Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെമ്പ് കുടത്തിന്റെ മുകളിൽ തെർമോകൂളും മറ്റു രാസവസ്തുക്കളും ചുറ്റി ഒരു ബോക്‌സ്; ആറ്റോമിക് പവർ ആണെന്നും ടെസ്റ്റ് ചെയ്യണമെങ്കിൽ ആറ്റോമിക് സെന്ററിലെ വിദഗ്ദർ വരണമെന്നും പറയും; കൈവശം വച്ചാൽ സമ്പത്ത് വന്ന് കുമിയും, റൈസ് പുള്ളറിൽ താത്പര്യമുള്ളവർ കോടികൾ മുടക്കി വാങ്ങുമെന്നും അവകാശവാദം; മലയാളികൾ അടക്കമുള്ള ഒട്ടനവധി പേരെ വഴിയാധാരമാക്കി ബംഗളൂരുവിൽ റൈസ് പുള്ളർ തട്ടിപ്പ് വീണ്ടും; മലയാളി മാധ്യമ പ്രവർത്തകർ ഒളികാമറയുമായി ഇറങ്ങിയപ്പോൾ കുടുങ്ങിയത് കർണാടക സ്വദേശികളായ നാല് പേർ

ചെമ്പ് കുടത്തിന്റെ മുകളിൽ തെർമോകൂളും മറ്റു രാസവസ്തുക്കളും ചുറ്റി ഒരു ബോക്‌സ്; ആറ്റോമിക് പവർ ആണെന്നും ടെസ്റ്റ് ചെയ്യണമെങ്കിൽ ആറ്റോമിക് സെന്ററിലെ വിദഗ്ദർ വരണമെന്നും പറയും; കൈവശം വച്ചാൽ സമ്പത്ത് വന്ന് കുമിയും, റൈസ് പുള്ളറിൽ താത്പര്യമുള്ളവർ കോടികൾ മുടക്കി വാങ്ങുമെന്നും അവകാശവാദം; മലയാളികൾ അടക്കമുള്ള ഒട്ടനവധി പേരെ വഴിയാധാരമാക്കി ബംഗളൂരുവിൽ റൈസ് പുള്ളർ തട്ടിപ്പ് വീണ്ടും; മലയാളി മാധ്യമ പ്രവർത്തകർ ഒളികാമറയുമായി ഇറങ്ങിയപ്പോൾ കുടുങ്ങിയത് കർണാടക സ്വദേശികളായ നാല് പേർ

എം മനോജ് കുമാർ

ബംഗളൂർ:  പണമിറക്കി പണം നേടാനുള്ള കുറുക്കു വഴികൾ തേടുന്നവർ ചെന്ന് ചാടുന്ന തട്ടിപ്പുകളിൽ പ്രധാനമാണ് റൈസ് പുള്ളർ. ഇരുതല മൂരി, നക്ഷത്ര ആമ,വെള്ളിമൂങ്ങ, വലംപിരി ശംഖ്, നാഗമാണിക്യം എന്നൊക്കെ പറഞ്ഞ തട്ടിപ്പുകളിൽ ഒന്ന് തന്നെയാണ് റൈസ് പുള്ളർ തട്ടിപ്പും. മലയാളികൾ സമീപകാലത്ത് ഏറ്റവുമധികം അകപ്പെട്ട തട്ടിപ്പുകളിൽ ഒന്ന് കൂടിയാണ് റൈസ് പുള്ളർ തട്ടിപ്പ്.

ഈ തട്ടിപ്പിൽ കുരുങ്ങി കിടപ്പാടം വിറ്റ് കടം വീട്ടെണ്ടിവന്ന അനുഭവങ്ങൾ ഒരുപാട് പേർക്ക് നേരിട്ടുണ്ട്. ഇത്തരം തട്ടിപ്പിന്റെ വാർത്തകൾ ഒരുപാട് വന്നെങ്കിലും റൈസ് പുള്ളറിന്റെ മോഹവലയത്തിൽ കുടുങ്ങി കഷ്ടപ്പെട്ടു സമ്പാദിച്ച സ്വർണവും പണവും ഭൂമിയും കൈവിട്ടു പോയവർ നിരവധി പേരുണ്ട്. എന്നിട്ടും ഈതട്ടിപ്പുകൾ ഇപ്പോഴും തുടരുക തന്നെയാണ്. ബംഗളൂരുവിൽ മലയാളികൾ അടങ്ങിയ ഒട്ടനവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത റൈസ് പുള്ളർ തട്ടിപ്പ് സംഘം ബംഗളൂര് പൊലീസിന്റെ പിടിയിലായി.

മലയാളി മാധ്യമ പ്രവർത്തകർ അടങ്ങിയ സംഘം നടത്തിയ ഒളികാമറാ ഓപ്പറെഷനിലാണ് റൈസ് പുള്ളർ തട്ടിപ്പ് സംഘം പൊലീസിന്റെ പിടിയിലായത്. കർണാടക സ്വദേശികളായ ശ്രീരാമ ഗൗഡ, നടരാജ്, അരവിന്ദ, ഷഫിയുള്ള എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചാണ് തട്ടിപ്പുകാരെ ബംഗളൂര് പൊലീസ് വലയിലാക്കിയത്. ഇവരെ തുടർ അന്വേഷണത്തിനായി കോടതി പൊലീസിന്റെ കസ്റ്റഡിയിൽ തന്നെ വിട്ടു.

ചെമ്പ് കുടത്തിന്റെ മുകളിൽ തെർമോകൂളും മറ്റു രാസവസ്തുക്കളും ചുറ്റി ഒരു ബോക്‌സിൽ വയ്ക്കും. കവർ തുറക്കുമ്പോൾ തന്നെ സമ്മിശ്ര ഗന്ധം വരും. വലിയ ആറ്റോമിക് പവർ ആണ്. . ഇത് ടെസ്റ്റ് ചെയ്യണമെങ്കിൽ ഡിആർഡിഒയിൽ നിന്നും ആറ്റോമിക് സെന്ററിൽ നിന്നോ വിദഗ്ദർ ഇത് തുറക്കണമെങ്കിൽ വരണം. പ്രത്യേക സ്യൂട്ടും കോട്ടും വേണം. റേഡിയേഷൻ തരംഗങ്ങളെ പ്രതിരോധിക്കുന്ന വസ്ത്രവും മറ്റു ഉപകരണങ്ങളും വേണ്ടതുണ്ട്. അതിനായി ഒന്നര കോടി രൂപ ഫീസ് തന്നെ നൽകണം. ടെസ്റ്റ് നടത്തി വിജയിച്ചാൽ 100 മുതൽ 500 കോടി രൂപവരെ വിലവരും. ഇത് കൈവശം വച്ചാൽ സമ്പത്ത് വന്ന് കുമിയും. ഇതൊക്കെയാണ് ബംഗളൂരുവിലെ റൈസ് പുള്ളർ തട്ടിപ്പുകാർ പറഞ്ഞ കാര്യങ്ങൾ. റൈസ് പുള്ളർ കൈവശമിരിക്കുന്ന ആൾക്ക് പണം മുടക്കാനില്ല.

വിദേശത്തുനിന്ന് റൈസ് പുള്ളർ പരിശോധിക്കാൻ വരുന്ന വിദഗ്ദ്ധർക്ക് ലക്ഷങ്ങൾ പ്രതിഫലം കൊടുക്കണം. അതിനാൽ റൈസ് പുള്ളർ വിൽക്കാൻ ശ്രമിക്കുന്നു. ഇതാണ് റൈസ്പുള്ളർ തട്ടിപ്പുകാർ പ്രധാനമായും പറയുന്ന കാര്യം. ബംഗളൂരുവിലെ ഈ സംഘവും ഈ തട്ടിപ്പ് തന്നെയാണ് പയറ്റിയത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇവരുടെ ഈ വലയിൽ വീണാണ് കയ്യിലുള്ള പണം മുഴുവൻ പലരും നഷ്ടപ്പെടുത്തിയത്. ഇതറിഞ്ഞാണ് റൈസ് പുള്ളർ തട്ടിപ്പുകൾക്ക് പുറകെ ഒളികാമറയുമായി മാധ്യമ സംഘം പോയത്. അന്വേഷണം മുന്നോട്ടു പോകവേ ഒന്നര കോടി നൽകാൻ തടിപ്പ് സംഘം ആവശ്യപ്പെട്ടതോടെ ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് ഇവർ വിവരങ്ങൾ പൊലീസിനു കൈമാറിയത്. തുടർന്ന് ബംഗളൂരു ക്രൈംബ്രാഞ്ച് ആണ് സംഘത്തെ കുടുക്കിയത്. മൂന്നു മാസത്തെ പ്രയത്‌നത്തിന്നൊടുവിലാണ് സംഘത്തെ ഇവർ കുരുക്കിയത്.

'റൈസ് പുള്ളർ' അത്ഭുതശേഷികളുണ്ടെന്ന് അവകാശപ്പെടുന്ന ചെമ്പ് കുടം

റൈസ് പുള്ളറിന് അറ്റോമിക് പവറുണ്ട് എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്ന പരിപാടിയാണ് റൈസ് പുള്ളർ. ഒരു ചെമ്പ് കുടമാണ് റൈസ് പുള്ളർ. അത്ഭുതശേഷികളുണ്ടെന്ന് അവകാശപ്പെടുന്ന ചെമ്പ് കുടമാണ് ഇത്. ഇറിഡിയം കൊണ്ട് നിർമ്മിച്ചിരിക്കുന്ന റൈസ് പുള്ളറിന് അരിമണികളെ ആകർഷിക്കാനുള്ള കഴിവ് ഉണ്ടെന്നാണ് അവകാശവാദം. അരി അടുത്ത് വച്ചാൽ പോലും പൊടിച്ചു കളയുന്ന മെഷീനാണ്. അത്രയധികം ആറ്റോമിക് പവറുള്ള മെഷീനാണ് റൈസ് പുള്ളർ. ഇത് വാങ്ങി കൈവശം വയ്ക്കുക. കോടികൾ വിലമതിക്കുന്ന റൈസ് പുള്ളറിൽ താത്പര്യമുള്ളവർ വന്നു പുള്ളർ വാങ്ങും. കോടികൾ എന്ന് കേട്ടാണ് ലക്ഷങ്ങളും കോടികളും നൽകി റൈസ് പുള്ളർ തട്ടിപ്പിൽ ആളുകൾ കുരുങ്ങുന്നത്. ഒടുവിൽ തട്ടിപ്പ് മനസിലായപ്പോഴേക്കും കയ്യിലെ ധനം മുഴുവൻ നഷ്ടമായ അവസ്ഥവരുകയും ചെയ്യും. റൈസ് പുള്ളർ തട്ടിപ്പിൽ കുരുങ്ങി ബംഗളൂരുവിൽ ചിലർ ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്. റൈസ് പുള്ളർ തട്ടിപ്പിൽ മലയാളികൾ അടക്കം ഒട്ടനവധി ആളുകൾക്ക് പണം നഷ്ടമായെന്നറിഞ്ഞപ്പോഴാണ് ഒളികാമറാ ഓപ്പറേഷൻ വഴി മലയാള മാധ്യമ സംഘം തട്ടിപ്പുകാരെ കുരുക്കിയത്.

ജീവിതത്തിൽ ഐശ്വര്യവും ബിസിനസിൽ ലാഭവും കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റൈസ് പുള്ളർ തട്ടിപ്പ് സംഘം നീങ്ങുന്നത്. റൈസ് പുള്ളറിന്റെ പരീക്ഷണം നടത്താൻ റേഡിയേഷൻ തരംഗങ്ങളെ പ്രതിരോധിക്കുന്ന വസ്ത്രവും മറ്റു ഉപകരണങ്ങളും വേണ്ടതുണ്ട്. ഇതിനുള്ള പണവും ഇടപാടുകാരിൽ നിന്ന് വാങ്ങും. പരീക്ഷണം നടത്തുന്നത് ശാസ്ത്രജ്ഞരാണെന്നും ഇവർക്കും പണം നൽകേണ്ടതുണ്ടെന്ന് പറഞ്ഞ് കോടികൾ തന്നെ ഇവർ കൈപ്പറ്റും. പണം നൽകി റൈസ് പുള്ളർ വാങ്ങിയവർ ഒടുവിൽ ആത്മഹത്യ ചെയ്യേണ്ട ഘട്ടത്തിലാകും. തട്ടിപ്പുകാരെ പിന്നെ പൊടിയിട്ടു നോക്കിയാലും കാണില്ല. റൈസ് പുള്ളർ തട്ടിപ്പിനെക്കുറിച്ച് വ്യാപകമായ രീതികൾ വാർത്തകൾ വരുന്നുണ്ടെങ്കിലും പിന്നെയും റൈസ് പുള്ളർ തട്ടിപ്പുകൾ നടക്കുകതന്നെയാണ് ചെയ്യുന്നത്. എത്ര വാർത്തകൾ കണ്ടാലും റൈസ് പുള്ളർ തട്ടിപ്പിന് മലയാളികൾ തലവെച്ചു കൊടുക്കുന്നതും പതിവാണ്. ബംഗളൂരുവിൽ തന്നെ ഒട്ടനവധി മലയാളികൾ ഇവരുടെ തട്ടിപ്പിൽ കുരുങ്ങിയിട്ടുണ്ട്. ഇവർക്കെല്ലാം പണം നഷ്ടമായി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഇറീഡിയത്തിന്റെ ശക്തിയുള്ള ഉപകരണമാണ് റൈസ് പുള്ളിങ്ങിന്റെ പിന്നിലുള്ളത്. ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട് കോടികൾക്ക് നാസയ്ക്ക് വേണ്ടി ഇടപാടു നടത്തുന്നവരാണ് തങ്ങളെന്ന് തട്ടിപ്പുകാർ പറയാറുണ്ട്. ഇറീഡയമുള്ള പെട്രോമാക്‌സ് എന്നു കാണിച്ചായിരുന്നു തട്ടിപ്പ്. ഇപ്പോഴതു മാറി ലോഹപ്പാത്രങ്ങളും താഴികക്കുടങ്ങളും ഇവർ റൈസ് പുള്ളറിൽ ഉപയോഗിക്കുന്നു. ഇവയോട് ചേർത്ത് അരിമണി വിതറിയാൽ ലോഹത്തോട് ചേർന്ന് അരിമണി നീങ്ങി നീങ്ങി വരുമെന്നാണ് വിശ്വസിപ്പിക്കുക. ഇതിലാണ് ഇടപാടുകാർ കൂടുതലും കുരുങ്ങുന്നത്. റൈസ് പുള്ളറിന് ചുറ്റും വിതറിയിരിക്കുന്ന അരിമണികളെ ആകർഷിക്കാനാകുമെന്നും റൈസ് പുള്ളറിലേക്ക് ടോർച്ച് ലൈറ്റ് തെളിയിച്ചാൽ അതിന്റെ ബൾബ് ഫ്യൂസായിപ്പോകുമെന്നും കാട്ടിക്കൊടുക്കും. റൈസ് പുള്ളർ നേരിട്ട് കാണുന്നതിനും പണം വാങ്ങും. ബംഗളൂര്വിലെ മലയാള മാധ്യമ സംഘത്തോട് ഒന്നരക്കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഒന്നര കോടി നൽകാതെ ഇവരുമായുള്ള ഡീൽ മുന്നോട്ടു പോകില്ലെന്ന് മനസിലാക്കിയാണ് ഒളി കാമറാ ഓപ്പറേഷൻ പാതി വഴിയിൽ നിർത്തി മാധ്യമ സംഘം ബംഗളൂര് സിറ്റി പൊലീസ് കമ്മിഷണറെ കാണുന്നത്.

റൈസ് പുള്ളറിനു പിന്നിലുള്ളത് ഇറിഡിയം

ഇറിഡിയമാണ് റൈസ് പുള്ളർ തട്ടിപ്പുകൾക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. പ്രകൃതിദത്തമായ പ്ലാറ്റിനത്തിൽ ഇഴപിരിഞ്ഞു കിടന്നിരുന്ന ആറു ലോഹങ്ങളിൽ ഒന്നാണ് ഇറിഡിയം. ലവണ ലായനികളുടെ വൈവിധ്യമാർന്ന നിറങ്ങൾ കണ്ടാണ് മഴവില്ല് എന്നർത്ഥമുള്ള ഇറിഡിയം എന്ന പേർ നൽകിയത്. പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം. പ്ലാറ്റിനം കുടുംബത്തിൽപ്പെട്ട കാഠിന്യമേറിയ ഈ ലോഹത്തിന് തേയ്മാനമോ ദ്രവിക്കലോ ഒരിക്കലും സംഭവിക്കില്ല. ഇവ വെള്ളി നിറത്തിലാണ് കാണപ്പെടുന്നത്. പ്രകൃതിയിൽ വളരെ ചുരുക്കമായി മാത്രമേ കാണാനാകൂ.

ആസിഡുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ശുദ്ധമായ ലോഹരൂപത്തിന് പകരം മറ്റുപല ലോഹങ്ങളുമായി ചേർന്നുള്ള മിശ്രിതരൂപത്തിലാണ് ഇറിഡിയം നിലകൊള്ളുന്നത്. ഭൂമിയിൽ ഇടിച്ചിറങ്ങിയ ഉൽക്കകളിലും ഇറിഡിയം കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ താഴികക്കുടം ഉണ്ടാക്കുന്നത് ചെമ്പു കൊണ്ടാണ്. ചെമ്പും നിക്കലും ഖനനം ചെയ്യുമ്പോൾ കിട്ടുന്ന ഒരു ഉപോല്പന്നം കൂടി ആണ്. ചെമ്പു താഴികക്കുടം ക്ഷേത്രത്തിന്റെ ഇടിമിന്നൽ ചാലകം ആയിട്ടാണ് ഉപയോഗിക്കുന്നത്. പല തവണ ഇടിമിന്നൽ ഏറ്റു കൂടിയ വൈദ്യുത താപം കടന്നു പോകുമ്പോ ചെമ്പിന്റെ സ്വാഭാവിക സ്വഭാവത്തിൽ മാറ്റം വരുകയും, ഇറിഡിയത്തിന്റെ സ്വഭാവം വരുകയും ചെയ്യും.

തുരുമ്പെടുക്കാത്ത മെറ്റൽ എന്ന ഖ്യാതി ഉള്ള ഇറിഡിയം ഒരു വർഷം മൂന്നു ടണ്ണിൽ കുറവേ ലോകത്തു ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളു. ഉൽപ്പാദനത്തിൽ ഈ കുറവ് ആണ് ഇറിഡിയത്തിനെ മാർക്കറ്റിൽ ഒരു സൂപ്പർ സ്റ്റാർ ആക്കുന്നത്. അതുകൊണ്ട് തന്നെ വിപണിയിൽ വലിയ വിലയുണ്ട്. ഈ ഡിമാൻഡ് മുതലെടുക്കുന്നവരാണ് റൈസ് പുള്ളർ എന്ന തട്ടിപ്പുമായി ഇറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP