത്ത ഒരു കൊല്ലം ഋഷിരാജ് സിങ് ഈ സ്ഥാനത്തുണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. എക്‌സൈസിൽ പൊലീസിന് സമാനമായ കാര്യങ്ങളാണ് നടക്കുന്നത്. ഈ വകുപ്പിനെ ഐഎഎസുകാരല്ല ഐപിഎസുകാരാണ് നോക്കേണ്ടതെന്ന തിരിച്ചറിവ് പിണറായി വിജയന് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവ് സർക്കാർ അതിവേഗം ഇറക്കി ഋഷിരാജ് സിംഗിന് എക്‌സൈസ് നൽകിയത്.

എക്‌സൈസിലെ അന്വേഷണ നിരീക്ഷണ സംവിധാനങ്ങൾ ഇതിലൂടെ കാര്യക്ഷമമാകും. റെയ്ഡുകളും വ്യാപകമാകും. വ്യാജമദ്യം കേരളത്തിൽ സജീവമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഋഷിരാജ് സിംഗിന് കഴിയുമെന്നാണ് കണക്ക് കൂട്ടൽ. എല്ലാത്തിനുമുപരി സത്യസന്ധനും കാര്യക്ഷമത ഏറെയുള്ള ഉദ്യോഗസ്ഥനുമായ ഋഷിരാജ് സിംഗിനെ ജയിൽ വകുപ്പിൽ ഇരുത്തുന്നത് വിമർശനങ്ങൾക്കും വഴിയൊരുക്കും. ഇത് കൂടി കണക്കിലെടുത്താണ് പുതിയ നിയമനം. 1985 ലെ ഐ.പി.എസ് ബാച്ച് ആണ് ഋഷിരാജ് സിങ്. 2021 വരെ സർവ്വീസ് കാലാവധിയും ഉണ്ട്.

എന്നാൽ നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗിനേക്കാൾ സീനിയറാണ്. അദ്ദേഹത്തിനും 2021 വരെ സർവ്വീസിൽ തുടരാം. അതുകൊണ്ട് പൊലീസ് മേധാവിയാകാനുള്ള ഋഷിരാജ് സിംഗിന്റെ സാധ്യത വിരളമാണ്. ജേക്കബ് തോമസിനും 2020 വരെ സർവ്വീസുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ സ്വതന്ത്രാധികാരം ഉള്ള എക്‌സൈസിൽ ഏറെ പ്രതീക്ഷയാണ് ഋഷിരാജ് സിംഗിനുമുള്ളത്

എത്ര വലിയ ആളാണെങ്കിലും ഋഷിരാജ് സിംഗിന് വിഷയമല്ല. വൈദ്യുതി വകുപ്പിലെത്തിയപ്പോഴും അത് അങ്ങനെ തന്നെയായിരുന്നു. കലാഭവൻ മണിയാണ് വൈദ്യുതി മോഷണം പോലും പിടികൂടി. മുന്പ് മുൻ മന്ത്രി ടിഎച്ച് മുസ്തഫയുടെ വീട്ടിലെ വൈദ്യുതി മോഷണവും ഋഷിരാജ് സിങ് പിടിച്ചിരുന്നു.വ്യാപാരശാലയിലേക്ക് കറന്റ് മോഷ്ടിച്ച വ്യവസായ പ്രമുഖനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തെ നീക്കത്തിനിടയിൽ വൈദ്യുതി ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ തസ്തികയിൽ നിന്നും മാറ്റിയത്. മുത്തൂറ്റ് സ്‌കൈഷെഫ് വ്യവസായ ശാലയിലേക്ക് വൈദ്യുതി മോഷ്ടിച്ചതും പിടികൂടിയിരുന്നു. പതിനൊന്നു മാസത്തിനിടയിൽ വൈദ്യുതി മോഷണത്തിന്റെ പേരിൽ ഉന്നതരിൽനിന്നും പിടികൂടിയത് 100 കോടി. ആകെ 900 പരിശോധനകൾ.

ചെറുതും വലുതുമായ 3000 മോഷണങ്ങൾ. ഋഷിരാജിന്റെ മികവിൽ കെ എസ് ഇ ബിക്ക് കൈനനയാതെ കിട്ടിയത് 100 കോടി. സംസ്ഥാനത്തെ ഒരു പ്രമുഖ ചിട്ടികമ്പനിയുടെ ആലയത്തിൽ റെയ്ഡ് നടത്തി അതിർത്തി ലംഘിച്ചപ്പോഴാണ് ഋഷിരാജ് സിംഗിനെ പൊലീസിലേക്ക് തിരിച്ചുവിളിച്ച് മുലയ്ക്കിരുത്തിയത്. ഋഷിരാജ് ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്നപ്പോഴാണ് ഇരുചക്രവാഹങ്ങളോടിക്കുന്നവർക്ക് ഹൈൽമറ്റ് നിർബന്ധമാക്കിയത്. ഇതിലൂടെ സംസ്ഥാനത്തെ അപകട നിരക്കും കുറഞ്ഞു.

ഈ കർമ്മ ശേഷി എക്‌സൈസ് വകുപ്പിന് തുണയാകുമെന്നാണ് മുഖ്യമന്ത്രി പിണറായിയുടെ കണക്ക് കൂട്ടൽ. അതുകൊണ്ടാണ് രാഷ്ട്രീയ ഇടപടലുകൾ നടക്കാനിടയുള്ള എക്‌സൈസിൽ ആരേയും കൂസാക്കാത്തെ സിങ്കത്തെ നിയോഗിക്കുന്നത്. പുനലൂർ എ.എസ്‌പി. ആയാണ് സേവനത്തിൽ പ്രവേശിച്ചത്. പിന്നെ കണ്ണൂരും കോട്ടയത്തും എസ്‌പി. ആയി. കൊച്ചിയിലെ സിറ്റി പൊലീസ് കമ്മീഷണറായിരുന്നു.ആന്റി പൈറസി സെല്ലിന്റെ തലവൻ ആയിരുന്നപ്പോൾ വ്യാജ സി.ഡി വിഷയത്തിൽ എടുത്ത നിലപാടാണ് ഇദ്ദേഹത്തെ പൊതു സമൂഹത്തിന് പരിചിതനാക്കുന്നത്. പല സ്വാധീന കേന്ദ്രങ്ങളിലും കയറിച്ചെന്നു ഇദ്ദേഹം വ്യാജ സി.ഡി വിഷയത്തിൽ റെയ്ഡ് നടത്തി. ഇതിന്റെ പേരിൽ സർക്കാരിൽ സമ്മർദം വന്നപ്പോൾ ഋഷിരാജിനു സ്ഥാന ചലനം സംഭവിച്ചു. 2006 ൽ സീരിയലിൽ അഭിനയിച്ചതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടതായും വന്നിട്ടുണ്ട്.

വിദ്യാർത്ഥികളെ തല്ലിയ പൊലീസുകാരനെ ശകാരിച്ച ഐ.ജി ടി.പി. സെൻകുമാറിന്റെ പ്രവർത്തികളെ വിമർശിച്ച് ഐ.പി.എസ് അസ്സൊസിയേഷൻ സെക്രട്ടറി ബി. സന്ധ്യയ്ക്ക് അയച്ച കത്തും വിവാദമായിരുന്നു. പിന്നീട് മൂന്നാർ കയ്യേറ്റഭൂമി ഒഴിപ്പിക്കാൻ വി എസ്. സർക്കാർ രൂപീകരിച്ച മൂന്നാർ ഓപറേഷൻ മൂന്നംഗ ടീമിൽ ഇദ്ദേഹം ഉണ്ടായിരുന്നു. പിന്നീട് കേന്ദ്ര ഡെപ്യൂറ്റെഷനിൽ പോയി വന്ന ഇദ്ദേഹം ട്രാൻസ്‌പോർട്ട് കമ്മീഷണറായി നിയമിപ്പിക്കപ്പെട്ടു. അഴിമതിയിൽ കുളിച്ചു കിടന്ന വകുപ്പിനെ നന്നാക്കിയെടുക്കാൻ ഇദ്ദേഹം പ്രവർത്തനം തുടങ്ങി. ട്രാഫിക് വകുപ്പിലായിരുന്ന കാലത്ത് വേഷപ്രച്ഛന്നനായി കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ പിടിച്ച സംഭവം വാർത്ത സൃഷ്ട്ടിച്ചിരുന്നു.

പിന്നീട് കെഎസ്ഇബിയിൽ. അവിടേയും അൽഭുതങ്ങൾ കാട്ടി. നിയമം നടപ്പിലാക്കുന്നതിലെ കാർക്കശ്യം കാരണം പൊതുജനങ്ങൾക്കിടയിലും പൊതുസമൂഹത്തിലും അംഗീകാരം ഏറെ കിട്ടിയ ഋഷിരാജ് സിങ് എന്ന സിങ്കം എക്‌സൈസിലെത്തുമ്പോഴും അഴിമതിയ്‌ക്കെതിരെ പോരാടുന്നവർ പ്രതീക്ഷയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP