Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രേണുരാജ് നടപ്പിലാക്കിയത് ഹൈക്കോടതി ഉത്തരവ്; കോടതി ഉത്തരവിനെയും അവഗണിച്ച് ഭീഷണി മുഴക്കിയ എംഎൽഎ നടത്തിയത് നിയമലംഘനം; ഫോണിൽ വിളിച്ച് പരുഷമായി സംസാരിച്ചെന്നും വനിതാ ഉദ്യോഗസ്ഥ പരാതിപ്പെട്ടതോടെ രാജേന്ദ്രന്റെ നില പരുങ്ങലിൽ; വിശദീകരണം തേടുമെന്ന സിപിഎം പറയുന്നത് മുഖം രക്ഷിക്കാൻ മാത്രം; ഉദ്യോഗസ്ഥർ അവർക്ക് തോന്നുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞ് രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി എംഎം മണി; സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്ന് പറഞ്ഞ് തിരുത്തി എം എ ബേബി

രേണുരാജ് നടപ്പിലാക്കിയത് ഹൈക്കോടതി ഉത്തരവ്; കോടതി ഉത്തരവിനെയും അവഗണിച്ച് ഭീഷണി മുഴക്കിയ എംഎൽഎ നടത്തിയത് നിയമലംഘനം; ഫോണിൽ വിളിച്ച് പരുഷമായി സംസാരിച്ചെന്നും വനിതാ ഉദ്യോഗസ്ഥ പരാതിപ്പെട്ടതോടെ രാജേന്ദ്രന്റെ നില പരുങ്ങലിൽ; വിശദീകരണം തേടുമെന്ന സിപിഎം പറയുന്നത് മുഖം രക്ഷിക്കാൻ മാത്രം; ഉദ്യോഗസ്ഥർ അവർക്ക് തോന്നുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞ് രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി എംഎം മണി; സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്ന് പറഞ്ഞ് തിരുത്തി എം എ ബേബി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേവികുളം സബ്കലക്ടറെ നിയമപാലനത്തിന്റെ പേരിൽ അവഹേളിച്ച എസ് രാജേന്ദ്രൻ എംഎൽഎ കുരുക്കിൽ. സ്ത്രീത്വത്തെ അവഹേളിക്കുന്ന വിധത്തിൽ പെരുമാറിയ എംഎൽഎക്കെതിരെയാണ് ജനവികാരം. രേണുരാജ് പഞ്ചായത്ത് കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നൽകിയത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ ഉത്തരവ് ലംഘിച്ച് നിർമ്മാണം തുടങ്ങിയപ്പോഴാണ് വീണ്ടും ഇടപെട്ടത്. ഇതിനെതിരെയാണ് എംഎൽഎ ഇടപെട്ടത്. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി രേണു രാജ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. മാത്രമല്ല, എംഎൽഎ ഫോണിൽ വിളിച്ച് പരുഷമായി സംസാരിച്ചു എന്നും ഉദ്യോഗസ്ഥ പരാതിപ്പെടുന്നു. ചീഫ് സെക്രട്ടറിക്കും കോടതിക്കും പരാതി നൽകുന്നതോടെ മൂന്നാർ ഓപ്പറേഷനുകൾ കൂടുതൽ വാർത്തകളിൽ നിറയുമെന്ന സ്ഥിതിയാണ് ഉള്ളത്.

നിലവിലെ സാഹചര്യത്തിൽ എസ് രാജേന്ദ്രനെ കാര്യമായി ആരും പിന്തുണക്കാൻ തയ്യാറായിട്ടില്ല. മന്ത്രി എംഎം മണി മാത്രമാണ് രാജേന്ദ്രനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്. സംഭവം പിടിവിട്ടു പോകുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ ദേവികുളം സബ് കളക്ടർ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎയോട് സിപിഎം വിശദീകരണം തേടി പ്രശ്‌നം ഒതുക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. എംഎൽഎയുടെ നടപടി സിപിഎം പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ വ്യക്തമാക്കി. തെറ്റായ പെരുമാറ്റം പാർട്ടിക്ക് അംഗീകരിക്കാനാകില്ല. സബ് കളക്ടറോട് സംസാരിച്ചത് ശരിയായ രീതിയിലാണോയെന്ന കാര്യം പരിശോധിക്കുമെന്നും പിന്നാലെ എംഎൽഎയോട് വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

അതേസമയം കയ്യേറ്റവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ പാർട്ടി ഇടപെടില്ലെന്ന് അദേഹം പറഞ്ഞു. അനധികൃത നിർമ്മാണത്തിന് കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും പ്രതികരിച്ചു. എംഎൽഎയുടേത് പദവിക്ക് യോജിക്കാത്ത വാക്കുകളാണെന്നും അദേഹം കൂട്ടിച്ചേർത്തു. അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എസ്. രാജേന്ദ്രൻ എംഎ‍ൽഎക്കെതിരേ ദേവികുളം സബ് കളക്ടർ പരാതി നൽകിയിട്ടുണ്ട്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും നേരിട്ട് ഫോണിൽവിളിച്ചാണ് സബ് കളക്ടർ രേണുരാജ് തന്റെ പരാതി അറിയിച്ചത്. തിങ്കളാഴ്ച സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സഹിതം വിശദമായ പരാതി നൽകാനും ഒരുങ്ങഉന്നുണ്ട്.

അതേസമയം എസ്.രാജേന്ദ്രൻ എംഎൽഎയെ പിന്തുണച്ച് രംഗത്തുവന്നത് മന്ത്രി എം.എം മണി മാത്രമാണ്. ഉദ്യോഗസ്ഥർ അവർക്ക് തോന്നുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും, മൂന്നാർ വിഷയത്തിന്റെ പ്രധാനകാരണം ഇതാണെന്നും മന്ത്രി മണി പറഞ്ഞു.സംഭവത്തെ തുടർന്ന് എംഎ‍ൽഎക്കെതിരെ സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതോടെ സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് എപ്പോഴും ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും അഭിപ്രായപ്പെട്ടു. ദേവികുളം സബ് കളക്ടർ രേണു രാജിനെ എസ് രാജേന്ദ്രൻ എംഎൽഎ അപമാനിച്ച സംഭവത്തിൽ പ്രതികരണം ആരാഞ്ഞപ്പോഴാണ് എംഎ ബേബി ഇടതുപക്ഷത്തിന്റെ നിലപാട് ആവർത്തിച്ചത്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ അദ്ദഹം നടത്തിയില്ല.

ദേവികുളം സബ് കലക്ടറെ പിന്തുണച്ചു കൊണ്ടാണ് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ രംഗത്തു വന്നത്. മൂന്നാറിൽ സബ് കലക്ടർ രേണു രാജ് പ്രവർത്തിച്ചത് നിയമപരമായിമാത്രമാണ്. ഉദ്യോഗസ്ഥയ്‌ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാർക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവർ തന്നെ അന്വേഷിക്കണം. കോടതിവിധിയനുസരിച്ചുള്ള നടപടികൾ തുടരുമെന്നും ഇ.ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന്റെ കരയിൽ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിർമ്മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രൻ എംഎൽഎ ദേവികുളം സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ചത്. എൻഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിർമ്മാണത്തിന് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമോ നൽകിയിരുന്നു. കെ ഡി എച്ച് കമ്പനി വാഹന പാർക്കിങ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിർമ്മാണപ്രവർത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു സബ്ബ് കളക്ടർ രേണു രാജിന്റെ നടപടി. ഇതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.

''അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബിൽഡിങ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്.. അവള്ക്ക് ഇടപെടാൻ യാതൊരു റൈറ്റുമില്ല.. അവള്‌ടെ പേരിൽ കേസ് ഫയൽ ചെയ്യണം.. ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിർദ്ദേശം കേൾക്കൂലെന്ന് പറഞ്ഞെന്നാ..'' എന്നാണ് ദേവികുളം സബ്കളക്ടറെക്കുറിച്ച് എസ് രാജേന്ദ്രൻ പറഞ്ഞത്.

വിവരം അന്വേഷിക്കാൻ സബ് കളക്ടറെ കാണാൻ പോയപ്പോൾ 'താൻ തന്റെ കാര്യം താൻ നോക്ക്, എന്റെ കാര്യം ഞാൻ നോക്കാം' എന്നാണ് രേണു രാജ് തന്നോട് പറഞ്ഞതെന്ന് എസ് രാജേന്ദ്രൻ ആരോപിച്ചു. തന്റെ പ്രായമെങ്കിലും സബ് കളക്ടർക്ക് മാനിക്കാമായിരുന്നു എന്നും എസ് രാജേന്ദ്രൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP