Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് ആശുപത്രികളിൽ കയറി ഇറങ്ങിയ ഗർഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങൾ പ്രസവത്തോടെ മരിച്ചു; ചികിത്സ കിട്ടാതെ പൂർണ ഗർഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് അലയേണ്ടി വന്നത് 14 മണിക്കൂർ; യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പ്രസവത്തോടെ കുഞ്ഞുങ്ങൾ മരിച്ചു; പ്രസവ ചികിത്സയ്ക്ക് കോവിഡ് പിസിആർ ടെസ്റ്റ് റിസൽട്ട് തന്നെ വേണമെന്ന ബലം പിടിച്ച ആശുപത്രികൾ ക്ഷണിച്ചു വരുത്തിയ ദുരന്തമെന്ന് ആക്ഷേപം; മരിച്ചു പോയതല്ല, സർക്കാർ സിസ്റ്റം കൊന്നു കളഞ്ഞതെന്ന് സോഷ്യൽ മീഡിയ

മൂന്ന് ആശുപത്രികളിൽ കയറി ഇറങ്ങിയ ഗർഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങൾ പ്രസവത്തോടെ മരിച്ചു; ചികിത്സ കിട്ടാതെ പൂർണ ഗർഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് അലയേണ്ടി വന്നത് 14 മണിക്കൂർ; യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പ്രസവത്തോടെ കുഞ്ഞുങ്ങൾ മരിച്ചു; പ്രസവ ചികിത്സയ്ക്ക് കോവിഡ് പിസിആർ ടെസ്റ്റ് റിസൽട്ട് തന്നെ വേണമെന്ന ബലം പിടിച്ച ആശുപത്രികൾ ക്ഷണിച്ചു വരുത്തിയ ദുരന്തമെന്ന് ആക്ഷേപം; മരിച്ചു പോയതല്ല, സർക്കാർ സിസ്റ്റം കൊന്നു കളഞ്ഞതെന്ന് സോഷ്യൽ മീഡിയ

ജാസിം മൊയ്തീൻ

മലപ്പുറം: 14 മണിക്കൂർ പ്രസവശുശ്രൂഷ കിട്ടാതെ അലയേണ്ടി വന്ന യുവതിയുടെ ഇരട്ടകുഞ്ഞുങ്ങൾ പ്രസവത്തോടെ മരിച്ചു. പൂർണ്ണ ഗർഭിണിയായ യുവതിയെ ചികിത്സിക്കാൻ തയ്യാറാകാതെ മൂന്ന് ആശുപത്രികൾ കയ്യൊഴിഞ്ഞതോടെയാണ് പൂർണഗർഭിണിയുമായി അലയേണ്ടി വന്നത്. ഒടുവിൽ 14 മണിക്കൂർ അലഞ്ഞ് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 20കാരിയുടെ ഇരട്ടക്കുഞ്ഞുങ്ങളാണ് പ്രസവത്തോടെ മരിച്ചത്. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയും മാധ്യമ പ്രവർത്തകനുമായ എൻ.സി ഷെരീഫാണ് ഭാര്യ സഹ്ല തസ്നീമുവിന്റെ കുഞ്ഞുങ്ങളാണ് മരിച്ചത്.

ഇന്നലെ പുലർച്ചെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ചികിത്സ നിഷേധിക്കുകയായിരുന്നു. ഇത്തരത്തിൽ മൂന്ന് ആശുപത്രികളിൽ നിന്നും ചികിത്സ ലഭിക്കാതെ വൈകീട്ട് ആറ് മണിക്കാണ് കൊണ്ടോട്ടി സ്വദേശിയായ 20കാരിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ഷെരീഫിന്റെ ഭാര്യയെ നേരത്തെ പതിവ് ചെക്കപ്പിന് വിധേയമാക്കിയപ്പോൾ കോവിഡ് പൊസിറ്റിവ് ആയിരുന്നു. ഇതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും രണ്ടാഴ്ച മുമ്പ് അത് നെഗറ്റിവ് ആവുകയുംചെയ്തു. ഇതിനിടെ ശനിയാഴ്ച പുലർച്ചെ നാലുമണിക്ക് വേദനവന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയി.കോവിഡ് രോഗികൾക്കു മാത്രമെ ചികിത്സയുള്ളൂവെന്ന് മഞ്ചേരി മെഡിക്കൽ കോളേജും നേരത്തെ കോവിഡ് ഉണ്ടായിരുന്നതിനാൽ ഇവിടെ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രികളും പറഞ്ഞ് കൈയൊഴിഞ്ഞു. ഏറ്റവും ഒടുവിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്.

സെപ്റ്റംബർ അഞ്ചിനാണ് ഗർഭിണിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഡി.എം.ഒ ഡോ.സക്കീന, നോഡൽ ഓഫീസർ ഡോ.പി.ഷിനാസ് ബാബു, ഗൈനക്കോളജി വിഭാഗത്തിലെ ഡോ.രഹന എന്നിവർ അവർക്ക് എല്ലാ പിന്തുണയും നൽകി. 15ന് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങി. 18ന് രാത്രി കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മഞ്ചേരിയിൽ അഡ്‌മിറ്റ് ചെയ്തു. ലേബർ റൂമിൽ പ്രവേശിപ്പിച്ച ഗർഭിണിയോട് വളരെ മോശമായാണ് ഒരു ജീവനക്കാരി പെരുമാറിയത്. ഇനി മഞ്ചേരി മെഡിക്കൽ കോളേജിൽ കാണിക്കേണ്ടെന്നും എനിക്ക് പേടിയാണെന്നും യുവതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സാ വിവരങ്ങളും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എടവണ്ണ ഇ.എം.സി ആശുപത്രിയിൽ എത്തിയത്.

ആശുപത്രിയുടെ മാനേജിംങ് ഡയറക്ടർ വളരെ മാന്യമായി പെരുമാറുകയും ഡോക്ടറോട് ചോദിച്ച് പറയാമെന്നും അറിയിച്ചു. ഒരു തവണ കോവിഡ് ബാധിച്ചതിനാൽ വീണ്ടും രോഗം ഉണ്ടാകുമെന്നും നിങ്ങൾ വേറെ ആശുപത്രികളിൽ അന്വേഷിക്കൂ എന്നായിരുന്നു എടവണ്ണ ഇ.എം.സിയിൽ നിന്നുള്ള പ്രതികരണം. സർക്കാർ നൽകുന്ന ആന്റിജൻ പരിശോധനാ സർട്ടിഫിക്കറ്റ് രോഗം ഭേദമായതിന് തെളിവായി പരിഗണിക്കാൻ ഇവർ തയ്യാറായില്ല.

ശനിയാഴ്ച പുലർച്ചെ ശക്തമായ വേദന അനുഭവപ്പെട്ടു. പുലർച്ചെ 4.30ന് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. ലേബർ റൂമിൽ പ്രവേശിപ്പിച്ചെങ്കിലും വളരെ മോശമായാണ് ജീവനക്കാർ പെരുമാറിയത്. ഇവിടെ നിങ്ങളെ എടുക്കില്ലെന്നും കോവിഡ് രോഗികൾക്ക് മാത്രമേ ചികിത്സ നൽകുകയുള്ളു എന്നും ജീവനക്കാർ പറഞ്ഞു. മറ്റു മാർഗമില്ലെന്നും സ്വകാര്യ ആശുപത്രിയിൽ എടുക്കുന്നില്ലെന്നും പറഞ്ഞെങ്കിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ നൽകാൻ തയ്യാറായില്ല. വേദന ഇല്ലെന്നും നിങ്ങളെ ഡിസ്ചാർജ് ചെയ്യുകയാണെന്നും ലേബർ റൂമിൽ നിന്ന് പറഞ്ഞു.

എവിടേക്കെങ്കിലും റഫർ ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം രാവിലെ 8.30 ന് കോഴിക്കോട് കോട്ടപറമ്പിലുള്ള സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് തയ്യാറാക്കി. എന്നാൽ പിന്നീട് വന്ന ഡോക്ടർ പരിശോധിച്ചു. നല്ല വേദനയുണ്ടെന്നും ഇപ്പോൾ ഇവിടെ നിന്ന് പോകാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു.എന്നാൽ ഇതിനിടയിൽ കോഴിക്കോട്ടേക്ക് റഫർ ചെയ്തു. പ്രസവ വേദനയാൽ പ്രയാസം നേരിട്ടിട്ടും മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നീതി ലഭിച്ചില്ല.

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും പറഞ്ഞുവിടുമ്പോൾ സമയം 11.45 ആയിരുന്നു. ഞങ്ങൾ കോട്ടപറമ്പ് ആശുപത്രിയിൽ എത്തുമ്പോൾ സമയം 1.38. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. അവിടെ വലിയ തിരക്കാവുമെന്നും പറ്റുമെങ്കിൽ മറ്റു ആശുപത്രി തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു. ഇതേ തുടർന്ന് ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് വിളിച്ചെങ്കിലും കോവിഡ് സർട്ടിഫിക്കറ്റ് കൈയിലുണ്ടോ എന്ന് ചോദിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറഞ്ഞെങ്കിലും അത് മതിയാകില്ലെന്നും ആർ.ടി.പി.സി.ആർ വേണമെന്നും അവർ നിർബന്ധം പിടിച്ചു. ചികിത്സ ലഭിക്കാൻ ഇതല്ലാതെ മറ്റു മാർഗമില്ലെന്നായതോടെ കോഴിക്കോട് അശ്വനി ലാബിൽ കയറി കോവിഡ് പരിശോധന സംബന്ധിച്ച വിവരങ്ങൾ തേടി.

24 മണിക്കൂറിന് ശേഷമേ റിസൾട്ട് ലഭിക്കൂ എന്നായിരുന്നു മറുപടി. ഇക്കാര്യം ഓമശ്ശേരി ആശുപത്രിയിൽ വിളിച്ചുപറഞ്ഞു. എന്നിട്ടും അവർ ചികിത്സ നൽകാൻ തയ്യാറായില്ല. വീണ്ടും ഓമശ്ശേരി ആശുപത്രിയിലേക്ക് വിളിച്ചു, സഹായിക്കണമെന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടു. പക്ഷെ, ആർ.ടി.പി.സി.ആർ ഇല്ലാതെ ചികിത്സ തരാനാകില്ലെന്ന് അവർ തീർത്തുപറഞ്ഞു. പിന്നീട് മുക്കം കെ.എം.സി.ടിയിൽ വിളിച്ചു. ദയനീയാവസ്ഥ മനസിലാക്കിയ അവർ ചികിത്സ നൽകാൻ തയ്യാറായി. ആന്റിജൻ പരിശോധന നടത്തി. നെഗറ്റീവായിരുന്നു ഫലം. സ്‌കാൻ ചെയ്തതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ഇത്രയും കടമ്പകൾക്ക് ശേഷമാണ് യുവതി ഇന്ന് രണ്ട് കുട്ടികളെ പ്രസവിച്ചത്. ഈ രണ്ട് കുട്ടികളും ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ്.

ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ചികിത്സ നൽകൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി യുവതിയുടെ പിതാവ് പറഞ്ഞു. അതേസമയം ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തൽ സൈബർ ലോകത്ത് അടക്കം പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. മരിച്ചു പോയതല്ല, സർക്കാർ സിസ്റ്റം കൊന്നു കളഞ്ഞതെന്ന് ആരോപിച്ചു സോഷ്യൽ മീഡിയയിലൂടെ ആളുകൾ രംഗത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP