Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്‌ളൈൻഡിന് ബിരിയാണി തിന്നാനല്ല സർക്കാരിന്റെ പൈസയെന്ന് പറഞ്ഞ് സംഘടനാ നേതാക്കളെ തിരിച്ചയച്ച സംഭവം വിവാദമായതോടെ മറുപടിയുമായി സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി; ആക്ഷേപം തെറ്റെന്നും സംഘടന ചിട്ടിപ്പിരിവ് വരെ നടത്തുന്നെന്നും നൽകിയ പണത്തിന്റെ ഉപയോഗത്തെ പറ്റി വകുപ്പിന്റെ കയ്യിൽ ഒരു കണക്കുമില്ലെന്നും ബിജു പ്രഭാകർ; വകുപ്പ് സെക്രട്ടറി കാര്യമറിയാതെ പച്ചക്കള്ളമാണ് തട്ടിവിടുന്നതെന്ന് ആരോപണങ്ങൾക്ക് മറുപടി എണ്ണിയെണ്ണി പറഞ്ഞ് സംഘടനയും

ബ്‌ളൈൻഡിന് ബിരിയാണി തിന്നാനല്ല സർക്കാരിന്റെ പൈസയെന്ന് പറഞ്ഞ് സംഘടനാ നേതാക്കളെ തിരിച്ചയച്ച സംഭവം വിവാദമായതോടെ മറുപടിയുമായി സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി; ആക്ഷേപം തെറ്റെന്നും സംഘടന ചിട്ടിപ്പിരിവ് വരെ നടത്തുന്നെന്നും നൽകിയ പണത്തിന്റെ ഉപയോഗത്തെ പറ്റി വകുപ്പിന്റെ കയ്യിൽ ഒരു കണക്കുമില്ലെന്നും ബിജു പ്രഭാകർ; വകുപ്പ് സെക്രട്ടറി കാര്യമറിയാതെ പച്ചക്കള്ളമാണ് തട്ടിവിടുന്നതെന്ന് ആരോപണങ്ങൾക്ക് മറുപടി എണ്ണിയെണ്ണി പറഞ്ഞ് സംഘടനയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കാഴ്ചാ പരിമിതിയുള്ളവരുടെ ക്ഷേമത്തിനായു്ള്ള ഗ്രാൻഡ് തടഞ്ഞതിന് ന്യായവുമായി സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസും അദ്ദേഹം പച്ചക്കള്ളങ്ങളാണ് ഗ്രാൻഡ് നിഷേധിച്ചതിന് ന്യായംപറയുന്നതെന്ന് വ്യക്തമാക്കി കേരള ഫെഡറേഷൻ ഓഫ് ദ ബ്‌ളൈൻഡ് നേതാക്കളും.

തങ്ങൾക്കുള്ള ഗ്രാൻഡ് നിഷേധിച്ചുവെന്നും ഇക്കാര്യം തിരക്കാൻ എത്തിയപ്പോൾ ഭാരവാഹികളോട് ബ്‌ളൈൻഡിന് ബിരിയാണി തിന്നുവാനല്ല സർക്കാരിന്റെ പൈസയെന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും ആരോപണം ഉയർന്നതോടെയാണ് ബിജു പ്രഭാകറിന്റെ വിശദീകരണവും അതിന് കാര്യങ്ങൾ അങ്ങനെയല്ലെന്നും സ്‌പെഷ്യൽ സെക്രട്ടറി പറയുന്നത് പച്ചക്കള്ളമാണെന്നും വ്യക്തമാക്കി സംഘടനയും എത്തിയിട്ടുള്ളത്. ഇതോടെ വിഷയം വലിയ ചർച്ചയായി മാറുകയാണ്. മന്ത്രി കെകെ ശൈലജയുടെ ചുമതലയിലുള്ള വകുപ്പിനെതിരെയാണ് കാഴ്ച പരിമിതരുടെ ക്ഷേമത്തിനായുള്ള ഫണ്ട് തടഞ്ഞുവെന്ന ആക്ഷേപം ഉയരുന്നത്. അതും ബാലിശമായ കാരണങ്ങൾ പറഞ്ഞുകൊണ്ടാണെന്ന് ഫെഡറേഷൻ ആരോപിക്കുന്നു.

അന്ധർക്ക് ബിരിയാണി തിന്നുവാനല്ല സർക്കാർ പൈസയെന്ന് അപമാനിച്ചതിന് എതിരെ മുഖ്യമന്ത്രിക്കും സംഘടന പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടന കണക്കുകൾ കൃത്യമായി സമർപ്പിച്ചില്ലെന്നും ചിട്ടിപ്പിരിവ് നടത്തുകയാണെന്നുമെല്ലാം തിരികെ ആക്ഷേപം ഉന്നയിച്ചും തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് വിശദീകരിച്ചും ബിജു പ്രഭാകർ തന്നെ രംഗത്തെത്തിയത്. എന്നാൽ ബിജു പ്രഭാകർ പറഞ്ഞ കാര്യങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി അക്കമിട്ട മറുപടിയുമായാണ് സംഘടനയുടെ പ്രതികരണം. ഇതോടെ 2007ൽ ഇടതു സർക്കാർ തന്നെ കാഴ്ചാ പരിമിതരുടെ ക്ഷേമത്തനായി തുടങ്ങിയ ഇൻസൈറ്റ് പദ്ധതിയെ ചൊല്ലി വിവാദങ്ങൾ ശക്തമാകുകയാണ്.

ഇൻസൈറ്റ് പദ്ധതിയുടെ പ്രവർത്തനം നിലച്ചതോടെ അതിനെ പുനരുജ്ജീവിപ്പിക്കണമെന്നും നൂറുകണക്കിന് കാഴ്ച പരിമിതർക്ക് പ്രയോജനകരമായ പദ്ധതി ഇല്ലാതാക്കരുതെന്നും അപേക്ഷിക്കാനാണ് ഫെഡറേഷൻ നേതാക്കൾ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറിനെ ചെന്നു കണ്ടത്. അപ്പോഴാണ് ഫണ്ടിന്റെ വിനിയോഗം തോന്നിയതുപോലെയാണെന്നും മറ്റും പറയുകയും ബ്‌ളൈന്റിന് ബിരിയാണിക്കല്ല സർക്കാർ പണമെന്ന് പറഞ്ഞ് അപമാനിച്ചയക്കുകയും ചെയ്തതെന്നാണ് ആക്ഷേപം. 11 മാസക്കാലമായി മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് ഗ്രാന്റ് തടഞ്ഞിരിക്കുകയാണെന്നും കാഴ്ച പരിമിതിയുള്ള നൂറുകണക്കിന് മുതിർന്നവർക്കുള്ള ക്ഷേമ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ പഠനവുമുൾപ്പെടെ മുടങ്ങുന്നെന്നും കാട്ടിയായിരുന്നു സംഘടനയുടെ പരാതി. സ്‌പെഷ്യൽ സെക്രട്ടറിയുടെ മോശം പ്രതികരണം മന്ത്രിയുടെ ഓഫീസിലെ ഉന്നതനെ അറിയിച്ചെങ്കിലും അത് കാര്യമാക്കേണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

എന്നാൽ ഈ വിഷയം മറുനാടൻ വാർത്തയാക്കിയതോടെയാണ് ബിജു പ്രഭാകർ മറുപടിയുമായി എത്തുന്നത്. സംഘടന ചിട്ടിക്കമ്പനി പിരിവ് പോലും അനധികൃതമായി നടത്തുന്നെന്നും ഇൻസൈറ്റ് പദ്ധതിക്കായി വിനിയോഗിച്ച പണം എങ്ങനെ ചെലവഴിച്ചെന്നും ആർക്കൊക്കെ പ്രയോജനം ലഭിച്ചെന്നും സാമൂഹ്യനീതി വകുപ്പിന്റെ കയ്യിൽ യാതൊരു രേഖയുമില്ലെന്നും ഇതിനായി ജനുവരിയിൽ തന്നെ കത്തുകൊടുത്തെങ്കിലും ഇന്നുവരെ ഡയറക്ടർ തൃപ്തികരമായ മറുപടി നൽകിയില്ലെന്നുമാണ് ബിജു പ്രഭാകർ നൽകുന്ന വിശദീകരണം. ഇതിന് പുറമെ ചിട്ടിപ്പിരിവ് നടത്തുന്നെന്നും മറ്റൊരു ആരോപണവും.

2001-2006ൽ ബിജു പ്രഭാകറിന്റെ സേവനം വിദ്യാഭ്യാസ വകുപ്പിലായിരുന്നു. അക്കാലത്ത് സ്‌കൂൾ കുട്ടികളുടെ 'വാക് ഫോർ ദ ബ്‌ളൈൻഡ് എന്ന പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ അസോസിയേഷൻ പണം വിനിയോഗം ചെയ്തതായി ആരോപണം ഉണ്ടായിരുന്നെന്നും അതിനെ കുറിച്ച് ചോദിച്ചപ്പോഴും ഭാരവാഹികൾ വ്യക്തമായ മറുപടി നൽകിയില്ലെന്നും എല്ലാമാണ് ബിജു പ്രഭാകർ സംഘടനയ്‌ക്കെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ. ഇതെല്ലാം കാരണമാണ് ഫണ്ട് നൽകൽ താൽക്കാലികമായി തടഞ്ഞതെന്നും വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വിശദീകരിക്കുന്നു. 2013 മുതൽ 2017 വരെ ആകെ 1.13 കോടി രൂപ ഫെഡറേഷൻ ഓഫ് ദ ബ്‌ളൈൻഡിന് സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഒരു കണക്കും വകുപ്പിന്റെ കയ്യിലില്ലെന്നാണ് ബിജു പ്രഭാകർ പറയുന്നത്.

എന്നാൽ ഈ ആരോപണങ്ങളെയെല്ലാം അക്കമിട്ട് നിരത്തി നിഷേധിക്കുകയാണ് സംഘടന. ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ ഫെഡറേഷൻ ഓഫ് ദ ബ്‌ളൈൻഡ് എന്ന സംഘടന നടത്തിയ പിരിവിനെ കേരള ഫെഡറേഷൻ നടത്തിയ പിരിവെന്ന് തെറ്റിദ്ധരിച്ചാണ് ബിജു പ്രഭാകർ ഇത്തരത്തിൽ നിലപാടെടുത്തതെന്നും എല്ലാ കണക്കും ഏതെല്ലാം ഉദ്യോഗസ്ഥർക്കാണ് നൽകിയിട്ടുള്ളതെന്നും വ്യക്തമായി രേഖപ്പെടുത്തിയാണ് സംഘടനയുടെ മറുപടി. ഇതോടെ വിഷയം വലിയ ചർച്ചയാവുകയാണ്. സംഘടന നൽകുന്ന വിശദീകരണത്തിൽ നിന്നുതന്നെ അവർ കൃത്യമായി സാമൂഹ്യനീതി വകുപ്പിന് കണക്കുകൾ നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഇക്കാര്യം കൃത്യമായി ഓഡിറ്റ് ചെയ്യേണ്ടത് വകുപ്പുതന്നെ ആണെന്നിരിക്കെ സംഘടനയുടെ പേരിൽ പഴിചാരുന്നതാണ് ചർച്ചയാകുന്നത്. ഇരു കൂട്ടരൂടെയും പ്രതികരണങ്ങൾ താഴെ:

സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ നൽകിയ പ്രസ്താവന ഇങ്ങനെ

സാമൂഹിക നീതി വകുപ്പുമായി ചേർന്നു കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റ് നടത്തുന്ന ഇൻസൈറ്റ് പദ്ധതി നിലച്ചുപോയെന്നും അവരോട് മോശമായി പെരുമാറിയെന്നും പറഞ്ഞ് ഓൺലൈനിലും അല്ലാതെയും എനിക്കെതിരെ പ്രചാരണം നടത്തുന്നതായി എന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. യഥാർത്ഥ വസ്തുതകൾ അറിയാതെയുള്ളതാണ് ഇത്തരം പ്രചാരണങ്ങൾ.

കാഴ്ച പരിമിതിയുള്ളവരെ ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്താൽ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ഇൻസൈറ്റ്. കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റ് എന്ന സംഘടനയ്ക്കാണ് ഈ പ്രവർത്തനങ്ങളുടെ നടത്തിപ്പ് ചുമതല കഴിഞ്ഞ മൂന്നു വർഷമായി വകുപ്പ് നൽകിയത്. കാഴ്ച പരിമിതി സംഭവിച്ചവർക്ക് വിവര സാങ്കേതിക വിദ്യാഭ്യാസം, വിവര സാങ്കേതിക മേഖലയുടെ സഹായത്തോടെയുള്ള തൊഴിൽ പരിശീലനം മുതലായ ലക്ഷ്യങ്ങൾക്കായി ആരംഭിച്ച ഇൻസൈറ്റിനായി സോഫ്റ്റുവെയർ ഡെവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമുകൾ, റിസർച്ച്, മേഖല യൂണിറ്റുകൾ സ്ഥാപിക്കുക, പദ്ധതിയുടെ ഭരണ നിർവഹണ ചെലവുകൾ എന്നീ വിവിധ ആവശ്യങ്ങൾക്കായി 2013-14 വർഷത്തിൽ 21,66,000 രൂപയും 2014-15 വർഷത്തിൽ 47,35,417 രൂപയും 2016-17 വർഷത്തിൽ 44,95,819 രൂപയും ചേർത്ത് ആകെ 1,13,97,236 രൂപയാണ് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈന്റിന് കേരള സർക്കാർ അനുവദിച്ചത്.

പദ്ധതിക്കായി 2017-18ൽ വീണ്ടും 53 ലക്ഷം രൂപ അനുവദിക്കണം എന്ന് നിർദ്ദേശിച്ചു കൊണ്ട് സ്പെഷ്യൽ സെക്രട്ടറി അധ്യക്ഷനായ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഫയൽ വന്നപ്പോൾ ഉന്നയിച്ചൊരു കാര്യം ഈ പദ്ധതികൊണ്ട് ഇതിനകം എത്ര അന്ധരായവർക്കു പ്രയോജനം ലഭിച്ചു എന്നതാണ്. പദ്ധതിയുടെ നേട്ടങ്ങളെ സംബന്ധിച്ച വിശകലനം സാമൂഹ്യനീതി വകുപ്പ് ഏതെങ്കിലും കാലത്ത് നടത്തിയിട്ടുണ്ടോ എന്നും ഞാൻ ചോദിച്ചു. ഇല്ല എന്നാണ് ഉദ്യോഗസ്ഥർ തന്ന മറുപടി. ഇന്നുവരെ ഒരു പഠനം നടത്തിയിട്ടില്ല എന്നു മാത്രമല്ല എത്ര പേർക്ക് പ്രയോജനം ലഭിച്ചു എന്നതിനെപ്പറ്റി വകുപ്പിന്റെ കൈയിൽ യാതൊരു രേഖയുമില്ല. ഇതിനെപ്പറ്റി വിശദമായ റിപ്പോർട്ട് തരണമെന്ന് പറഞ്ഞ് തീരുമാനം മാറ്റിവയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. അതനുസരിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കു ജനുവരി മാസത്തിൽ തന്നെ കത്തുകൊടുത്തെങ്കിലും ഇന്നുവരെ ഡയറക്ടർ തൃപ്തമായ മറുപടി തന്നിട്ടില്ല.

വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ പ്രൊപോസൽ അംഗീകരിച്ചില്ല എന്നറിഞ്ഞു കൊണ്ട് അസോസിയേഷൻ ഭാരവാഹികൾ കുറെ അധികം വൗച്ചറുകൾ കൊണ്ട് കാണിക്കുകയുണ്ടായി. വൗച്ചറുകൾ അല്ല കാണേണ്ടതെന്നും ഈ പദ്ധതികൊണ്ട് ജീവിത നിലവാരം ഉയർന്ന അല്ലെങ്കിൽ ജീവിതത്തിൽ സ്വന്തം കാലിൽ നില്ക്കാൻ സാധിച്ച അന്ധരായ ഗുണഭോക്താക്കളുടെ വിവരങ്ങൾ നല്കാൻ ആവശ്യപ്പെട്ടെങ്കിലും ഒരാളുടെ പേരുപോലും അറിയിച്ചില്ല. ഇതുകൂടാതെ 2001-06 കാലഘട്ടത്തിൽ ഞാൻ വിദ്യാഭ്യാസ വകുപ്പിൽ സേവനമനുഷ്ടിക്കവേ സ്‌കൂൾ കുട്ടികളുടെ വാക് ഫോർ ദ ബ്ലൈന്റ്  എന്ന പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ അസോസിയേഷൻ പണം വിനിയോഗം ചെയ്തതിനെ കുറിച്ച് ഉണ്ടായ പരാതികളെ പറ്റിയും ചോദിക്കുകയുണ്ടായി. അതിനും വ്യക്തമായ മറുപടി ലഭിച്ചില്ല.

നിലവിലിപ്പോൾ, 1978 ലെ പ്രൈസ് ചിറ്റ്സ് & മണി സർക്യുലേഷൻ സ്‌കീം ആക്ട് സെക്ഷൻ പ്രകാരം ഫെഡറേഷൻ ഓഫ് ദ ബ്ലൈന്റിന് ചിട്ടി ഫണ്ട് പിരിക്കാൻ അധികാരമില്ലാതിരുന്നിട്ടു പോലും വളരെയധികം തുക പിരിവ് നടത്തുന്നുവെന്ന് പറഞ്ഞ് ആഭ്യന്തര വകുപ്പ് ഒരു അന്വേഷണം (CBCID Crime No. 414/CR/EOW-III/KKD/2010) നടത്തുന്നുണ്ട്. ടാക്സസ് ഡിപ്പാർട്ട്മെന്റ്നോടും ഐജി ഓഫ് രജിസ്ട്രേഷനോടും വിശദമായി അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് ഇപ്പോൾ ഉത്തരവിട്ടിട്ടുണ്ട്.

ഈ സംഘടന അനധികൃതമായി പണം ധൂർത്തടിച്ച് ഇൻസൈറ്റ് പദ്ധതിയുടെ പേരിൽ നിയമനം നടത്തുന്നു എന്ന രീതിയിൽ ആരോപണം ഉന്നയിച്ചു സെക്രട്ടറിക്കും മന്ത്രിക്കും വിവിധ പരാതികൾ ലഭിച്ചിട്ടുണ്ട്. ലഭിച്ച പരാതിയിൽ വ്യാപകമായ ക്രമക്കേടാണ് ചൂണ്ടിക്കാണിക്കുന്നത്. സ്വന്തം ആസ്ഥാന കെട്ടിടത്തിന്റെ വാടക പോലും ഇതിൽ നിന്നും എഴുതിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. കേവലം നാലായിരം പേരുള്ള ഈ സംഘടനയ്ക്ക് മാത്രം തുക കൊടുക്കാതെ കേരളത്തിലെ അന്ധരായ എല്ലാവർക്കും പ്രയോജനം കിട്ടുന്ന രീതിയിൽ പണം വിനിയോഗിക്കണം എന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

വിവിധ പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും മുമ്പത്തെ വർഷങ്ങളിൽ നൽകിയ 1.13 കോടി രൂപ കൊണ്ട് എത്ര പേരുടെ ജീവിത നിലവാരം ഉയർന്നിട്ടുണ്ടെന്നും എത്ര പേർക്ക് ഈ പദ്ധതി കൊണ്ട് സ്വന്തം കാലിൽ നിൽക്കാൻ സാധിച്ചുവെന്നും മാത്രമാണ് വിശദമായി അന്വേഷിക്കാൻ ഡയറക്ടറോട് ആവശ്യപ്പെട്ടത്. പദ്ധതി പ്രയോജനമുള്ളതാണോ അല്ലയോ എന്നറിഞ്ഞാൽ മാത്രമേ വീണ്ടും തുക അനുവദിക്കാനാവൂ. ഒരു പദ്ധതിക്ക് സർക്കാർ പണം കൊടുക്കുമ്പോൾ കൊടുക്കുന്ന ഓരോ തുകയും അതിന്റെ ശരിക്കുമുള്ള ഗുണഭോക്താവിന് പ്രയോജനം ലഭിച്ചിട്ടുണ്ടോയെന്നറിയണം. ഈ സാഹചര്യത്തിൽ സർക്കാർ പണം നൽകുമ്പോൾ സ്വാഭാവികമായും അന്വേഷിച്ച് മാത്രമേ തുക നൽകാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ ഉദ്യോഗസ്ഥനെന്ന നിലയിൽ ഞാൻ ഉത്തരം പറയേണ്ടിവരും. അനുകൂല റിപ്പോർട്ട് കിട്ടായാൽ തുക നൽകുന്നതിനും തടസമില്ല.

വസ്തുതകൾ ഇതായിരിക്കെ സമ്മർദം ചെലുത്തി തുക വാങ്ങാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. അന്വേഷണ റിപ്പോർട്ട് കിട്ടുന്നതിന് മുമ്പ് ഈ തുക അനുവദിക്കാൻ സാധിക്കില്ല. ഇത് സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതിയാണ്. ഈ പദ്ധതി നടത്താൻ ഇവർ യോഗ്യരല്ലെന്നുള്ള റിപ്പോർട്ട് ലഭിച്ചാൽ സാമൂഹ്യ നീതി വകുപ്പ് നേരിട്ടോ മറ്റേജൻസികൾ മുഖാന്തിരമോ പദ്ധതി നടപ്പാക്കുന്നതാണ്.

ബിജു പ്രഭാകർ ഐഎഎസ് (സ്്‌പെഷ്യൽ സെക്രട്ടറി, സാമൂഹ്യനീതി, സ്ത്രീ ശിശു വികസന വകുപ്പുകൾ)

കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ പ്രതികരണം

സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ശ്രീ ബിജു പ്രഭാകറിന്റേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പ്രസ്താവന ശ്രദ്ധയിൽപെട്ടു. ഇതിൽ കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് എന്ന ഞങ്ങളുടെ സംഘടനയെപ്പറ്റി ചില ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതിനാൽ സത്യാവസ്ഥ സമൂഹത്തെ അറിയിക്കുന്നതിനായാണ് ഞങ്ങളുടെ ഈ കുറിപ്പ്. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങളും, അതിനോടുള്ള ഞങ്ങളുടെ വിശദീകരണവും താഴെ ചേർക്കുന്നു.

1. പ്രൈസ് ചിറ്റ്സ് & മണി സർക്യുലേഷൻ സ്‌കീം ആക്ട് സെക്ഷൻ പ്രകാരം ഫെഡറേഷൻ ഓഫ് ദ ബ്ലൈന്റിന് ചിട്ടി ഫണ്ട് പിരിവിനെ പറ്റിയുള്ള ഇദ്ദേഹത്തിന്റെ ആരോപണം:

ഞങ്ങളുടെ സംഘടന ഒരു രൂപ എങ്കിലും ഈ ഇനത്തിൽ പിരിച്ചിട്ടുണ്ടെന്ന് തെളിയിക്കാൻ ഞങ്ങൾ ഇദ്ദേഹത്തെ വളരെ വിനയത്തോടെ വെല്ലുവിളിക്കുന്നു. ഇദ്ദേഹം പറഞ്ഞത് കളവാണ്. അല്ലെങ്കിൽ 'നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്' എന്ന ഡൽഹിയിൽ രജിസ്റ്റർ ചെയ്ത സംഘടന വർഷങ്ങൾക്ക് മുൻപ് നടത്തിയ ഒരു മണി ചെയിൻ മോഡൽ പിരിവ്, സംഘടനകളുടെ പേരിലെ സാമ്യം കാരണം ഞങ്ങളാണെന്ന് ഇദ്ദേഹം തെറ്റിദ്ധരിച്ചതാകാം.

2. Walk for the Blind മായി ബന്ധപ്പെട്ട് ആരോപണം

2001-02 വർഷങ്ങളിൽ സർക്കാർ അനുമതിയോടെ (G.O (Rt) No. 1736/01/G.Edn) നടത്തിയ പരിപാടിയാണ് Sponsored walk for the service of the blind. ഈ പദ്ധതിയിലൂടെ പിരിഞ്ഞു കിട്ടിയ പണം കൊണ്ടാണ് ഇടുക്കി ജില്ലയിലെ കുടയത്തൂരിൽ ഒരു അന്ധവിദ്യാലയം ഞങ്ങൾ പണി നടത്തിയത്.

ഇതിന്റെ കണക്കുകൾ അന്ന് A.G ഓഡിറ്റിന് ഉൾപ്പടെ വിധേയമായാണ്. അവരുടെ ചോദ്യങ്ങൾക്ക് ഞങ്ങളുടെ വിശദീകരണം തൃപ്തികരമായതു കൊണ്ട് യാതൊരു തുടർന്നടപടിയും ഞങ്ങൾക്കെതിരെ ഉണ്ടായിട്ടില്ല. ഇതും ഇദ്ദേഹത്തിന് പരിശോധിക്കാവുന്നതാണ്. എന്നാൽ ഇപ്പോൾ ഇൻസൈറ്റ് പദ്ധതിയുടെ വിഷയം വന്നപ്പോൾ 17 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു പരിപാടി തടസ്സവാദമായി ഉന്നയിക്കുന്നത് ഇദ്ദേഹത്തിന് ഈ വിഷയത്തിലുള്ള പ്രത്യേക താൽപ്പര്യം ആണെന്നെ കരുതാൻ കഴിയൂ..

ഞങ്ങളോട് ഇങ്ങനെയൊക്കെയാണെങ്കിലും 2011-12-ൽ വിജിലൻസ് അന്വേഷണം നേരിടുകയും 2013 -ൽ ഫണ്ട് ക്രമക്കേട് ആരോപിച്ചു DYFI പ്രവർത്തകരും മറ്റും ഉപരോധിക്കുകയും ചെയ്ത മറ്റൊരു സ്ഥാപനത്തിന് ഇദ്ദേഹം സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ആയിരിക്കുമ്പോൾ തന്നെ ഫണ്ടിന് ഒരു തടസ്സവും വരുത്തിയിട്ടില്ല.

INSIGHT പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ

3) പദ്ധതിയുടെ നേട്ടങ്ങളെ സംബന്ധിച്ച വിശകലനം സാമൂഹ്യനീതി വകുപ്പ് ഏതെങ്കിലും കാലത്ത് നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നുള്ള ഉദ്യോഗസ്ഥരുടെ മറുപടി

ഇത് കളവാകാനേ വഴിയുള്ളു. അല്ലെങ്കിൽ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതായി കരുതേണ്ടി വരും. മൂന്നു തവണ സാമൂഹിക നീതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഞങ്ങൾ പദ്ധതി ഏറ്റെടുത്തപ്പോൾ മുതൽ പലപ്പോഴായി ഇൻസൈറ്റിന്റെ ഓഫീസിൽ ഇൻസ്‌പെക്ഷന് വരുകയും വളരെ വിശദമായ രീതിയിൽ ഞങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയുമുണ്ടായി. ഇൻസ്‌പെക്ഷന് വന്ന ഉദ്യോഗസ്ഥർ ഇവരൊക്കെയാണ്:

i) സുരേന്ദ്രകുമാർ കെ കെ (അഡിഷണൽ ഡയറക്ടർ)
ii) ശ്രീമതി ജലജ എസ് (അസിസ്റ്റന്റ് ഡയറക്ടർ)
iii) ശ്രീമതി സുന്ദരി സി (ജോയിന്റ് ഡയറക്ടർ), (ശ്രീ സ്റ്റീഫൻ, ശ്രീമതി രജിത എന്നിവരോടൊപ്പം)

4. എത്ര പേർക്ക് പ്രയോജനം ലഭിച്ചു എന്നതിനെപ്പറ്റി വകുപ്പിന്റെ കൈയിൽ യാതൊരു രേഖയുമില്ല എന്നുള്ള ഉദ്യോഗസ്ഥരുടെ മറുപടി: *

ഇതും കളവാണ്. ഇദ്ദേഹത്തിന്റെ പ്രസ്താവനയിൽ ഞങ്ങൾക്ക് തന്നതായി പറയുന്ന 1.13 കോടി രൂപ 9 ഗഡുക്കളായിട്ടാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഓരോ പുതിയ ഗഡു ലഭിക്കണമെങ്കിലും കരാർ പ്രകാരം അതിനു മുൻപുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളുടെയും ഗുണഭോക്താക്കളുടെയും വിശദശാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കേണ്ടതായുണ്ട്.

ഇദ്ദേഹത്തിന് മുൻപും ഈ വകുപ്പിന്റെ സെക്രട്ടറി, ഡയറക്ടർ തസ്തികകളിൽ വളരെ സമർത്ഥന്മാരായ ഉദ്യോഗസ്ഥരാണ് ഇരുന്നിട്ടുള്ളത്. ഇദ്ദേഹം പറയുന്നതുപോലെ ഗുണഭോക്താക്കളുടെ വിവരങ്ങൾ ഒന്നും നൽകാതെ വെറുതെ ഞങ്ങൾക്ക് പണം അവർ അനുവദിച്ചു നൽകുമെന്ന് എങ്ങനെ ഇദ്ദേഹത്തിന് തോന്നി എന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾ റിപോർട്ടുകൾ സമർപ്പിക്കുന്നത് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റിൽ H സെക്ഷനിലാണ്. ഇവിടെ വെറുതെ ഒരു ഫോൺ വിളിയിലൂടെ ഇദ്ദേഹത്തിന് സത്യാവസ്ഥ ബോധ്യപ്പെടാവുന്നതേയുള്ളു.

ഞങ്ങൾക്കെതിരെ ഒരു ആരോപണം ഉന്നയിക്കുന്നതിനായി റിപ്പോർട്ട് സമർപ്പിക്കാതെ ഫണ്ട് അനുവദിച്ചു എന്ന് പറഞ്ഞതിലൂടെ കഴിഞ്ഞ 5 വർഷം ഞങ്ങളുടെ ഫയലുകൾ കൈകാര്യം ചെയ്ത സാമൂഹ്യ നീതി വകുപ്പിലെ സെക്ഷൻ ക്ലാർക് മുതൽ വകുപ്പ് സെക്രട്ടറി വരെയുള്ളവരെ ഇദ്ദേഹം പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്.

5. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കു ജനുവരി മാസത്തിൽ തന്നെ കത്തുകൊടുത്തെങ്കിലും ഇന്നുവരെ ഡയറക്ടർ തൃപ്തമായ മറുപടി തന്നിട്ടില്ല എന്ന പരാമർശം

ജനുവരി മാസം കൊടുത്ത കത്തിന് 6 മാസമായിട്ടും മറുപടി കിട്ടിയില്ലെങ്കിൽ അത് ചോദിച്ചു വാങ്ങേണ്ട ഉത്തരവാദിത്വം മേലുദ്യോഗസ്ഥനുണ്ട്. അതോ ഇത് കുറച്ച് കാഴ്ചയില്ലാത്തവരുടെ കാര്യമായതുകൊണ്ട് പതിയെ മതി എന്ന് എല്ലാവരും വിചാരിച്ചോ എന്ന് അറിയില്ല. കേരളത്തിലെ കാഴ്ചയില്ലാത്തവർക്ക് ഈ പദ്ധതിയിൽ നിന്നും കിട്ടുന്ന സേവനം മറ്റൊരിടത്തും കിട്ടില്ലായെന്നിരിക്കെ ഇതിൽ കാണിച്ച അലംഭാവം ന്യായീകരിക്കാവുന്നതല്ല.

6. ഞങ്ങൾ വൗച്ചറുകളുമായി അദ്ദേഹത്തെ കാണാൻ ചെന്നു എന്ന ആപോപണം

ഇതും കളവാണ്. വർക്കിങ് ഗ്രൂപ്പ് കഴിഞ്ഞ് പ്രൊജക്റ്റ് പാസ്സാകാഞ്ഞതിന്റെ കാരണം അന്വേഷിക്കാൻ ഞങ്ങളുടെ പ്രതിനിധികൾ ഒരു ഫയലും ഇല്ലാതെയാണ് ഇദ്ദേഹത്തെ കാണുവാൻ ചെന്നത്. എന്നാൽ അന്നത്തെ സംസാരത്തിന്റെ ഇടയ്ക്ക് 'നിങ്ങൾ ആർക്കാനു സർവീസ് കൊടുത്തത്? എനിക്ക് ആരെയും അറിയില്ല' എന്ന് ഇദ്ദേഹം പറയുകയുണ്ടായി. അതുകൊണ്ട് തന്നെ ഞങ്ങൾ വിശദമായ റിപ്പോർട്ട് നൽകാമെന്ന് പറയുകയും
ഞങ്ങൾ വർഷങ്ങളായി സെക്ഷനിൽ സമർപ്പിക്കുന്ന ഗുണഭോക്താക്കളുടെ മുഴുവൻ ലിസ്റ്റും (അവരുടെ അഡ്രസ്, ഫോൺ നമ്പർ സഹിതം) വലിയ ഒരു പുസ്തകമായി സ്‌പൈറൽ ബൈൻഡ് ചെയ്ത് രണ്ടു ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹത്തെ വീണ്ടും ചെന്ന് കണ്ട് ഏൽപ്പിച്ചു. എന്നാൽ വൗച്ചറുകൾ ഞങ്ങൾ കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.

7. ഇൻസൈറ്റ് പദ്ധതിയുടെ നടത്തിപ്പിനായുള്ള വാടകയുമായി ബന്ധപ്പെട്ട ആക്ഷേപം

സർക്കാർ 2013-ൽ ഇൻസൈറ്റ് പദ്ധതി ഞങ്ങളെ ഏല്പിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവാണ് GO(Ms) No 61/2013/SJD (dtd 25-07-2013). ഈ ഉത്തരവിൽ വാടകയ്ക്കും കൂടിയാണ് പണം അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്നെയുമല്ല ഇത് സർക്കാർ ഞങ്ങളുടെ സംഘടനയ്ക്ക് വേണ്ടി നടത്തുന്ന പദ്ധതിയല്ല. കേരളത്തിലെ മുഴുവൻ കാഴ്ചാപരിമിതർക്കായി നടത്തുന്നതാണ്. അങ്ങനെ ഒരു പദ്ധതി നടത്താനായി നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു വലിയ ട്രെയിനിങ് ഹാളും, ഒരു റെക്കോർഡിങ് സ്റ്റുഡിയോയും ഉൾപ്പടെ 7 മുറികളാണ് ഞങ്ങൾ ഈ പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്. അത് മാത്രമല്ല ഇവിടെ ഉപയോഗിക്കപ്പെടുന്ന വൈദ്യുതിക്കും, വെള്ളത്തിനും പ്രത്യേകം ചാർജ് ഈടാക്കുന്നുമില്ല. പദ്ധതിയുടെ നടത്തിപ്പിനായി കൺസൾട്ടൻസി ചാർജും കൈപ്പറ്റുന്നില്ല.

8. പദ്ധതികൊണ്ടുള്ള പ്രയോജനം സംഘടനയുടെ അംഗങ്ങൾക്ക് മാത്രമാണെന്നുള്ള ആക്ഷേപം

വളരെ തെറ്റിധാരണ പരത്തുന്ന ഒരു കാര്യമാണ് ഇവിടെ ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇത് കേരളത്തിലെ കാഴ്ചയില്ലാത്ത മുഴുവൻ വ്യക്തികൾക്കായുള്ള സർക്കാരിന്റെ പദ്ധതിയാണെന്നുള്ള ഉത്തമ ബോധ്യം ഞങ്ങൾക്കുണ്ട്. ഒരു സർക്കാർ അംഗീകൃത വികലാംഗ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഏതൊരു കാഴ്ചാ പരിമിതിയുള്ള വ്യക്തിക്കും ഇവിടുത്തെ സേവനങ്ങൾ ലഭ്യമാണ്. അത് മാത്രമല്ല, മറ്റു സംഘടകളിലും, സഥാപനങ്ങളിലും ചെന്ന് നിരവധി പരിശീലന പരിപാടികൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളും ഞങ്ങൾ സമർപ്പിച്ച റിപ്പോർട്ടുകളിലുണ്ട്.

ഈ പദ്ധതികൊണ്ടുള്ള പ്രധാന ലക്ഷ്യം കാഴ്ചയില്ലാത്തവർക്ക് കമ്പ്യൂട്ടർ, സ്മാർട്‌ഫോൺ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകുക, അവർക്ക് വിവിധ തരത്തിലുള്ള സാങ്കേതിക സഹായം നൽകുക തുടങ്ങിയവയാണ്. കാഴ്ചാപരിമിതനായ ഒരു വ്യക്തിക്ക് തന്റെ നിത്യജീവിതത്തിൽ ഈ സാങ്കേതിക വിദ്യകൊണ്ട് ഉണ്ടാകുന്ന പ്രയോജനമെന്താണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്.

ഞങ്ങൾ പ്രധാനമായും 6 ആഴ്ചയുള്ള ഒരു കോഴ്‌സ് ആണ് തുടക്കക്കാർക്കായി നൽകുന്നത്. ഇവിടെ കാഴ്ചാപരിമിതി മാത്രമാണ് അഡ്‌മിഷനായുള്ള നിബന്ധന. വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പ്രായം ഒന്നും ഒരു തടസ്സമാകാറില്ല. സ്‌കൂൾ വിദ്യാഭ്യാസമില്ലാത്തവർ ഇവിടെ വന്ന് പരിശീലനം നേടിയിട്ടുണ്ട് . 70 വയസ്സോളം ഉള്ളവർ ഇവിടെ വന്നിട്ടുണ്ട്. ഇവരൊക്കെ ഇത് പഠിക്കുന്നത് ഒരു ജോലി ലഭിക്കുക എന്നുള്ള ഉദ്ദേശത്തിലല്ല. സാങ്കേതിക വിദ്യയിൽ കൂടുതൽ അധിസ്ഥിതമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് അർഥപൂർണമായ ഒരു ജീവിതം നയിക്കാൻ സാങ്കേതിക വിദ്യ അഭ്യസിച്ചാലേ കഴിയൂ എന്ന തിരിച്ചറിവാണ് അവരെ ഇവിടെ എത്തിക്കുന്നത്.

ഞങ്ങൾ സമർപ്പിച്ച പ്രൊപ്പോസലുകളിലും ഒപ്പിട്ട കരാറുകളിലും ഒന്നും ഇതൊരു തൊഴിലധിഷ്ഠിത കോഴ്‌സ് ആണെന്ന് അവകാശപ്പെട്ടിട്ടില്ല. ഇതിന്റെ പ്രയോജനം വിലയിരുത്തേണ്ടത് മറ്റു ചില തലങ്ങളിലാണ്. കാഴ്ചയുള്ള ഒരാളെ കമ്പ്യൂട്ടർ പഠിപ്പിച്ച് ജോലി കൊടുക്കുന്ന അർത്ഥത്തിൽ ഇത് കാണുന്നതുകൊണ്ടുള്ള പ്രശ്‌നമാണിത്. ഇതുകൊണ്ടുള്ള പ്രയോജനം കാഴ്ചയില്ലാത്ത ഒരാൾക്ക് തന്റെ കാഴ്ചാ പരിമിതി കൊണ്ട് ഉണ്ടാകുന്ന വെല്ലുവിളികളെ മറികടക്കുക എന്നതാണ്. കോഴ്‌സ് കൊണ്ട് ഉണ്ടായ പ്രയോജനം ഞങ്ങളുടെ ചില വിദ്യാർത്ഥികൾ പങ്ക് വയ്ക്കുന്ന വീഡിയോ 4 വർഷത്തോളം മുൻപ് യൂട്യൂബിൽ അപ്ലോഡ് ചെയ്തത് ഇവിടെ കാണാം (https://goo.gl/AErwLR). സാങ്കേതിക വിദ്യ അഭ്യസിക്കുന്നതിലൂടെ പുതിയ ഒരു മാനം കാഴ്ചയില്ലാത്ത ഒരാളുടെ ജീവിതത്തിനു കൈവരുന്നതായി കണ്ടു വരുന്നു. അത് വരെ നിസ്സാര കാര്യങ്ങൾക്കു വരെ മറ്റു പലരെയും ആശ്രയിക്കേണ്ട സാഹചര്യം മാറി കൂടുതൽ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ അദ്ദേഹം പ്രാപ്തനാകുന്നു. (ഉദാഹരണം സ്വന്തമായി പത്രം വായിക്കുക, ഒരു പുതിയ നമ്പർ ഫോണിൽ സേവ് ചെയ്യുക തുടങ്ങിയവ) എന്നാൽ ഇതിന്റെ അർഥം കേവലം 6 ആഴ്ച കൊണ്ട് ഒരു ഓഫീസിൽ ജോലി ചെയ്യാൻ പ്രാപ്തനാകുന്നു എന്നുള്ളതല്ല.

ഇത് കൂടാതെ കാഴ്ചയില്ലാത്തവർക്കായുള്ള തൊഴിലവസരങ്ങൾ പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് അവരെ അറിയിക്കുക, അതിനു അപേക്ഷിക്കുവാൻ താൽപര്യമുള്ളവർക്ക് വേണ്ടി അപേക്ഷ നൽകുക, ഹാൾ ടിക്കറ്റുകൾ എടുത്തു നൽകുക, പരീക്ഷകൾക്കായുള്ള ഓഡിയോ പുസ്തകങ്ങൾ, PSC വെരിഫിക്കേഷനായുള്ള ഡോക്യൂമെന്റുകൾ അപ്ലോഡ് ചെയ്യുക തുടങ്ങിയ നിരവധി സേവനങ്ങൾ കാഴ്ചയില്ലാത്ത ധാരാളം ആളുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവരുടെ ലിസ്റ്റും ഞങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

വസ്തുത ഇതായിരിക്കെ വകുപ്പ് സെക്രട്ടറി പദ്ധതിയുടെ പ്രയോജനം അളക്കുവാനായുള്ള അളവുകോലായി തിരഞ്ഞെടുത്തിരിക്കുന്നത് എത്ര ആളുകൾ സ്വന്തം കാലിൽ നിൽക്കുന്നു എന്ന് കണക്കാക്കുവാനാണ്. ഇത് ഇദ്ദേഹത്തിന് ഈ പദ്ധതിയുടെ ലക്ഷ്യത്തെ പറ്റി തീരെ അറിവില്ലാഞ്ഞിട്ടോ, അല്ലെങ്കിൽ മനപ്പൂർവം ഇതൊക്കെ കണ്ടു പിടിക്കുവാൻ ശ്രമിക്കുന്നത് വരെ പദ്ധതി തടസ്സപ്പെടുത്തി കാഴ്ചയില്ലാത്തവരെ ബുദ്ധിമുട്ടിക്കുന്നതിനോ ആണ്.

പദ്ധതിയുടെ പ്രയോജനത്തെപ്പറ്റി പഠിക്കുവാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ സാമൂഹ്യ നീതി വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. അവർ വിശദമായ അന്വേഷണം മാസങ്ങൾക്ക് മുൻപേ പൂർത്തിയാക്കിയതുമാണ്. എന്നാൽ അവരുടെ റിപ്പോർട്ടിന്മേൽ ഇത് വരെ നടപടിയൊന്നും സ്വീകരിച്ചതായി അറിവില്ല.

സാമൂഹ്യ നീതി വകുപ്പ് നടത്തുന്ന മറ്റു പദ്ധതികളിലൂടെയും ജീവിത നിലവാരം ഉയർന്നവരുടെയും സ്വന്തം കാലിൽ നിൽക്കുന്നവരുടെയും സമഗ്രമായ ലിസ്റ്റ് കിട്ടി ബോധ്യപ്പെട്ടതിനു ശേഷമാണ് അദ്ദേഹം ഭരണാനുമതി നൽകിയതെന്ന് ഞങ്ങൾ കരുതുന്നു. വളരെ ഉത്തരവാദിത്വമുള്ള ഒരു പദവിയിലിരിക്കുന്ന ശ്രീ ബിജു പ്രഭാകറിനെ പോലെയുള്ള ഒരാൾ ഇത്രയും തെറ്റിധാരണകൾ അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ പ്രചരിപ്പിച്ചത് തികച്ചും യാദൃശ്ചികം ആണെന്ന് ഞങ്ങൾ കരുതുന്നില്ല.

ഇൻസൈറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇദ്ദേഹം തുടക്കം മുതൽ തന്നെ വകുപ്പ് മന്ത്രിയുടെ ഓഫീസിനെ ഉൾപ്പടെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഈ പ്രവർത്തികളിൽ ഞങ്ങൾ ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നു.സാമൂഹ്യ നീതി വകുപ്പിന്റെ നീതി എന്ന വാക്കിനു കൂടുതൽ മങ്ങലേൽക്കാതിരിക്കുവാൻ വകുപ്പ് മന്ത്രിയുടെ അടിയന്തിരമായ ഇടപെടൽ ഈ വിഷയത്തിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

എന്ന്കെ ജെ വർഗീസ്(പ്രസിഡന്റ്, കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് )

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP