Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം നാട്ടിലെത്തിയ സിങ്കത്തെ ഷാൾ അണിയിച്ച് ആദരിച്ച് ചെന്നിത്തലയുടെ മധുര പ്രതികാരം; സ്തുതിവാക്കുകൾ ധാരാളം പറഞ്ഞ് അന്ന് എണീക്കാതിരുന്നതിന് പരിഹാരം ചെയ്ത് ഋഷിരാജ് സിങ്

സ്വന്തം നാട്ടിലെത്തിയ സിങ്കത്തെ ഷാൾ അണിയിച്ച് ആദരിച്ച് ചെന്നിത്തലയുടെ മധുര പ്രതികാരം; സ്തുതിവാക്കുകൾ ധാരാളം പറഞ്ഞ് അന്ന് എണീക്കാതിരുന്നതിന് പരിഹാരം ചെയ്ത് ഋഷിരാജ് സിങ്

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എഡിജിപി ഋഷിരാജ് സിങ് തമ്മിലുള്ള ഭിന്നതകൾ ഇനി മറക്കാം. നല്ല സുഹൃത്തുക്കളാണ് ഇവർ. ആഭ്യന്തരമന്ത്രിയക്ക് പൊലീസ് ഉദ്യോഗസ്ഥൻ നൽകേണ്ട എല്ല മാന്യതയും ബഹുമാനവും ചെന്നിത്തലയ്ക്ക് ഋഷിരാജ് സിങ് നൽകും. പൊലീസ് അക്കാദമിയിൽ ആഭ്യന്തരമന്ത്രിയെ കണ്ടിട്ടും എഴുന്നേൽക്കാത്ത പഴയ ചരിത്രം ഇനി ഋഷിരാജ് സിങ് ആവർത്തിക്കില്ല. പൊലീസ് അക്കാദമിയിൽ ആഭ്യന്തരമന്ത്രിയെ ഋഷിരാജ് സിങ് അപമാനിച്ചെന്ന തരത്തിലാണ് ചർച്ചകൾ പ്രചരിച്ചത്. എന്നാൽ അതിനോട് രമേശ് ചെന്നിത്തലയുടെ പ്രതികാരം സ്‌നേഹം കൊണ്ടായി. സ്വന്തം മണ്ഡലമായ ഹരിപ്പാട് ഋഷിരാജ് സിംഗിനെ ക്ഷണിച്ചു കൊണ്ടുവന്ന് ആഭ്യന്തരമന്ത്രി തന്റെ മനസ്സ് തുറന്ന് കാട്ടി. ഷാൾ അണിയിച്ച് പൊലീസിലെ സിങ്കത്തെ ആദരിക്കുകയും ചെയ്തു. പ്രോട്ടോകോൾ എല്ലാം ഇവിടെ ആഭ്യന്തര മന്ത്രി മറന്നു.

മന്ത്രി രമേശ് ചെന്നിത്തലയും എ.ഡി.ജി.പി. ഋഷിരാജ് സിങ്ങും ഹരിപ്പാട്ട് ഓണാഘോഷപരിപാടിയായ ഓണനിലാവിലാണ് വേദി പങ്കിട്ടത്. മന്ത്രി എ.ഡി.ജി.പിയെ പൊന്നാടയണിയിച്ചു. കലാകാരന്മാരാൽ സമ്പുഷ്ടമായ ക്ഷേത്രനഗരമായ ഹരിപ്പാടിന്റെ സവിശേഷതകൾ നിരത്തി മലയാളത്തിൽ പ്രസംഗിച്ച ഋഷിരാജ് സിങ് 'ഓമലാളെ കണ്ടു ഞാൻ' എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം ആലപിച്ചു വേദിയെ കൈയിലെടുത്തു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെയും മണ്ണാറശാല നാഗരാജ ക്ഷേത്രത്തിന്റെയും ചരിത്രവും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാം ആഭ്യന്തരമന്ത്രിയുടെ ഇഷ്ടപ്രകാരം തന്നെ നടന്നു. പൊലീസിലെ സിങ്കം തന്നെ ബഹുമാനിക്കുന്നില്ലെന്ന വാർത്തകൾ തെറ്റാണെന്ന് ഹരിപ്പാട്ടുകാർക്ക് ചെന്നിത്തല ബോധ്യപ്പെടുത്തികൊടുക്കുകയായിരുന്നു. ചെന്നിത്തലയുടെ ആഗ്രഹപ്രകാരമാണ് ഋഷിരാജ് സിംഗിനെ അതിഥിയാക്കിയത്. ആഭ്യന്തരമന്ത്രിയുടെ മനസ്സ് അറിഞ്ഞ് തന്നെയാണ് ഋഷിരാജ് സിങ് എത്തിയതും.

ആഭ്യന്തരമന്ത്രി പങ്കെടുത്ത തൃശൂരിലെ ചടങ്ങിൽ ഋഷിരാജ്‌സിങ് മന്ത്രിയെ മാനിച്ചില്ലെന്ന വിവാദത്തിന് ശേഷം ഹരിപ്പാട്ടെ ക്ഷേത്രവേദിയിൽ ഒന്നിച്ചപ്പോൾ അതു കൗതുകത്തിന് വഴിമാറി. ജനപ്രിയ നേതാവായ രമേശ് ചെന്നിത്തല പാവങ്ങളുടെ സങ്കടങ്ങൾ കേൾക്കുന്ന നേതാവാണെന്നും അതാണ് ഇത്രവലിയ സ്വീകാര്യത ഇദ്ദേഹത്തിനു ലഭിക്കാൻ കാരണമെന്നും എ.ഡി.ജി.പി പറഞ്ഞു. ഉത്തരവാദിത്ത ബോധത്തോടുകൂടി സത്യസന്ധനായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്ങെന്നും അദ്ദേഹം നല്ലൊരു ഗായകനാണെന്നും പറഞ്ഞ മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരമാണ് എ.ഡി.ജി.പി. വേദിയിൽ ഗാനം ആലപിച്ചത്. ഇതോടെ കാര്യങ്ങൾ എല്ലാം വ്യക്തമായി. അടുത്ത ഓണത്തിന് ഹരിപ്പാട്ടെ ജനങ്ങൾക്ക് ഓണസമ്മാനമായി രാജ്യാന്തരതലത്തിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചു മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

സല്യൂട്ട് വിവാദവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ഋഷിരാജ് സിങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് വിശദീകരണം നൽകിയിരുന്നു. മനഃപൂർവം ആഭ്യന്തര മന്ത്രിയെ അവഹേളിച്ചിട്ടില്ലെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും അദ്ദേഹം ചെന്നിത്തലയെ അറിയിച്ചു. പരേഡിന്റെ ഒരുക്കങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്നതിനാലാണ് താൻ മന്ത്രിയ സല്യൂട്ട് ചെയ്യാതിരുന്നതെന്ന് ഋഷിരാജ് വ്യക്തമാക്കി. ആരെയും മനഃപൂർവം അവഹേളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സിങ് വ്യക്തമാക്കി. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ഋഷിരാജ് സിംഗിനോട് ഡിജെപി സെൻകുമാർ വിശദീകരണം തേടിയിരുന്നു. പ്രോട്ടോകോൾ പ്രകാരം സല്യൂട്ട് ചെയ്യേണ്ടെന്ന വിശദീകരണമാണ് ഋഷിരാജ് സിങ് നൽകിയത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കടുത്ത നിലപാടാണ് എടുത്തത്.

ആഭ്യന്തര മന്ത്രി പരാതി തന്നില്ലെങ്കിൽ പോലും ഋഷിരാജ് സിംഗിനെതിരെ നടപടി എടുക്കണമെന്ന നിലപാടിൽ ഉറച്ചു നിന്നു. ഇതോടെ ശാസനയെങ്കിലും വേണ്ടി വരുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. വിവാദം വഷളാകുന്നതിനിടെ തൃശൂരിലെ ആർഎസ്എസ് പരിപാടിയിൽ എഡിജിപി പങ്കെടുത്തതും വാർത്തകളിലെത്തി. അതിന് ശേഷം കൊലക്കേസ് പ്രതിയായ ബിജെപി നേതാവിന്റെ വീട്ടിലെത്തി ആഹാരവും കഴിച്ചു. വനിതാ പൊലീസിന്റെ പാസിങ് ഔട്ട് പരേഡിന് തൃശൂരിലെ രാമവർമപുരം പൊലീസ് അക്കാഡമയിൽ എത്തിയ രമേശ് ചെന്നിത്തലയെ മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്ത് സ്വീകരിച്ചപ്പോൾ ഋഷിരാജ് സിങ് ഗൗനിക്കാതെ സീറ്റിലിരുന്നതാണ് വിവാദമായത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. വൈദ്യുതി വകുപ്പിന്റെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ ദേഷ്യമാണ് ഋഷിരാജ് സിങ് പ്രകടിപ്പിച്ചതെന്ന് വിലയിരുത്തലുണ്ടായി. ഈ വിവാദങ്ങൾക്കാണ് ഹരിപ്പാട്ടെ പരിപാടിയിലൂടെ അവസാനമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP