Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഗസ്ത്യാർകൂടത്തിന്റെ നെറുകയിലെത്തിയ ആദ്യ വനിത ധന്യാ സനൽ എന്ന് ഘോഷിക്കാൻ വരട്ടെ! 20 വർഷം മുമ്പ് ചരിത്രം കുറിച്ചത് കോട്ടയംകാരി വത്സമ്മയും തിരുവനന്തപുരം സ്വദേശി പ്രസന്നയും; ഇരുവരും മല കയറിയത് സഹസ്രാബ്ദ സാഹസികയാത്രയുടെ ഭാഗമായി 35 അംഗസംഘത്തിനൊപ്പം; വിവരം വെളിപ്പെടുത്തിയത് അന്നത്തെ ജാഥാക്യാപ്റ്റൻ ചന്ദ്രകുമാർ ജെ.പി; മാധ്യമങ്ങളുടേത് വെറും തള്ള് മാത്രമെന്നും ജെപി

അഗസ്ത്യാർകൂടത്തിന്റെ നെറുകയിലെത്തിയ ആദ്യ വനിത ധന്യാ സനൽ എന്ന് ഘോഷിക്കാൻ വരട്ടെ! 20 വർഷം മുമ്പ് ചരിത്രം കുറിച്ചത് കോട്ടയംകാരി വത്സമ്മയും തിരുവനന്തപുരം സ്വദേശി പ്രസന്നയും; ഇരുവരും മല കയറിയത് സഹസ്രാബ്ദ സാഹസികയാത്രയുടെ ഭാഗമായി  35 അംഗസംഘത്തിനൊപ്പം; വിവരം വെളിപ്പെടുത്തിയത് അന്നത്തെ ജാഥാക്യാപ്റ്റൻ ചന്ദ്രകുമാർ ജെ.പി; മാധ്യമങ്ങളുടേത് വെറും തള്ള് മാത്രമെന്നും ജെപി

പി.വിനയചന്ദ്രൻ

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി അഗസ്ത്യാർകൂടം കയറിയ വനിത പ്രതിരോധവക്താവ് ധന്യാസനലാണെന്ന മാധ്യമങ്ങളുടെ കണ്ടെത്തൽ തെറ്റന്ന് വെളിപ്പെടുത്തൽ. 20 വർഷം മുമ്പ് അഗസത്യാർകൂടത്തിൽ രണ്ട് സ്ത്രീകൾ കയറിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. കോട്ടയംകാരി വത്സമ്മയും തിരുവനന്തപുരംകാരി പ്രസന്നയ്ക്കുമൊപ്പം അന്ന് അഗ്സത്യാർമലയിലെത്തിയ തിരുവനന്തപുരം സ്വദേശി ചന്ദ്രകുമാർ.ജെ.പിയാണ് തെളിവുകൾ നിരത്തി മാധ്യമങ്ങളുടെ കണ്ടെത്തലിനെ ഖണ്ഡിക്കുന്നത്. യാഥാർത്ഥ്യം മനസിലാക്കാതെ മാധ്യമങ്ങൾ ഇപ്പോൾ നടത്തുന്നത് വെറും തള്ളൽ മാത്രമാണെന്നും ചന്ദ്രകുമാർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോർഡ്, നാഷണൽ അഡ്വഞ്ചർ അക്കാഡമി, വനം വകുപ്പ് , വിനോദ സഞ്ചാര വകുപ്പ് എന്നിവരുടെ സഹകരണത്തോടെ 1999 ഏപ്രിൽ 26ന് സംഘടിപ്പിച്ച സഹസ്രാബ്ദ സാഹസിക യാത്രയുടെ ഭാഗമായാണ് ആദ്യമായി സ്ത്രീകൾ അഗസ്ത്യാർമലയിലെത്തിയത്. അന്നത്തെ സ്പീക്കർ എം.വിജയകുമാർ നെയ്യാർ ഡാമിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്ത യാത്രയുടെ ക്യാപ്റ്റനായിരുന്നു ചന്ദ്രകുമാർ. തിരുവനന്തപുരം മുതൽ കാസർകോഡ് ജില്ലയിലെ പാണത്തൂർ വരെ കാട്ടിലൂടെ കാൽനടയായി 36 ദിവസമെടുത്താണ് യാത്ര പൂർത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു. സഖാവ് പി.ഗോവിന്ദപിള്ള ഇടമലയാർ മുതൽ തട്ടേക്കാട് വരെയും, സ്പോർട്ട്സ് ഡയറക്ടർ കിഷോർ, മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ എന്നിവർ തിരുനെല്ലിയിൽ നിന്ന് പക്ഷിപാതാളം വഴി ആറളത്തേയ്ക്കും തങ്ങളോടൊപ്പം യാത്ര ചെയ്തെന്നും ചന്ദ്രകുമാർ വിശദീകരിക്കുന്നു. ഇതോടെ മാധ്യമങ്ങളുടെ വാദങ്ങൾ പൊളിയുകയാണ്. അഗസ്ത്യമലയിൽ ആദ്യമായെത്തിയെന്ന ബഹുമതിക്ക് ധന്യാ സനൽ അർഹയല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ചന്ദ്രകുമാർ ജെ.പിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


ധന്യ അല്ല അഗസ്ത്യകൂടത്തിന്റെ നെറുകയിൽ എത്തുന്ന ആദ്യ വനിത!

മാധ്യമങ്ങളുടെ ഒരു തള്ളൽ! അത്ര മാത്രം!

1999 ഏപ്രിൽ 26ാം തീയതി അന്നത്തെ സ്പീക്കർ എം.വിജയകുമാർ നെയ്യാർ ഡാമിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത ഒരു യാത്രയുണ്ടായിരുന്നു! സഹസ്രാബ്ദ സാഹസിക യാത്ര! സംസ്ഥാന യുവജനക്ഷേമ ബോർഡ്, നാഷണൽ അഡ്വഞ്ചർ അക്കാഡമി, വനം വകുപ്പ് , വിനോദ സഞ്ചാര വകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് ആ യാത്ര സംഘടിപ്പിച്ചത്.

ആ യാത്രയുടെ ക്യാപ്റ്റൻ ഞാനായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോഡ് ജില്ലയിലെ പാണത്തൂർ വരെ കാട്ടിലൂടെ കാൽനടയായി 36 ദിവസമെടുത്ത യാത്ര!

ആ യാത്രയ്ക്കടയിൽ അഗസ്ത്യകൂടവും ഞങ്ങൾ സന്ദർശിച്ചിച്ചു. യാത്രയുടെ ആരംഭത്തിൽ 35 പേർ ഉണ്ടായിരുന്നു. 2 വനിതകളും കോട്ടയംകാരി വത്സമ്മയും, തിരുവനന്തപുരത്തുള്ള പ്രസന്നയും. പാണത്തൂർ എത്തുമ്പോൾ 21 പേർ യാത്രാ സംഘത്തിൽ അവശേഷിച്ചു. വിജയരമായി ആ ട്രക്കിങ് പൂർത്തീകരിച്ചവരിൽ വത്സമ്മയും പ്രസന്നയും ഉണ്ടായിരുന്നു.

സ.പി.ഗോവിന്ദപിള്ള ഇടമലയാർ മുതൽ തട്ടേക്കാട് വരെയും, സ്പോർട്ട്സ് ഡയറക്ടർ കിഷോർ, മാധ്യമ പ്രവർത്തകൻ എം.ജി.. രാധാകൃഷ്ണൻ എന്നിവർ തിരുനെല്ലിയിൽ നിന്ന് പക്ഷിപാതാളം വഴി ആറളത്തേയ്ക്കും ഞങ്ങളോടൊപ്പം യാത്ര ചെയ്തു.

അപ്പോൾ ധന്യ അല്ല അഗസ്ത്യക്കുടത്തേക്ക് ട്രക്ക് ചെയ്യുന്ന ആദ്യ വനിത. ഞങ്ങളുടെ യാത്രയ്ക്ക് ശേഷം നിരവധി സഹസികരായ യുവതികൾ അഗസ്ത്യകൂടത്തിന്റെ നെറുകയിൽ എത്തിയിട്ടുണ്ട്!

തിങ്കളാഴ്ച യാത്ര തുടങ്ങിയ ആദ്യസംഘത്തിലായിരുന്നു ധന്യയും ഉൾപ്പെട്ടിരുന്നത്. ഇതോടെ കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസറുമായ ധന്യ സനലാണ് അഗസ്ത്യാർകൂടത്തിലെ ആദ്യട്രക്കിങ് സംഘത്തിലെ ഏക വനിതയെന്ന വാർത്തകൾ പരക്കുകയായിരുന്നു.മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യമലയിൽ ട്രക്കിങ് അനുവദിച്ചിരിക്കുന്നത്. നൂറ് സ്ത്രീകളാണ് ആദ്യസീസണിൽ ട്രക്കിംഗിന് ബുക്ക് ചെയ്തിട്ടുണ്ട്. 4700 പേരാണ് ആകെ ബുക്ക് ചെയ്തിരിക്കുന്നത്.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്കും അഗസ്ത്യമല കയറാമെന്ന് ഈവർഷം സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.

ആചാരങ്ങളുടെ പേരിൽ സ്ത്രീകൾക്ക് വിലക്കില്ലായിരുന്നുവെങ്കിലും പൊതുവെ അഗസ്ത്യ മലയിലേക്ക് സ്ത്രീകൾക്ക് അനുവാദം നൽകാറില്ലായിരുന്നു. കിലോമീറ്ററുകളോളം ചെങ്കുത്തായ മലകളും വന്യമൃഗങ്ങളും നിറഞ്ഞ യാത്ര ആയതുകൊണ്ട് സ്ത്രീകൾ താൽപര്യം പ്രകടിപ്പിക്കുന്നതും കുറവായിരുന്നു. എന്നാൽ കുറേ വർഷങ്ങളായി സാഹസികയാത്ര ഇഷ്ടപ്പെടുന്ന സ്ത്രീ സംഘങ്ങൾ നടത്തുന്നനിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവിനിടയാക്കിയത്. എന്നാൽ ഇതിനും വർഷങ്ങൾക്ക് മുന്മ്പ് സ്ത്രീകൾ കറിയെന്ന വാദം പുതിയ ചർച്ചകൾക്ക് വരും ദിവസങ്ങളിൽ വഴിയൊരുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP