Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

മോദിയുടെ പ്രഖ്യാപനം ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരം നടപ്പിലാക്കണമെന്ന ആർ എസ് എസിന്റെ നിലപാടിലേക്കുള്ള ചുവട് വയ്‌പ്പ്; മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സംരക്ഷിച്ച് വോട്ട് ബാങ്ക് ഉറപ്പാക്കി കഴിഞ്ഞാൽ അടുത്ത ലക്ഷ്യം പിന്നോക്കക്കാരിലെ മുന്നോക്കക്കാരെ ഒഴിവാക്കൽ എന്ന നിലയിൽ സംവരണ ജാതികളിൽ ഭിന്നത ഉണ്ടാക്കുക തന്നെ; പുറത്ത് വരുന്നത് ഏറെ വൈകാതെ ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം ആക്കാനുള്ള ഗൂഢാലോചന തന്നെ

മോദിയുടെ പ്രഖ്യാപനം ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരം നടപ്പിലാക്കണമെന്ന ആർ എസ് എസിന്റെ നിലപാടിലേക്കുള്ള ചുവട് വയ്‌പ്പ്; മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സംരക്ഷിച്ച് വോട്ട് ബാങ്ക് ഉറപ്പാക്കി കഴിഞ്ഞാൽ അടുത്ത ലക്ഷ്യം പിന്നോക്കക്കാരിലെ മുന്നോക്കക്കാരെ ഒഴിവാക്കൽ എന്ന നിലയിൽ സംവരണ ജാതികളിൽ ഭിന്നത ഉണ്ടാക്കുക തന്നെ; പുറത്ത് വരുന്നത് ഏറെ വൈകാതെ ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം ആക്കാനുള്ള ഗൂഢാലോചന തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജസ്ഥാനും മധ്യപ്രദേശും അടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിൽ അടിതെറ്റി. യുപിയിലും കാര്യങ്ങൾ അനുകൂലമല്ല. മുന്നോക്കക്കാർ പിണക്കം തുടങ്ങിയതാണ് തോൽവിക്ക് കാരണമെന്ന് അതിവേഗം ബിജെപി തിരിച്ചറിഞ്ഞു. ഇതോടെ ബദലുകൾ തേടി. അങ്ങനെ മുന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് സംവരണം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനമെത്തി. അതിവേഗ ഭരണഘടനാ ഭേദഗതിയാണ് സർക്കാർ ആഗ്രഹിക്കുന്നത്. തടസ്സങ്ങൾ ഏറെയുള്ളതു കൊണ്ട് അത് നടപ്പാക്കാനാകുമോ എന്ന് ആർക്കും ഉറപ്പില്ല. അപ്പോഴും മുന്നോക്കക്കാർക്കിടയിലെ പിന്നോക്ക സംവരണം ചർച്ചയാക്കുകയാണ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി. ആർ എസ് എസിന്റെ ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരം നടപ്പിലാക്കണമെന്ന ആവശ്യത്തിലേക്കുള്ള ആദ്യ ചുവടു വയ്‌പ്പ്.

മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉദ്യോഗ സംവരണം നൽകണമെന്ന എൻഎസ്എസ് അടക്കം വിവിധ മേൽജാതി സംഘടനകളുടെയും ആർഎസ്എസിന്റെയും ആവശ്യം അംഗീകരിക്കുകയാണു മോദി ചെയ്തത്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തിരഞ്ഞെടുപ്പിൽ സവർണ വിഭാഗങ്ങൾക്കിടയിൽ ബിജെപിക്കുണ്ടായിരുന്ന മുൻതൂക്കം നഷ്ടമായിരുന്നു. കഴിഞ്ഞ വർഷം യുപിയിൽ നടന്ന 3 ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നോക്കക്കാരെ മുഴുവൻ കൈയിലെടുക്കാനുള്ള സംവരണ പ്രഖ്യാപനം നടത്തിയത്. നിലവിൽ മറ്റു പിന്നാക്ക, പട്ടികവിഭാഗങ്ങൾക്കു നൽകുന്ന സംവരണത്തിൽ കുറവു വരുത്താതെ 50.5 % വരുന്ന പൊതുവിഭാഗത്തിൽ നിന്നാണ് (ജനറൽ ക്വോട്ട) മുന്നാക്ക സംവരണം നൽകുക. എന്നാൽ പതിയെ ജാതി സംവരണത്തിന് ബദൽ സാമ്പത്തിക സംവരണമെന്ന നിലയിലേക്ക് ചർച്ചെയെത്തിക്കും. ഇതിന് വേണ്ടി പിന്നോക്ക സമുദായങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും ശ്രമം സജീവമാണ്.

ഹിന്ദു മതത്തിലെ ചാതുർവർണ്യ സ്ഥാപനത്തിന്റെ അനന്തരഫലമാണ് സംവരണം. ഓരോ ജാതിക്കാരും ചില പ്രത്യേക ജോലികൾ മാത്രമേ പാടുള്ളൂ എന്ന അവസ്ഥ നിലവിലുണ്ടായിരുന്നു. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വർണ്ണത്തിൽപ്പെട്ട ജാതിക്കാർ സമൂഹത്തിലെ മുഖ്യകാര്യക്കാരും ശൂദേവർണ്ണത്തിൽപ്പെട്ട ജാതിക്കാർ മേൽ പറഞ്ഞ വിഭാഗക്കാരുടെ സേവകരായും ജോലി ചെയ്തു.പഞ്ചമർ അല്ലെങ്കിൽ നിഷാദർ എന്നറിയപ്പെടുന്ന അഞ്ചാമത്തെ വിഭാഗം സമൂഹത്തിൽ നിന്ന് ബഹിഷ്‌കരിക്കപ്പെട്ടു. ആയിരക്കണക്കിന് വർഷങ്ങൾ സമൂഹത്തിൽ നിലനിന്ന വ്യവസ്ഥയാണ് ചാതുർവർണ്യം. ചരിത്രത്തിന്റെ ഒരു സുപ്രധാന ഘട്ടത്തിൽ ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിന്റെ പ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായി അംബേദ്ക്കർ നിയമിക്കപ്പെട്ടു.ഇദേഹത്തിന്റെ കൂടി ശ്രമഫലമായി അടിച്ചമർത്തപ്പെട്ട ദളിതുകൾക്കും മറ്റ് പിന്നോക്ക ജാതിക്കാർക്കും ഒരു കൈത്താങ്ങെന്നനിയിലാണ് ഉന്നത വിദ്യാഭ്യാസത്തിനും സർക്കാർ മേഖലയിലെ ജോലികൾക്കുമായി സംവരണം ഏർപ്പെടുത്തിയത്. സമൂഹത്തിൽ സമത്വം അല്ലെങ്കിൽ ദളിത് പിന്നോക്കക്കാർക്ക് അഭിവൃദ്ധി ഉണ്ടാകുന്നതുവരെ സംവരണം തുടരും എന്നും ധാരണയായി. എന്നാൽ ഇതു രണ്ടും ഇനിയും സാധ്യമായിട്ടില്ല. അതിന് മുമ്പേ സംവരണത്തിൽ വെള്ളം ചേർക്കുന്ന തരത്തിൽ മുന്നോക്കക്കാരേയും ആ പരിധിയിൽ കൊണ്ടുവരികയാണ് സർക്കാർ.

ജാതി അടിസ്ഥാനത്തിൽ പിന്നാക്കാവസ്ഥ നിർണയിച്ചുള്ള സംവരണം നിർത്തലാക്കണമെന്നാവശ്യപ്പെട്ടു എൻ.എസ്.എസ് നൽകിയ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സംവരണത്തിന് അർഹത ഉള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തിൽ അല്ല വർഗ്ഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു എൻ എസ് എസ് ഹർജി. കേരളത്തിൽ ആറുപത് വർഷമായി തുടരുന്ന ജാതി സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ ക്ഷയിപ്പിച്ചെന്നും ഹർജിയിൽ എൻ.എസ്.എസ് പറഞ്ഞിരുന്നു. ജാതികൾക്ക് ഉള്ളിലുള്ള പ്രത്യേക വിഭാഗക്കാരെ പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിന് ഭരണഘടനയുടെ 341, 342 അനുച്ഛേദങ്ങൾ പ്രകാരം രാഷ്ട്രപതിക്കുള്ള അധികാരം പ്രഖ്യാപിക്കണമെന്നും എം നാഗരാജ് കേസിൽ കോടതി നിർദ്ദേശിച്ച സ്ഥിതി വിവര ശേഖരണം പൂർത്തിയാകുന്നത് വരെ പിന്നോക്ക വിഭാഗങ്ങളെ സംവരണ വിഭാഗങ്ങളാക്കി തുടരുന്ന പ്രക്രിയ നിർത്തിവെയ്ക്കണമെന്നുമായിരുന്നു എൻ.എസ്.എസിന്റെ പ്രധാന ആവശ്യം.

ഭൂമി ഉടമസ്ഥതയിലെ സാമൂഹിക യാഥാർഥ്യം സംവരണ വ്യവസ്ഥയിൽ പ്രതിഫലിക്കുന്നില്ല. നായന്മാർ മുന്നാക്ക വിഭാഗവും ഈഴവർ ഇതര പിന്നാക്ക വിഭാഗവുമെന്ന സ്ഥിതി തുടരുന്നു. സംവരണ വിഭാഗങ്ങൾക്കു സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി അടിത്തറ വികസിപ്പിക്കാൻ സാധിച്ചു. നായർ സമുദായം എല്ലാത്തരത്തിലും ക്ഷയിച്ചു. സർക്കാർ സർവീസിൽ സംവരണാനുകൂല്യം ലഭിച്ചവരെക്കുറിച്ചു പി.എസ്.സിയുടെ പക്കൽ കണക്കുകളില്ല. കൃത്യമായ കണക്കുകൾ ശേഖരിക്കുംവരെ നിലവിലെ രീതിയിൽ സംവരണം അനുവദിക്കുന്നതിൽനിന്നു സംസ്ഥാന സർക്കാരിനെ വിലക്കണം' തുടങ്ങിയവയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. ഇത്തരത്തിൽ എൻ എസ് എസ് മുന്നോട്ട് വച്ച വിഷയങ്ങളിലേക്ക് പതിയേ കാര്യങ്ങളെത്തിക്കും. അതിന് ശേഷമാകും സമ്പൂർണ്ണ സാമ്പത്തിക സംവരണമെന്ന ചർച്ചയുമായി കേന്ദ്ര സർക്കാർ എത്തുക.

മുന്നോക്കക്കാർക്ക് ഭരണഘടനാ ഭേദഗതിയിലൂടെ സംവരണം നൽകിയ ശേഷം ജാതി സംവരണം ഇല്ലാതാക്കാനുള്ള നടപടികൾ തുടങ്ങും. സംവരണത്തിന്റെ ആനുകൂല്യം പിന്നോക്ക് സമുദായത്തിലെ പാവപ്പെട്ടവർക്ക് കിട്ടുന്നില്ലെന്നും അതുകൊണ്ട് ജാതി സംവരണത്തിനുള്ളിൽ സാമ്പത്തിക സംവരണം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടു. ഇത്തരമൊരു ചർച്ചയിലൂടെ പിന്നോക്ക ജാതികളേയും രണ്ട് തട്ടിലേക്ക് വിഭജിക്കാനും കഴിയും. ഉത്തരേന്ത്യയിലും മറ്റും ദളിതരുടെ പിന്തുണ ബിജെപിക്കില്ല. ഇവർ ഒറ്റകെട്ടായാണ് ബിജെപിക്കെതിരെ വോട്ടിടുന്നത്. സംവരണം ചർച്ചയാക്കി ഈ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുകയാണ് ബിജെപിയുടെ ശ്രമം. ഇതിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പാണ് മോദി സർക്കാരിന്റെ മുന്നോക്കക്കാരിലെ പിന്നോക്കർക്കുള്ള സംവരണം.

മറാഠകൾ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കവസ്ഥയിലാണെന്ന് ഒരു സർവേയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സർക്കാർ ഈയിടെ സംവരണം അനുവദിച്ചിരുന്നു. ഹിന്ദി മേഖലയിലെയും മഹാരാഷ്ട്രയിലെയും ബിജെപിയുടെ വോട്ട് അടിത്തറ കാത്തുസൂക്ഷിക്കുകയാണു ലക്ഷ്യം. സർക്കാർ ജോലികളിൽ തഴയപ്പെട്ടുവെന്ന വികാരത്തിന്റെ പേരിൽ പരമ്പരാഗത വോട്ടുകൾ ചോരാൻ പാടില്ല. പിന്നാക്ക സംവരണം നിർത്തലാക്കാൻ ആർഎസ്എസിനു പദ്ധതിയുണ്ടെന്നു ദലിത് ഒബിസി വിഭാഗങ്ങൾ ആശങ്കപ്പെടുന്നു. 2015 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ സംവരണവിരുദ്ധ പ്രസ്താവനയാണ് ആ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിക്കും ജെഡിയു ആർജെഡി കോൺഗ്രസ് വിശാല സഖ്യത്തിന്റെ വിജയത്തിനും കാരണമായത്.

പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ ചില വ്യവസ്ഥകൾ ദുർബലപ്പെടുത്തിയ സുപ്രീം കോടതി വിധിക്കെതിരെ പാർലമെന്റ് പാസാക്കിയ നിയമ ഭേദഗതികൾ ഹിന്ദി സംസ്ഥാനങ്ങളിൽ സവർണവിഭാഗങ്ങളുടെ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. സർക്കാർ ജോലികളിൽ സംവരണം 50 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്ന് സുപ്രീം കോടതി വിധിയുള്ളതാണ്. എന്നാൽ, സർക്കാർ സർവീസുകളിൽ ഒരു പ്രത്യേക വിഭാഗത്തിന് ആവശ്യമായ പ്രാതിനിധ്യമില്ലെന്ന് സർക്കാരിനു ബോധ്യമുണ്ടെങ്കിൽ, സംവരണം അനുവദിക്കാമെന്നു ഭരണഘടനയിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP