Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

ഐഎസിസ് മോഡലിൽ കോയമ്പത്തൂരിൽ ഒരു യുക്തിവാദിയെ ഇസ്ലാമിസ്റ്റുകൾ കഴുത്തറുത്തു കൊന്നിട്ട് ആറുവർഷം; കൊല ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ; സച്ചിദാനന്ദൻ മുതൽ കെഇഎൻ വരെയുള്ള ഒരു ബുദ്ധിജീവിയും പ്രതികരിച്ചില്ല; ഒരു ഫാറൂഖ് ദിനം കൂടി കടന്നുപോവുമ്പോൾ

ഐഎസിസ് മോഡലിൽ കോയമ്പത്തൂരിൽ ഒരു യുക്തിവാദിയെ ഇസ്ലാമിസ്റ്റുകൾ കഴുത്തറുത്തു കൊന്നിട്ട് ആറുവർഷം; കൊല ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ; സച്ചിദാനന്ദൻ മുതൽ കെഇഎൻ വരെയുള്ള ഒരു ബുദ്ധിജീവിയും പ്രതികരിച്ചില്ല; ഒരു ഫാറൂഖ് ദിനം കൂടി കടന്നുപോവുമ്പോൾ

എം റിജു

 കോഴിക്കോട്: നാലുവർഷം മുമ്പ് മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ നടന്ന 'ക' ഫെസ്റ്റിവൽ എന്ന സാഹിത്യോത്സവത്തിൽ പങ്കെടുത്ത്, ഡോ എം എൻ കാരശ്ശേരി ഇങ്ങനെ ചോദിച്ചു. 'നമ്മൾ ഉത്തരേന്ത്യയിൽ നടക്കുന്ന അതിക്രമങ്ങളെപ്പറ്റിയൊക്കെ വല്ലാതെ വേവലാതിപ്പെടാറുണ്ടല്ലോ. അത് നല്ലതാണ്. പക്ഷേ നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ, ഫാറൂഖ് എന്ന ചെറുപ്പക്കാരനെ ഇസ്ലാമിക തീവ്രവാദികൾ, ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ കഴുത്തറുത്തുകൊന്നത് നിങ്ങൾക്ക് എത്രപേർക്ക് അറിയാം. നമ്മുടെ എത്ര പത്രങ്ങൾ അത് റിപ്പോർട്ട് ചെയ്തു. നമ്മുടെ എത്ര സാംസ്കാരിക നായകർ പ്രതികരിച്ചു.''- കാരശ്ശേരി മാസ്റ്റർ ഇതുപറയുമ്പോൾ സദസ്സ് മൗനമായിരുന്നു. കാരണം അവിൽ പലരും ഫാറൂഖ് എന്ന ചെറുപ്പക്കാരൻ ഹീനമായി കൊല്ലപ്പെട്ടതിനെക്കുറിച്ച് കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല.

ഫേസ്‌ബുക്കിലൂടെ ഇസ്ലാമിക വിമർശനം നടത്തിയതിന് കഴുത്തറുത്തുകൊല്ലപ്പെട്ട കോയമ്പത്തൂരിലെ യുക്തിവാദിയും ദ്രാവിഡർ വിടുതലൈ കഴകം പ്രവർത്തകനുമായ എച്ച് ഫാറൂഖിന്റെ ഒരു ഓർമ്മദിനം കൂടി കടന്നുപോവുകയാണ്. 2017 മാർച്ച് 16 ന് രാത്രിയാണ് 'കടവുൾ ഇല്ലെ' എന്ന് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഫാറൂഖ് എന്ന 31കാരൻ കൊല്ലപ്പെടുന്നത്. എന്നാൽ സ്വതന്ത്രചിന്തകരായ ഏതാനും പേർ പ്രതിഷേധിക്കുന്നുവെന്ന് അല്ലാതെ കേരളത്തിൽ പലരും ഇത്തരം ഒരു കൊലയെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല.

മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തന്നെ ഫാറൂഖിന്റെ മരണം അർഹിക്കുന്ന പരിഗണന കൊടുത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. സംഘപരിവാർ ആക്രമണങ്ങളിൽ ഗൗരീലങ്കേഷും, ധബോൽക്കറും, ഗോവിന്ദ് പൻസാരെയുമെല്ലാം കൊല്ലപ്പെട്ടമ്പോൾ ഉണ്ടായ പ്രതിഷേധത്തിന്റെ നൂറിലൊന്നുപോലും ഫാറൂഖിന് വേണ്ടി ഉണ്ടായില്ല. ഇതിന്പിന്നിൽ കൃത്യമായ പൊളിറ്റിക്സ് തന്നെയാണെന്ന് പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ളവർ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇസ്ലാം പ്രതിയാവുന്ന കേസുകളിലൊക്കെ നമ്മുടെ സാംസ്കാരിക നായകർ മൗനം പാലിക്കയാണ് പതിവെന്ന് അദ്ദേഹം പറയുന്നു.

ഞെട്ടിപ്പിക്കുന്ന മതക്കൊല

പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ ആരാധകനായിട്ടായിരുന്നു ഫാറൂഖ് വളർന്നത്. അങ്ങനെയാണ് പെരിയോറിസ്റ്റ് സംഘടനകളിലൊന്നായ ദ്രാവിഡർ വിടുതലൈ കഴകത്തിൽ അദ്ദേഹം അംഗമാവുന്നത്. ദൈവത്തിനും മതത്തിനും ജാതിക്കും താൻ എതിരാണെന്നും ഒരു മനുഷ്യനും താൻ എതിരല്ലെന്നും ആവർത്തിക്കുന്ന നിരവധി പോസ്റ്റുകളാണ് അദ്ദേഹത്തിന്റെതായി ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തീർത്തും നിരീശ്വരവാദിയായി ഫാറൂഖ് മാറി.

പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പലരും താക്കീത് ചെയ്തു. പക്ഷെ തന്റെ നിലപാടുകളിൽ ആ യുവാവ് ഉറച്ചു നിന്നു. അങ്ങനെ 2017 മാർച്ച് 16 ന് രാത്രി പതിനൊന്ന് മണിയോടെ അടുത്ത സുഹൃത്ത് ഫാറൂഖിനെ വീട്ടിൽ നിന്നും വിളിച്ചു വരുത്തുകയായിരുന്നു. പിതാവ് പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ഫാറൂഖ് കേട്ടില്ല. ആ യാത്ര തിരിച്ചുവരാത്ത യാത്രയാവുമെന്ന് പിതാവ് കരുതിയില്ല. ഐഎസ് തീവ്രവാദികളെപ്പോലെ ദയയുടെ കണികപോലുമില്ലാതെ ക്രൂരമായിട്ടായിരുന്നു കഴുത്തറുത്ത് തീവ്രവാദികൾ ഫാറൂഖിനെ കൊലപ്പെടുത്തിയത്. കടുവുൾ ഉണ്ട് എന്ന് പറയുകയും അള്ളാഹു അക്‌ബർ വിളിക്കുകയും ചെയ്താൽ തന്നെ വെറുതെവിടാമെന്ന് അവർ പറഞ്ഞിട്ടും ഫാറൂഖ് വഴങ്ങിയില്ല. തുടർന്നാണ് കൊല നടന്നത് എന്നാണ് പ്രതികൾ പൊലീസിന് കൊടുത്ത മൊഴിയിൽ പറയുന്നത്. ഫാറൂഖിന്റെ ഏതാനും സുഹൃത്തുക്കളെ അറസ്റ്റ്ചെയ്തു എന്നല്ലാതെ, സംഭവത്തിന്റെ സൂത്രധാരനെ ഇനിയും പിടികിട്ടിയിട്ടുമില്ല.

2018ൽ കോഴിക്കോട് ടൗൺഹാളിൽ ചേകന്നൂർ മൗലവി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ഫാറൂഖിന്റെ കുടുംബം എത്തിയിരുന്നു. അന്ന് പിതാവ് ആർ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞത് മതത്തെ വിമർശിച്ചു എന്നത് മാത്രമാണ് തന്റെ മകൻ ചെയത തെറ്റ് എന്നാതിരുന്നു. 'മതത്തിനെതിരെ, ദൈവത്തിനെതിരെ സംസാരിച്ചു എന്നത് മാത്രമാണ് എന്റെ മകൻ ചെയ്ത തെറ്റ്. അതിനാണ് അവരവനെ മൃഗീയമായി കഴുത്തറുത്തുകൊന്നത്. അവന്റെ ഗതി മറ്റാർക്കും ഉണ്ടാകരുതെന്ന ആഗ്രഹം മാത്രമെ എനിക്ക് നിങ്ങളോട് പറയുവാനുള്ളു.''- എച്ച് ഫാറൂഖിന്റെ പിതാവ് ആർ ഹമീദ് പറഞ്ഞു.

മകന്റെ വിശ്വാസങ്ങളോട് ഹമീദിന് ആദ്യമൊന്നും യോജിപ്പില്ലായിരുന്നു. എന്നാൽ തന്റെ ആശയത്തിൽ ഉറച്ചു നിന്ന മകന്റെ നിലപാടിനോട് പിന്നീട് ഹമീദിന് താത്പര്യം തോന്നി. കൊല്ലുന്ന സമയത്ത് പോലും ദൈവം ഉണ്ടെന്ന് പറഞ്ഞാൽ വെറുതെ വിടാമെന്നായിരുന്നു പ്രതികൾ അവനോട് പറഞ്ഞിരുന്നത്. ഇക്കാര്യം അവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഫാറൂഖിനെ കൊല്ലാനേ പറ്റുമായിരുന്നുള്ളു.. തോൽപ്പിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ആർക്കും അടിമയല്ല.എനിക്ക് ആരും അടിമയല്ല എന്നായിരുന്നു മകൻ എപ്പോഴും പറയാറുണ്ടായിരുന്നതെന്നും ഹമീദ് പറയുന്നു.

സാംസ്കാരിക നായകർ എവിടെ?

കോയമ്പത്തൂരിൽ ഉക്കടം ബസ് സ്റ്റാന്റിന് സമീപം അൽ അമീൻ കോളനിയിലാണ് ഹമീദ് താമസിക്കുന്നത്. ആക്രിക്കച്ചവടമായിരുന്നു ഫാറൂഖിന്. മകന്റെ മരണശേഷം ഭാര്യ ചെറിയൊരു കട നടത്തുന്നുണ്ട്. അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഫാറൂഖിന്റെ രണ്ട് മക്കൾ ഉൾപ്പെടെയുള്ള കുടുംബം കഴിയുന്നത്. കേരളത്തിൽ നിന്ന് വലിയ തോതിൽ സഹായം കിട്ടിയിട്ടുണ്ടെന്നത് ഫാറൂഖിന്റെ പിതാവ്് ഹമീദ് നന്ദിയോടെ വ്യക്തമാക്കുന്നു. ഫ്രീ തിംങ്കേഴ്‌സ് ഗ്രൂപ്പ് നാല് ലക്ഷവും യുക്തിവാദി സംഘം ഒരു ലക്ഷം രൂപയും പിരിച്ചെടുത്ത് നൽകി. ദ്രാവിഡർ വിടുതലൈ കഴകം 14 ലക്ഷത്തോളം രൂപയാണ് സമാഹരിച്ച് നൽകിയത്.

തമിഴ്‌നാട്ടിലെ സാംസ്കാരിക പ്രവർത്തകരും, പെരിയാർ കഴകം പ്രവർത്തകരും, സ്വതന്ത്രചിന്തകരുമൊക്കെ തമിഴ്‌നാട്ടിൽ വിപുലമായി ഫാറൂഖ് അനുസ്മരണം നടത്തയിട്ടുണ്ട്. എന്നാൽ കേരളത്തിൽ സ്വതന്ത്രചിന്തകരുടെ കുട്ടായ്മകൾ നടത്തുന്ന ചെറിയ പരിപാടികൾ മാത്രമാണ് നടന്നിട്ടുള്ളത്.

നാടകസംവിധായകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ റഫീക്ക് മംഗലശ്ശേരി ഇങ്ങനെ കുറിക്കുന്നു. 'ഇത് , എച്ച് ഫാറൂഖ് . കോയമ്പത്തൂരിൽ ഇരുമ്പ് കച്ചവടം ചെയ്ത് കുടുംബം പോറ്റിയിരുന്ന 31 വയസ്സുകാരൻ. 6 വർഷം മുമ്പ് ഇസ്ലാമിനെ വിമർശിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ, ഇസ്ലാമിക തീവ്രവാദികൾ വെട്ടിയരിഞ്ഞു കൊല്ലുകയായിരുന്നു ഈ ചെറുപ്പക്കാരനെ .പക്ഷേ .... മതേതരത്വത്തിന്റെ അപ്പോസ്ത്തലമാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളീയ ജനത ഈ സംഭവം അറിഞ്ഞിട്ടു പോലുമില്ല.

അറിഞ്ഞവരാവട്ടെ അറിഞ്ഞതായ് നടിക്കുന്നുമില്ല ....!അതുകൊണ്ട് തന്നെ ഫാറൂഖിനെ ഓർമ്മിച്ചു കൊണ്ട് ഒരു അനുസ്മരണ പരിപാടി പോലും നമ്മുടെ നാട്ടിലൊരിടത്തും നടന്നില്ല ....!എന്തിനേറെ പറയുന്നു, എന്തിനും ഏതിനും ഫേസ്‌ബുക്കിൽ കുത്തിക്കുറിക്കുന്ന സൈബർ വിപ്ലവകാരികൾ പോലും ഫാറൂഖ് എന്ന മൂന്നക്ഷരം എഴുതിക്കണ്ടില്ല ....!

ഹേ.... സൈബർ പോരാളികളേ , ഫാറൂഖ് കൊല്ല ചെയ്യപ്പെട്ടത് ,നിങ്ങൾ വിപ്ലവം വിളമ്പുന്ന അതേ സൈബറിടത്തിൽ പോസ്റ്റിട്ടതിന്റെ പേരിലാണ് !അതുകൊണ്ടുതന്നെ ,മറ്റാരേക്കാളും ഫാറൂഖിനുവേണ്ടി ശബ്ദിക്കേണ്ടതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കായിരുന്നു ...!കാരണം , നാളെ ഒരുപക്ഷേ ഇതുപോലെ സൈബറിടത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ നിങ്ങളേയും അവർ വേട്ടയാടിയേക്കാം ...! ഇസ്ലാമിക സംഘടനകൾ പ്രതിസ്ഥാനത്ത് വരുന്ന സമയങ്ങളിലൊക്കെ കേരളീയ സമൂഹം, പ്രത്യേകിച്ച് .നമ്മുടെ സാസ്‌കാരിക പ്രവർത്തകരും , ബുദ്ധിജീവികളും എഴുത്തുകാരും , രാഷ്ട്രീയക്കാരുമെല്ലാം ഒരു പ്രത്യേക തരത്തിലുള്ള വൺസൈഡ് മൗനവ്രതം ആചരിക്കുന്നത് പതിവാണ്...!

ചേകന്നൂർ മൗലവിയെ കൊന്നപ്പോൾ നാം ഈ മൗനം കണ്ടതാണ് ....!ജോസഫ് മാഷെ കൈ വെട്ടിമാറ്റുന്നത് വരെ നമ്മുടെ നാട്ടിലെ എഴുത്തുകാരും ബുദ്ധിജീവികളും രാഷ്ട്രീയക്കാരുമെല്ലാം ജോസഫ് മാഷിന് എതിരായിരുന്നു ....!എന്നാൽ സംഘപരിവാർ പ്രതിസ്ഥാനത്ത് വരുന്ന ഘട്ടങ്ങളിലൊക്കെ നമ്മുടെ ബുദ്ധിജീവികളുടേയും സാംസ്‌കാരിക പ്രവർത്തകരുടേയും എഴുത്തുകാരുടേയുമൊക്കെ രക്തം വല്ലാതെ തിളച്ച് മറിയുന്നത് കാണാം ...! അതുകൊണ്ടാണ് ,ധബോൽക്കറും, ഗോവിന്ദ്പൻസാരെയും , ഗൗരീലങ്കേഷുമൊക്കെ ഇത്ര ഉച്ചത്തിൽ കേരളീയ സമൂഹത്തിൽ മുഴങ്ങി കേൾക്കുന്നത് .!മനുഷ്യന്റെ കൊലയിലും കണ്ണീരിലുമൊക്കെ വിവേചനം കാണിക്കുന്ന , ഈ ഇരട്ടത്താപ്പ് അപകടമാണ് എന്ന് മാത്രമല്ല, കേരളത്തിൽ സംഘപരിവാറിന്റെ വളർച്ചക്ക് ആക്കം കൂട്ടുക തന്നെ ചെയ്യും..!''- റഫീഖ് തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP