Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി.എസ്.സി അംഗമാക്കണമെന്ന് സ്വന്തമായി ശുപാർശ ചെയ്ത് പാർട്ടി സെക്രട്ടറി; കോവൂർ കുഞ്ഞുമോന്റെ ആർ.എസ്‌പി ലെനിനിസ്റ്റ് പാർട്ടിയിൽ പൊട്ടിത്തെറി; 60 വയസുള്ള പാർട്ടി സെക്രട്ടറിക്ക് പദവി കിട്ടിയാലും തുടരാനാവുക രണ്ടുവർഷം മാത്രം; പാർട്ടിയിലെ യുവതുർക്കികളെ അവഗണിക്കുന്നതിൽ പ്രതിഷേധം; പി.എസ്.സി അംഗത്വം കിട്ടുമോ എന്ന് ഉറപ്പില്ലെങ്കിലും നോമിനിയെ ചർച്ച ചെയ്യാൻ യോഗം ചേരുമ്പോൾ പാർട്ടി വീണ്ടും പിളരുമോയെന്ന ആശങ്കയിൽ കുഞ്ഞുമോൻ

പി.എസ്.സി അംഗമാക്കണമെന്ന് സ്വന്തമായി ശുപാർശ ചെയ്ത് പാർട്ടി സെക്രട്ടറി; കോവൂർ കുഞ്ഞുമോന്റെ ആർ.എസ്‌പി ലെനിനിസ്റ്റ് പാർട്ടിയിൽ പൊട്ടിത്തെറി; 60 വയസുള്ള പാർട്ടി സെക്രട്ടറിക്ക് പദവി കിട്ടിയാലും തുടരാനാവുക രണ്ടുവർഷം മാത്രം; പാർട്ടിയിലെ യുവതുർക്കികളെ അവഗണിക്കുന്നതിൽ പ്രതിഷേധം; പി.എസ്.സി അംഗത്വം കിട്ടുമോ എന്ന് ഉറപ്പില്ലെങ്കിലും നോമിനിയെ ചർച്ച ചെയ്യാൻ യോഗം ചേരുമ്പോൾ പാർട്ടി വീണ്ടും പിളരുമോയെന്ന ആശങ്കയിൽ കുഞ്ഞുമോൻ

പി.വിനയചന്ദ്രൻ

തിരുവനന്തപുരം: പി.എസ്.സി അംഗത്വം ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെങ്കിലും, സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ആളെച്ചൊല്ലി ആർ.എസ്‌പി. (ലെനിനിസ്റ്റ്) പാർട്ടിയിൽ പൊട്ടിത്തെറി. നിലവിലെ സംസ്ഥാന സെക്രട്ടറി കൊല്ലം ചവറ സ്വദേശി ബലദേവിന്റെ പേര് അദ്ദേഹം തന്നെ നിർദ്ദേശിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എൽ.ഡി.എഫ് കൺവീനർക്കും കത്തു നൽകിയതാണ് വിവാദമായത്. 60 വയസുള്ള ബലദേവിന് പി.എസ്.സി അംഗമെന്ന പദവി കിട്ടിയാൽ പോലും രണ്ടുവർഷമേ കസേരയിലിരിക്കാനാവൂ. 62 വയസാണ് പി.എസ്.സി അംഗത്തിന്റെ പരമാവധി പ്രായം. പാർട്ടിയിൽ യുവാക്കളുള്ളപ്പോൾ പ്രായപരിധിക്കടുത്തുള്ളയാളെ പി.എസ്.സി അംഗമാക്കുന്നതിലാണ് എതിർപ്പ്. പൊട്ടിത്തെറികൾക്കിടെ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ബുധനാഴ്ച എംഎ‍ൽഎ ഹോസ്റ്റലിലെ കോവൂർ കുഞ്ഞുമോൻ എംഎ‍ൽഎയുടെ മുറിയിൽ ചേരും.

തിരുവനന്തപുരത്തെ അഭിഭാഷകനെയാണ് പാർട്ടിയിലെ ഒരു വിഭാഗം പി.എസ്.സി അംഗ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. ഇതാദ്യമായാണ് പാർട്ടിക്ക് പി.എസ്.സി അംഗത്വം ലഭിക്കാൻ അവസരമുണ്ടാകുന്നത്. സെക്രട്ടറി തന്നെ സ്വന്തമായി പി.എസ്.സി അംഗമാക്കണമെന്ന് ആവശ്യപ്പെടുന്നത് അസാധാരണമാണ്. ആർ.എസ്‌പി (ബി) പിളർത്തി ലെനിനിസ്റ്റ് വിഭാഗം രൂപീകരിച്ച കുഞ്ഞുമോൻ, പി.എസ്.സി അംഗത്വത്തിന്റെ പേരിൽ പാർട്ടി വീണ്ടും പിളരുമോ എന്ന ആശങ്കയിലാണ്. പി.ശിവദാസൻ, സിമി റോസ്‌ബെൽ ജോൺ (കോൺഗ്രസ്), ടി.ടി.ഇസ്മായിൽ (മുസ്ലിം ലീഗ്), ഇ.രവീന്ദ്രനാഥൻ (എൽ.ജെ.ഡി ), എസ്.ഷൈൻ (ജെ.എസ്.എസ്) എന്നിവരാണ് ആറ് വർഷ കാലാവധി പൂർത്തിയാക്കി വിരമിച്ചത്. ഈ ഒഴിവുകളിലേക്കാണ് നിയമനം നടത്തേണ്ടത്. ഘടകകക്ഷികൾ കമ്മീഷനിൽ പ്രാതിനിധ്യം തേടി മുന്നണി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണ് കമ്മിഷനിലുള്ളത്. അഞ്ച് പേർ വിരമിക്കുന്നതോടെ അംഗസംഖ്യ 16 ആയി കുറയും. ഇതിൽ 15 പേരും എൽ.ഡി.എഫ് പ്രതിനിധികളാണ്. ഇവരെല്ലാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം നിയമിതരായവരാണ്. കേരള കോൺഗ്രസ് - എമ്മിലെ പ്രൊഫ.ലോപ്പസ് മാത്യു മാത്രമാണ് കമ്മിഷനിലെ ഏക യു.ഡി.എഫ് പ്രതിനിധി.

നിലവിലെ 15 എൽ.ഡി.എഫ് അംഗങ്ങളിൽ ചെയർമാൻ ഉൾപ്പെടെ 9 പേരും സിപിഎം പ്രതിനിധികളാണ്. സിപിഐക്ക് മൂന്ന് അംഗങ്ങളും ജനതാദൾ-എസ്, എൻ.സി.പി, കോൺഗ്രസ്-എസ് എന്നിവയ്ക്ക് ഓരോ അംഗവുമുണ്ട്. ആർ.എസ്‌പിക്ക് പുറമെ മറ്റ് ഘടകക്ഷികളും പി.എസ്.സി അംഗത്വം ആവശ്യപ്പെടുന്നുണ്ട്. യു.ഡി.എഫ് വിട്ട എംപി.വീരേന്ദ്ര കുമാറിന്റെ എൽ.ജെ.ഡി ഇപ്പോൾ ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ്. തങ്ങളുടെ അംഗം വിരമിക്കുന്ന ഒഴിവിൽ പകരം പ്രാതിനിധ്യം എൽ.ജെ.ഡി ആവശ്യപ്പെടുന്നു. ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് -ബി, ഐ.എൻ.എൽ എന്നിവയാണ് അടുത്ത കാലത്ത് ഇടതുമുന്നണിയിൽ ഇടം നേടിയ മറ്റ് പാർട്ടികൾ. ഇവരും പി.എസ്.സി അംഗത്വത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട് യു.ഡി.എഫ് വിട്ട ജെ.എസ്.എസ് ഇടതുമുന്നണിയുമായി സഹകരിക്കുന്നുണ്ടെങ്കിലും ഘടകകക്ഷിയാക്കിയിട്ടില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ചോദിച്ച വനിതയെ അനുനയിപ്പിച്ച് പി.എസ്.സി അംഗമാക്കാൻ മുസ്ലിംലീഗ് നടത്തിയ വഴിവിട്ട നീക്കം ഗവർണർ പി.സദാശിവം തടഞ്ഞിരുന്നു. മലപ്പുറം ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും ലീഗിന്റെ മുൻനിര വനിതാ പ്രവർത്തകയുമായ സുഹറാ മമ്പാടിനെ പി.എസ്.സിയിൽ പുതിയ തസ്തിക സൃഷ്ടിച്ച് അംഗമായി നിയമിക്കാനായിരുന്നു തിടുക്കത്തിൽ സർക്കാർ നീക്കം നടത്തിയത്. ഒരു അംഗത്തെക്കൂടി അത്യാവശ്യമാണെന്ന് പി.എസ്.സിയിൽ നിന്ന് റിപ്പോർട്ട് എഴുതിവാങ്ങാൻ പൊതുഭരണസെക്രട്ടറി കെ.ആർ ജ്യോതിലാൽ ശ്രമിച്ചെങ്കിലും അംഗത്തെയല്ല, കൂടുതൽ ജീവനക്കാരെയാണ് വേണ്ടതെന്ന് ചെയർമാനായിരുന്ന കെ.എസ്.രാധാകൃഷ്ണൻ ഫയലിൽ എഴുതി. ഇതോടെ 1.05കോടി അപേക്ഷകൾ പി.എസ്.സിയിൽ കെട്ടിക്കിടക്കുകയാണെന്നുകാട്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെങ്കിലും നിയമനം നടത്താൻ ഗവർണർ തയ്യാറായില്ല.

മലപ്പുറത്തെ ലീഗിന്റെ തീപ്പൊരി നേതാവും പ്രഭാഷകയുമാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി മികവുതെളിയിച്ച സുഹറാമമ്പാട്. സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം നേടിയെടുത്തത് സുഹറയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. മലപ്പുറത്തെ ഉറച്ച സീറ്റിൽ മത്സരിപ്പിക്കണമെന്ന് സുഹറ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊതുവേ വനിതകളെ മത്സരിപ്പിക്കാത്ത ലീഗ് നേതൃത്വം സുഹറയെ അനുനയിപ്പിക്കാൻ ആദ്യം വിവരാവകാശകമ്മിഷണർ സ്ഥാനവും പിന്നീട് പി.എസ്.സി അംഗത്വവും വാഗ്ദാനം ചെയ്യുകയായിരുന്നു. സുഹറയെ അനുനയിപ്പിച്ച ശേഷമാണ് കഴിഞ്ഞതവണ പരാജയപ്പെട്ട കുറ്റ്യാടി, കുന്ദമംഗലം, ഇരവിപുരം, ഗുരുവായൂർ ഒഴികെ ഇരുപത് മണ്ഡലങ്ങളിലും മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടിനുചേർന്ന മന്ത്രിസഭായോഗം സുഹറയെ പി.എസ്.സി അംഗമാക്കാൻ ഗവർണർക്ക് ശുപാർശചെയ്യാൻ തീരുമാനമെടുത്തു. ചെയർമാനടക്കം 21അംഗങ്ങളുള്ള പി.എസ്.സിയിൽ ഒരംഗത്തിന്റെ കൂടി തസ്തിക സൃഷ്ടിക്കാനുള്ള സർക്കാരിന്റെ ആദ്യശുപാർശ ഗവർണർ അതേപടി തിരിച്ചയച്ചു. പി.എസ്.സിയിൽ നിന്നുള്ള റിപ്പോർട്ട് സമപ്പിക്കാനും ഗവർണർ ആവശ്യപ്പെട്ടു. ഇതോടെ തീർപ്പാക്കാനുള്ള അപേക്ഷകളുടേയും ശേഷിക്കുന്ന അഭിമുഖപരീക്ഷകളുടേയും എണ്ണം സഹിതം അംഗങ്ങളുടെ എണ്ണം കൂട്ടേണ്ടത് അത്യാവശ്യമാണെന്ന റിപ്പോർട്ട് ഫാക്‌സിൽ അടിയന്തരമായി നൽകാൻ കഴിഞ്ഞ രണ്ടിന് കെ.ആർ.ജ്യോതിലാൽ പി.എസ്.സി സെക്രട്ടറി സാജുജോർജ്ജിന് കത്തയച്ചു.

ജ്യോതിലാലിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ 145 തസ്തികകളിലായി 7357 ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ പൂർത്തിയാക്കാനുണ്ടെന്നും 2898 തസ്തികകളിലേക്ക് 1,05,55,567 അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്നും പി.എസ്.സി സെക്രട്ടറി സാജുജോർജ്ജ് ഫയൽതയ്യാറാക്കി. കെ.എസ്.രാധാകൃഷ്ണൻ ചെന്നൈയിലായതിനാൽ ചെയർമാന്റെ ചുമതലവഹിച്ച മുതിർന്നഅംഗം പി.ജമീലയിൽ നിന്ന് ശുപാർശ വാങ്ങാൻ ശ്രമിച്ചെങ്കിലും ചെയർമാന് ഫയൽ സമർപ്പിക്കാൻ ജമീല നോട്ടെഴുതുകയായിരുന്നു. നിയമനപ്രക്രിയ വേഗത്തിലാക്കാനും ജോലിഭാരം ലഘൂകരിക്കാനും കൂടുതൽ ജീവനക്കാരെ നൽകണമെന്ന് ആവശ്യപ്പെടണമെന്ന് ചെയർമാൻ കെ.എസ്.രാധാകൃഷ്ണൻ ഫയലിലെഴുതി. രാഷ്ട്രീയക്കളിയാണെന്ന് മനസിലാക്കി ഗവർണർ പി.സദാശിവം നിയമനത്തിന് അനുമതി നിഷേധിച്ചു. 2013 മേയിൽ അംഗങ്ങളുടെ എണ്ണം 18ൽനിന്ന് 21ആക്കി ഉയർത്തി പി.എസ്.സിയെ സർക്കാർ ജംബോ കമ്മിഷനാക്കിയിരുന്നു. പണമില്ലാത്തതിനാൽ പരീക്ഷകൾ മുടങ്ങുന്ന പ്രതിസന്ധിയിലാണ് പി.എസ്.സി. നിയമനപ്രക്രിയ വേഗത്തിലാക്കാൻ സെക്ഷൻഓഫീസർ മുതൽ മുകളിലേക്ക് 36 ജീവനക്കാരുടെ സേവനം ഡെപ്യൂട്ടേഷനിൽ വിട്ടുനൽകണമെന്ന പി.എസ്.സിയുടെ ആവശ്യം സർക്കാർ നിരാകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP