Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി സർക്കാറിന് കനത്ത തിരിച്ചടി; ജേക്കബ് തോമസ് ഐപിഎസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ; സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശം നൽകി; തുടർച്ചയായുള്ള സസ്‌പെൻഷനുകൾ ചട്ടവിരുദ്ധമെന്ന് ട്രിബ്യൂണൽ ഡിവിഷൻ ബെഞ്ച് തിരിച്ചടി; അഴിമതിക്കെതിരെ ശബ്ദിച്ചതിന് ഇടതു സർക്കാർ പകപോക്കിയ ഉദ്യോഗസ്ഥന് വൈകിയെങ്കിലും നീതി ലഭിക്കുന്നു

പിണറായി സർക്കാറിന് കനത്ത തിരിച്ചടി; ജേക്കബ് തോമസ് ഐപിഎസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ; സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശം നൽകി; തുടർച്ചയായുള്ള സസ്‌പെൻഷനുകൾ ചട്ടവിരുദ്ധമെന്ന് ട്രിബ്യൂണൽ ഡിവിഷൻ ബെഞ്ച് തിരിച്ചടി; അഴിമതിക്കെതിരെ ശബ്ദിച്ചതിന് ഇടതു സർക്കാർ പകപോക്കിയ ഉദ്യോഗസ്ഥന് വൈകിയെങ്കിലും നീതി ലഭിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഴിമതിക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ പിണറായി സർക്കാർ തുടർച്ചയായി പകപോക്കിയ ഡിജിപി ജേക്കബ് തോമസിന് അനുകൂലമായി കേന്ദ്രം. ജേക്കബ് തോമസിനെ അടിയന്തിരമായി സർവീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി. കേന്ദ്രസർവീസിലെ ഉദ്യോഗസ്ഥനെ മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെ ഇത്രയും നാൾ സസ്‌പെൻഡ് ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ട്രിബ്യൂണലിന്റെ ഡിവിഷൻ ബെഞ്ച് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

അഴിമതിക്കെതിരെ ശബ്ദിച്ചതിനാണ് തന്നെ സർവീസിൽ നിന്നും പുറത്താക്കിയതെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. പിറണായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ വിജിലൻസ് ഡയറക്ടറായി നിയമിച്ച ജേക്കബ് തോമസ് പിന്നീട് സർക്കാറിന് അനഭിമതനായി മാറുകയായിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ പിന്തുടർന്ന് ആക്രമിക്കുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടായത്.

കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബർ മാസം മുതൽ സസ്പെൻഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഇനിയും മാസങ്ങളോളം സർവീസ് ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്പെൻഷൻ. സംസ്ഥാന സർക്കാരിനെ പുസ്തകത്തിലൂടെ വിമർശിച്ചുവെന്ന് ആരോപിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും സസ്പെൻഡ് ചെയ്തു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകൾ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരിൽ മൂന്നാമതും സസ്പെൻഷൻ ലഭിച്ചു.

ഇതിനെതിരെ അദ്ദേഹം കേന്ദ്രസർക്കാരിനെയും അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും സമീപിക്കുകയായിരുന്നു. തന്റെ സസ്‌പെൻഷൻ ചട്ടവിരുദ്ധമാണെന്നും ഇക്കാര്യം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വാദം കേട്ട ട്രിബ്യൂണൽ ജേക്കബ് തോമസിനെ അടിയന്തരമായി തിരിച്ചെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർച്ചയായ സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിക്കാൻ ആവില്ലെന്നും ട്രിബ്യൂണൽ തങ്ങളുടെ ഉത്തരവിൽ കൂട്ടിച്ചേർത്തു.

അതേസമയം, തന്റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് തുറന്നുപറച്ചിലുകൾ നടത്തിയ ജേക്കബ് തോമസ് അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 23 വർഷമായി ആർ.എസ്.എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണെന്ന് തുറന്ന് പറഞ്ഞ ജേക്കബ് തോമസ് താൻ ഉടൻ തന്നെ ബിജെപിയിലേക്ക് പോകുമെന്നും സൂചന നൽകിയിരുന്നു. ശത്രുക്കൾ പലഭാഗത്ത് നിന്ന് നൽകുന്ന ഊന്നൽ തന്നെ എവിടെക്കൊണ്ട് എത്തിക്കുമെന്ന് അറിയില്ലെന്ന് അദ്ദേഹം അടുത്തിടെ മറുനാടൻ അഭിമുഖത്തിലും വിശദമാക്കിയിരുന്നു.

ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അനുചരവൃന്ദവും സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനോട് ഇത്രയും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന സംഭവം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു. ഉത്തരേന്ത്യയെ നോക്കി കുറ്റംപറയുകയും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും ഫാസിസമാണെന്നും വാദിക്കുന്ന കേരള സമൂഹം എന്നാൽ ഈ മനസ്സാക്ഷിയില്ലാത്ത പ്രവർത്തിക്കെതിരെ ഒന്നും പ്രതികരിക്കുന്നില്ലെന്നതും ശ്രദ്ധേയാണ്. പിണറായിയുടെ ഇഷ്ടക്കേട് ഭയന്ന് ജേക്കബ് തോമസിനെ പിന്തുണക്കണമെന്ന് ആഗ്രഹിക്കുന്നവർ പോലും മൗനം പാലിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. തുടർച്ചയായി നാലാം തവണയും ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്തിരിക്കയായിരുന്നു സർക്കാർ.

വിജിലൻസ് അന്വേഷണം നേരിടുന്ന പലരും സർവീസിൽ തുടരുമ്പോഴും കോടികൾ അനധികൃതമായി സമ്പാദിച്ച ടി ഒ സൂരജനെ പോലുള്ളവർക്ക് ഓശാന പാടുകയും ചെയ്ത സർക്കാറാണ് ഇപ്പോൾ കെട്ടിച്ചമച്ച അഴിമതിക്കഥയുടെ പേരിൽ പുതിയ വിജിലൻസ് റിപ്പോർട്ട് തട്ടിക്കൂട്ടി അദ്ദേഹത്തെ പുറത്തു നിർത്തിയിരുന്നത്. ഔദ്യോഗിക പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ആറുമാസത്തേക്കായിരുന്നു ആദ്യത്തെ സസ്‌പെൻഷൻ. പിന്നീടത് വീണ്ടും നീട്ടി. ആദ്യത്തേത് സർക്കാർവിരുദ്ധ പരാമർശങ്ങളുടെ പേരിലും രണ്ടാമത്തേതു സ്വന്തം പുസ്തകത്തിൽ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന്റെ പേരിലുമായിരുന്നു. അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. കമ്മിഷന്റെ നടപടികളുമായി സഹകരിക്കാൻ തയാറാകാത്തതിന്റെ പേരിലാണ് മൂന്നാമത്തെ സസ്‌പെൻഷൻ. ഇതിനിടെയാണ് അദ്ദേഹത്തിനെതിരേ വിജിലൻസ് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടത്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രജ്ജിങ് ഉപകരണങ്ങൾ വാങ്ങിയതിൽ ഏഴ് കോടി രൂപ നഷ്ടമുണ്ടായെന്ന ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.

അധികാരത്തിൽ എത്തിയപ്പോൾ പ്രിയങ്കരൻ, ഇപ്പോൾ കടുത്ത വൈരാഗ്യം

ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് പോലും പ്രിയങ്കരനായ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. നിലപാടുകളിലെ സത്യസന്ധത കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം ഏത് ഉന്നതൻ ആയാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന നിലപാടുകാരനായിരുന്നു. ജേക്കബ് തോമസിന്റെ വിട്ടുവീഴ്‌ച്ച ഇല്ലാത്ത നിലപാടുകൾ കാരണം അഴിമതി ആരോപണം നേരിട്ട ഉദ്യോഗസ്ഥർക്കും ചില മന്ത്രിമാർക്കും പണിയായി. ഇതോടെ ഇക്കൂട്ടർ ആസൂത്രിതമായി കരുക്കങ്ങൾ നീക്കി. വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും തെറിപ്പിച്ച് മൂലക്കിരുത്തി. ഇതിന് ശേഷം സർക്കാറിന്റെ കണ്ണിലെ കരായതോടെ നിർദ്ദോഷകരായ പ്രസ്താവനയുടെ പേരിൽ പോലും സസ്പെന്റ് ചെയ്ത് പ്രതികാര നടപടി കൈക്കൊള്ളുകയായിരുന്നു.

സർക്കാറിന്റെ കൊള്ളരുതായ്മയെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന്റെ പേരിൽ ജേക്കബ് തോമസിനോടുള്ള സർക്കാറിന്റെ കലിപ്പു തീരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം. ജേക്കബ് തോമസിന്റെ കാര്യത്തിൽ സർക്കാർ സർവീസ് ചട്ടങ്ങളും കേന്ദ്ര സർക്കാർ നിർദ്ദേശങ്ങളും എല്ലാം കാറ്റിൽ പറത്തുകയാണ്. മുമ്പ് ഒരു കാര്യവുമില്ലെന്ന് കണ്ടെത്തിയ സംഭവം വീണ്ടും കുത്തിപ്പൊക്കിയാണ് വീണ്ടും അദ്ദേഹത്തെ സസ്പെന്റ് ചെയ്തത്.

തേടി വന്നത് സമാനകളില്ലാത്ത പ്രതികാര നടപടികൾ

ജേക്കബ് തോമസിനെ പോലെ സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ ഒരു ഐപിഎസ് ഓഫീസർ ഇന്ത്യയിൽ തന്നെ വേറെ കാണില്ല. ഇന്ത്യയിലെ ഐപിഎസ്-ഐഎഎസ് ശ്രേണിയിൽ ഇത്തരം ഒരു പകപോക്കൽ ദൃശ്യമല്ല. പരിശോധിച്ച് പിറകെ പോവുകയാണെങ്കിൽ. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന യുപി കേഡർ ഐപിഎസ് ഓഫീസർ സസ്‌പെൻഷൻ വേണമെങ്കിൽ ചേർത്ത് വായിക്കാം. പക്ഷെ അത് പ്രധാനമന്ത്രിയുടെ വധമാണ്. അതിന്മേലുള്ള സുരക്ഷാ വീഴ്ചയാണ്. ജേക്കബ് തോമസോ സത്യം വിളിച്ചു പറഞ്ഞു എന്ന അപരാധം മാത്രമാണ് ചെയ്തത്. ഒരു വർഷത്തിനിടെ മൂന്നാമത് സസ്‌പെൻഷൻ ആണ് കേരളാ കേഡറിൽ ഉള്ള ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ ആയ ജേക്കബ് തോമസിനെ തേടിവരുന്നത്.

ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ വീണ്ടും സസ്‌പെൻഷൻ പുറത്തിറങ്ങിയത്. രണ്ടാമത്തെ സസ്‌പെൻഷൻ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. തുടർന്നാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. കേരളത്തിലെ ഐപിഎസ് കേഡറിൽ ഉള്ള മുതിർന്ന ഐപിഎസ് ഓഫീസർക്ക് നേരെ സസ്‌പെൻഷൻ എന്ന വജ്രായുധം സർക്കാർ വീണ്ടും പ്രയോഗിക്കുമ്പോൾ ഒട്ടനവധി ചോദ്യങ്ങൾ ആണ് ജേക്കബ് തോമസിന്റെ കാര്യത്തിൽ സർക്കാരിന് നേർക്ക് ഉയരുന്നത്.

ഇല്ലാത്ത ഡ്രെഡ്ജർ അഴിമതിയുടെ പേരിലും ക്രൂരത!

ഡ്രെഡ്ജർ അഴിമതിയിലുള്ള അന്വേഷണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജേക്കബ് തോമസിന് വീണ്ടും സസ്‌പെൻഷൻ നൽകിയത്. എന്നാൽ, ഇങ്ങനെ ഒരു അഴിമതി പോലും ഇല്ലെന്നാണ് പലതവണ അന്വേഷണത്തിൽ വ്യക്തമായത്. എന്നിട്ടും ഈ ആരോപണത്തെ സസ്‌പെൻഷന് വേണ്ടി ആയുധമാക്കുകയാണ് പിണറായി ചെയ്തത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് നേരത്തെ ഉയർന്ന ആരോപണം. മുമ്പ് ഈ ആരോപണം അന്വേഷിച്ച് ജേക്കബ് തോമസിന് തെറ്റുപറ്റിയി്ട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ ഇപ്പോൾ ഇതെല്ലാം തള്ളിയാണ് ജേക്കബ് തോമസിനെ സർക്കാർ സംവിധാനത്തിന് പുറത്തു നിർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നത്. ഡ്രെഡ്ജർ ഇടപാടിൽ ചട്ടങ്ങൾ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയതെന്നും ഇതുമൂലം കമ്പനിക്ക് കോടികളുടെ അധിക ലാഭമുണ്ടായെന്നുമാണ് കെ.എം.അബ്രഹാം ചൂണ്ടിക്കാട്ടിയത്. ഈ റിപ്പോർട്ടാണ് ജേക്കബ് തോമസിന്റെ ഐപിഎസ് ജീവിതത്തിനു വെല്ലുവിളിയായി മാറിയത്.

ഡ്രെഡ്ജർ കാര്യത്തിൽ 15 കോടിയുടെ അഴിമതി നടന്നുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതേക്കുറിച്ച് ഉന്നത തല അന്വേഷണം വേണം. അതിനാൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റി നിർത്തുന്നതാവും നല്ലത്. അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം, വിജയാനന്ദ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റി നിർത്തൽ അടക്കമുള്ള നടപടികളുടെ തുടക്കം. അതേസമയം വിജിലൻസ് കേസുകളിൽ ആരോപണ വിധേയരായ നിരവധി സർക്കാർ ഉദ്യോഗസ്ഥർതന്നെ സർവീസിൽ തുടരുമ്പോഴാണ് ജേക്കബ് തോമസിനോട് ക്രൂരത കാണിക്കുന്നത്.

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ ആക്കുമ്പോൾ സർക്കാർ പരിഗണിച്ചത് ഇങ്ങിനെ

ഡ്രഡ്ജർ പ്രശ്‌നത്തിൽ ഐപിഎസ്-ഐഎഎസ് ചേരിപ്പോരിന് ജേക്കബ് തോമസ് ഇരയായെന്നാണ് സർക്കാർ മുൻപ് വിലയിരുത്തിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് അത് ബോധ്യമാവുകയും ചെയ്തു. ഡ്രഡ്ജർ ആരോപണം ഉയർന്നു നിൽക്കുമ്പോൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ വിജിലൻസ്ഡയറക്ടർ ആയി മാറ്റുന്നത്. ഒട്ടുവളരെ കാര്യങ്ങൾ ആണ് സർക്കാർ ആ സമയത്ത് പരിഗണിച്ചത്. ഡ്രെഡ്ജർ പർച്ചേസ് ചെയ്യാൻ ചെയ്യാൻ തീരുമാനമെടുത്തതാര്? ജേക്കബ് തോമസ് ആണോ ഈ തീരുമാനം പൂർണമായി എടുത്തത്. അന്ന് സർക്കാർ വൃത്തങ്ങളിൽ ആലോചന സജീവമായിരുന്നു. സർക്കാർ വൃത്തങ്ങൾ ഈ കാര്യങ്ങൾ പഠിക്കുകയും ചെയ്തിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയി നിയമിതനാകുമ്പോൾ ജേക്കബ് തോമസിന് അനുകൂലമായി സർക്കാർ പരിഗണിച്ച വാദങ്ങൾ ഇപ്രകാരമായിരുന്നു.

ഒരു തുറമുഖ വകുപ്പ് ഡയറക്ടർക്ക് 15 ലക്ഷം രൂപയിൽ കൂടുതൽ പർച്ചേസ് നടത്താൻ അനുമതിയുണ്ടോ? ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആണ്. . ഡിജിപിക്ക് തന്നെ 25 ;ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കാൻ അനുമതിയില്ല. പർച്ചേസ് നടത്താൻ സർക്കാർ തല പർച്ചേസ് കമ്മറ്റിയുണ്ട്. ഡിപ്പാർട്ട്‌മെന്റ് തല പർച്ചേസ് കമ്മറ്റിയുണ്ട്. സർക്കാർ സെക്രട്ടറി ചെയർമാൻ ആയ കമ്മറ്റിയാണ് പർച്ചേസിങ് കാര്യങ്ങൾ നോക്കുന്നത്. സർക്കാരിന് ഡ്രഡ്ജിങ് ന ടത്താൻ കൊച്ചി ആസ്ഥാനമായ മാരിടൈം കമ്പനിയുണ്ട്. കേരളാ സ്റ്റേറ്റ് മാരിടൈം കോർപറേഷൻ. തുറമുഖ വകുപ്പിന് കീഴിലുള്ള കമ്പനിയാണിത്. ആ കമ്പനിയാണ് ഡ്രഡ്ജിങ് നടത്തിക്കൊണ്ടിരുന്നത്, 1970 ലാണ് ഡ്രഡ്ജർ സർക്കാർ ആ കമ്പനിക്ക് വാങ്ങി നൽകുന്നത്. അത് കണ്ടം ചെയ്യാൻ 2009 ൽ അവർ പ്രൊപ്പോസൽ നൽകിയതാണ്.

പുതിയ ഡ്രെഡ്ജർ വാങ്ങിക്കണം എന്നത് അവരുടെ പ്രൊപ്പോസൽ ആണത്. പഴയ ഡ്രെഡ്ജർ മാറ്റി പുതിയൊരെണ്ണം വാങ്ങിക്കണം. അതാണ് ആവശ്യം. പുതുതായി വാങ്ങുമ്പോൾ ഏറ്റവും മികച്ചത് വാങ്ങണം. ഡ്രെഡ്ജർ മിനിമം 30 വർഷമാണ് കാലാവധി. മോട്ടോർ വാഹനങ്ങൾ 15 വർഷമാണ് കാലാവധി. മണ്ണ് നീക്കാൻ വേണ്ടി എത്രയോ കോടികൾ സർക്കാർ മുടക്കുന്നു. കേരളത്തിൽ കഴിഞ്ഞ 15 വര്ഷമായി എത്ര കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. . കൊല്ലം, ബേപ്പൂർ, അഴീക്കൽ, കൊടുങ്ങല്ലൂർ, പൊന്നാനി, വിഴിഞ്ഞം എല്ലാം മണ്ണ് നീക്കൽ പരിധിയിൽപെട്ടതാണ്, ഈ ഡ്രെഡ്ജറിനേക്കാളും കൂടുതൽ തുക സർക്കാർ അതിനായി മുടക്കിയിട്ടുണ്ട്.

ഇനി ഒരു മുപ്പത് വർഷത്തേക്ക് എത്ര മുടക്കണം. ജേക്കബ് തോമസിന്റെ കാലത്ത് ഓർഡർ നൽകിയ ഡ്രെഡ്ജർ ഉൾനാടൻ ജലഗതാഗതത്തിനു ഉപയുക്തമായത് കൂടിയാണ്, ഒരു ഡ്രെഡ്ജർ ഉണ്ടെങ്കിൽ ഏതെല്ലാം നമുക്ക് ചെയ്യാൻ കഴിയും, പഴയത് കണ്ടം ചെയ്യണം എന്നുള്ളത് 2009 ലെ തീരുമാനമാണ് എല്ലാ വർഷവും ഡ്രഡ്ജ് ചെയ്യുന്നുണ്ട്. 2016ൽ ജേക്കബ് തോമസ് തുറമുഖ വകുപ്പ് വിട്ടു. അന്ന് ഡ്രെഡ്ജർ വന്നിട്ടില്ല. ഓർഡർ കൊടുത്തത് മാത്രമാണ് ജേക്കബ് തോമസ് നടത്തിയത്. ജേക്കബ് തോമസിന് ശേഷം പിന്നെ ഷെയ്ക്ക് പരീത് വന്നു. ഹോളണ്ടിൽ പോയി. സൈറ്റ് ഇൻസ്പെക്ഷൻ നടത്തിയത് ഷെയിക് പരീതാണ്. . ട്രയൽ റൺ നടത്തിയതും ഷെയിക് പരീത്. ഫൈനൽ സെറ്റിൽമെന്റ് നടത്തിയതും ഷെയ്ഖ് പരീത്. പിന്നെ എങ്ങിനെ ജേക്കബ് തോമസ് ഉത്തരവാദിയാകും. ഇതാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ ആക്കുമ്പോൾ സർക്കാർ പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ പരിഗണിച്ചത്.

ഇത്തരം പരിഗണനകൾക്കിടയിലാണ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയി നിയമിതനാകുന്നതും. അന്ന് മുഖ്യമന്ത്രി തന്നെ നടത്തിയ അവലോകനമാണ് ഇപ്പോൾ ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ നൽകുമ്പോൾ മുഖ്യമന്ത്രിയെ തന്നെ തിരിഞ്ഞുകുത്തുന്നത്. ജേക്കബ് തോമസിന് നൽകിയ സസ്പെൻഷൻ ഓർഡറിൽ തന്നെ കള്ളക്കളിയും സർക്കാർ നടത്തുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ ബിഇഎംല്ലിനെ തള്ളിയാണ് വേറെ കമ്പനിക്ക് ടെൻഡർ നല്കുന്നത് എന്ന്. ഈ പൊതുമേഖലാ കമ്പനിക്ക് അർഹത ഉണ്ടായിരുന്നില്ല. അവർ എൽ വൺ കാറ്റഗറിയിൽ ആയിരുന്നില്ല. അവർ എൽ 2 ആണ്. ഈ കമ്പനി ജീവിതത്തിൽ അതുവരെ ഡ്രെഡ്ജർ ഉണ്ടാക്കിയിട്ടില്ല, അവർ ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനിയുമായി ടൈ ആപ്പ് ആകുകയാണ് ചെയ്യുന്നത്. ടെൻഡറിൽ അവർക്ക് അർഹതയുമില്ല. പക്ഷെ അന്വേഷണം വന്നപ്പോൾ ഐഎഎസ് ലോബി ജേക്കബ് തോമസിനോട് പകപോക്കുകയായിരുന്നു.

ആദ്യ സസ്പെൻഷൻ ഇങ്ങിനെ

ഒരു വർഷം മുൻപാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 20 നായിരുന്നു ആദ്യ സസ്പെൻഷൻ. സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു അത്. സർക്കാർ നയങ്ങളെ പരസ്യമായി വിമർശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും ജേക്കബ് തോമസ് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറഞ്ഞത്. ഓഖി ദുരന്തത്തിന്റെ കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് ആരോപിച്ചിരുന്നു.

എത്രപേർ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആർക്കും അറിയില്ല. പണക്കാർ ആണ് കടലിൽ പോയതെങ്കിൽ ഇങ്ങിനെ ജീവൻ പൊലിയുമോയെന്നാണ് ഐഎംജി ഡയറക്ടർ ആയിരിക്കെ ജേക്കബ് തോമസ് പ്രസ്താവന നടത്തിയത്. സർക്കാർ ഇതിൽ കയറി പിടിക്കുകയായിരുന്നു. ഓഖി ദുരിതബാധിതരുടെ വികാരങ്ങൾ ആളിക്കത്തിക്കാൻ പ്രസ്താവന ഇടയാക്കിതായി സർക്കാർ പ്രതികരിച്ചു. തീരദേശത്തെ ജനങ്ങളിൽ സർക്കാരിനോട് അതൃപ്തി ഉളവാക്കുന്നതാണു പരാമർശം. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫിസർ എന്ന നിലയിൽ ആ പദവിയുടെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പുസ്തകത്തിന്റെ പേരിൽ രണ്ടാമതും സസ്പെൻഷൻ

ആറുമാസം കഴിഞ്ഞപ്പോൾ ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ. പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിനാണ് രണ്ടാമത്തെ സസ്‌പെൻഷൻ. ജേക്കബ് തോമസിന്റെ ആത്മകഥയായ 'സ്രാവുകൾക്ക് ഒപ്പം നീന്തുമ്പോൾ' പരാമർശങ്ങൾ വിവാദമായിരുന്നു. രണ്ടാമത്തെ പുസ്തമായ കാര്യവും കാരണവും ജേക്കബ് തോമസിന് വിനയായി. ഈ പശ്ചാത്തലത്തിലായിരുന്നു സസ്പെൻഷൻ. സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തക രചന നടത്തി എന്ന് പറഞ്ഞാണ് വീണ്ടും സസ്പെൻഷൻ വന്നത്.

വിജിലൻസ് ഡയറക്ടറായിരിക്കെ പരിഗണിച്ച കേസുകളെ കുറിച്ചും സർക്കാർ നയങ്ങളെ വിമർശിച്ചുമുള്ള പരാമർശങ്ങൾ പുസ്തകങ്ങളിൽ ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സസ്പെൻഷൻ വന്നത്. പുസ്തകരചനയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. പക്ഷെ സമിതിക്ക് മുന്നിൽ ഹാജരായി ജേക്കബ് തോമസ് വിശദീകരണം നൽകിയിരുന്നില്ല.

ഇപ്പോൾ ഡ്രെഡ്ജർ അഴിമതി അന്വേഷണത്തിന്റെ പേരിൽ മൂന്നാമതും സസ്പെൻഷൻ. പ്രതികാരത്തിന്നായി ഏതറ്റം വരെയും ഇടത് സർക്കാർ പോകും എന്നതിന്റെ പ്രകടമായ തെളിവാകുകയാണ് ജേക്കബ് തോമസിന് ഇപ്പോൾ ലഭിച്ചിട്ടുള്ള സസ്പെൻഷൻ. പ്രതികാര നടപടികളുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പണി നൽകികൊണ്ടിരിക്കുമ്പോൾ മറുവശത്ത് ഫയലുകൾ വൈകിപ്പിച്ച് , തീരുമാനങ്ങൾ എടുക്കാതെ ഭരണ സ്തംഭനം പതിവാക്കുകയാണ് ഉദ്യോഗസ്ഥർ. പക്ഷെ ജേക്കബ് തോമസിനെ പോലുള്ള ശത്രുക്കളുടെ നേർക്ക് തുടർച്ചയായി കൈക്കൊണ്ടിരിക്കുന്ന പ്രതികാര നടപടികൾക്കിടയിൽ ഈ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ വരുന്നില്ലാ എന്നുമാത്രം.

സ്വോഡ് ഓഫ് ഓണർ നേടി ഐപിഎസ് പരിശീലനം പൂർത്തിയാക്കിയ ആളാണ് ജേക്കബ് തോമസ്. യാതൊരു സമ്മർദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്തയാൾ. നിലവിൽ സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഓഫീസർ; സംസ്ഥാന പൊലീസ് മേധാവി ആകേണ്ടിയിരുന്നയാൾ-ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെതിരെയാണ് പിണറായിയുടെ പ്രതികാരം തീർക്കൽ. ഇതിനെതിരായി കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോഴാണ് ഇപ്പോൾ അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP