Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുകുരുക്ക് അഴിക്കുമ്പോൾ മറ്റേത് മുറുകും; തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് ശ്വാസം വിടാം; അറസ്റ്റ് തടഞ്ഞ് തെലങ്കാന ഹൈക്കോടതി; കേസ് സിബിഐക്ക് കൈമാറണമെന്ന തുഷറിന്റെ ആവശ്യം തള്ളി; താൽക്കാലിക ആശ്വാസ തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കെ; നാട്ടിൽ തുഷാറിന് പേടിസ്വപ്‌നമായി കെ കെ മഹേശൻ കേസും

ഒരുകുരുക്ക് അഴിക്കുമ്പോൾ മറ്റേത് മുറുകും; തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് ശ്വാസം വിടാം; അറസ്റ്റ് തടഞ്ഞ് തെലങ്കാന ഹൈക്കോടതി; കേസ് സിബിഐക്ക് കൈമാറണമെന്ന തുഷറിന്റെ ആവശ്യം തള്ളി; താൽക്കാലിക ആശ്വാസ തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കെ; നാട്ടിൽ തുഷാറിന് പേടിസ്വപ്‌നമായി കെ കെ മഹേശൻ കേസും

മറുനാടൻ മലയാളി ബ്യൂറോ

 ഹൈദരാബാദ്: തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഓപ്പറേഷൻ താമര കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് താൽകാലിക ആശ്വാസം. തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിനോട് നിർദ്ദേശിച്ചു.

കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തുഷാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ച് നിർദ്ദേശം. അതേസമയം കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാറിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ബിജെപി ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവരും പ്രതികളാണ്. തെലങ്കാന ഹൈക്കോടതി നിർദ്ദേശമനുസരിച്ചാണ് തുഷാർ വെള്ളാപ്പള്ളിയെടക്കം പ്രതികളാക്കിയത്.

അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാത്ത തുഷാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ മൂന്ന് പേരെയാണ് ഇതു വരെ സൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 21ന് ഹാജരാകണമെന്ന് കാണിച്ചായിരുന്നു പ്രത്യേക അന്വേഷണ സംഘം, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തേഷ്, തുഷാർ വെള്ളാപ്പള്ളി എന്നിവർക്ക് നോട്ടീസ് നൽകിയത്. എന്നാൽ രണ്ടു പേരും ഹാജരായില്ല. തുടർന്നാണ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്. നോട്ടീസിനു പിന്നാലെ അഭിഭാഷകൻ മുഖേനെ ബിഎൽ സന്തോഷ്, മറ്റൊരു തീയതിയിൽ ഹാജരാകാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതോടെ, ഇയാൾക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് പിൻവലിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളിലേയ്ക്ക് ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടിസ് നൽകുകയും ചെയ്തിട്ടുണ്ട്.

ബി.എൽ. സന്തോഷ്, തുഷാർ വെള്ളാപ്പള്ളി, ബി. ശ്രീനിവാസ് എന്നിവരുൾപ്പെടെ ഏഴുപേരാണ് നിലവിൽ കേസിലെ പ്രതികൾ. ഇതിൽ, ടിആർഎസ് എംഎൽഎമാരുമായി ഡീൽ ഉറപ്പിക്കാൻ ഫാം ഹൗസിലെത്തിയ നന്ദകുമാർ, രാമചന്ദ്ര ഭാരതി, സിംഹയാചലു എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ടി.ആർ.എസ് എംഎ‍ൽഎമാരെ കൂറുമാറ്റാനുള്ള ഗൂഢനീക്കത്തിൽ പ്രധാന പങ്കുവഹിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രിയും പാർട്ടി തലവനുമായ കെ. ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം നാല് എംഎ‍ൽഎമാർക്ക് വാഗ്ദാനം ചെയ്‌തെന്നാണ് കെ.സി.ആർ ആരോപിച്ചത്. ഇതിനുപുറമെ 50 ലക്ഷം രൂപ വീതം കൂറുമാറാൻ ഭരണകക്ഷി എംഎ‍ൽഎമാർക്ക് ബിജെപി വാഗ്ദാനം ചെയ്‌തെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും തെലങ്കാന മുഖ്യമന്ത്രി ഹാജരാക്കിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ വ്യാജമാണെന്നാണ് ബിജെപിയുടെ വാദം.

വെള്ളാപ്പള്ളിക്കും തുഷാറിനും കുരുക്കായി കെ കെ മഹേശന്റെ മരണവും

എസ്എൻഡിപി ഭാരവാഹിയായിരുന്ന കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശന് കുരുക്ക് വീണിരിക്കുകയാണ്. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയെ പ്രതി ചേർത്ത് കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. തുഷാറിന് പിന്നാലെ തെലങ്കാന പൊലീസ് പരക്കംപായവേയാണ് വെള്ളാപ്പള്ളിക്കും കുരുക്കു വീഴുന്നത്.

ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരും പ്രതിപട്ടികയിലുണ്ട്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി.

കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ സുഭാഷ് വാസുവടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതിരോധിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം.

2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെകെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു. കെ.കെ മഹേശൻ ക്രൈംബ്രാഞ്ചിന് എഴുതിയ കത്ത് അടക്കം നേരത്തെ പുറത്തുവന്നിരുന്നു. കത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാമർശമുണ്ട്.വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയാണെന്നും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും കത്തിൽ പറയുന്നു.

കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും കത്തിലുണ്ട്. മൈക്രോ ഫിനാൻസ്, സ്‌കൂൾ നിയമന കേസുകളിൽ മഹേശൻ ഉൾപ്പെട്ടിരുന്നു. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് കേസ് തന്റെ തലയിൽ വച്ചു കെട്ടാൻ ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നുവെന്നും ഇത് വെള്ളാപ്പള്ളിയെ രക്ഷിക്കാൻ വേണ്ടിയാണെന്നും ആരോപിച്ചു കൊണ്ടാണ്കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് സംസ്ഥാന കോ-ഓർഡിനേറ്ററുമായ കെ.കെ. മഹേശൻ യൂണിയൻ കമ്മറ്റി ഓഫീസിൽ തൂങ്ങി മരിച്ചിരിക്കുന്നത്.

വിവിധ യൂണിയനുകളിൽ നടന്നിട്ടുള്ള മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി പ്രതിയാകും. ഇത് ഒഴിവാക്കാൻ കേസ് തന്റെ തലയിൽ കെട്ടിവയ്ക്കാൻ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നുവെന്ന് കുറിപ്പ് എഴുതി വച്ചതിന് ശേഷമാണ് ആത്മഹത്യ. അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ അദ്ദേഹം എഴുതിയിരിക്കുന്നത്. എസ്എൻഡിപി മൈക്രോഫിനാൻസിന്റെ സംസ്ഥാന തല കോ-ഓർഡിനേറ്ററായിരുന്നു മഹേശൻ.

പ്രവർത്തകർക്ക് ട്രെയിനിങ് കൊടുക്കുന്നതൊഴിച്ചാൽ യാതൊരു അധികാരവും ഇല്ലാത്ത എന്റെ തലയിൽ കേസുകളെല്ലാം കെട്ടിവയ്ക്കാനുള്ള ഗൂഢാലോചന നടക്കുന്നു എന്ന് എനിക്ക് വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞെന്നായരുന്നു മഹേശൻ കത്തിൽ പറഞ്ഞത്. അവർക്ക് വേട്ടയാടാൻ എന്നെ കിട്ടാത്തതു കൊണ്ട് ഞാൻ വിട പറയുന്നു. രണ്ടു ആൺമക്കളാണ് മഹേശനുള്ളത്. മൈക്രോഫിനാൻസ് കേസിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുന്നത് സംബന്ധിച്ച് വിശദമായ കത്തു ജനറൽ സെക്രട്ടറി മഹേശൻ നൽകിയിരുന്നു. ഇതാണ് വലിയ പീഡനം ഉണ്ടാകാൻ കാരണമായതെന്ന് വ്യക്തമാക്കിയിരുന്നു.

ഒരു കാര്യം കൂടി ഞാൻ താഴ്മയായി അങ്ങയെ അറിയിക്കുന്നു. ഇത്തരത്തിൽ എന്നെ കേസിൽ കുടുക്കാനുള്ള ശ്രമം വെള്ളാപ്പള്ളി സാറിന്റെ ഭാഗത്തു നിന്നുണ്ടായാൽ ഗുരുദേവൻ സത്യം ഞാനും ടീച്ചറായ എന്റെ ഭാര്യയും വെള്ളാപ്പള്ളി വീടിന് മുന്നിൽ ജീവിതം ഹോമിക്കും ഇതെന്റെ ശപഥമാണ്. ഇഷ്ടമില്ലാത്ത യൂണിയൻ നേതാക്കന്മാർക്കെതിരേ കള്ളക്കേസ് എടുപ്പിക്കുന്ന ഇന്നത്തെ യോഗനേതൃത്വത്തിനും എല്ലാ യൂണിയൻ ഭാരവാഹികൾക്കും വേണ്ടി ഞാൻ എന്റെ ജീവൻ സമർപ്പിക്കുന്നു എന്നും കത്തിൽ എഴുതിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP