Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നന്ദിയുണ്ട് ടീച്ചർ.............; ഒറ്റ വാക്കിൽ എല്ലാം ഒതുക്കി ആലത്തൂരിലെ പെങ്ങളൂട്ടിയുടെ പോസ്റ്റ്; ക്യാപ്ഷനൊപ്പം ഇട്ടിരിക്കുന്നത് ദീപാ നിശാന്തിന്റെ ചിത്രവും; ആലത്തൂരിലെ ഒന്നര ലക്ഷത്തിന്റെ വിജയത്തിലെ ക്രെഡിറ്റ് കേരള വർമ്മാ കോളേജിലെ അദ്ധ്യാപികയ്ക്ക് നൽകിയ എംപിയുടെ ഉഗ്രൻ ട്രോൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; രമ്യാ ഹരിദാസിന്റെ കളിയാക്കൽ ആസ്വദിച്ച് ചർച്ചകൾ; കവിതാ മോഷണത്തിൽ തുടങ്ങിയ കഷ്ടകാലം മാറുന്നില്ലെന്ന തിരിച്ചറിവിൽ ദീപ ടീച്ചറും

നന്ദിയുണ്ട് ടീച്ചർ.............; ഒറ്റ വാക്കിൽ എല്ലാം ഒതുക്കി ആലത്തൂരിലെ പെങ്ങളൂട്ടിയുടെ പോസ്റ്റ്; ക്യാപ്ഷനൊപ്പം ഇട്ടിരിക്കുന്നത് ദീപാ നിശാന്തിന്റെ ചിത്രവും; ആലത്തൂരിലെ ഒന്നര ലക്ഷത്തിന്റെ വിജയത്തിലെ ക്രെഡിറ്റ് കേരള വർമ്മാ കോളേജിലെ അദ്ധ്യാപികയ്ക്ക് നൽകിയ എംപിയുടെ ഉഗ്രൻ ട്രോൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; രമ്യാ ഹരിദാസിന്റെ കളിയാക്കൽ ആസ്വദിച്ച് ചർച്ചകൾ; കവിതാ മോഷണത്തിൽ തുടങ്ങിയ കഷ്ടകാലം മാറുന്നില്ലെന്ന തിരിച്ചറിവിൽ ദീപ ടീച്ചറും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നവോത്ഥാന നായികയാവുകയായിരുന്നു ദീപാ നീശാന്ത് എന്ന ദീപ ടീച്ചറുടെ ലക്ഷ്യം. ശബരിമലയിലും മറ്റും സ്ത്രീ പക്ഷ ചിന്തകളുമായി നിറഞ്ഞ് സൈബർ സഖാക്കളുടെ പ്രിയങ്കരിയായി ദീപ. ഇതിനിടെയാണ് കവിതാ മോഷണത്തിൽ പെട്ടത്. ഇതോടെ കൂടെ നിന്നവരും കൈവിട്ടു. കരുതലോടെ തിരിച്ചു വരവിന് ശ്രമിച്ച ദീപ ടീച്ചറിന് മികച്ച അവസരമായിരുന്നു ലോക്‌സഭാ ഇലക്ഷൻ. ഇത് മനസ്സിലാക്കി ആലത്തൂരിലെ രമ്യാ ഹരിദാസ് എന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെ വിമർശിച്ച് ദീപ ടീച്ചർ എത്തി. എന്നാൽ അതും പാളി. ദീപാ നിശാന്തിന്റെ വിമർശനത്തോടെ രമ്യാ ഹരിദാസ് താരമായി. ആലത്തൂർ സിപിഎം കോട്ടയായിരുന്നു. ഈ കോട്ടയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന ദീപാ നിശാന്തിന്റെ ആത്മവിശ്വാസവും തകർന്നു. പികെ ബിജുവെന്ന സിറ്റിങ് എംപിയെ തകർത്ത് രമ്യാ ജയിച്ചു കയറി. ഇതിന് കാരണം ദീപാ നിശാന്തിന്റെ പോസ്റ്റുണ്ടാക്കിയ വിവാദമാണെന്ന് സോഷ്യൽ മീഡിയ നേരത്തെ തന്നെ ചർച്ചകളിൽ ഉയർത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ദീപാ നിശാന്തിന് നൽകുകയാണ് രമ്യാ ഹരിദാസും. പക്ഷേ ഈ അംഗീകാരം ട്രോളാണെന്ന് മാത്രം.

നന്ദിയുണ്ട് ടീച്ചർ.............എന്ന ഒറ്റ വാക്കിൽ എല്ലാം ഒതുക്കിയാണ് ആലത്തൂരിലെ പെങ്ങളൂട്ടിയുടെ പോസ്റ്റ്. കാപ്ഷനൊപ്പം ഇട്ടിരിക്കുന്നത് ദീപാ നിശാന്തിന്റെ ചിത്രവും. ആലത്തൂരിലെ ഒന്നര ലക്ഷത്തിന്റെ വിജയത്തിലെ ക്രെഡിറ്റ് കേരള വർമ്മാ കോളേജിലെ അദ്ധ്യാപകിക്ക് നൽകിയ എംപിയുടെ ഉഗ്രൻ ട്രോൾ. രമ്യാ ഹരിദാസിന്റെ കളിയാക്കൽ ആസ്വദിച്ച് സോഷ്യൽ മീഡിയയും ചർത്താ വിഷയമാക്കുകയാണ്. കവിതാ മോഷണത്തിൽ തുടങ്ങിയ കഷ്ടകാലം മാറുന്നില്ലെന്ന ചർച്ചയാണ് ദീപാ നിശാന്തുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തിലും ഉയരുന്നത്. രമ്യാ ഹരിദാസിനെ കളിയാക്കി വീണ്ടും സൈബർ സഖാക്കളുടെ കണ്ണിലുണ്ണിയാകാനായിരുന്നു ദീപാ നിശാന്ത് ശ്രമിച്ചത്. പികെ ബിജുവിന് ഇത് അപ്രതീക്ഷിത തോൽവിയും നൽകി. കവിതാ മോഷണത്തിൽ യുജിസിയുടെ അന്വേഷണവുമെത്തി. ഇനി പാർലമെന്റിൽ ഈ വിഷയത്തിൽ ചോദ്യം ഉന്നയിക്കാനും രമ്യാ ഹരിദാസിന് കഴിയും. അങ്ങനെ എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലാണ് ദീപാ നിശാന്ത്.

ടീച്ചറേ, രമ്യ പാട്ടുംപാടി തന്നെ ജയിച്ചൂട്ടാ...എന്നാണ് രമ്യഹരിദാസിന്റെ ജയത്തിൽ സാമൂഹിക മാധ്യമങ്ങളിലെ കമന്റുകൾ ഇങ്ങനെയായിരുന്നു. സൈബർ ലോകം ഇത്തരം കമന്റുകളുമായി പാഞ്ഞത് ദീപാ നിശാന്തിന്റെ ഫേസ് ബുക്ക് പേജിലേക്കായിരുന്നു. സിപിഎം കടുത്ത തോൽവിയിലേക്ക് വീണപ്പോൾ ട്രോളുന്നവരെ കുറ്റം പറഞ്ഞ് പോസ്റ്റിട്ടിരിക്കുകയായിരുന്നു ദീപാ നിശാന്ത്. 'അമേഠിയിലെ രാഹുലിന്റെ തോൽവി, ഇന്ത്യയിൽ എൻ.ഡി.എയുടെ മൃഗീയ ഭൂരിപക്ഷം, തൃശൂരും പത്തനംതിട്ടേം ഒന്നും സു സു മാർക്ക് കൊടുക്കാതെ കേരളത്തിൽ നിന്നും വേരോടെ പറിച്ചെറിഞ്ഞ താമര. ട്രോളണോരും ആഹ്ലാദക്കമ്മിറ്റിക്കാരും ഈ വിഷയൊന്നും ടച്ച് ചെയ്യാത്തതെന്താവോ? ഇനീപ്പോ ഞാൻ കാണാത്തതാവോ?' ദീപയുടെ കമന്റ് ഇങ്ങനെയായിരുന്നു. എന്നാൽ രമ്യയുടെ റെക്കാഡ് വിജയത്തെ കുറിച്ചുള്ള ചോദ്യത്തിന് മൗനമായിരുന്നു ദീപയുടെ മറുപടി. ഇടയ്ക്ക് നിങ്ങൾ അമേഠിയെ പറ്റി സംസാരിക്കൂ എന്ന് മാത്രമായിരുന്നു ദീപയുടെ പോസ്റ്റ്. രമ്യയുടെ വിജയത്തിന് പിന്നിൽ ദീപാ നിശാന്തിന്റെ വലിയ പങ്കിന് പേജിലെത്തി നന്ദി അറിയിക്കുകയാണ് കോൺഗ്രസിന്റെ പ്രവർത്തകരും ദീപയുടെ ആരാധകരും. രമ്യ പാട്ടുംപാടി പ്രചാരണം നടത്തിയതിനെ ഇടത് അനുഭാവി ദീപനിശാന്ത് പരിഹസിച്ചത് വിവാദമായിരുന്നു... ഇതെല്ലാം ദീപാ നിശാന്തിനെ പ്രതിരോധത്തിലാക്കി. ഇതിന് പിറകെയാണ് ദീപയെ രമ്യയും ട്രോളുന്നത്. അപ്പോഴും മോശമായ പദമോ മറ്റ് പരിഹാസമോ ഇല്ല. സോഷ്യൽ മീഡിയയുടെ വികാരത്തിൽ നിന്ന് കടമെടുത്ത പ്രതികരണം.

സിപിഎമ്മിന്റെ ഉറച്ച ഒരു ലോക്സഭാ സീറ്റാണ് പാട്ടും പാടി യുഡിഎഫിന്റെ പെങ്ങളൂട്ടി സ്വന്തമാക്കുന്നത്. ആലത്തൂർ പോലുള്ള ഒരു സീറ്റ് രമ്യാ ഹരിദാസിനെപ്പോലുള്ള ഒരു സ്ഥാനാർത്ഥിയുടെ കയ്യിൽ ഒതുങ്ങുമെന്നത് സിപിഎം പ്രതീക്ഷിച്ച കാര്യമായിരുന്നില്ല. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് രമ്യ ജനവിധിക്കായി കാത്തിരുന്നത്. ജയമുറപ്പില്ലാത്ത മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന് പലരും ചോദിച്ചു. എന്നാൽ ആലത്തൂരിന്റെ മനസ്സ് രമ്യയ്ക്ക് അറിയാമായിരുന്നു. വമ്പൻ ഭൂരിപക്ഷത്തിൽ പെങ്ങളൂട്ടി ജയിച്ചത് ആലത്തൂരിന്റെ മനസ്സിൽ കയറിക്കൂടി തന്നെയാണ്. സോഷ്യൽ മീഡിയയിൽ രമ്യ ഹരിദാസ് താരമായപ്പോൾ തന്നെ സിപിഎമ്മിന് നെഞ്ചിടുപ്പു കൂട്ടി. അശ്ലീല പരാമർശവുമായി ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ ആലത്തൂരിലെ സ്ഥാനാർത്ഥിയെ കളിയാക്കുകയും ചെയ്തു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ അശ്ലീല പരാമർശം. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവൻ കളിയാക്കി. രമ്യയുടെ ആത്മവിശ്വാസം തകർക്കാനായിരുന്നു ഇത്. ദീപാ നിശാന്തിനെ പോലുള്ളവരും അധിക്ഷേപവുമായി എത്തി. അപ്പോഴും രമ്യ തളർന്നില്ല. രമ്യാ ഹരിദാസിനെതിരേ വ്യാപക പ്രചാരണമാണ് സിപിഎം പ്രവർത്തകരും അനുഭാവികളും നടത്തുന്നത്. രമ്യാ ഹരിദാസ് പാട്ടുപാടുന്നതിനെ വിമർശിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു.

രമ്യാ ഹരിദാസിന്റെ പോസ്റ്ററുകൾക്ക് മുകളിൽ സിപിഎം പോസ്റ്റർ ഓട്ടിച്ചതും വലിയ ചർച്ചയായിരുന്നു. സ്‌ക്രാച്ച് ആൻഡ് വിൻ എന്ന കളിയാക്കലുമായി വിടി ബൽറാം തിരിച്ചടിയും കൊടുത്തു. അങ്ങനെ പാലക്കാട്ടേയും തൃശൂരിലേയും കോൺഗ്രസ് നേതൃത്വം ഒന്നാകെ പ്രതിസന്ധി ഘട്ടത്തിൽ രമ്യയ്ക്കൊപ്പം നിന്നു. ഇതെല്ലാം ആവേശമാക്കി മാറ്റി പ്രതിസന്ധികളെ രമ്യാ ഹരിദാസ് അതിജീവിച്ചു. എല്ലാ വിമർശനങ്ങൾക്കും തിളക്കമാർന്ന വിജയത്തോടെ മറുപടി നൽകി രമ്യാ ഹരിദാസ്. ഇതിന് ശേഷമാണ് ദീപാ നിശാന്തിനെ ട്രോളുന്നത്. കോൺഗ്രസ് പോലും വിചാരിക്കാത്ത ജയത്തിലേക്കും വൻ ഭൂരിപക്ഷത്തിലേക്കുമാണ് വോട്ടെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ രമ്യ നടന്നു കയറിയത്. രാഹുൽ കണ്ടെടുത്ത നേതാവായ രമ്യ ഇപ്പോൾ ആലത്തൂരിന്റെ എംപി എന്ന നിലയിൽ ഡൽഹി രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റാൻ ഒരുങ്ങുകയാണ്. രാഹുലിന്റെ നേതൃത്വത്തിൽ നടന്ന ടാലന്റ് ഹണ്ടിലാണ് രമ്യ ശ്രദ്ധ നേടുന്നത്. ടാലന്റ് ഹണ്ടിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ ശ്രദ്ധ പിടിച്ചു പറ്റി. രാഹുലിന്റെ പ്രത്യേക ടീമിൽ ഇടം കണ്ടെത്തുകയും ചെയ്തു. ഇതോടെ രമ്യ കോൺഗ്രസിൽ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി മാറി. രാഹുലിന്റെ ഉറച്ച പിന്തുണയും രമ്യക്ക് പിന്നീട് ലഭിക്കുകയും ചെയ്തു. ലോക്സഭാ സ്ഥാനാർത്ഥിത്വത്തിലേക്കും രമ്യയെ എത്തിച്ചത് രാഹുലിന്റെ ഉറച്ച ഈ പിന്തുണ തന്നെയാണ്.

ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രമ്യാ ഹരിദാസിനെപ്പോലെ ഇത്രയധികം അപവാദ ശരങ്ങൾക്ക് പാത്രമായ മറ്റൊരു സ്ഥാനാർത്ഥിയില്ല. പാട്ടും പാടിയുള്ള യുഡിഎഫിന്റെ പെങ്ങളൂട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു സോഷ്യൽ മീഡിയയിൽ പോലും സംസാര വിഷയമായത്. രമ്യയുടെ പാട്ടും പാടിയുള്ള പ്രചാരണം തമാശ മട്ടിലാണ് സിപിഎം കണ്ടത്. ഇതുകൊണ്ടു തന്നെയാണ് എ.വിജയരാഘവനെപോലെയുള്ള ഇടതുമുന്നണി കൺവീനർ പോലും രമ്യ ഹരിദാസിനെ വ്യക്തിപരമായി അവഹേളിക്കുന്ന പരാമർശം നടത്താൻ ധൈര്യപ്പെട്ടതും. പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ സിപിഎമ്മിന്റെ ആക്രമണത്തിനും രമ്യ ഇരയാകുകയും ചെയ്തു. ആലത്തൂർ സിപിഎമ്മിന്റെ ഉറച്ച സീറ്റായിരുന്നു. 2009-ൽ ഒറ്റപ്പാലം ലോക്സഭാ മണ്ഡലം എന്നത് മാറി ആലത്തൂർ മണ്ഡമായത് മുതൽ മുതൽ പികെ ബിജുവിനൊപ്പം നിലയുറപ്പിച്ച മണ്ഡലമാണ് ആലത്തൂർ. കഴിഞ്ഞ പത്തു വർഷത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജു മൂന്നാമതും ജനവിധി തേടി ആലത്തൂരിൽ എത്തിയത്. പക്ഷെ ഇക്കുറി പ്രാദേശിക സിപിഎം നേതൃത്വം ബിജുവിന് എതിരായിരുന്നു. അതുകൊണ്ട് തന്നെയാണ് ബിജുവിനെ സ്ഥാനാർത്ഥിയാക്കരുത് എന്ന് ആലത്തൂരിലെ സിപിഎം ആവശ്യപ്പെട്ടതും. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളുടെ ഇടപെടൽ തന്നെയാണ് പി.കെ.ബിജുവിന്റെ സ്ഥാനാർത്ഥിത്വം ആലത്തൂരിൽ ഇക്കുറി ഉറപ്പിച്ചത്.

എന്നാൽ വോട്ടെണ്ണിയപ്പോൾ ആലത്തൂർ മണ്ഡലത്തിൽ ഇടത് കോട്ടകളിലെല്ലാം രമ്യ ഹരിദാസ് കീഴടക്കി. കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പിപി ഹരിദാസിന്റെയും രാധയുടെയും മകൾ ആണ് രമ്യ ഹരിദാസ്. ജീവിതത്തിൽ പൊരുതി നേടി മുന്നോട്ടു വന്ന പാരമ്പര്യമാണ് രമ്യയ്ക്കും പങ്കു വയ്ക്കാനുള്ളത്. ജവഹർ ബാലജനവേദിയിലൂടെ കടന്നു വന്ന് കെ എസ് യു വിലൂടെ രാഷ്ട്രീയത്തിൽ സജീവമായ പാരമ്പര്യമാണ് രമ്യക്കുള്ളത്. യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് പാർലമെന്റ് സെക്രട്ടറി ആയ രമ്യ നിലവിൽ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ സ്ഥാനം വഹിക്കുകയാണ്. യൂത്തിന്റെ സ്വീകാര്യയായ നേതാവ് എന്ന ലേബലിലാണ് രമ്യ പാർട്ടിയിൽ അറിയപ്പെടുന്നതും. ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയാണ് രമ്യ.

ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളിൽ സജീവമായി പങ്കെടുത്തു. 2012ൽ ജപ്പാനിൽ നടന്ന ലോകയുവജന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി മാറ്റാൻ ആലത്തൂരിലെ ശക്തമായ പ്രകടനവും വിജയവും ഇപ്പോൾ രമ്യയെ സഹായിക്കുകയാണ്. രമ്യ തന്നെയാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിളങ്ങുന്ന താരമായി മാറുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP