Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ബന്ധുക്കളെയും സിൽബന്ധികളെയും തിരുകി കയറ്റുന്നതിൽ ഇവരോളം വിരുതരില്ല; കാതോലിക്ക ബാവയെ പരസ്യമായി വെല്ലുവിളിച്ച് സഭാസ്‌നേഹികളെ താറടിക്കുന്ന ഓർത്തഡോക്‌സ് സഭയിലെ മൂന്ന് മെത്രാന്മാർക്കെതിരെ കലാപം; ഫണ്ട് പിരിവും ബന്ധുനിയമനവും നടത്തി സഭയെ വെല്ലുവിളിക്കുന്നത് യാക്കോബായ സഭയിൽ നിന്ന് കാലുമാറി വന്ന മൂവർ സംഘം; മെത്രാന്മാരെ ചവിട്ടിപ്പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം

ബന്ധുക്കളെയും സിൽബന്ധികളെയും തിരുകി കയറ്റുന്നതിൽ ഇവരോളം വിരുതരില്ല; കാതോലിക്ക ബാവയെ പരസ്യമായി വെല്ലുവിളിച്ച് സഭാസ്‌നേഹികളെ താറടിക്കുന്ന ഓർത്തഡോക്‌സ് സഭയിലെ മൂന്ന് മെത്രാന്മാർക്കെതിരെ കലാപം; ഫണ്ട് പിരിവും ബന്ധുനിയമനവും നടത്തി സഭയെ വെല്ലുവിളിക്കുന്നത് യാക്കോബായ സഭയിൽ നിന്ന് കാലുമാറി വന്ന മൂവർ സംഘം; മെത്രാന്മാരെ ചവിട്ടിപ്പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം

എം.എസ്.സനിൽ കുമാർ

തിരുവനന്തപുരം: വർഷങ്ങൾക്ക് മുമ്പ് യാക്കോബായ സഭയിൽ നിന്ന് കാലുമാറി ഓർത്തഡോക്സ് സഭയിലേക്ക് വന്ന മൂന്ന് ബിഷപ്പുമാർക്കെതിരെ ഒരു പറ്റം വൈദികരും വിശ്വാസികളും രംഗത്ത്.സഭാ മേലധ്യക്ഷനായ കാതോലിക്ക ബാവക്കെതിരെ പരസ്യമായ വെല്ലുവിളികൾ ഉയർത്തുകയും തന്ത്ര പ്രധാനമായ സ്ഥാനങ്ങളിലേക്ക് ഇവരുടെ സിൽബന്ധികളെയും ബന്ധുക്കളെയും തിരുകി കയറ്റുകയും ചെയ്യുന്നു എന്നാണ് പ്രധാന ആരോപണം.ബെംഗളൂരുവിൽ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയും,ഓർത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി അംഗവും, അടൂർ സ്വദേശിയുമായ ബാബു പാറയിലുമായി ചേർന്നാണ് ഇവരുടെ ബന്ധുനിയമനങ്ങൾ നടത്തുന്നതെന്നാണ് ആരോപണം.

പാത്രീയർക്കീസ് സഭയിൽ നിന്നും ഓർത്തഡോക്സ് സഭയിലേക്ക് കുടിയേറിയ ഡോ.തോമസ് മാർ അത്തനാന്യോസ,ഡോ.യുഹാനോൻ മാർ മിലിത്തിയോസ്, മാർ നിക്കോളാവോസ് എന്നീ മെത്രാന്മാരാണ് സഭയ്ക്ക് ബാധ്യതയാകുന്നത്.

യാക്കോബായ- ഓർത്തഡോക്സ് അഭിപ്രായ വ്യത്യാസങ്ങളും കോടതി വ്യവഹാരങ്ങളും മൂർച്ഛിച്ചു നിൽക്കുന്ന കാലത്താണ് യാക്കോബായ സഭയിലെ അഞ്ച് ബിഷപ്പുമാർ കാലുമാറി ഓർത്തഡോക്സ് സഭയിലേക്ക് വന്നത്. രണ്ട് ബിഷപ്പുമാർ പെട്ടെന്ന് തന്നെ മാതൃസഭയിലേക്ക് മടങ്ങി പോയി. ബാക്കി മൂന്നു പേരും നല്ല ആദായമുള്ള മൂന്ന് ഭദ്രാസനങ്ങളുടെ ചുമതലക്കാരായി മാറി. ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് തൃശൂർ ഭദ്രാസനത്തിന്റെയും തോമസ് മാർ അത്തനേഷ്യസ് കണ്ടനാട് ഭദ്രാസനത്തിന്റേയും മാർ നിക്കോളവാസ് അമേരിക്കൻ ഭദ്രാസനത്തിന്റെയും ചുമതലക്കാരാണ്.

ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കോർപ്പറേറ്റ് സ്‌കൂൾ മാനേജ്മെന്റിന്റെ മാനേജരായി മാർ മീലിത്തിയോസിനാണ് ചുമതല നൽകിയിരുന്നത്. ദൈനംദിന ചുമതല കാതോലിക്ക ബാവ ചുമതലപ്പെടുത്തുന്ന വൈദികനാണ് സ്ഥാനം വഹിക്കുന്നത്. സഭയിൽ അഴിമതി വിരുദ്ധ പ്രതിഛായയുള്ള ഫാദർ മോഹൻ ജോസഫ് എന്ന വൈദികനെയാണ് സെക്രട്ടറിയായി കാതോലിക്ക ബാവ നിയമിച്ചത്.

മാർ മിലിത്തിയോസിന്റെ സ്ഥാപിതതാല്പര്യങ്ങൾക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ ഫാദർ മോഹൻ ജോസഫിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. അദ്ദേഹത്തെ ഒഴിവാക്കിയ സംഭവങ്ങളുടെ നാൾവഴി ഇങ്ങനെയായിരുന്നു.

മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എംഡി സ്‌കൂൾ ബോർഡ് യോഗത്തിൽ സെക്രട്ടറിയായ മോഹൻ ജോസഫ് അച്ചൻ മാറണമെന്ന് മാനേജർ മിലിത്തിയോസ് തിരുമേനി ആവശ്യപ്പെടുന്നു. ബോർഡ് അംഗങ്ങളായ അഡ്വ.മാത്യൂസ് മഠത്തേത്ത്, വർഗീസ് ടി ഏബ്രഹാം, സി.സി ആൻഡ്രൂസ്, ഫാ.സി.ജോൺ ചിറത്തലാട്ട്, ഫാ.ഒ.പി. വർഗീസ് എന്നിവർ ഈ തീരുമാനത്തെ എതിർക്കുന്നു വൈദിക ട്രസ്റ്റി ഫാ ഡോഎം.ഒ ജോൺ, കോട്ടയം ഭദ്രാസനത്തിൽ നിന്നുള്ള അംഗം ഷിനു പറപ്പോട്ട് എന്നിവർ തിരുമേനിയുടെ അഭിപ്രായത്തെ പിന്തുണച്ചു കൊണ്ട് മോഹൻ ജോസഫ് അച്ചൻ മാറണമെന്ന് അഭിപ്രായപ്പെടുന്നു.

അൽമായ ട്രസ്റ്റി ജോർജ് പോൾ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവരുൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നു. രൂക്ഷമായ തർക്കത്തെ തുടർന്ന് മാനേജർ തിരുമേനി മോഹൻ ജോസഫ് അച്ചൻ തുടരുകയാണങ്കിൽ താൻ ഈ സ്ഥാനത്ത് തുടരുകയില്ലായെന്ന നിലപാട് അറിയിക്കുന്നു. ഈ സന്ദർഭത്തിലാണ് മോഹൻ ജോസഫ് സ്ഥാനം ഒഴിഞ്ഞു കൊണ്ടുള്ള പ്രസംഗം നടത്തുന്നത്.പ്രസംഗത്തിന് ശേഷം പരിശുദ്ധ ബാവയുടെ അനുമതിയോടെ അച്ചൻ പോകുന്നു.

ഡോ.യുഹാനോൻ മാർ മിലിത്തിയോസ്                          ഫാദർ മോഹൻ ജോസഫ്

 തുടർന്ന്‌ മാനേജർ തിരുമേനി സെക്രട്ടറി സ്ഥാനത്തേക്ക് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ സഹോദര പുത്രൻ പുറ്റാലിൽ ജോൺസൺ അച്ചന്റെ പേര് നിർദ്ദേശിക്കുന്നു. ഇതിനെയും ഭൂരിപക്ഷ അംഗങ്ങളും എതിർത്തു. .മലങ്കര സഭയിൽ കഴിവും പ്രാപ്തിയുമുള്ള നൂറ് കണക്കിന് വൈദികരും വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന സേവനം അനുഷ്ഠിച്ചിട്ടുള്ള അൽമായരും ഉണ്ടെന്നും ഇവരിൽ ആരെയെങ്കിലും നിയമിക്കണമെന്നും അഭിപ്രായപ്പെടുന്നു.

മാനേജർ തിരുമേനി ഈ ആവശ്യവും നിരാകരിക്കുന്നു.അങ്ങനെയാണങ്കിൽ ജോൺസൺ അച്ചന്റെ പേരിനോടൊപ്പം മറ്റ് രണ്ട് വൈദികരുടെ പേരുകൂടി ചേർത്ത് മൂന്ന് പേരുടെ പാനൽ തയ്യാറാക്കി നൽകാമെന്നും അതിൽ നിന്ന് ഒരാളെ മലങ്കര മെത്രാപ്പൊലീത്ത നിയമിക്കട്ടെ എന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ഈ നിർദ്ദേശവും അംഗീകരിക്കുവാൻ മാനേജർ തയ്യാറായില്ല.ഇതേ തുടർന്ന് വീണ്ടും തർക്കങ്ങൾ ഉണ്ടാകുന്നു. ജോൺസൺ അച്ചനെ തീരുമാനിക്കുന്നില്ലായെങ്കിൽ താൻ മാനേജർ സ്ഥാനത്ത് നിന്ന് മാറുമെന്ന് പ്രഖ്യാപിക്കുന്നു ഇതേ തുടർന്ന് യോഗം തീരുമാനം ആകാതെ പിരിയുന്നു.

ഒക്ടോബർ മാസം 14നാണ് മുകളിൽ പറയുന്ന സംഭവം നടന്നത്. മാർ മിലിത്തിയോസും മോഹൻ ജോസഫും തമ്മിൽ അഭിപ്രായ വ്യത്യാസം വർദ്ധിച്ചതോടെ കോർപ്‌റേറ്റ് മാനേജ്മെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പൂർണമായി സ്തംഭിച്ചു.അതിലുപരി കാതോലിക്ക ബാവയുടെ വിശ്വസ്തനും അടുപ്പക്കാരനുമായ മോഹൻ ജോസഫ് അവിടെ തുടർന്നാൽ തന്റെ താല്പര്യങ്ങളും നിയമനങ്ങളും നടക്കില്ലെന്ന് മനസിലാക്കിയതോടെ മീലിത്തിയോസ് ഈ വൈദികനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള അടവുകൾ പയറ്റി. വാർഷിക പൊതു യോഗം വിളിച്ചു കൂട്ടി ഫാദർ മോഹൻ ജോസഫിനെ പുകച്ച് വെളിയിലാക്കി.\

മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി.സ്‌കൂൾ ഗവേണിങ്ങ് ബോർഡ് യോഗത്തിൽ ബഹുമാനപ്പെട്ട മോഹൻ ജോസഫ് അച്ചൻ നടത്തിയ വിടവാങ്ങൽ പ്രസംഗം.

"പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി, അഭിവന്ദ്യ മിലിത്തിയോസ് തിരുമേനി, സ്ഥാനികളെ, ബോർഡ് അംഗങ്ങളെ ഞാൻ ഇവിടെ നടത്തുന്നത് ഒരു വിടവാങ്ങൽ പ്രസംഗമാണ് ഇത് സംബന്ധിച്ച് ചോദ്യങ്ങളും ചർച്ചയുമില്ല .കഴിഞ്ഞ ഏഴ് വർഷക്കാലമായി സ്‌കൂൾ ബോർഡ് സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന് അവസരം തന്ന പരിശുദ്ധ ബാവ തിരുമേനിയോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു .

ബഹുമാനപ്പെട്ട കെ.എം ഐസക്ക് അച്ചൻ സ്‌കൂൾ ഓഫീസിൽ നിന്ന് മാറിയ അവസരത്തിലാണ് ബോർഡ് സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുവാൻ പരിശുദ്ധ ബാവ തിരുമേനി എന്നോട് നിർദ്ദേശിച്ചത് . എന്റെ അറിവ് കുറവും പ്രവർത്തന പരിചയമില്ലായ്മയും ബോധിപ്പിച്ച് പരമാവധി ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും ഒരാളെ കണ്ടെത്തുന്നതു വരെ ഇരിക്കുക എന്ന ബാവയുടെ കല്പന അനുസരിച്ചാണ് ഞാൻ ഈ സ്ഥാനത്തേക്ക് വന്നത്. ഈ സ്ഥാനം ഏറ്റെടുത്തതുമൂലം അന്നുവരെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ബഹു. ഐസക്ക് അച്ചനുമായള്ള നല്ല ബന്ധം നഷ്ടപെട്ടു.

അടുത്തിടെ നടന്ന സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ എനിക്കെതിരെയും മാനേജ്മെന്റ് ഓഫീസിനെതിരെയും തിരിച്ച് വിടാനുള്ള ശ്രമങ്ങളാണ് സെലക്ഷൻ കമ്മിറ്റിയും ചുമതലക്കാരും ചെയ്തത്. അതു കൊണ്ട് ഇത് സംബന്ധിച്ച വിശദീകരണം നൽകുകയാണ്. 560 അപേക്ഷകളാണ് ആകെ ലഭിച്ചത്.ഇതിൽ നിന്നും 35 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ അപേക്ഷ തിരിഞ്ഞ് വയ്ക്കുവാൻ മാനേജർ തിരുമേനി എന്നോട് പറഞ്ഞു. ഇതനുസരിച്ച് 161 അപേക്ഷ തരം തിരിച്ച് വച്ചു.പ്രായം മാത്രം അടിസ്ഥാനമാക്കി അപേക്ഷകൾ തിരിഞ്ഞ് വച്ചപ്പോൾ ഈ 161 അപേക്ഷയിൽ ഓർത്തഡോക്സ് സഭാംഗങ്ങൾ അല്ലാത്തവരുടെയും അപേക്ഷകൾ ഉണ്ടായിരുന്നു. ഈ വിവരം മാനേജർ തിരുമേനിയോട് പറഞ്ഞപ്പോൾ അത് സാരമില്ലായെന്നും ഇന്റർവ്യു സമയത്ത് അവരെ ഒഴിവാക്കാമെന്നും പറഞ്ഞു.

എന്നാൽ ഗവേണിങ് ബോർഡ് മീറ്റിങ്ങ് തുടങ്ങുന്നതിന് അല്പം മുമ്പ് ഈ 161 അപേക്ഷ 50 ആക്കി ചുരുക്കണമെന്ന് മാനേജർ തിരുമേനി എന്നോട് ആവശ്യപ്പെട്ടു. മീറ്റിങ്ങ് തുടങ്ങാൻ സമയമായതിനാൽ അപ്പോൾ അത് സാധ്യമല്ലാത്തതിനാൽ മീറ്റിങ്ങ് കഴിഞ്ഞ് അത് ചെയ്തുകൊള്ളാമെന്ന് ഞാൻ പറഞ്ഞു. ഗവേണിങ്ങ് ബോർഡ് മീറ്റിങ്ങിൽ വച്ച് സെലക്ഷൻ സംബന്ധിച്ച് രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന് വരുകയും ഇതുവരെ നടത്തിയ തരം തിരിക്കലെല്ലാം മാറ്റി പുതിയതായി രൂപീകരിച്ച സെലക്ഷൻ കമ്മറ്റി അപേക്ഷകൾ വീണ്ടും പരിശോധിച്ച് തരംതിരിവ് നടത്തണമെന്ന് നിശ്ചയിച്ചു.

മീറ്റിങ്ങിന് ശേഷം സെലക്ഷൻ കമ്മിറ്റി അംഗങ്ങളായ ബഹു.കെ.വി.പോൾ അച്ചൻ, ബാബു പാറയിൽ, അനിൽ പുല്ലാവള്ളിൽ, കെ.എ. ഏബ്രഹാം എന്നിവർ ഓഫീസിൽ എത്തി ഈ 161 അപേക്ഷകൾമാത്രം പരിശോധിച്ചു. ഇതിൽ ഉള്ള ഓർത്തഡോക്സ് സഭാഗങ്ങൾ അല്ലാത്തവരുടെ അപേക്ഷ അവർ എടുത്ത് മാറ്റി അത്രയും തന്നെ ഓർത്തഡോക്സ് സഭാഗങ്ങളുടെ അപേക്ഷ അവർ കൂട്ടിച്ചേർത്തു.ഈ ഉൾപ്പെടുത്തലിൽ 35 വയസിന് മുകളിൽ എന്ന മാനദണ്ഡം അവർ പാലിച്ചില്ല.

അംഗങ്ങളുടെ താൽപര്യമനുസരിച്ചുള്ള അപേക്ഷകൾ ആണ് അവർ ഉൾപ്പെടുത്തിയത്. ഇതിൽ 29 വയസുകാരും ഉണ്ടായിരുന്നു. അവർക്ക് താൽപര്യമുള്ളവരെ ചേർത്തെങ്കിലും എണ്ണം 161 തന്നെയായി നിലനിന്നു. ഇങ്ങനെ കൂട്ടിച്ചേർത്ത 161 പേരെയാണ് ഇന്റർവ്യൂവിന് വിളിച്ചത്. ഈ തരംതിരിക്കൽ നടന്നപ്പോഴും ഇന്റർവ്യൂ നടത്തി റാങ്ക് പട്ടിക ഇടുന്നതു വരെയുള്ള ഒരു കാര്യത്തിനും എന്നെ സഹകരിപ്പിക്കുകയോ ഉൾപ്പെടുത്തുകയോ ചെയ്തിരുന്നില്ല.കഴിഞ്ഞ ഏഴ് വർഷക്കാലയളവിൽ സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും നടത്തിയിരുന്നത് ബാങ്ക് മുഖേനയാണ്. ഞാൻ ഒരു തരത്തിലുമുള്ള പണമിടപാടുകളും നേരിട്ട് നടത്തിയിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ആരോപണങ്ങൾ തെളിഞ്ഞിട്ടുമില്ല.'

ഈ സംഭവത്തോടെ മാർ മിലിത്തിയോസിനെതിരെ ഒരു പറ്റം വിശ്വാസികളും വൈദികരും സംഘടിതമായി രംഗത്തിറങ്ങിയിട്ടുണ്ട്. യാക്കോബായ സഭയിൽ നിന്ന് വലിഞ്ഞു കേറി വന്ന മാർ മീലിത്തിയോസിനെ ഒന്നുകിൽ ചിറകരിഞ്ഞത് നിർത്തുകയോ അല്ലെങ്കിൽ ഓർത്തഡോക്സ് സഭയിൽ നിന്ന് ചവിട്ടി പുറത്താക്കുകയോ വേണമെന്നാണ് വിശ്വാസികളുടെ ആവശ്യം. വിശ്വാസികളുടെ എഫ്ബി/ വാട്ട്സ് ആപ്പ് കൂട്ടായ്മകളിൽ മിലിത്തിയോസിനും കൂട്ടർക്കമെതിരെ രോഷം പുകയുകയാണ്.

ചില സാമ്പിൾ വാട്ട്‌സാപ് മെസേജുകൾ

'മലങ്കര മെത്രാപ്പൊലീത്തായെ വെല്ലുവിളിക്കുന്ന മെത്രാച്ചന്മാരെ വിളിച്ച് തെക്കൻ പ്രദേശങ്ങളിലെ പള്ളികളിലും മറ്റും പ്രോഗ്രാം നടത്തുന്നത് പള്ളിക്കാര് നിർത്തിയാൽ ഈ ചർച്ചകളുടെ ആവശ്യമൊന്നുമില്ല: ഇതൊക്കെ തന്നെ ഒതുങ്ങിക്കോളും. തെക്ക് പ്രദേശത്ത് നിന്ന് ഇവർ പിഴിഞ്ഞ് എടുക്കുവാണ് ഇവിടെ വന്നിട്ട് ഈ പണം കൊണ്ട് മലങ്കര സഭയ്ക്കിട്ട് പണി തുടരുന്നു. ഭീകരസംഘടനകളെ ഒതുക്കുന്നതിന്റെ ആദ്യപടിയാണ് അവർക്കുള്ള ഫണ്ട് നിർത്തലാക്കുക എന്നത്. അത് പരീക്ഷിച്ചാൽ ഈ അളിയന്മാർ അഞ്ച് പേരും ഒതുങ്ങും'. ചർച്ചകൾ നിർത്തി ഇതൊന്നു പരീക്ഷിച്ചു നോക്കാമോ. ഇതൊക്കെ തന്നെ മര്യാദ പഠിക്കും.'

'കുറെ ദിവസങ്ങളായി ഇതിനനുബന്ധമായ വാർത്ത കണ്ടിട്ട് പ്രതികരിക്കണ്ടാ എന്നു വിചാരിച്ചു. പക്ഷേ ഈ വാർത്തയും അതിലെ 'പ്രമുഖൻ'എന്ന വിശേഷണവും കണ്ടിട്ടാണ് ഇതെഴുതുന്നത്. ഇത് ശരിക്കും പരിഹാസമല്ലേ. പല വിമർശനങ്ങൾക്കും താളം പിടിച്ച ധാരാളം പേർ ഈ ഗ്രൂപ്പിലുണ്ടല്ലോ. സഭയ്ക്ക് ഒരു തലവൻ, ഒരു നിയമം, ഒരു ഭരണഘടന, ഒരു ആരാധന എന്നത് അംഗീകരിച്ചാൽ ഇവിടെ കുഴപ്പമെന്ത്?. പ്രാദേശിക വൈവിദ്ധ്യങ്ങൾ അംഗീകരിക്കാം.

എന്നാൽ വിശ്വാസപരമായ, അടിസ്ഥാനപരമായ മാറ്റങ്ങൾ പരി. സുന്നഹദോസിന്റെ തീരുമാനപ്രകാരം പരി.ബാവാതിരുമേനിയുടെ കല്പന മൂലം സഭയാകമാനം അംഗീകരിക്കണം. വിശ്വാസപരമായ കാര്യങ്ങളിൽ അവ്യക്തതയും പ്രദേശികതയും പാടില്ല. അതിൽ വ്യക്തതയും ദൃഡതയും ആയ ഏക തീരുമാനം മാത്രം. അല്ലാത്തപക്ഷം ഭദ്രാസനങ്ങൾ കൊച്ചുനാട്ടുരാജ്യങ്ങളായി മാറും. അത് അനുവദനീയമല്ല. നിയമം പാലിക്കപ്പെടുമ്പോൾ ഒരു തിരുമേനിക്കും, വൈദീകനും, അൽ്മായനും വേദനിക്കില്ല. ലംഘിക്കപ്പെടുമ്പോൾ വേദന ആ വ്യക്തിക്ക് കാണും. ആരുടേയും സ്വകാര്യജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടമോ, മാനസികരോഗമോ അല്ല മറിച്ച് എന്റെ സ്വന്തം സഭയോടുള്ള അതി തീവ്രമായ വൈകാരിക ഭാവം മൂലം സഭക്ക് അപമാനമുണ്ടാകരുത് എന്ന ചിന്ത മാത്രം.

പരി. സഭ ഒരിക്കലും അപമാനിക്കപ്പെടരുത്. അതുകൊണ്ട് തെറ്റുകൾ ആവർത്തിച്ചുകൊള്ളട്ടെ ഒരിക്കലും പരസ്യമാകരുത് എന്ന് ചിന്തിക്കരുത്. വസ്തുതകൾ യഥാവിധി ബോധ്യപ്പെടുകയും അവ തെറ്റാണെന്ന് വിളിച്ചുപറയുകയും ചെയ്യുന്ന യഥാർത്ഥ സഭാ സ്നേഹികളെ താറടിക്കരുത്. നമുക്ക് സഭയുടെ ഉന്നതിക്കായി പ്രയത്നിക്കാം. പിതാക്കന്മാരെ ആദരിക്കാം. ഓരോരുത്തർക്കും പരസ്പരം ബഹുമാനിക്കാം. വി.മാർത്തോമ്മ ശ്ലീഹായുടെ സിംഹാസനത്തിൻ കീഴിൽ ഒന്നായി പരി.പൗലോസ് ദ്വിതീയൻ ബാവായോട് ചേർന്ന് അണിനിരക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP