Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്

ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടൻ സത്താറിനെ അവസാന കാലത്ത് ശുശ്രൂഷിക്കുകയും ചികിൽസാ ചെലവുകൾ എല്ലാം ഏറ്റെടുക്കുകയും ചെയ്തത് രണ്ടാം ഭാര്യ നസീം ബീനയായിരുന്നെന്നും, ആദ്യഭാര്യയും നടിയുമായ ജയഭാരതി തങ്ങളെ ദ്രോഹിക്കുക മാത്രമാണ് ചെയ്തതെന്നും ആരോപിച്ച് നസീം ബീനയുടെ സഹോദരൻ ഷമീർ ഒറ്റത്തൈക്കൽ രംഗത്ത്. ഒരാഴ്ച മുൻപ് ജയഭാരതിയും മകനും ആശുപത്രിയിലെത്തി രണ്ടാംഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കിയെന്നും സത്താറിന്റെ കരൾമാറ്റ ശസ്ത്രക്രിയക്കുവേണ്ടി വിളിച്ചപ്പോൾ തർക്കിച്ച് ഫോൺ വെക്കയാണ് ജയഭാരതി ചെയ്തതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷമീർ വെളിപ്പെടുത്തി.

അവസാന നാളുകളിൽ നടൻ സത്താറിനെ ശുശ്രൂഷിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ നസീം ബീനയാണെന്നാണ് സഹോദരൻ പറയുന്നത്. .ആദ്യ ഭാര്യ നടി ജയഭാരതിയും മകനും സത്താർ ചികിത്സയിലായിരുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയും ചെയ്തതായി ഷമീർ ആരോപിച്ചു.2011 സെപ്റ്റംബർ എട്ടിനായിരുന്നു സത്താറും നസീം ബീനയുമായുള്ള വിവാഹം. വിധവയായിരുന്ന കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിനി നസീം ബീനയെ കയ്പമംഗലം കാക്കാതുരുത്തി ബദർ പള്ളിയിൽ നടന്ന മതപരമായ ചടങ്ങിൽ സത്താർ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. തുടർന്ന് കുറേക്കാലം നസീം ബീനയുടെ വീട്ടിലാണ് സത്താർ താമസിച്ചിരുന്നത്.സത്താർ രോഗിയായതുമുതൽ ചികിത്സയ്ക്കെല്ലാം സാമ്പത്തിക സഹായം നൽകിയിരുന്നത് നസീം ബീനയായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. അടുത്തയിടെ ആലുവയിൽ ഫ്ളാറ്റും കാറും വാങ്ങിക്കാനും നസീം ബീനയാണ് സഹായിച്ചത്. കരൾ മാറ്റ ശസ്ത്രക്രിയ സംബന്ധമായ വിഷയത്തിൽ ആദ്യഭാര്യ ജയഭാരതിയെ അടുത്തിടെ സത്താർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, തർക്കത്തിനൊടുവിൽ അവർ ഫോൺ വച്ചതായി സത്താർ പറഞ്ഞുവെന്ന് നസീം ബീന അറിയിച്ചതായും ഷമീർ പറയുന്നു.

ഏകദേശം ഒരാഴ്ച മുൻപ് ജയഭാരതിയും മകനും സത്താറിനെ ആശുപത്രിയിൽ സന്ദർശിക്കുകയും നസീം ബീനയെ അവിടെ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തുവത്രെ. ഇതേത്തുടർന്ന് നസീം ബീന സത്താറിനെ ആശുപത്രിയിൽ ചെന്ന് പരിചരിക്കുന്നത് നിർത്തുകയായിരുന്നു. സത്താർ പുനർവിവാഹം ചെയ്ത കാര്യം സിനിമക്കാരുടെയും മാധ്യമങ്ങളുടയും ഇടയിൽ നിന്ന് ഒളിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്ന് ഷമീർ ആരോപിച്ചു.

മലയാളത്തിലെ ആദ്യ താരവിവാഹം

ഒരു പക്ഷെ, മലയാള സിനിമയിലെ തന്നെ ആദ്യ താരവിവാഹമായിരുന്നു സത്താർ-ജയഭാരതി വിവാഹം. സിനിമയിലെത്തി വെറും മൂന്നു വർഷത്തിനുള്ളിൽ അക്കാലത്തെ ചെറുപ്പക്കാരുടെ സ്വപ്നനായികയെ സ്വന്തമാക്കിയ തന്നോട് പലരും അസൂയാലുക്കളാക്കിയിട്ടുണ്ടെന്ന് സത്താർ തന്നെ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. കെ.നാരായണൻ സംവിധാനം ചെയ്ത ബീന എന്ന ചിത്രത്തിലാണ് സത്താറും ജയഭാരതിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. സത്താറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ബീന. അതും ജയഭാരതിയുടെ നായകവേഷത്തിൽ! സിനിമയിൽ 'നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമായിരുന്നു ആദ്യം. പുതുമുഖമായ സത്താർ പാടി അഭിനയിക്കേണ്ടത് സൂപ്പർസ്റ്റാർ നായിക ജയഭാരതിക്കൊപ്പം. സ്വാഭാവികമായും സത്താർ ടെൻഷനിലായി. അന്നു സത്താറിന് ധൈര്യം കൊടുത്തു കൂടെ നിന്നത് ജയഭാരതി ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ബീനയിലെ സത്താർജയഭാരതി കൂട്ടുകെട്ട് ഹിറ്റായി. തുടർന്ന് പത്മതീർത്ഥം, അവർ ജീവിക്കുന്നു, കൊടുമുടികൾ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ. അടുത്ത സുഹൃത്തുക്കളായപ്പോൾ ജയഭാരതി എന്ന താരത്തെപ്പറ്റി കൂടുതൽ മനസിലാക്കുകയായിരുന്നു സത്താർ. സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരു മനസ് മറ്റാരും തിരിച്ചറിയപ്പെടാതെ ജയഭാരതിയിലുണ്ടെന്ന് സത്താർ തിരിച്ചറിഞ്ഞു. അങ്ങനെ തന്റെ ജീവിതത്തിലേക്ക് സത്താർ ജയഭാരതിയെ ക്ഷണിച്ചു. 1979-ൽ അവർ വിവാഹിതരായി.

വാശിയും ഇഗോയും ചേർന്നപ്പോൾ വേർ പിരിഞ്ഞു

ജയഭാരതി ഏറെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സത്താറുമായുള്ള വിവാഹം. താരതമ്യേന പുതുമുഖമായ സത്താർ ജയഭാരതിയെ വിവാഹം ചെയ്തത് പലരെയും അമ്പരപ്പിച്ചു. സത്താറിന് സിനിമയിൽ വേഷങ്ങൾ കുറഞ്ഞു. പല സിനിമകളിൽ നിന്നും സത്താറിനെ ഒഴിവാക്കി. എന്നാൽ അതൊന്നും സത്താറിനെ ബാധിച്ചില്ല. തമിഴ് സിനിമാലോകത്തേക്ക് സത്താർ കടന്നു. മലയാള സിനിമകളിൽ നിർമ്മാതാവായി. എന്നാൽ, ഈ ശ്രമങ്ങൾ പലതും പരാജയത്തിലാണ് കലാശിച്ചത്. അതു വ്യക്തിജീവിതത്തിലും പ്രതിഫലിച്ചു. ജീവിതത്തിൽ കഷ്ടപ്പാട് അറിയാതെ വളർന്നു വന്ന സത്താർ വിവാഹത്തിനു ശേഷം വന്ന പ്രതികൂല സാഹചര്യങ്ങളിൽ പതറിപ്പോയി. ജയഭാരതിയുമായുള്ള വേർപിരിയലിലാണ് അത് അവസാനിച്ചത്.

ജയഭാരതിയുമായുള്ള തകർച്ചയെപ്പറ്റി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സത്താർ പറഞ്ഞത് ഇങ്ങനെ: 'വെറും നിസ്സാരം. അന്നു തോന്നിയ ചില വാശിയും... ഈഗോയും എല്ലാം ചേർന്നപ്പോൾ അത് സംഭവിച്ചു. ജീവിതത്തിൽ ഒരു കഷ്ടപ്പാടും ബാധ്യതയും ഇല്ലാതെ ജീവിച്ച ഒരാളായിരുന്നു ഞാൻ. ആ ജീവിതത്തിൽ നിന്ന് കുടുംബജീവിതത്തിലേക്ക് കയറിയപ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടായി. ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു. അവിടെ പോകരുത്... അതുചെയ്യരുത്... തുടങ്ങിയ വിലക്കുകൾ. ആ വിലക്കുകൾ എന്റെ ഈഗോ തകർക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഞാൻ മാറിനിന്നത്'. - അതല്ലാതെ ആരെയും കുറ്റപ്പെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP