Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ടിആർപി കൃത്രിമ എഫ് ഐ ആറിലുള്ളത് ഇന്ത്യാ ടുഡേയുടെ പേര്; ബാർക്കിൽ ഇന്ത്യാ ടുഡേ ഇടപെടൽ നടത്തിയതിന് തെളിവില്ലെന്ന് മുംബൈ പൊലീസ്; ഇന്ത്യാ ടുഡേയ്ക്ക് ക്ലീൻ ചിറ്റെന്ന സൂചനയുമായി പുതിയ വിശദീകരണം; സാക്ഷി മൊഴികളും തെളിവുകളും വിരൽ ചൂണ്ടുന്നത് റിപ്പബ്ലിക് ടിവിയിലേക്ക് തന്നെയെന്നും ജോയിന്റ് കമ്മീഷണർ; അർണാബിനെ ചോദ്യം ചെയ്യണമെന്ന വാദത്തിൽ ഉറച്ച് മുംബൈ പൊലീസ് മേധാവി പരംബീർ സിങ്; റേറ്റിങ് തട്ടിപ്പിൽ വിവാദം തുടരുമ്പോൾ

ടിആർപി കൃത്രിമ എഫ് ഐ ആറിലുള്ളത് ഇന്ത്യാ ടുഡേയുടെ പേര്; ബാർക്കിൽ ഇന്ത്യാ ടുഡേ ഇടപെടൽ നടത്തിയതിന് തെളിവില്ലെന്ന് മുംബൈ പൊലീസ്; ഇന്ത്യാ ടുഡേയ്ക്ക് ക്ലീൻ ചിറ്റെന്ന സൂചനയുമായി പുതിയ വിശദീകരണം; സാക്ഷി മൊഴികളും തെളിവുകളും വിരൽ ചൂണ്ടുന്നത് റിപ്പബ്ലിക് ടിവിയിലേക്ക് തന്നെയെന്നും ജോയിന്റ് കമ്മീഷണർ; അർണാബിനെ ചോദ്യം ചെയ്യണമെന്ന വാദത്തിൽ ഉറച്ച് മുംബൈ പൊലീസ് മേധാവി പരംബീർ സിങ്; റേറ്റിങ് തട്ടിപ്പിൽ വിവാദം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ടെലിവിഷൻ റേറ്റിങ് പോയന്റ് അഥവാ ടി.ആർ.പിയിൽ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടി.വി. ഉൾപ്പെടെ മൂന്നു ചാനലുകൾക്കെതിരെ അന്വേഷണം നടത്തുമെന്ന് മുംബൈ പൊലീസ് പ്രഖ്യാപിച്ചത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. മറ്റ് രണ്ട് ചാനലുകൾ ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ മറാത്തി ചാനലുകളാണെന്നും വെളിപ്പെടുത്തി. ഈ ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ടി.വി. ജീവനക്കാരെ ഇന്നോ നാളെയോ വിളിച്ചുവരുത്തുമെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതോടെ ദേശീയ ചാനലുകളിൽ എല്ലാം ഇത് ഒൻപതു മണി ചർച്ചയായി. ഇതിനിടെ പെട്ടെന്ന് എല്ലാം അപ്രത്യക്ഷമായി.

ടിആർപി കൃത്രിമത്തിലെ എഫ് ഐ ആർ റിപ്പബ്ലിക് ടിവി പുറത്തു വിട്ടതായിരുന്നു ഇതിന് കാരണം. എഫ് ഐ ആറിൽ റിപ്പബ്ലിക് ടിവിയുടെ പേരില്ല. ഉള്ളത് ഇന്ത്യാ ടുഡേയും. ഇതോടെ വിവാദത്തിന് പുതിയ തലം വന്നു. ഇത് മുംബൈ പൊലീസ് അംഗീകരിക്കുകയും ചെയ്തു. എഫ് ഐ ആറിൽ ഇന്ത്യാ ടുഡേയുടെ പേരാണുള്ളത്. എന്നാൽ അന്വേഷണത്തിൽ അവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി. മൊഴികളെല്ലാം വിരൽ ചൂണ്ടിയത് റിപ്പബ്ലിക് ടിവിയ്‌ക്കെതിരെയാണ്. അതുകൊണ്ട് തന്നെ ആ തലത്തിലേക്കാണ് അന്വേഷണം പോകുന്നതെന്നും മുംബൈ പൊലീസ് വിശദീകരിക്കുന്ു. ഇതോടെ റിപ്പബ്ലിക് ടിവിക്കെതിരെ മുംബൈ പൊലീസ് അന്വേഷണം തുടരുമെന്ന് വ്യക്തമാവുകയാണ്. ഇതോടെ സംഭവത്തിലെ വിവാദം തുടരും.

ടി.ആർ.പി റേറ്റിംഗിൽ കൃത്രിമം നടത്തിയ സംഭവത്തിൽ റിപ്പബ്ലിക് ടി.വി എം.ഡിയും എഡിറ്റർ ഇൻ ചീഫുമായ അർണാബ് ഗോസ്വാമിയെ മുംബൈ പൊലീസ് ചോദ്യം ചെയ്യുമെന്ന് തന്നെയാണ് സൂചന. ടി.ആർ.പി മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്ന വീടുകളിൽ ഒരേ ചാനൽ തന്നെ ഓഫാക്കാതെ വച്ച് കൃത്രിമ റേറ്റിങ് സൃഷ്ടിക്കുന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന ടി.ആർ.പി മീറ്ററുകളിൽ കൃത്രിമം കാട്ടി, അനധികൃതമായി പരസ്യ വരുമാനം സമ്പാദിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിനായി ചില വീടുകളിൽ റിപ്പബ്ലിക് ടി.വി തുടർച്ചയായി വയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി മാസം 4500 രൂപ വരെ പ്രതിഫലം നൽകുന്നതായും കണ്ടെത്തിയെന്നാണ് മുംബൈ പൊലീസിന്റെ വെളിപ്പെടുത്തൽ.

വിവാദത്തിൽ പെട്ട ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുമെന്ന് മുംബൈ പൊലീസ് മേധാവി പരംബീർ സിങ് പറഞ്ഞു. പരസ്യത്തിൽനിന്നല്ലാതെ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് പണം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തെങ്കിലും കുറ്റകൃത്യം നടന്നതായി കണ്ടെത്തിയാൽ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽനിന്ന് ലഭിച്ച ഡാറ്റ ഉപയോഗിച്ചാണ് ചാനലുകർ ടി.ആർ.പിയിൽ കൃത്രിമം നടത്തിയതെന്നും ഇവയ്ക്ക് അനധികൃത പരസ്യഫണ്ട് ലഭിച്ചതായും പരംബീർ സിങ് വ്യക്തമാക്കി. ഇത് വഞ്ചനാക്കുറ്റമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പ്രത്യേക ചാനൽ എത്രയാളുകൾ കാണുന്നു എന്ന് കണക്കാക്കുകയാണ് ടി.ആർ.പിയിലൂടെ ചെയ്യുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ആണ് ഇന്ത്യയിൽ ചാനലുകളുടെ ടി.ആർ.പി. കണക്കാക്കുന്നത്. ഇതിനായി ബാരോമീറ്റർ എന്ന ഉപകരണമാണ് ഉപയോഗിക്കാറ്. ടി.ആർ.പി. കണക്കാക്കാൻ മുപ്പതിനായിരത്തിൽ അധികം ബാരോമീറ്ററുകൾ ആണ് രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ടായിരത്തോളം ബാരോമീറ്ററുകള് മുംബൈയിലാണ് സ്ഥാപിച്ചിരിക്കുന്നത്. സാധാരണയായി ബാരോമീറ്ററുകൾ സ്ഥാപിക്കുന്ന പ്രദേശം രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് അന്യായമായി മനസ്സിലാക്കിയാണ് തട്ടിപ്പുകൾ നടത്തുന്നത്.

ബാരോമീറ്ററുകൾ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികൾ ചെയ്യുന്നതും ഹൻസ എന്ന ഏജൻസിയാണ്. എവിടെയൊക്കെയാണ് ബാരോമീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ഹൻസയുടെ ചില മുൻജീവനക്കാർ ചാനലുകളോട് വെളിപ്പെടുത്തിയതായി അന്വേഷണത്തിൽ വ്യക്തമായതും പരംബീർ സിങ് പറഞ്ഞു. ബാരോമീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നിടത്തെ വീട്ടുകാർക്ക് തങ്ങളുടെ ചാനലുകൾ കാണാൻ ആരോപണ വിധേയരായ സ്ഥാപനങ്ങൾ പണം നൽകിയിരുന്നുവെന്നാണ് ആരോപണം.

റിപ്പബ്ലിക് ടി.വി. പരംവീർ സിങ്ങിന്റെ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. മുംബൈ പൊലീസ് കമ്മീഷണർ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. റിപ്പബ്ലിക് ടിവിക്കെതിരെ പരംബീർ സിങ് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണെന്ന് അർണാബ് ഗോസ്വാമി പറഞ്ഞു. സുശാന്ത് സിങ് രാജ്പുത്ത് കേസിൽ റിപ്പബ്ലിക് ടി.വി. പരംബീർ സിങ്ങിനു നേരെ ചോദ്യങ്ങൾ ചോദിച്ചതാണ് ഇതിനു കാരണമെന്നും അർണാബ് പറഞ്ഞു. പരംബീർ സിങ്ങിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും അർണാബ് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് എഫ് ഐ ആർ ചാനൽ തന്നെ പുറത്തു വിട്ടത്.

കേസിൽ ഫക്ത് ഭാരതിൻെ്റയും ബോക്സ് സിനിമയുടെയും ഉടമസ്ഥരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. റിപ്പബ്ലിക് ചാനൽ അധികൃതർക്ക് മുംബൈ പൊലീസ് സമൻസ് അയച്ചിട്ടുണ്ടെന്നാണ് സൂചന. ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി.ആർ.പി. കണക്കെടുപ്പിൽ കൃത്രിമം നടത്തുന്ന ഗൂഢസംഘം മുംബൈ പൊലീസിന്റെ വലയിലായത് പരാതിയുടെ അടിസ്ഥാനത്തിലാണ്. ഈ വിഷയത്തിൽ ഇനിയും ബാർക് വ്യക്തത വരുത്തിയിട്ടുമില്ല. ഫക്ത് മറാഠി, ബോക്‌സ് സിനിമ എന്നീ മറാഠി ചാനലുകളും അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലും ടി.ആർ.പി.യിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് കമ്മിഷണർ പരംബീർ സിങ് വ്യാഴാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്.

അറസ്റ്റ് ചെയ്തവരിൽ ഒരാളിൽനിന്ന് 20 ലക്ഷം രൂപയും മറ്റൊരാളിൽനിന്ന് 8.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ടെന്ന് കമ്മിഷണർ പറഞ്ഞു. ടെലിവിഷൻ ചാനലുകളുടെ റേറ്റിങ് നിർണയിക്കാൻ ബാർക് ചുമതലപ്പെടുത്തിയ ഹസ്ന റിസർച്ച് എന്ന സ്ഥാപനം മുൻ ജീവനക്കാർക്കെതിരേ നൽകിയ പരാതിയിലുള്ള അന്വേഷണത്തിലാണ് തട്ടിപ്പു വെളിച്ചത്തുവന്നതെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP