Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിഫലം കുറയ്ക്കാൻ തയ്യാറാകാത്ത രണ്ട് താരങ്ങളുടെ സിനിമ ഉടൻ തീയറ്റർ കാണില്ല; പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്യാത്തതിനാൽ ടൊവിനോയുടേയും, ജോജു ജോർജിന്റേയും ചിത്രങ്ങൾക്ക് അനുമതി വിലക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; ഇരുവരും കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ട സാഹചര്യത്തിൽ നടപടി; ദൃശ്യം 2ന് സൂപ്പർതാരം മോഹൻലാൽ വാങ്ങിയത് പകുതി പ്രതിഫലം; വിട്ടുവീഴ്ച ചെയ്യാത്ത താരങ്ങളെ മെരുക്കാൻ നീക്കം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രതിഫല തർക്കത്തിന് പിന്നാലെ രണ്ട് ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രങ്ങൾക്കാണ് അംഗീകാരം നൽകാതിരുന്നത്.ഇരുവരും കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നിർമ്മാതാക്കളുടെ സംഘടന നടപടിയെടുത്തത്.

പുതിയ പ്രൊജക്ടുകളിൽ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.അതേസമയം ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ദൃശ്യം 2- വിന് അനുമതി നൽകിയിട്ടുണ്ട്. ചിത്രത്തിൽ മോഹൻലാൽ പകുതി ശമ്പളം മാത്രമാണ് വാങ്ങുന്നതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിശ്ചലമായ സിനിമ മേഖലയെ മുന്നോട്ട് എത്തിക്കാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയാറാകണമെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ ആവശ്യപ്പെട്ടിരുന്നു.പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രതിഫലം കുറയ്ക്കാത്ത താരങ്ങൾക്ക് തടയിടാൻ നിർമ്മാതാക്കളുടെ സംഘടന അവസാന ആയുധം പുറത്തെടുക്കുന്നു. പ്രതിഫലം കുറയ്ക്കാത്ത താരങ്ങളുടെ സിനിമ റിലീസ് ചെയ്യേണ്ടതില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

താരങ്ങളുടെ പ്രതിഫലം കോവിഡിന് മുൻപുള്ള നിരക്കിലും കുറവായിരിക്കണം. അത്തരം സിനിമകൾക്ക് മാത്രമേ പ്രദർശനാനുമതി നൽകൂ. സിനിമ പ്രോജക്ടുകൾ പ്രത്യേക സമിതി പരിശോധിച്ച ശേഷമേ റിലീസിന് അനുവാദം നൽകൂ. കോവിഡിന് മുൻപും ശേഷവുള്ള പ്രതിഫലം ഈ സമിതി താരതമ്യം ചെയ്യും.

നിലവിൽ ചിത്രീകരണത്തിന് അനുമതി നൽകിയ ചില ചിത്രങ്ങളിലെ താരങ്ങളുടെ പ്രതിഫലം താരതമ്യം ചെയ്തപ്പോഴാണ് രണ്ട് താരങ്ങൾ പ്രതിഫലം കുറച്ചിട്ടില്ലെന്ന് വ്യക്തമായത്. പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേരത്തെ രേഖാമൂലം താരസംഘടനയായ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് അറിയിച്ചുവെങ്കിലും പ്രതിഫലം കുറയ്ക്കാൻ രണ്ട് താരങ്ങൾ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാട് സ്വീകരിക്കാൻ നിർബന്ധിതരായതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് രജപുത്ര രഞ്ജിത് പ്രതികരിക്കുന്നത്.

സിനിമകൾക്ക് ഈടാക്കുന്ന വിനോദ നികുതി എടുത്ത് കളയണമെന്നും നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെടുന്നു. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ വിനോദ നികുതി ഈടാക്കുന്നില്ല. നൂറ് രൂപ വരെയുള്ള ടിക്കറ്റുകൾക്ക് 12% ആണ് ജി.എസ്.ടി. 5% വിനോദ നികുതി കുടി വരുന്നതോടെ ജി.എസ്.ടി. 18% ആകും. അതിനാൽ സർക്കാർ ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് നിർമ്മാതാക്കളുടെ ആവശ്യം.

കോവിഡ് കഴിഞ്ഞാലും തിരക്കിട്ട് റിലീസ് വേണ്ട എന്ന് കൊച്ചിയിൽ ചേർന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച് താര സംഘടന അമ്മയുടെയും വിനോദനികുതി ഒഴിവാക്കുന്നത് സംബന്ധിച്ച് സർക്കാറിന്റെയും തീരുമാനം വന്ന ശേഷമേ ഇനി റിലീസ് ഉണ്ടാകൂ. കോവിഡ് കാലം കഴിഞ്ഞാലും സിനിമ ഉടനില്ലെന്ന് ചുരുക്കം.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ചലച്ചിത്ര താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്. കൊച്ചിയിൽ ചേർന്ന എക്‌സ്‌ക്യൂട്ടീവ് യോഗത്തിൽ ഈ തീരുമാനം താരസംഘടനയായ അമ്മ അംഗീകരിക്കുകയും ചെയ്തു. പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ അംഗങ്ങൾക്കും കത്ത് അയയ്ക്കും എന്ന തീരുമാനത്തിലാണ് യോഗം പിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP