Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഹം തും ഏക് കമരെ മൈ ബന്ദ് ഹോ..... ചാന്ദിനി.. ചാന്ദിനി.....മെ ഷായൽ തോ നഹിം ....; അച്ഛന്റെ കുട്ടിക്കാലം അഭിനയിച്ച് മേരാം നാം ജോക്കറിലൂടെ ഋഷി കപൂറിന്റെ അരങ്ങേറ്റം; ബോബിയെന്ന സൂപ്പർ ഹിറ്റോടെ പാട്ടു പാടി നായികയെ സ്വന്തമാക്കിയ ചോക്ലേറ്റ് നായകനായി; അമിതാഭ് ബച്ചന്റേയും ധർമേന്ദ്രയുടേയും പ്രഭാവത്തിനിടെ സ്വന്തമാക്കിയത് നിത്യഹരിത നായകനെന്ന അഭിനയ പട്ടം; ഓർമ്മയാകുന്നത് പാട്ടു പാടുന്ന സുന്ദര നായകൻ; വിടവാങ്ങുന്നത് ബോളിവുഡിന് പ്രണയത്തിൽ ചാലിക്കുന്ന അഭിനയ കരുത്ത് നൽകിയ പ്രതിഭ

ഹം തും ഏക് കമരെ മൈ ബന്ദ് ഹോ..... ചാന്ദിനി.. ചാന്ദിനി.....മെ ഷായൽ തോ നഹിം ....; അച്ഛന്റെ കുട്ടിക്കാലം അഭിനയിച്ച് മേരാം നാം ജോക്കറിലൂടെ ഋഷി കപൂറിന്റെ അരങ്ങേറ്റം; ബോബിയെന്ന സൂപ്പർ ഹിറ്റോടെ പാട്ടു പാടി നായികയെ സ്വന്തമാക്കിയ ചോക്ലേറ്റ് നായകനായി; അമിതാഭ് ബച്ചന്റേയും ധർമേന്ദ്രയുടേയും പ്രഭാവത്തിനിടെ സ്വന്തമാക്കിയത് നിത്യഹരിത നായകനെന്ന അഭിനയ പട്ടം; ഓർമ്മയാകുന്നത് പാട്ടു പാടുന്ന സുന്ദര നായകൻ; വിടവാങ്ങുന്നത് ബോളിവുഡിന് പ്രണയത്തിൽ ചാലിക്കുന്ന അഭിനയ കരുത്ത് നൽകിയ പ്രതിഭ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അച്ഛനായ ജോക്കറിന്റെ ബാല്യകാലം. ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച ചിത്രമാണ് മേരാ നാം ജോക്കർ. രാജ് കപ്പൂർ തകർത്ത് അഭിനയിച്ച സിനിമ. ഇതിൽ രാജ് കപ്പൂറിന്റെ കുട്ടിക്കാലം അഭിയനച്ചത് ഋഷി കപൂർ എന്ന ബാല താരം. രാജ് കപൂറിന്റെ രണ്ടാമത്തെ മകൻ അങ്ങനെ സിനിമയിൽ തന്റെ പ്രതിഭ കാട്ടി. വർഷങ്ങൾ കഴിഞ്ഞപ്പോൾ ബോബി എത്തി. ഡിപിംൾ കമ്പാഡിയയ്‌ക്കൊപ്പം അഭിനയിച്ച സൂപ്പർ ചിത്രം. ഹം തും ഏക് കമരെ മൈം ബന്ദ് ഹോ... എന്ന ഒറ്റ പാട്ടിലൂടെ ഇന്ത്യൻ സിനിമയുടെ പ്രണയ നായക സങ്കൽപ്പങ്ങൾക്ക് തന്റെ മുഖം നൽകിയ സൂപ്പർ നായകൻ. ഇന്ത്യൻ സിനിമയിലെ നിത്യ ഹരിത നായകനായിരുന്നു ഋഷി കപ്പൂർ.

മലയാളികൾ പ്രേം നസീറിനെ കുറിച്ച് പറയുക പാട്ടു പാടി അഭിനയിക്കുന്ന നടന മികവാണ്. അത് ഹിന്ദിയിലേക്ക് പകർന്നത് നൽകിയ നടനായിരുന്നു ഋഷി കപ്പൂർ. ഹം തും ഏക് കമരെ മൈ ബന്ദ് ഹോ.....ചാന്ദിനി.. ചാന്ദിനി.....മെ ഷായൽ തോ നഹിം മഗർ എ ഹസീൻ....തുടങ്ങിയ പാട്ടുകളെ ഹിറ്റാക്കിയതിൽ ഋഷി കപ്പൂറിന് വലിയ പങ്കുണ്ടായിരുന്നു. അമിതാഭ് ബച്ചനും ധർമ്മേന്ദ്രയും വിനോദ ഖന്നയും അരങ്ങു തകർക്കുമ്പോഴായിരുന്നു നിഷ്‌കളങ്ക മുഖവുമായി ഋഷി കപൂറിന്റെ വരവ്. കപൂർ കുടുംബത്തിന്റെ പിന്തുണയിൽ കെട്ടിപ്പൊക്കിയതായിരുന്നില്ല എന്നിട്ടും ഋഷി കപ്പൂറിന്റെ താര സിംഹാസനം. ആക്ഷൻ ചിത്രങ്ങിളിലൂടെ ബച്ചൻ താരമായി വളർന്നപ്പോൾ നാ ഷായൽ തോ നഹി തുടങ്ങിയ പാട്ടുകൾ പാടി ഹിന്ദി സിനിമാ ആരാധകരുടെ മനസ്സിലേക്ക് ഈ താരം സ്ഥിര പ്രതിഷ്ഠ നേടി.

എത്ര വലിയ സൂപ്പർതാരവുമായി അഭിനയിച്ചപ്പോഴും അഭിനയ മികവിലൂടെ താരമായി ഋഷി കപൂർ. അച്ഛൻ രാജ് കപൂർ. ചെറിയച്ചൻ ഷമ്മി കപൂറും. ഇതിൽ പ്രണയ നായകനെന്ന ഷമ്മി കപൂറിന്റെ അഭിനയ ശൈലിയായിരുന്നു ഋഷിയുടേത്. ഷമ്മിയുടെ പാട്ടു പാടുന്നതിലെ മാനറിസങ്ങൾക്ക് അപ്പുറത്തേക്ക് ഋഷിയുടെ അഭിനയം വളർന്നു. പ്രണയ നായകന് അപ്പുറത്തേക്കുള്ള വൈവിധ്യം ഋഷി കപ്പൂർ മാറിയിരുന്നു. വില്ലനായും കുട്ടികളെ ഭയപ്പെടുത്തുന്ന മുത്തച്ഛനായും സ്വവർഗ്ഗാനുരാഗത്തിന്റെ വിതുമ്പലുകൾ പകർന്ന നായകനായും എല്ലാം ഋഷി അരങ്ങു തകർത്തു. ഫണയിലെ അച്ഛൻ വേഷവും വ്യത്യസ്തമായിരുന്നു. മസിൽ പിടിക്കാതെ പ്രണയത്തിൽ നർമ്മം ചാലിച്ച താരമായി വിലയിരുത്തുമ്പോഴും വെള്ളിത്തിരയിൽ ഋഷിയുടെ അഭിനയ കരുത്തിൽ അരങ്ങ് തകർത്ത വേഷങ്ങളും നിരവധിയാണ്.

സമൂഹമാധ്യമത്തിൽ ഏറെ സജീവമായ ഋഷി കപൂറിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഏപ്രിൽ രണ്ടു മുതൽ പുതിയ പോസ്റ്റുകൾ വന്നിരുന്നില്ല. 'ദ് ഇന്റേൺ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപിക പദുക്കോണിന്റെ കൂടെ അഭിനയിക്കാനൊരുങ്ങുകയാണെന്ന് അദ്ദേഹം അടുത്തിടെ അറിയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോളിവുഡ് ത്രില്ലർ ചിത്രം 'ദ് ബോഡി'യിലാണ് അദ്ദേഹം ഈയടുത്ത് അഭിനയിച്ചത്. 1973 ൽ പുറത്തിറങ്ങിയ ബോബി എന്ന ചിത്രമാണ് ഋഷി കപൂറിനെ ബോളിവുഡിന്റെ പ്രിയതാരമാക്കിയത്. നടനെന്നതിന് പുറമെ നിർമ്മാതാവായും സംവിധായകനായും അദ്ദേഹം സിനിമകളൊരുക്കി. അമിത് ബച്ചൻ ട്വിറ്ററിലൂടെയാണ് മരണവാർത്ത ലോകത്തെ അറിയിച്ചത്. 'അദ്ദേഹം പോയി, ഞാൻ തകർന്നുപോയി' എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്.

രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂർ ബാലതാരമായി ശ്രീ 420, മേരാ നാം ജോക്കർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമർ അക്‌ബർ ആന്റണി, ലൈല മജ്നു, സർഗം, ബോൽ രാധാ ബോൽ, റാഫൂ ചക്കർ, പ്രേം രോഗ്, ഹണിമൂൺ, ചാന്ദ്നി തുടങ്ങിയ സിനിമകൾ ഋഷി കപൂറിന്റെ റൊമാന്റിക് ഭാവങ്ങൾ ആരാധകരുടെ മനം നിറച്ച ചിത്രങ്ങളാണ്. നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ്താരം രൺബീർ കപൂർ മകനാണ്. 1970 കളിലെ യുവതയുടെ ഹരമായിരുന്ന ഋഷി കപൂർ. 12 കോടിയാണ് ബോബി തിയേറ്ററിൽ നിന്ന് കളക്റ്റ് ചെയ്ത്. രണ്ടു വര്ഷം കഴിഞ്ഞു എത്തിയ ഷോലെ വരുമാനത്തിൽ ബോബിയെ കടത്തിവെട്ടി

ഇർഫാൻഖാനു പിന്നാലെ ഋഷി കപൂറിന്റെ മരണവും ബോളി വുഡിനെ തളർത്തുകയാണ്. ഏറെ നാളായി കാൻസർ ബാധിതനായിരുന്നു. താൻ മാസങ്ങളായി ന്യുയോർക്കിൽ കാൻസർ ചികിത്സയിലാണെന്നു കഴിഞ്ഞ വർഷം ജൂലൈയിൽ താരം പറഞ്ഞിരുന്നു. കാൻസർ തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഋഷി തുറന്നു പറഞ്ഞിരുന്നു. ആഹാരം വേണ്ടാതെയും വിശപ്പില്ലാതെയുമുള്ള നാലു മാസങ്ങളാണ് കടന്നു പോയതെന്നും ഫലമായി 26 കിലോ ഒറ്റയടിക്ക് കുറഞ്ഞെന്നും ഋഷി കപൂർ പറഞ്ഞിരുന്നു.

'ജീവിതത്തിൽ ഒട്ടും ക്ഷമയില്ലാത്ത ഒരാൾക്ക് ക്ഷമ എന്താണെന്നും ജീവിതം എന്താണെന്നും തിരിച്ചറിയാനുള്ള ഒരു ഘട്ടം കൂടിയാണിത്. കാൻസർ രോഗത്തിൽ നിന്നുള്ള മോചനം വളരെ പതിയെയാണ്. പക്ഷേ ആ കാലം നമ്മളെ പലതും പഠിപ്പിക്കും. വിശപ്പില്ലാതെ ആഹാരം കഴിക്കാതെ ശരീരഭാരം കുറഞ്ഞു. കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് ചികിത്സയുടെ ആദ്യമാസങ്ങൾ പിടിച്ചുനിന്നത്. ഭാര്യ നീതു, മക്കളായ രൺബീർ, റിദ്ധിമ എന്നിവർ കൂടെതന്നെ നിന്നു. ആദ്യം രോഗം ഉണ്ടെന്നു വിശ്വസിക്കാൻ സാധിച്ചിരുന്നില്ലെന്നും പിന്നീട് രൺബീർ നിർബന്ധിച്ചതുകൊണ്ടാണ് ന്യൂയോർക്കിൽ ചികിത്സ തേടാൻ തീരുമാനിച്ചത്'- ഋഷി കപൂർ പറഞ്ഞു. താൻ ഇപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ഓരോ ദിവസവും മുൻപോട്ടു നോക്കുന്നതെന്നും രോഗത്തിൽ നിന്നു പൂർണമുക്തി നേടി തിരിച്ചെത്തുമെന്നും താരം പറഞ്ഞിരുന്നു. ഈ വാക്കുകളെ ഇന്ത്യൻ സിനിമാ ലോകവും വിശ്വസിച്ചു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തുന്നത്.

പ്രശസ്ത ചിത്രങ്ങൾ: ബോബി, ഹം കിസീ സെ കം നഹി, അമർ അക്‌ബർ ആന്റണി, സർഗം എന്നിവയാണ് ഋഷി കപ്പൂറിന്റെ അതിപ്രശസ്ത സിനിമകൾ. സമൂഹമാധ്യമത്തിൽ ഏറെ സജീവമായ ഋഷി കപൂറിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഏപ്രിൽ രണ്ടു മുതൽ പുതിയ പോസ്റ്റുകൾ വന്നിരുന്നില്ല. 'ദ് ഇന്റേൺ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപിക പദുക്കോണിന്റെ കൂടെ അഭിനയിക്കാനൊരുങ്ങുകയാണെന്ന് അദ്ദേഹം അടുത്തിടെ അറിയിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സിൽ 'ദ് ബോഡി' എന്ന വെബ് സീരീസിലാണ് അദ്ദേഹം ഈയടുത്ത് അഭിനയിച്ചത്.

അമിതാ ബച്ചനുമായി ഉണ്ടായിരുന്നത് ആത്മബന്ധമാണ്. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു വേഷമിട്ടവരാണ് ബിഗ് ബിയും ഋഷിയും. രോഗത്തിന്റെ അവശതമാറ്റി ഋഷി അവസാനമായി അഭിനയിച്ചതും ബച്ചനൊപ്പമാണ്. രണ്ട് വർഷം മുൻപ് പുറത്തിറങ്ങിയ ഉമഷ് ശുക്ലയുടെ 102 നോട്ടൗട്ട്. അച്ഛനും മകനുമായിട്ടായിരുന്നു ഇരുവരും ഈ കോമഡി ചിത്രത്തിൽ അഭിനയിച്ചത്. ബച്ചൻ ദത്താത്രയ വഖാരിയ എന്ന 102 വയസ്സുകാരൻ അച്ഛനും. ഋഷി കപൂർ എഴുപത്തിയാറുകാരനായാ ബാബുലാൽ വഖാരിയായുമാണ് വേഷമിട്ടത്. ഇരുപത്തിയേഴ് വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ഈ ചിത്രത്തിനുവേണ്ടി ഇരുവരും ഒന്നിച്ചത്. 1991ൽ പുറത്തിറങ്ങിയ ശശി കപൂറിന്റെ അജൂബയിലായിരുന്നു അതിന് മുൻപ് ഇരുവരും അവസാനമായി വേഷമിട്ടത്.

അമർ അക്‌ബർ അന്തണി, ബച്ചന് പരിക്കേറ്റ് മരണത്തിന്റെ വക്കോളമെത്തിയ കൂലി, കഭി കഭി, ഓം ശാന്തി ഓം, ദോസ്തി ദുശ്മൻ, മെഹ്റൂനിസ തുടങ്ങിയവയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച മറ്റ് ഹിറ്റ് ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP