Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും റിസ്‌ക്ക് വേണ്ടെന്ന നിലപാടിൽ വിശ്വാസികൾ; പള്ളികൾ തുറക്കില്ലെന്ന് ഭൂരിപക്ഷം മുസ്ലിം മഹല്ല് കമ്മിറ്റികളും; ക്രൈസ്തവ സഭകൾക്കിടയിലും ആശയക്കുഴപ്പം; ജൂൺ 30 വരെ പള്ളികൾ തുറക്കേണ്ടതില്ലെന്ന് എറണാകുളം - അങ്കമാലി അതിരൂപത; തുറക്കുന്ന കാര്യം അതത് പള്ളികൾക്ക് തീരുമാനിക്കാമെന്ന് വാരാപ്പുഴ ലത്തീൻ അതിരൂപതയും; ദേവാലയങ്ങൾ തുറക്കാൻ തീരുമാനിച്ചു മാനന്തവാടി, താമരശ്ശേരി രൂപതകളും; ക്ഷേത്രങ്ങൾ വൃത്തിയാക്കി തുടങ്ങി

നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും റിസ്‌ക്ക് വേണ്ടെന്ന നിലപാടിൽ വിശ്വാസികൾ; പള്ളികൾ തുറക്കില്ലെന്ന് ഭൂരിപക്ഷം മുസ്ലിം മഹല്ല് കമ്മിറ്റികളും; ക്രൈസ്തവ സഭകൾക്കിടയിലും ആശയക്കുഴപ്പം; ജൂൺ 30 വരെ പള്ളികൾ തുറക്കേണ്ടതില്ലെന്ന് എറണാകുളം - അങ്കമാലി അതിരൂപത; തുറക്കുന്ന കാര്യം അതത് പള്ളികൾക്ക് തീരുമാനിക്കാമെന്ന് വാരാപ്പുഴ ലത്തീൻ അതിരൂപതയും; ദേവാലയങ്ങൾ തുറക്കാൻ തീരുമാനിച്ചു മാനന്തവാടി, താമരശ്ശേരി രൂപതകളും; ക്ഷേത്രങ്ങൾ വൃത്തിയാക്കി തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ രാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. ഗുരുവായൂരും ശബരിമലയും അടക്കമുള്ള ക്ഷേത്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ക്രൈസ്തവ പള്ളികൾ തുറക്കുന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് പലയിടത്തു നിന്നും പുറത്തുവരുന്നത്. അതേസമയം സംസ്ഥാനത്ത് മുസ്ലിം പള്ളികൾ പലതും തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തിരുവനന്തപുരം പാളയും ജുമാമസ്ജിദ് കൈക്കൊണ്ട നടപടിയുടെ വഴിയേ പോകുകയാണ് മറ്റ് മഹല്ലു കമ്മിറ്റികളും. ആരാധനാലയങ്ങൾ തുറക്കുന്നത് രോഗവ്യാപനത്തിന് വഴിവെക്കുമെന്ന ഐഎംഎയുടെ മുന്നറിയിപ്പ് അടക്കം നിലനിൽക്കുകയാണ്. ഇതെല്ലാം കൊണ്ടാണ് ചർച്ചുകൾ തുറക്കുന്ന കാര്യത്തിൽ അടക്കം ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ജൂൺ 30 വരെ നിലവിലെ നിയന്ത്രണം തുടരും. തിരുക്കർമങ്ങൾ ഉണ്ടാകില്ല. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ, എറണാകുളം അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങൾ വ്യക്തിഗത പ്രാർത്ഥനകൾക്കായി തുറന്നിടാൻ തീരുമാനിച്ചിട്ടുണ്ട്. വിവാഹത്തിനു 50 പേരെയും മനസമ്മതം, മാമ്മോദീസ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 20 പേരെയും മാത്രമാണ് അനുവദിക്കുക.

രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ മറ്റന്നാൾ മുതൽ പലയിടത്തും ആരാധനാലയങ്ങൾ തുറക്കും. സർക്കാർ നിർദേശങ്ങൾ പാലിച്ചായിരിക്കും ആരാധനാലയങ്ങൾ തുറക്കുകയെന്ന് തൃശൂർ അതിരൂപത അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് തൃശൂർ അതിരൂപത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

സർക്കാർ നിർദേശിച്ച പോലെ ജൂൺ ഒൻപതിനു മുൻപ് എല്ലാ പള്ളികളും അണുവിമുക്തമാക്കണമെന്ന് അതിരൂപത അധികൃതർ ഇടവകകൾക്ക് നിർദ്ദേശം നൽകി. കോവിഡ് ജാഗ്രതയെ കുറിച്ച് പ്രതിപാദിക്കുന്ന നോട്ടീസ് പള്ളികളിൽ സ്ഥാപിക്കണം. തിരുക്കർമങ്ങളിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം സർക്കാർ നിർദ്ദേശം പാലിച്ചായിരിക്കും. വ്യക്തികൾ തമ്മിൽ ആറടി അകലം പാലിക്കണം. എത്ര വലിയ ദേവാലയമാണെങ്കിലും നൂറ് പേർ മാത്രമേ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ പാടൂ. 65 വയസിനു മുകളിലുള്ളവരും പത്ത് വയസിനു താഴെയുള്ളവരും രോഗലക്ഷണമുള്ളവരും ഗർഭിണികളും ദേവാലയത്തിൽ വരുന്നത് ഒഴിവാക്കണമെന്നും തൃശൂർ അതിരൂപതയുടെ സർക്കുലറിൽ പറയുന്നു.

തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ മുൻകൂട്ടി നിശ്ചയിക്കണം. കുടുംബകൂട്ടായ്മകൾ വഴി ക്രമീകരണം കൊണ്ടുവരാം. ഹോട്ട്സ്പോട്ടുകളിൽ നിന്നുള്ളവർ പള്ളിയിലേക്ക് എത്തരുത്. പള്ളിയിലേക്ക് എത്തുന്നവരുടെ പേരുവിവരം എഴുതി സൂക്ഷിക്കണം. പള്ളിയിൽ പ്രവേശിക്കുന്നതിനു മുൻപ് കൈകാലുകൾ വൃത്തിയാക്കണം. സാനിറ്റൈസർ ഉപയോഗിക്കണം. ചെരുപ്പുകൾ നിശ്ചിത അകലത്തിൽ പള്ളിയുടെ പുറത്ത് സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കണം.

പള്ളിയിലേക്ക് കയറുവാൻ ഒരു വാതിലും പുറത്തിറങ്ങാൻ മറ്റൊരു വാതിലും ആയിരിക്കണം ഉപയോഗിക്കേണ്ടത്. തിരുസ്വരൂപങ്ങൾ ചുംബിക്കരുത്, ഹന്നാൻ വെള്ളം ഉപയോഗിക്കരുത്. ഇടവകയിലെ ആളുകളുടെ എണ്ണം അനുസരിച്ച് കുർബാനകളുടെ എണ്ണം വർധിപ്പിക്കാൻ ഇടവക വികാരിക്ക് അധികാരമുണ്ട്. കൂദാശകളുടെ ഭാഗമായി പരസ്പരം സ്പർശിക്കരുത്. വിവാഹം, മൃതസംസ്‌കാരം തുടങ്ങിയവയ്ക്ക് നേരത്തെ നൽകിയ നിർദ്ദേശം പാലിക്കണം. പൊതുയോഗങ്ങൾ, തിരുനാളുകൾ, ഊട്ടുസദ്യ, കുടുംബകൂട്ടായ്മകൾ എന്നിവ നിർബന്ധമായും ഒഴിവാക്കണമെന്നും തൃശൂർ അതിരൂപത പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

അതേസമയം ലോക്ക് ഡൗണിന് ശേഷം പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് അതാത് പള്ളികൾക്ക് തീരുമാനമെടുക്കാമെന്ന് വാരാപ്പുഴ ലത്തീൻ അതിരൂപത. തിരക്കിട്ട് പള്ളികൾ തുറക്കേണ്ടതില്ലെന്ന് ചില ഇടവകകൾ തീരുമാനമെടുത്തിട്ടുണ്ട്. പള്ളികൾ തുറക്കുന്ന കാര്യത്തിൽ അതാത് പള്ളികൾക്ക് തീരുമാനമെടുക്കാമെന്നും വരാപ്പുഴ ലത്തീൻ അതിരൂപത വ്യക്തമാക്കി. പ്രാധാന്യമുള്ള ദിവസങ്ങളിൽ ഒരേ സമയം പതിനഞ്ച് പേരിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കരുതെന്ന് അതിരൂപത നിർദ്ദേശം നൽകി. ലോക്ക്ഡൗണിന് ശേഷം പള്ളികൾ തുറക്കുന്നതിൽ ക്രൈസ്തവ സഭകളിൽ ഭിന്നതയുണ്ടായിരുന്നു. തിരക്കിട്ട് പള്ളികൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി ആർച്ച് ബിഷപ്പിന് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അതിരൂപതയുടെ തീരുമാനം.

65 വയസ് പിന്നിട്ട വൈദികർക്ക് ആരാധാലയങ്ങളിൽ പ്രവേശിക്കാമോ എന്നതാണ് പ്രധാന ആശങ്ക. ഇതിന് കഴിയില്ലെങ്കിൽ അത് പ്രതിസന്ധിയാകും. ഭൂരിഭാഗം ഇടവക വൈദികന്മാരും 65 വയസ് പിന്നിട്ടവരാണ്. മെത്രാന്മാരും മിക്കവരും 65 വയസ് കഴിഞ്ഞവരാണ്. കൂടാതെ വിശുദ്ധ കുർബാനയിലെ ചടങ്ങുകൾ പൂർത്തിയാക്കാൻ സാധിക്കുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. തുടർന്നാണ് എറണാകുളം അങ്കമാലി അതിരൂപത സർക്കാരിൽ നിന്ന് വ്യക്തത തേടിയത്. അതേസമയം നിയന്ത്രിതമായ വിധത്തിൽ മാനന്തവാടി, താമരശ്ശേരി രൂപതകൾ തുറക്കാനാണ് തീരുമാനം.

നിയന്ത്രണങ്ങളോട് കൂടി തുറക്കപ്പെടുന്ന ദേവാലയങ്ങളിലും സർക്കാർ അനുവദിച്ചിട്ടുള്ളത് പോലെ പരമാവധി ആളുകൾ പങ്കെടുക്കുന്ന രീതിയിൽ തിരുകർമങ്ങൾ നടത്താൻ പാടില്ലായെന്നാണ് അതിരൂപത ആവശ്യപ്പെട്ടിട്ടുള്ളത്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് പള്ളികൾ തുറക്കാമെന്നാണ് യാക്കോബായ സഭയുടെ തീരുമാനം. 65 വയസിന് മുകളിൽ പ്രായമുള്ള വൈദികരോ വിശ്വാസികളോ പള്ളികളിൽ എത്തേണ്ടതില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ സർക്കുലറിൽ വ്യക്തമാക്കുന്നു. പള്ളികൾ തുറക്കുന്ന കാര്യത്തിൽ മറ്റ് സഭകളും ഉടൻ തീരുമാനമെടുത്തേക്കും.

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില മസ്ജിദുകൾ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വിവിധ മുസ്ലിം ജമാ അത്ത് കമ്മിറ്റികളാണ് ഉടൻ പള്ളി തുറക്കേണ്ടതില്ലെന്ന് അറിയിച്ചിരിക്കുന്നത്. കോഴിക്കോട് നടക്കാവ് പുതിയ പള്ളിയും കണ്ണൂരിലെ അബ്റാർ മസ്ജിദും തുറക്കില്ല. എറണാകുളം ജില്ലയിലെ പള്ളികൾ തുടർന്നും അടിച്ചിടുമെന്ന് വിവിധ മുസ്ലിം ജമാഅത്തുകളുടെ യോഗത്തിൽ തീരുമാനമായി. കോഴിക്കോട് മൊയ്തീൻ പള്ളിയും തിരുവനന്തപുരം പാളയം ജുമാ മസ്ജിദും കോവിഡ് പശ്ചാത്തലത്തിൽ തുറക്കില്ല.

സംസ്ഥാനത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കില്ലെന്നെ നിലപാടുമായി കൂടുതൽ മഹല്ല് കമ്മിറ്റികൾ രംഗത്തെത്തി. സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം പള്ളികൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. എറണാകുളത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കേണ്ടെന്ന നിലപാടാണ് സംയുക്ത മഹല്ല് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം മാത്രം പള്ളികൾ തുറക്കുന്ന കാര്യം ആലോചിക്കാനാണ് തീരുമാനം. ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. സർക്കാർ മാർഗ നിർദേശങ്ങൾ ഉറപ്പ് വരുത്താൻ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തിരുവനന്തപുരം പാളയം ജുമാ മസ്ജിദും, കോഴിക്കോട് മൊയ്തീൻ പള്ളി, നടക്കാവ് പുതിയ പള്ളി, കണ്ണൂരിലെ അബ്റാർ മസ്ജിദ് തുടങ്ങിയവരും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. ജുമാ നമസ്‌കാരത്തിനും മറ്റ് നമസ്‌കാരങ്ങൾക്കും പള്ളികളിൽ വരുന്നവർ വീടുകളിൽനിന്ന് അംഗശുദ്ധി വരുത്തണം. പ്രായാധിക്യമുള്ളവരും കുട്ടികളും ഏതെങ്കിലും രോഗലക്ഷണമുള്ളവരും പള്ളിയിൽ വരാതിരിക്കാൻ കമ്മറ്റി ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കണം. പള്ളികളിൽ കൂടുതൽ നേരം കൂട്ടംകൂടി ഇരിക്കുന്നതും ജുമായ്ക്ക് മുൻപോ പിൻപോ കൂടുതൽ സമയം പ്രസംഗിക്കുന്നതും ഒഴിവാക്കണം. പള്ളികളിൽ ഇപ്പോഴുള്ള വിരിപ്പുകളടക്കം ഒഴിവാക്കണം തുടങ്ങിയ മാർഗനിർദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.

ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ കേരളത്തിൽ വർധിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് ഐഎംഎ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം കേരളത്തിൽ ചില ക്ഷേത്രങ്ങൽ തുറക്കുന്നതിന് മുന്നോടിയായി വൃത്തിയാക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP