Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവരാവകാശം പൊലീസിനോട് വേണ്ട, വിവരമറിയും; വിജിലൻസ് എസ്‌പിക്കെതിരേ വിവരാവകാശ നിയമപ്രകാരം അന്വേഷണം നടത്തിയ യുവതിയെ തട്ടിക്കളിച്ച് ആഭ്യന്തരവകുപ്പ്; എസ്‌പിയുടെ സ്വത്തുവിവരം പൊതുരേഖയല്ലെന്നും മറുപടി

വിവരാവകാശം പൊലീസിനോട് വേണ്ട, വിവരമറിയും; വിജിലൻസ് എസ്‌പിക്കെതിരേ വിവരാവകാശ നിയമപ്രകാരം അന്വേഷണം നടത്തിയ യുവതിയെ തട്ടിക്കളിച്ച് ആഭ്യന്തരവകുപ്പ്; എസ്‌പിയുടെ സ്വത്തുവിവരം പൊതുരേഖയല്ലെന്നും മറുപടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വിവരാവകാശനിയമം വച്ച് പൊലീസിനോട് കളിക്കല്ലേ, അവർ കളി പഠിപ്പിക്കും. സർവീസിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് എതിരേ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ യുവതിയെ പല കാരണങ്ങൾ നിരത്തി വട്ടം ചുറ്റിച്ചിരിക്കുകയാണ് ആഭ്യന്തരവകുപ്പ്. ഉദ്യോഗസ്ഥന്റെ വിദ്യാഭ്യാസം, സ്വത്തു വിവരം എന്നിവ സംബന്ധിച്ച രേഖകൾ രഹസ്യ സ്വഭാവമുള്ളതായതിനാൽ പുറത്തു വിടാൻ കഴിയില്ലെന്ന വിചിത്രമായ മറുപടിയാണ് അപേക്ഷകയ്ക്ക് ആഭ്യന്തര വകുപ്പിൽ നിന്ന് നൽകിയിരിക്കുന്നത്.

തിരുവല്ലാ മുൻ ഡിവൈ.എസ്‌പിയും ഇപ്പോൾ തിരുവനന്തപുരം വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിൽ എസ്‌പി.യുമായ കെ. ജയകുമാറിനെപ്പറ്റി വിവരാവകാശ പ്രവർത്തക റാന്നി ചരിവുകാലായിൽ പൊട്ടങ്കൽ വീട്ടിൽ എച്ച്. ഷീജ ആവശ്യപ്പെട്ട വിവരങ്ങൾക്കാണ് പൊലീസ് ആസ്ഥാനം, വിജിലൻസ് ആസ്ഥാനം എന്നിവിടങ്ങളിൽ നിന്നും വിവരങ്ങൾ നൽകാതിരുന്നത്.

കഴിഞ്ഞ മാസം 15 നാണ് എസ്‌പി. ജയകുമാറിന്റെ വിദ്യാഭ്യാസയോഗ്യത, സ്വത്ത്‌വിവര പട്ടിക, സർവീസ് ബുക്കിന്റെ പകർപ്പ്, ശമ്പളം, നിയമനവുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവ നൽകണമെന്ന് ആവശ്യപ്പെട്ട് ഷീജ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വിവരാവകാശ അപേക്ഷ നൽകിയത്. ജയകുമാറിനെപ്പറ്റിയുള്ള വിവരങ്ങൾ പൊലീസ് ആസ്ഥാനത്തു നിന്നും നൽകുമെന്ന് കാട്ടി ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി എസ്. ഉദയകുമാർ മറുപടി നൽകി. എന്നാൽ ദിവസങ്ങൾക്കു ശേഷം പൊലീസ് ആസ്ഥാനത്തു നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ്, ഇപ്പോൾ ജയകുമാർ സേവനം അനുഷ്ഠിക്കുന്ന വിജിലൻസ് ആസ്ഥാനം എന്നിവിടങ്ങളിൽനിന്നും ലഭിക്കുമെന്ന് കാട്ടി പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഇ.എൻ. സുരേഷ് മറുപടി നൽകി.

ഇക്കഴിഞ്ഞ 19 ന് പൊലീസ് ട്രെയിനിങ് കോളജിൽ നിന്നും പ്രിൻസിപ്പാളിന്റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പാൾ നൽകിയ മറുപടിയാകട്ടെ എസ്‌പി. ജയകുമാറിനെപ്പറ്റി അപേക്ഷയിലൂടെ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങളോ, രേഖകളോ ഒന്നും തന്നെ ലഭ്യമല്ലായെന്നാണ്. ഇതിനിടെ പൊലീസ് ആസ്ഥാനത്തു നിന്നും എസ്‌പി. ജയകുമാറിന്റെ 1999, 2007, 2010 വർഷങ്ങളിലെ സ്വത്തുവിവരം മുദ്രവച്ച കവറിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഈ വിവരങ്ങൾ വിവരാവകാശ നിയമത്തിലെ 8(1) (ജെ) പ്രകാരമുള്ള വ്യക്തിഗത വിവരങ്ങളിൽപെട്ടതായതിനാൽ വെളിപ്പെടുത്തുവാൻ കഴിയില്ലെന്നും കാട്ടിയുള്ള മറുപടിയാണ് ഷീജയ്ക്ക് നൽകിയിരിക്കുന്നത്. അവസാനമായി തിരുവനന്തപുരം വിജിലൻസ് ആസ്ഥാനത്തു നിന്നും ലഭിച്ച മറുപടിയിൽ അപേക്ഷയിലൂടെ ആവശ്യപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുവാൻ നിർവാഹമില്ലെന്നും, സ്വത്ത് വിവരം സംബന്ധിച്ച് ജയകുമാറിന്റെ പേരിൽ ഏതെങ്കിലും വിജിലൻസ് കേസോ, അന്വേഷണമോ ഉണ്ടെങ്കിൽ മാത്രമേ നൽകാൻ കഴിയുള്ളൂവെന്നുമുള്ള മറുപടിയാണ് നൽകിയിരിക്കുന്നത്.

തിരുവല്ലയിൽ ഡിവൈ.എസ്‌പിയായിരിക്കുന്ന അവസരത്തിൽ ഇദ്ദേഹത്തിന് എതിരേ വ്യാപക ആരോപണം ഉയർന്നിരുന്നു. പാറമട മാഫിയയ്ക്ക് എതിരേ പ്രവർത്തിച്ച എസ്.ഐയെ കള്ളക്കേസിൽ കുടുക്കി സസ്‌പെൻഡ് ചെയ്യുന്നിടം വരെയെത്തി കാര്യങ്ങൾ. എസ്.ഐയെ കുടുക്കാൻ ഡിവൈ.എസ്‌പി ശ്രമിച്ചുവെന്ന് പാറമട ലോബിയുടെ ഡ്രൈവർ വെളിപ്പെടുത്തിയത് ഇതിനിടെ പുറത്തു വന്നു. ഇതോടെ എസ്.ഐയുടെ സസ്‌പെൻഷൻ പിൻവലിപ്പിക്കാൻ മുൻകൈ എടുത്തതും ഈ ഉദ്യോഗസ്ഥനായിരുന്നു. മല്ലപ്പള്ളി കേന്ദ്രീകരിച്ചുള്ള പാറമടക്കാരായിരുന്നു അന്ന് തിരുവല്ല ഡിവിഷന് കീഴിലുള്ള സ്‌റ്റേഷനുകൾ ഭരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP