Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

മഹാപ്രളയത്തിൽ കുഴിമാടം ഒലിച്ചുപോയി; അടയാളമായി കുത്തിയ പാർട്ടിക്കൊടിയും കാണാനില്ല; കുത്തിയവനെയും കൊന്നവരെയും കണ്ടെത്താനാവാതെ പൊലീസ്; പാർട്ടി നൽകിയ വീടും പാർട്ടി നടത്തിയ മകളുടെ കല്ല്യാണവും ഓർക്കുമ്പോൾ ആത്മരോഷം ഉള്ളിൽ ഒതുക്കാൻ വിധപ്പെട്ടു മാതാപിതാക്കൾ; മഹാരാജാസിന്റെ ചുവരുകളിൽ രക്തസ്മാരകമായി മാറിയ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ഒരു വയസ് പൂർത്തിയാകുമ്പോൾ

മഹാപ്രളയത്തിൽ കുഴിമാടം ഒലിച്ചുപോയി; അടയാളമായി കുത്തിയ പാർട്ടിക്കൊടിയും കാണാനില്ല; കുത്തിയവനെയും കൊന്നവരെയും കണ്ടെത്താനാവാതെ പൊലീസ്; പാർട്ടി നൽകിയ വീടും പാർട്ടി നടത്തിയ മകളുടെ കല്ല്യാണവും ഓർക്കുമ്പോൾ ആത്മരോഷം ഉള്ളിൽ ഒതുക്കാൻ വിധപ്പെട്ടു മാതാപിതാക്കൾ; മഹാരാജാസിന്റെ ചുവരുകളിൽ രക്തസ്മാരകമായി മാറിയ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ഒരു വയസ് പൂർത്തിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: 'വർഗീയ തുലയട്ടെ' എന്ന രാഷ്ട്രീയ മുദ്രാവാക്യം മഹാരാജാസ് കോളേജിന്റെ മതിലിൽ എഴുതിയതിന്റെ പേരിലാണ് കാമ്പഫ് ഫ്രണ്ട് പ്രവർത്തകരാൽ അഭിമന്യു എന്ന എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത്. കേരളത്തെ ഞെട്ടിച്ച ഈ കാമ്പസ് കൊലപാതകത്തിന് ഒരു വർഷം തികയുമ്പോഴും അഭിമന്യുവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ തീവ്രവാദിയെ കണ്ടെത്താൻ കേരളാ പൊലീസിന് സാധിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. അതിനിടെ അഭിമന്യു സംഭവം ഒന്നിലേറെ സിനിമകളായി തീയറ്ററുകളിലെത്തി. പാർട്ടി പിരിവു നടത്തി വീടു നിർമ്മിച്ചു നൽകി എന്നത് അടക്കമുള്ള കാര്യങ്ങൾ നടക്കുകയും ചെയ്തു.

Stories you may Like

അതേസമയം മഹാപ്രളയവും ഇതിനിടെ കടന്നുപോയി. കാമ്പസ് ഫ്രണ്ടുകാരാൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുഴിമാടം പ്രളയത്തിൽ ഒലിച്ചു പോയ നിലയിലുമാണ്. കന്റെ ഒന്നാം ചരമ വാർഷിക ദിനം പ്രാർത്ഥനയും പൂജകളുമായി ആചരിക്കുകയാണ് കുടുംബം. ഇടുക്കി ജില്ലയിലെ ഏറ്റവും പിന്നാക്ക ഗ്രാമത്തിൽ നിന്ന് പഠനവും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനവുമായി കൊച്ചിയിൽ എത്തിയ അഭിമന്യുവിന്റെ മരണത്തിന് ശേഷം കുടുംബത്തെ സിപിഎം ദത്തെടുത്തെങ്കിലും മകന്റെ കൊലയാളി ഇന്നും നിയമത്തിന്റെ കാണാപ്പുറത്ത് തന്നെയാണ് എന്നത് ബന്ധുക്കളെ കുറച്ചൊന്നുമല്ല അലട്ടുന്നത്.

പാർട്ടിവെച്ചു നൽകിയ വീടിൽ കഴിയുമ്പോഴും ഇതിലെ വിഷമം ഈ കുടുംബത്തെ അലട്ടന്നുണ്ട്. മകന്റെ കൊലയാളികളെ കണ്ടെത്തുന്ന കാര്യത്തിൽ പാർട്ടിയിലും സർക്കാരിലും വിശ്വാസം അർപ്പിച്ച് സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും കാത്തിരിപ്പിലാണ് അച്ഛൻ മനോഹരനും അമ്മ ഭൂപതിയും സഹോദരങ്ങളും. എന്നാലും ആ വിഷമം ഇടയ്ക്കിടെ ഇവരുടെ വാക്കുകളിൽ പ്രകടമാണ്. പ്രതികളെ പിടികൂടിയില്ലെങ്കിൽ കോടതിക്കു മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് രണ്ടാഴ്ച മുൻപ് മനോഹരൻ പറഞ്ഞതും ആ നിരാശയിൽ നിന്നാണ്.

കൊട്ടാക്കമ്പൂരിൽ പാർട്ടി നിർമ്മിച്ചു നൽകിയ വീടിന് അര കിലോമീറ്റർ ദൂരെ പഞ്ചായത്ത് വക പൊതു ശ്മശാനത്തിൽ ആണ് അഭിമന്യുവിന്റെ കുഴിമാടം. മൺകൂനയ്ക്ക് മുകളിൽ സ്ഥാപിച്ച പാർട്ടി കൊടിയും ഫ്‌ളെക്‌സും ആയിരുന്നു അഭിമന്യുവിന്റെ കുഴിമാടം തിരിച്ചറിയാനുള്ള അടയാളം. എന്നാൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിലും ഉരുൾ പൊട്ടലിലും ഈ കുഴിമാടവും മൺകൂനയും ഒലിച്ച് പോയി. ഫ്‌ളക്‌സും പറന്നുപോയി. ബന്ധുക്കൾ എത്തി വീണ്ടും കൂന കൂട്ടിയ മണ്ണും അവിടെ നാട്ടിയ ചുവന്ന കൊടിയും ആണ് ഈ കുഴിമാടത്തെ ഇപ്പോൾ വേറിട്ടു നിർത്തുന്നത്. അഭിമന്യുവിന്റെ ഘാതകരെ പിടികൂടാത്തതിൽ രോഷം പ്രകടിപ്പിച്ച് അച്ഛനും അമ്മയും ഈയിടെ പറഞ്ഞ വാക്കുകൾ പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒന്നാം വാർഷികത്തിലും അതെക്കുറിച്ച് സംസാരിക്കുന്നതിന് പാർട്ടിയുടെ വിലക്കും ഇവർക്കുണ്ട്.

അതേസമയം അടുത്തിടെ അഭിമന്യുവിന്റെ അമ്മാവൻ സോഷ്യൽ മീഡിയയിലൂടെ കൊലയാളികളെ കണ്ടെത്താൻ കഴിയാതെ പോയ സംഭവത്തെ കുറിച്ച് വ്യക്തമാക്കിയതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 2ന് അർധ രാത്രി അഭിമന്യു കൊല ചെയ്യപ്പെട്ടത്. ആക്രമണത്തിൽ പങ്കെടുത്ത 14 പേരെ പിടികൂടിയിട്ടും അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ 2 പ്രധാന പ്രതികളെയാണ് ഇനിയും പിടികൂടാൻ കേരളാ പൊലീസിന് സാധിക്കാതെ പോയത്.

രണ്ടാം വർഷ ബിഎസ്സി(കെമിസ്ട്രി) വിദ്യാർത്ഥിയായ അഭിമന്യു(19) എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു. കോളജിലെ കിഴക്കേ കവാടത്തിലെ മതിലിലെ ചുവരെഴുത്തിനുള്ള അവകാശ തർക്കമാണ് ആക്രമണത്തിലെത്തിയത്. എസ്എഫ്‌ഐ ബുക്ക് ചെയ്തിരുന്ന മതിലിൽ ക്യാംപസ് ഫ്രണ്ട് ചുവരെഴുതിയതായിരുന്നു പ്രശ്‌നകാരണം. ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മുകളിൽ 'വർഗീയത തുലയട്ടെ' എന്ന് എഴുതി ചേർത്തതിനെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ചോദ്യം ചെയ്തതു സംഘർഷത്തിലെത്തി. ക്യാംപസ് ഫ്രണ്ടുകാർ അൽപ്പസമയത്തിനകം പുറത്ത് നിന്ന് എസ്ഡിപിഐക്കാരെക്കൂട്ടി മടങ്ങിയെത്തി എസ്എഫ്‌ഐ സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. അഭിമന്യുവിനെ അടുത്തുള്ള ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഗുരുതരമായി കുത്തേറ്റ ബിഎ മലയാളം വിദ്യാർത്ഥി അർജുൻ ഏറെ നാളത്തെ ചികിൽസ കഴിഞ്ഞ് കോളജിൽ മടങ്ങിയെത്തി പഠനം തുടരുകയാണ്. എംഎ ഇക്കണോമിക്‌സ് വിദ്യാർത്ഥിയായ വിനീത് കുമാറിനും തുടയിൽ കുത്തേറ്റിരുന്നു. വട്ടവടയിലെ നിർധന കുടുംബാംഗമായ അഭിമന്യു ആക്രമണ ദിവസം രാത്രിയോടെയാണ് നാട്ടിൽ നിന്ന് പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറിയിൽ കയറി കൊച്ചിയിലെത്തിയത്. പിറ്റേന്ന് ക്യാംപസിൽ കൊണ്ടുവന്ന അഭിമന്യുവിന്റെ മൃതദേഹത്തിനു മുന്നിൽ 'നാൻ പെറ്റ മകനെ..' എന്ന അമ്മ ഭൂപതിയുടെ നിലവിളി കേരള മന:സാക്ഷിയുടെ മുഴുവൻ തേങ്ങലായി.

സിപിഎമ്മും എസ്എഫ്‌ഐയും നടത്തിയ ധനശേഖരണത്തിലൂടെ സ്വരൂപിച്ച 3.76 കോടി രൂപയിൽ ഒരു ഭാഗം ഉപയോഗിച്ച് വട്ടവടയിൽ അഭിമന്യുവിന്റെ കുടുംബത്തിനായി 10 സെന്റ് സ്ഥലം വാങ്ങി വീടുവച്ചു നൽകി. സഹോദരിയുടെ കല്യാണവും പാർട്ടി തന്നെ നടത്തി. മാതാപിതാക്കളുടെ പേരിൽ 25 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചു. വട്ടവട പഞ്ചായത്ത് ഓഫിസിനു മുകളിൽ അഭിമന്യുവിന്റെ പേരിൽ വായനശാലയും തുറന്നു. ബാക്കി തുക ഉപയോഗിച്ച് എറണാകുളത്ത് അഭിമന്യു സ്മാരകമായി വിദ്യാർത്ഥി സേവന കേന്ദ്രം നിർമ്മിക്കാനാണ് പാർട്ടി തീരുമാനം. കലൂർ-കതൃക്കടവ് റോഡിൽ ഇന്ന് കേന്ദ്രത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തറക്കല്ലിടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP