Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിസ്‌കാരമടക്കമുള്ള ഇബാദത്തുകൾ വേണ്ടതില്ലെന്ന് ഒരു വിഭാഗം; എതിർപ്പുമായി മറുപക്ഷം; ആശയ പോരാട്ടത്തിനിടെ വീണ്ടും പിളർന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി; ജാമിദ ടീച്ചർ യുക്തിവാദി ആയതിന് പിന്നാലെയുള്ള പിളർപ്പിൽ കൂടുതൽ ശുഷ്‌ക്കമായി സംഘടന; വെവ്വേറെ ചേകനൂർ അനുസ്മരണവുമായി ഖുർ ആൻ സുന്നത്ത് സൊസൈറ്റിയും ഫോർവേർഡ് ബ്ലോക്കെന്ന് പേരിട്ട വിമതരും

നിസ്‌കാരമടക്കമുള്ള ഇബാദത്തുകൾ വേണ്ടതില്ലെന്ന് ഒരു വിഭാഗം; എതിർപ്പുമായി മറുപക്ഷം; ആശയ പോരാട്ടത്തിനിടെ വീണ്ടും പിളർന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി; ജാമിദ ടീച്ചർ യുക്തിവാദി ആയതിന് പിന്നാലെയുള്ള പിളർപ്പിൽ കൂടുതൽ ശുഷ്‌ക്കമായി സംഘടന; വെവ്വേറെ ചേകനൂർ അനുസ്മരണവുമായി ഖുർ ആൻ സുന്നത്ത് സൊസൈറ്റിയും ഫോർവേർഡ് ബ്ലോക്കെന്ന് പേരിട്ട വിമതരും

കെ വി നിരഞ്ജൻ

കോഴിക്കോട്: മത തീവ്രവാദത്തിനും വർഗ്ഗീയതയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് ഖുർ ആൻ സുനനത്ത് സൊസൈറ്റി. സ്ഥാപകനായ ചേകനൂർ മൗലവിയെപ്പോലെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോഴും സംഘടന മുന്നോട്ട് പോകുന്നത്. എന്നാൽ മതത്തിന്റെയും ആചാരങ്ങളുടെയും പേരിൽ പലപ്പോഴും സംഘടനയിൽ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഡോ: ജലീൽ പുറ്റെക്കാട് ഉൾപ്പെടെയുള്ളവർ നേരത്തെ ഇതേ പേരിൽ മറ്റൊരു സംഘടനയായി നിന്നിട്ടുണ്ട്. ജാമിദ ടീച്ചറുടെ നേതൃത്വത്തിൽ എതിർവിഭാഗവും നിലയുറപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണ ഇരുവരും ഒന്നായി മികച്ച രീതിയിൽ കോഴിക്കോട്ട് ചേകനൂർ അനുസ്മരണം സംഘടിപ്പിച്ചു. മുസ്ലിം മതമൗലികവാദികൾ മൃഗീയമായി കൊലപ്പെടുത്തിയ കോയമ്പത്തൂരിലെ നിരീശ്വരവാദിയായ എച്ച്.ഫാറൂഖിന്റെ പിതാവ് ആർ.ഹമീദിനെ ഉൾപ്പെടെ കൊണ്ടുവന്നായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്.

ജാമിദ ടീച്ചർ പതിയെ മതബോധം കൈവെടിച്ച് യുക്തിവാദിയായി. സി രവിചന്ദ്രന്റെ നേതൃത്വത്തിൽ യുക്തിവാദി കൂട്ടായ്മകളിലെ സ്ഥിരം സാന്നിധ്യമാണ് ഇവരിപ്പോൾ. പിന്നീടിപ്പോൾ സംഘടന വീണ്ടും പിളർന്നിരിക്കുകയാണ്. എല്ലാകാര്യങ്ങളിലും ഏകാഭിപ്രായമാണെങ്കിലും മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ് ഇത്തവണയും പിളർപ്പിന് കാരണമായത്. ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും മതപരമായ കാര്യങ്ങളിൽ കടുംപിടുത്തം സംഘടനയ്ക്ക് ഉള്ളതുകൊണ്ടാണ് തങ്ങൾ മാറി നിൽക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇവർ ഖുർ ആൻ സുന്നത്ത് സൊസൈറ്റി (ഫോർവേർഡ് ബ്ലോക്ക്) എന്ന പേരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

നോമ്പ് അനാവശ്യാണെന്ന തരത്തിൽ പുസ്തകം വരെ എഴുതിയ ഡോ: ജലീൽ പുറ്റെക്കാട് ഉൾപ്പെടെയുള്ളവരാണ് ഈ സംഘടനയിലുള്ളത്. ഇതേ സമയം എതിർവിഭാഗം സുന്നത്ത് സൊസൈറ്റിയുമായി മുന്നോട്ട് പോകുന്നു. നിസ്‌കാരമടക്കമുള്ള ഇബാദത്തുകൾ വേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച ഒരു വിഭാഗം യഥാർഥ ഖുർആൻ സുന്നത്ത് സൊസൈറ്റിയിൽ നിന്ന് വേർപെട്ട് പോവുകയായിരുന്നുവെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി സി കെ എ അസീസ് പറഞ്ഞു.

29 ന് ഇരുവിഭാഗവും കോഴിക്കോട്ട് ചേകനൂർ അനുസ്മരണം സംഘടിപ്പിച്ചിട്ടുണ്ട്. ചേകന്നൂർ മൗലവിയുടെ പേരിൽ ഖുർആൻ സുന്നത്ത് സൊസൈറ്റി (ഫോർവേഡ് ബ്ലോക്ക് ) സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ചേകന്നൂർ മൗലവി സ്മാരക അവാർഡ് സുനിൽ പി ഇളയിടത്തിനാണ് നൽകുന്നത്. ചേകന്നൂർ മൗലവി വധത്തിന് 26 വർഷം പൂർത്തിയാക്കുന്ന ജൂലായ് 29 ന് വൈകീട്ട് നാലിന് മാനാഞ്ചിറ സ്‌പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. കവി ആലങ്കോട് ലീലാകൃഷ്ണൻ, എ പി അഹമ്മദ്, ജാഫർ അത്തോളി, ജലീൽ പുറ്റെക്കാട്, മുതൂർ അബൂബക്കർ മൗലവി, സൈതലവി അൻസാരി, എൻ ടി എ കരിം, നവാസ് മൂവാറ്റുപുഴ, അബ്ദു റഹിമാൻ കൂത്തുപറമ്പ് , സി എം അബ്ദുസലാം, അബ്ദു ചെമ്പ്ര ശേരി എന്നിവർ സംബന്ധിക്കുമെന്ന് കെ എസ് എസ് സംസ്ഥാന പ്രസിഡന്റ് ജലീൽ പുറ്റെക്കാട്, ട്രഷറർ മുതൂർ അബൂബക്കർ മൗലവി, അബ്ദുചെമ്പ്രശേരി എന്നിവർ അറിയിച്ചു.

ഇതേ സമയം ഖുർ ആൻ സുന്നത്ത് സൊസൈറ്റിയും കോഴിക്കോട്ട് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. 29 ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ പത്തിന് നടക്കുന്ന ഖുർ ആൻ പഠന സംഗമം സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ബീരാൻകുട്ടി കുനിയിൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന മൗലവി ചേകന്നൂർ അനുസ്മരണ സമ്മേളനം ഇ കെ വിഭാഗം സുന്നികളുടെ പത്രമായ സുപ്രഭാതത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ എ സജീവനാണ് ഉദ്ഘാടനം ചെയ്യുന്നത്.

കെകെ സാലിം ഹാജി അനുസ്മരണപ്രഭാഷണം നടത്തും. നിസ ചെയർപേഴ്സൺ വി പി സുഹ്റ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി ഇ ചാക്കണ്ണി, ബോഡി വാച്ച് എഡിറ്റർ ഡോ: പി കെ ജനാർദ്ദനൻ, എം എസ് റഷീദ് തുടങ്ങിയവർ സംബന്ധിക്കുമെന്ന് പ്രസിഡന്റ് ബീരാൻകുട്ടി കുനിയിൽ, സി പി എ അസീസ്, എം എസ് റഷീദ് തുടങ്ങിയവർ അറിയിച്ചു. ഖുർ ആൻ അവതരിക്കപ്പെട്ടതോടെ മറ്റു മതഗ്രന്ഥങ്ങൾ അപ്രസക്തമായി എന്നാണ് പുരോഹിതന്മാർ പ്രചരിപ്പിച്ചത്. അത് തെറ്റാണെന്ന് ഖുർ ആൻ ഉദ്ധരിച്ച് മൗലവി ചേകനൂർ സമർത്ഥിച്ചു. മറ്റു മതഗ്രന്ഥങ്ങളെ അപ്രസക്തമാക്കാനല്ല, മറിച്ച പ്രസക്തമാക്കാനാണ് ഖുർ ആൻ ശ്രമിച്ചത്. എല്ലാ മതഗ്രന്ഥങ്ങളെയും അത് പ്രചരിപ്പിച്ച ദൂതന്മാരെയും അംഗീകരിക്കൽ ഖുർ ആൻ നിർബന്ധമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP