Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കീമോ സംഭവത്തിൽ മാത്രമല്ല ചികിത്സ കിട്ടാതെ രോഗി മരിച്ചതിലും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് സൂപ്രണ്ട് വക ക്ലീൻ ചിറ്റ്; 'എച്ച് 1എൻ 1 ബാധയുണ്ടെന്ന സംശയത്തിന് പിന്നാലെ നിപ വാർഡിൽ സൗകരമൊരുക്കിയപ്പോഴേക്കും രോഗിയുമായി ബന്ധുക്കൾ പോയി'; ആംബുലൻസിലെ നഴ്‌സ് പറഞ്ഞതിന് പിന്നാലെയാണ് രോഗിയുമായി ഇവർ എത്തിയതെന്നും 17 മിനിട്ടിനകം തിരികെ പോയെന്നും റിപ്പോർട്ട്

കീമോ സംഭവത്തിൽ മാത്രമല്ല ചികിത്സ കിട്ടാതെ രോഗി മരിച്ചതിലും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് സൂപ്രണ്ട് വക ക്ലീൻ ചിറ്റ്; 'എച്ച് 1എൻ 1 ബാധയുണ്ടെന്ന സംശയത്തിന് പിന്നാലെ നിപ വാർഡിൽ സൗകരമൊരുക്കിയപ്പോഴേക്കും രോഗിയുമായി ബന്ധുക്കൾ പോയി'; ആംബുലൻസിലെ നഴ്‌സ് പറഞ്ഞതിന് പിന്നാലെയാണ് രോഗിയുമായി ഇവർ എത്തിയതെന്നും 17 മിനിട്ടിനകം തിരികെ പോയെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കാൻസർ രോഗബാധിതയല്ലാത്ത സ്ത്രീയ്ക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തിൽ ലാബിന്റെ പിഴവ് മൂലമാണ് ചികിത്സയിൽ പിഴവുണ്ടായതെന്നും. ഡോക്ടർമാരുടെ ഭാഗത്ത് തെറ്റില്ലെന്നും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ വേളയിലാണ് എച്ച് 1 എൻ 1 പനിയാണെന്ന് സംശയത്തോടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ രോഗി മരിച്ചത്. എന്നാൽ കീമോ സംഭവത്തിന് സമാനമാണ് ഈ വിഷയത്തിലും മെഡിക്കൽ കോളേജ് സുപ്രണ്ടിന്റെ റിപ്പോർട്ട്. രോഗിക്ക് ചികിത്സ കിട്ടാതെ മരിച്ചതിൽ ഡോക്ടർമാർക്ക് പിഴവ് പറ്റിയിട്ടില്ലെന്നും വെന്റിലേറ്റർ ഒഴിവില്ലാത്തതിനാൽ പ്രത്യേക വാർഡിലേക്ക് മാറ്റാൻ പറ്റുമോ എന്ന് നോക്കുന്നതിനിടെ ബന്ധുക്കൾ രോഗിയുമായി പോവുകയായിരുന്നുവെന്നും സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇടുക്കി കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസ് (62) ആണ് മരിച്ചത്. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 2.30 നാണ് രോഗിയെ മെഡിക്കൽ കോളജിലെത്തിച്ചത്. എന്നാൽ ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ല. വെന്റിലേറ്ററില്ല എന്ന കാരണത്താലാണ് അധികൃതർ കൈയൊഴിഞ്ഞത്. പിന്നീട് കൊണ്ടുപോയ രണ്ട് സ്വകാര്യ ആശുപത്രികളും കയ്യൊഴിഞ്ഞു. നാലുമണിക്ക് മെഡിക്കൽ കോളജിൽ തിരിച്ചെത്തിച്ചപ്പോഴും പ്രവേശിപ്പിച്ചില്ല. ആംബുലൻസിൽ കിടന്നാണ് ജേക്കബ് തോമസ് മരിച്ചത്.

ഇവിടെ സൗകര്യമില്ല, നിങ്ങൾ എങ്ങോട്ടെങ്കിലും കൊണ്ടുപൊയ്ക്കോളൂ എന്നാിയിരുന്നു പിആർഒയുടെ പ്രതികരണമെന്നും മരിച്ചയാളുടെ മകൾ കുറ്റപ്പെടുത്തി. എന്നാൽ, വെന്റിലേറ്റർ സൗകര്യമുണ്ടോയെന്ന് തിരക്കാതെയാണ് ബന്ധുക്കൾ രോഗിയെ എത്തിച്ചതെന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു. സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചെന്നും ആരോപണമുയർന്നു. രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെന്റിലേറ്റർ ലഭ്യമായില്ല. കാരിത്താസ് മാതാ ആശുപത്രികളിലും ചികിത്സ കിട്ടിയില്ല. കാരിത്താസ് , മാതാ ആശുപത്രികളിലെ ഡോക്ടർമാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകൾ റെനി പറഞ്ഞു.

മാതാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർ പരിശോധിക്കാൻ പോലും തയ്യാറായില്ലെന്നും ആരോപണമുണ്ട്. സ്വകാര്യ ആശുപത്രികൾക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കൾ അറിയിച്ചു. അതേ സമയം രോഗി മരിച്ചതിനെത്തുടർന്ന് ആശുപത്രി പിആർഒയെ ജേക്കബിന്റെ ബന്ധുക്കൾ മർദ്ദിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജേക്കബ് തോമസിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജിന്റെ മുന്നിൽ നിർത്തിയിട്ട് ബന്ധുക്കൾ പ്രതിഷേധിച്ചു. ഏറ്റുമാനൂർ പൊലീസ് സംഭവസ്ഥലത്തെത്തി മരിച്ചയാളുടെ മകളുടെ മൊഴി രേഖപ്പെടുത്തി.

ഡോക്ടർമാരുടെ പിഴവല്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോർട്ട്

സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: ഉച്ചയ്ക്ക് രണ്ട് മണിക്കെത്തിയവർ 17 മിനിറ്റുകൾക്കകം തിരികെപ്പോയി. രോഗി മരിച്ചതിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചിട്ടില്ല. രോഗിയുടെ കൂടെ വന്നവർ പനിയാണെന്ന് മാത്രമാണ് അത്യാഹിത വിഭാഗത്തിൽ അറിയിച്ചത്. വെന്റിലേറ്റർ സൗകര്യം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ വെന്റിലേറ്റർ സൗകര്യം ഇല്ലെന്ന മറുപടിയാണ് ആശുപത്രിയിലെ പിആർഒ നൽകിയത്.

എന്നാൽ, രോഗിയെ ആദ്യം പരിശോധിച്ച ആശുപത്രിയിൽ നിന്ന് എച്ച്1 എൻ1 സംശയിക്കുന്നതായി ഡിസ്ചാർജ് നോട്ടിൽ കുറിച്ചിരുന്നു. ഇത് കണക്കിലെടുത്ത് നിപ വാർഡിൽ രോഗിക്കായി സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രി അധികൃതർ ശ്രമിക്കുന്നതിനിടെ ബന്ധുക്കൾ രോഗിയുമായി പോയെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്.

രോഗി ആംബുലൻസിൽ ഉണ്ടെന്ന കാര്യം ബന്ധുക്കൾ അറിയിച്ചില്ല. സാധാരണ ഗതിയിൽ മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫർ ചെയ്യുന്നതിന് മുമ്പായി വെന്റിലേറ്റർ സൗകര്യം ലഭ്യമാണോയെന്ന് വിളിച്ചു ചോദിക്കുകയോ അല്ലെങ്കിൽ ബന്ധുക്കൾ അന്വേഷിക്കുകയോ ചെയ്യാറുണ്ട്. ഇത്തരത്തിൽ രോഗിയുടെ കൂട്ടിരിപ്പുകാർ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന ധാരണയിലായിരുന്നു ഡോക്ടർമാരെന്നും സൂപ്രണ്ട് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്‌സ് വന്ന് രോഗിയുടെ അവസ്ഥ മോശമാണെന്ന് പറയുമ്പോഴാണ് രോഗിയുമായാണ് ഇവർ എത്തിയതെന്ന് അറിയുന്നത്. ഇതോടെ സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കൾ രോഗിയുമായി അടുത്ത ആശുപത്രിയിലേക്ക് പോയെന്നും സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ആരോഗ്യ വകിപ്പിന് കൈമാറിയിട്ടുണ്ട്.

രജനിക്ക് കാൻസറില്ലെന്ന് ബയോപ്‌സി റിപ്പോർട്ട്

കോട്ടയം മെഡിക്കൽ കോളേജിൽ കാൻസറില്ലാതെ കീമോ തെറാപ്പിക്ക് വിധേയയായ രജനിക്ക് കാൻസറില്ലെന്ന് ബയോപ്സി റിപ്പോർട്ട്. രജനിയുടെ നീക്കം ചെയ്ത മുഴയുടെ പരിശോധനയിലാണ് കാൻസറിസല്ലെന്ന് തെളിഞ്ഞത്. ഫലങ്ങൾ വന്നതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് രജനിയും കുടുംബവും.

രോഗം സ്ഥിരീകരിക്കാതെ കീമോ നടത്തിയതിൽ മാത്രം ഒതുങ്ങുന്നതല്ല രജനിയെ ചികിത്സിച്ച ഡോക്ടർമാരുടെ പിഴവുകൾ. സ്വകാര്യ ലാബിൽ പരിശോധന നടത്താൻ സർക്കാർ ഡോക്ടർമാർ നിർദ്ദേശിക്കരുതെന്നാണ് ചട്ടം. രജനിയെ ആദ്യം ചികിത്സിച്ച മെഡിക്കൽ കോളജിലെ ആർഎംഒ കൂടിയായ ഡോക്ടർ പരിശോധന നടത്തേണ്ട ലാബിന്റെ പേരുൾപ്പെടെ കുറിച്ചു നൽകി. രജനിക്ക് കാൻസറില്ലെന്ന മെഡിക്കൽ കോളജ് പത്തോളജി ലാബിലെ റിപ്പോർട്ടും ഡോക്ടർ അംഗീകരിച്ചില്ല. സ്വകാര്യ ലാബിലെ റിപ്പോർട്ടിനെ ആധികാരിക രേഖയാക്കി കീമോതെറാപ്പി തുടരണമെന്നും ഇതേ ഡോക്ടർ നിർദ്ദേശിച്ചു.

ഡോക്ടറുടെ നിർബന്ധത്തിനു രജനി വഴങ്ങാതിരുന്നതോടെ സ്വകാര്യ ലാബിൽ നൽകിയ സാംപിൾ വീണ്ടും മെഡിക്കൽ കോളജ് ലാബിൽ പരിശോധിച്ചു. ഇതിലും കാൻസർ കണ്ടെത്താതിരുന്നതോടെ ഡോക്ടർമാർ രജനിയെ കയ്യൊഴിഞ്ഞു. മാറിടത്തിലെ മുഴ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ അവഗണിച്ചു. ഒടുവിൽ സൂപ്രണ്ടിന് പരാതി നൽകിയതോടെയാണ് മെഡിക്കൽ ബോർഡ് കൂടി ശസ്ത്രക്രിയ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP