Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ജുവിന്റെ മൃതദേഹം കയറ്റിയ ആംബുലൻസിൽ അച്ഛനെ പോലും കയറ്റിയില്ല; സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധിച്ചത് റോഡിൽ കുത്തിയിരുന്ന്; സംഘർഷാവസ്ഥക്ക് അയവ് വന്നത് പിസി ജോർജ്ജ് എംഎൽഎ നൽകിയ ഉറപ്പിനെ തുടർന്ന്; ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് ബന്ധുക്കൾ

അഞ്ജുവിന്റെ മൃതദേഹം കയറ്റിയ ആംബുലൻസിൽ അച്ഛനെ പോലും കയറ്റിയില്ല; സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധിച്ചത് റോഡിൽ കുത്തിയിരുന്ന്; സംഘർഷാവസ്ഥക്ക് അയവ് വന്നത് പിസി ജോർജ്ജ് എംഎൽഎ നൽകിയ ഉറപ്പിനെ തുടർന്ന്; ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം അഞ്ജുവിന്റെ വീട്ടിലേക്ക് കൊണ്ടു പോകും വഴിയാണ് സ്ത്രീകളടക്കമുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം അഞ്ജുവിന്റെ മൃതദേഹം ബന്ധുക്കളെ കയറ്റാതെ ആംബുലൻസിൽ കയറ്റിയതാണ് പ്രതിഷേധത്തിന് കാരണമായത്.

അനുനയചർച്ചകൾക്കൊടുവിലാണ് ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം വീട്ടിലെത്തിക്കാൻ സാധിച്ചത്. കാണാതായി മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയതെന്നും അമ്മയെ കാണിച്ച ശേഷം എത്രയും പെട്ടെന്ന് മൃതദേഹം സംസ്കാരിക്കണമെന്നുമുള്ള പൊലീസും നാട്ടുകാരോടും ബന്ധുക്കളോടും ആവശ്യപ്പെട്ടു.

അഞ്ജുവിന്റെ പിതാവിനെ അടക്കം ആംബുലൻസിൽ കയറ്റിയില്ല. അഞ്ജുവിന്റെ അമ്മാവനെ ആംബുലൻസിൽ നിന്നും ഇറക്കിവിട്ടു എന്നും ബന്ധുക്കൾ പറഞ്ഞു. പൊലീസ് കോളജ് അധികൃതർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പി സി ജോർജ് എംഎൽഎ ബന്ധുക്കളുമായി നടത്തിയ അനുരഞ്ജന ചർച്ചയ്ക്ക് ശേഷമാണ് സംഘർഷത്തിൽ അയവു വന്നത്. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, വിശദമായ അന്വേഷണം ഉണ്ടാകുമെന്നും പി സി ജോർജ്ജ് പറഞ്ഞു. വേണമെങ്കിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടാൻ സൗകര്യം ഒരുക്കാമെന്നും പി സി ജോർജ്ജ് അറിയിച്ചു. പി സി ജോർജ്ജിന്റെ ചർച്ചയെത്തുടർന്ന് അഞ്ജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് കാഞ്ഞിരപ്പള്ളിയിൽ സംസ്‌കരിക്കും.

കോട്ടയത്തെ പാരലൽ കോളേജ് വിദ്യാർത്ഥിയായ അഞ്ജു ഷാജി ബികോം പരീക്ഷ എഴുതാനായി ചേർപ്പുങ്കൽ ബിഷപ്പ് വയലിൻ മെമോറിയൽ കോളേജിൽ എത്തിയിരുന്നു. പരീക്ഷയ്ക്കിടെ അഞ്ജുവിന്റെ ഹാൾ ടിക്കറ്റിന് പിന്നിലായി അന്നേദിവസം നടക്കുന്ന അക്കൗണ്ടൻസി പരീക്ഷയുടെ പാഠഭാഗങ്ങൾ എഴുതി വച്ചതായി ക്ലാസിലുണ്ടായിരുന്ന അദ്ധ്യാപകൻ കണ്ടെത്തി. പിന്നീട് ഹാളിലെത്തിയ പ്രിൻസിപ്പൾ ഒരു മണിക്കൂർ ഹാളിൽ ഇരുന്ന ശേഷം അഞ്ജുവിനോട് തന്നെ വന്നു കാണാൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ടരയോടെ ഹാൾവിട്ടു പോയ അഞ്ജുവിന്റെ മൃതദേഹം മൂന്നാം ദിവസം മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. അഞ്ജുവിന്റെ ചെരിപ്പും ബാഗും അന്നേദിവസം തന്നെ മീനിച്ചലാറിന് തീരത്ത് നിന്നും കണ്ടെത്തിയിരുന്നു. കോളേജ് അധികൃതരുടെ പീഡനം മൂലമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം.

തന്റെ മകൾ ഒരിക്കലും കോപ്പിയടിക്കില്ല എന്നും അച്ഛൻ കോളജിന്റെ പീഡനം സഹിക്കാൻ വയ്യാതെയാണ് അഞ്ജു ആത്മഹത്യ ചെയ്തതെന്നും അച്ഛൻ ഷാജി വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഹാൾടിക്കറ്റിലെ കൈയക്ഷരം മകളുടെതല്ല. ഇതിൽ കൃത്രിമം നടന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് കാണിച്ചത്. പ്രിൻസിപ്പലിനെയും സാറിനെയും അറസ്റ്റ് ചെയ്യണം. പൊലീസ് അന്വേഷണത്തിലും വിശ്വാസമില്ല. സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയിൽ കോപ്പിയടിച്ചെന്ന് പറഞ്ഞ് കോളജ് അധികൃതർ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്‌തെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് പാല ചേർപ്പുങ്കൽ ബിവി എം ഹോളിക്രോസ് കോളജിന് മൂന്ന് കിലോമീറ്റർ അകലെ മീനച്ചിലാറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP