Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തർക്കത്തിൽ കിടക്കുന്ന 20 ഏക്കർ വാങ്ങിയ എംഎൽഎ സ്വാധീനം ഉപയോഗിച്ച് എസ്റ്റേറ്റ് ഉടമയുടെ 100 ഏക്കറും സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ പ്രശ്‌നങ്ങൾ തലപൊക്കി; കേസിൽ ഉടമയ്ക്ക് അനുകൂല വിധി ഉണ്ടായതോടെ തൊഴിലാളികളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചു എന്ന കേസുമായി തിരിച്ചടിക്കാൻ ശ്രമിച്ചു; നിലമ്പൂർ എംഎൽഎ പി വി അൻവർ അകപ്പെട്ടത് ഊരാക്കുടുക്കിലെന്നു സൂചന

തർക്കത്തിൽ കിടക്കുന്ന 20 ഏക്കർ വാങ്ങിയ എംഎൽഎ സ്വാധീനം ഉപയോഗിച്ച് എസ്റ്റേറ്റ് ഉടമയുടെ 100 ഏക്കറും സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ പ്രശ്‌നങ്ങൾ തലപൊക്കി; കേസിൽ ഉടമയ്ക്ക് അനുകൂല വിധി ഉണ്ടായതോടെ തൊഴിലാളികളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചു എന്ന കേസുമായി തിരിച്ചടിക്കാൻ ശ്രമിച്ചു; നിലമ്പൂർ എംഎൽഎ പി വി അൻവർ അകപ്പെട്ടത് ഊരാക്കുടുക്കിലെന്നു സൂചന

അരുൺ ജയകുമാർ

നിലമ്പൂർ: സ്വാധീനം ഉപയോഗിച്ച് എസ്റ്റേറ്റ് ഉടമയുടെ നൂറേക്കർ സ്വന്തമാക്കാൻ ശ്രമിച്ച നിലമ്പൂർ എംഎൽഎ പി വി അൻവർ ഊരാക്കുടുക്കിൽ. തർക്കത്തിൽ കിടക്കുന്ന 20 ഏക്കർ വാങ്ങിയ എംഎൽഎ പിന്നീട് ഉടമയുടെ ബാക്കിയുള്ള ഭൂമി കൂടി സ്വന്തമാക്കാൻ ശ്രമിച്ചപ്പോഴാണ് പ്രശ്‌നങ്ങൾ തലപൊക്കിയത്.

എന്നാൽ, കേസിൽ ഉടമയ്ക്ക് അനുകൂല വിധി ഉണ്ടായതോടെ തൊഴിലാളികളെ ഉടമ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചു എന്ന കേസും പിറന്നു. സംഭവത്തിൽ എംഎൽഎ തങ്ങളെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് എസ്റ്റേറ്റ് ഉടമകൾ പറയുന്നത്.

എസ്റ്റേറ്റ് തട്ടിപ്പിന്റെ പേരിൽ കേസ് നൽകിയതിന് പ്രതികാരമായാണ് നിലമ്പൂർ എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നാണ് ഉടമ പറഞ്ഞത്. നിലമ്പൂരിലെ റീഗൽ എസ്റ്റേറ്റ് തട്ടിയെടുക്കാൻ എംഎൽഎ പിവി അൻവർ ശ്രമിക്കുന്നുവെന്ന ഹർജി പരിഗണിച്ചാണു കോടതി എസ്റ്റേറ്റിൽ പ്രവേശിക്കുന്നതിൽ നിന്നും എംഎൽഎ അൻവറിനെയും അനുയായികളേയും വിലക്കിയത്.

തുടർന്നാണ് എസേ്റ്ററ്റ് ഉടമ തൊഴിലാളികളെ ജാതിപ്പേരു വിളിച്ചു എന്ന കേസ് തലപൊക്കിയത്. തിരുവനന്തപുരം സ്വദേശിനിയായ ജയ മുരുഗേഷും ഭർത്താവും കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയുമായ മുരുഗേഷ് നരേന്ദ്രനുമാണ് എംഎൽഎയ്‌ക്കെതിരായ ആരോപണവുമായി രംഗത്തെത്തിയത്.

എസ്റ്റേറ്റിൽ എംഎൽഎയുടെ അനുയായികൾ അതിക്രമിച്ച് കടന്നുവെന്നാരോപിച്ചാണ് നിയമ നടപടി സ്വീകരിച്ചത്. ഇതിനുപിന്നാലെ എംഎൽഎ തങ്ങൾക്കെതിരെ കള്ളക്കേസ് നൽകുകയാണെന്നാണ് ജയയുടെയും മുരുഗേഷിന്റെയും ആരോപണം.

തന്റെ ഭാര്യയുടെ പിതാവും സുഹൃത്തും ചേർന്ന് 53 വർഷങ്ങൽക്ക് മുൻപാണ് നിലമ്പൂരിലെ എസ്റ്റേറ്റ് വാങ്ങിയതെന്ന് മുരൂഗേഷ് നരേന്ദ്രൻ പറഞ്ഞു. ഇതിൽ 100 ഏക്കർ തങ്ങളുടെ കുടുംബവും ബാക്കി 100 ഏക്കർ സദാശിവൻ എന്ന ഒരു സുഹൃത്തും ചേർന്നാണ് വാങ്ങിയത്. 100 ഏക്കർ ഭാര്യയുടെ പിതാവിന്റെയും അദ്ദേഹത്തിന്റെ മൂന്ന് സഹോദരന്മാരുടെയും പേരിലായിരുന്നു.

ഇതിൽ 24 ഏക്കർ പിന്നീട് ജയയുടെ പേരിലേക്ക് മാറ്റി. എന്നാൽ സഹോദരന്റെ മകൻ മുരുഗേഷ് പ്രഭാകരൻ എന്നയാളുടെ കേസിൽ കിടക്കുന്ന 20 ഏക്കർ വസ്തുവാണ് എംഎൽക്ക് വിറ്റതായി പറയുന്നത്. 100 ഏക്കറോളം സ്ഥലമുള്ളതിൽ കൃത്യമായി ഏത് സ്ഥലമാണ് കേസിലുള്ളത് എന്ന് രേഖപ്പെടുത്താതെ കിടക്കുകയായിരുന്നു.

സ്ഥലം രേഖപ്പെടുത്താതിനാലും ജയയുടെ കുടുംബവുമായി ചില പ്രശ്നങ്ങളുള്ളതിനാലുമാണ് ബന്ധു സ്ഥലം വിറ്റത്. എംഎൽഎക്ക് സ്ഥലം വിറ്റാൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകില്ലെന്ന കണക്ക്കൂട്ടലിലാണ് അവർ അങ്ങനെ ചെയ്തത്. എന്നാൽ സ്ഥലം വാങ്ങിയെന്ന് പറഞ്ഞ് ഇവിടെ എത്തിയ എംഎൽഎയുടെ ആളുകൾ അനാവശ്യമായി ശല്യം ചെയ്യുകയായിരുന്നുവെന്നാണ് മുരുഗേഷും ജയയും ആരോപിക്കുന്നത്. തുടർന്ന് ഇക്കാര്യം തങ്ങളുടെ അഭിഭാഷകൻ മുഖേന എംഎൽയെ അറിയിക്കുകയായിരുന്നു.

താൻ സ്ഥലം എംഎൽഎ ആണെന്നും എസ്റ്റേറ്റ് വാങ്ങിയെന്നും ഇതാണ് തന്റെ രീതിയെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നും മുരുഗേഷ് പറയുന്നു. ഫാം ഹൗസ് ഉൾപ്പടെയുള്ള തങ്ങളുടെ എസ്റ്റേറ്റ് മുഴുവനായി സ്വന്തമാക്കാനാണ് എംഎൽഎ ശ്രമിച്ചതെന്നാണ് ഇവരുടെ ആരോപണം. 20 ഏക്കർ വാങ്ങിയെന്ന് പറഞ്ഞ എംഎൽഎ പക്ഷേ ഏത് 20 ഏക്കറാണെന്ന് കൃത്യമായി പറഞ്ഞില്ലെന്നും പിന്നീട് എസ്റ്റേറ്റ് വാങ്ങിയിട്ടില്ലെന്നാണ് പറഞ്ഞതെന്നും ഇവർ പറയുന്നു.

കേസിൽ കിടക്കുന്ന ആ 20 ഏക്കർ ഭൂമി എംഎൽഎ വാങ്ങി എന്നാണ് എസ്റ്റേറ്റ് മാനേജരോട് അനുയായികൾ വിളിച്ച് അറിയിച്ചത്. തന്റെ ആളുകൾ വരുമ്പോൾ സഹകരിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്നും അത് ബുദ്ധിമുട്ടാകുമെന്നും എംഎൽഎ ഭീഷണിപ്പെടുത്തിയതായും മുരുഗേഷ് മലപ്പുറം എസ്‌പിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

എസ്റ്റേറ്റിൽ അതിക്രമിച്ച് കയറിയതിനും തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതിനും നേരത്തെ പൂക്കോട്ടുപാടം എസ്ഐ അമൃത്രംഗൻ അൻവറിനും മറ്റ് 15പേർക്കുമെതിരെ കേസെടുത്തിരുന്നു. ഇവരുടെ എസ്റ്റേറ്റിന്റെ ഒരു ഭാഗം വാങ്ങിയെന്ന് പറഞ്ഞ് എംഎൽഎയുടെ അനുയായികൾ ചില ഗുണ്ടകളെയുംകൊണ്ട് ഇവിടെ തങ്ങുകയായിരുന്നു. അൻവറും സംഘവും എസ്റ്റേറ്റ് കയ്യടക്കാൻ ശ്രമിക്കുന്നു എന്ന കേസ് പരിഗണിച്ച മഞ്ചേരി മുൻസിഫ് കോടതിയാണ് ഇവർക്ക് പ്രവേശനാനുമതി നിഷേധിച്ചുള്ള വിധി പുറപ്പെടുവിച്ചത്. എംഎൽഎയുടെ സഹായികളായ ഫൈസൽ, സിദ്ദിഖ് എന്നിവരേയും എസ്റ്റേറ്റിൽ പ്രവേശിക്കുന്നതിൽ നിന്നും കോടതി വിലക്കിയിട്ടുണ്ട്.

അതേസമയം, ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ പ്രതികരിച്ചത്. ആരോപണങ്ങൾക്ക് പിന്നിൽ മുൻ മന്ത്രിയും നിലമ്പൂർ എംഎൽയുമായിരുന്ന ആര്യാടൻ മുഹമ്മദും മകൻ ആര്യാടൻ ഷൗക്കത്തുമാണെന്ന് അൻവർ ആരോപിക്കുന്നു. എസ്റ്റേറ്റിന്റെ ലാഭത്തിന്റെ പങ്കുപറ്റുന്നയാളാണ് ആര്യാടനെന്നുമാണ് എംഎൽഎയുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP