Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202329Wednesday

65 വയസ്സുവരെ ദുബായിൽ കഴിഞ്ഞത് സ്വന്തമായി ജോലിയെടുത്ത് ; ജോലിയിൽ നിന്നും വിരമിച്ചത് വിസ പുതുക്കാൻ സാധിക്കാതെ വന്നതോടെ ; മാതാപിതാക്കളുടെ മരണവും വിവാഹ ബന്ധത്തിലെ തകർച്ചയും പ്രവാസ ലോകത്ത് ഒറ്റപ്പെടുത്തി; അനാരോഗ്യത്തിനൊപ്പം സാമ്പത്തിക ബാധ്യതയും ജയിൽശിക്ഷയും; നാട്ടിലേക്ക് മടങ്ങാൻ സഹായം തേടി ശശി തരൂരിന്റെ ബാല്യകാല സുഹൃത്ത്

65 വയസ്സുവരെ ദുബായിൽ കഴിഞ്ഞത് സ്വന്തമായി ജോലിയെടുത്ത് ; ജോലിയിൽ നിന്നും വിരമിച്ചത് വിസ പുതുക്കാൻ സാധിക്കാതെ വന്നതോടെ ; മാതാപിതാക്കളുടെ മരണവും വിവാഹ ബന്ധത്തിലെ തകർച്ചയും പ്രവാസ ലോകത്ത് ഒറ്റപ്പെടുത്തി; അനാരോഗ്യത്തിനൊപ്പം സാമ്പത്തിക ബാധ്യതയും ജയിൽശിക്ഷയും; നാട്ടിലേക്ക് മടങ്ങാൻ സഹായം തേടി ശശി തരൂരിന്റെ ബാല്യകാല സുഹൃത്ത്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രവാസ ലോകത്ത് ആരാലും സഹായിക്കാനില്ലാതെ തീർത്തും ഒറ്റപ്പെട്ട് വയോധിക. കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയുടെ കൊൽക്കത്തയിലെ ബാല്യകാല സുഹൃത്തും പാതി മലയാളിയുമായ റീത്ത രാംദാസ് വാരിയറാണ് പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിൽ അകപ്പെട്ട് രക്ഷപ്പെടുവാനായി ഒരു കൈ സഹായം തേടുന്നത്.തൃശൂർ സ്വദേശി ബാലൻ വാരിയറുടെയും കൊൽക്കത്ത സ്വദേശി ഷെഫാലി ദാസ് ഗുപ്തയുടെയും മകളാണ് 72 കാരിയും ദുബായ് അൽ നഹ്ദയിലെ താമസക്കാരിയുമായ റീത്ത.മലയാള മനോരമായാണ് ഇവരുടെ ദുരിതകഥ പുറത്ത്‌കൊണ്ടുവന്നത്.

1996ലാണ് റീത്താ രാംദാസ് വാരിയറും ഭർത്താവ് കൊച്ചി സ്വദേശി രാംദാസും യുഎഇയിലെത്തിയത്. ബിഎ ഓണേഴ്‌സ് ബിരുദധാരിയായ ഇവർ തന്റെ 65 വയസുവരെ ജോലി ചെയ്താണ് ഇവിടെ കഴിഞ്ഞത്.65 വയസ്സായപ്പോൾ വീസ പുതുക്കാൻ സാധിക്കാത്തതിനാൽ അഡ്വർടൈസിങ് കമ്പനിയിലെ ജോലിയിൽ നിന്ന് വിരമിച്ചു. തുടർന്ന് 2015ൽ ഫുജൈറ ഫ്രീസോണിൽ നിന്ന് ഒരു ട്രേഡിങ് ലൈസൻസ് എടുത്തത് വഴി മാർക്കറ്റിങ് കൺസൽറ്റന്റിന്റെ വീസ സ്വന്തമാക്കി.

ഇക്കാലമത്രയും നാട്ടിലുള്ള വൃദ്ധ മാതാപിതാക്കളെ സംരക്ഷിച്ചത് ഇവരായിരുന്നു.2017ൽ മാതാപിതാക്കൾ മരിച്ചതോടെ ഇവർ പ്രവാസ ലോകത്ത് തീർത്തും ഒറ്റപ്പെടുകയായിരുന്നു.2002ൽ ഭർത്താവുമായി പിരിഞ്ഞു. കൊച്ചി സ്വദേശിയായ അദ്ദേഹവും ആസ്ത്മ രോഗിയായ മകനും ഇപ്പോൾ ചെന്നൈയിലാണ് താമസം. റീത്തയുമായി യാതൊരു ബന്ധവും ഇരുവർക്കുമില്ല. എവിടെയും ഒരു ജോലി ലഭിക്കാത്തതിനാൽ മുറിവാടകയ്ക്കും ഭക്ഷണത്തിനും ഏറെ ബുദ്ധിമുട്ടി.

വാടക കുടിശിക ഏറിയപ്പോൾ ഷാർജയിലെ കെട്ടിട ഉടമ നൽകിയ കേസിൽ രണ്ടു മാസം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നു.സുഹൃത്തുക്കൾ ചിലർ കുറച്ചുകാലം സഹായം ചെയ്‌തെങ്കിലും പിന്നീട് അതെല്ലാം നലച്ചതോടെ ജീവിതം തീർത്തും ഇരുട്ടിലായിരിക്കുകയാണ്. കൂനിന്മേൽ കുരുവെന്ന പോലെ 2020ൽ ദുബായ് അൽ ബർഷയിൽ റോഡിന് കുറുകെ കടക്കുമ്പോൾ അതിവേഗത്തിൽ വന്ന കാറിടിച്ച് തെറിപ്പിച്ചു. അപകടത്തിൽ കാലിനും കൈക്കും സാരമായ പരുക്കേറ്റു.ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഒരു വർഷത്തോളം കിടക്കയിൽ നിന്ന് എഴുന്നേൽക്കാനായില്ല.

ഡ്രൈവിങ് ലൈസൻസില്ലാത്ത പാക്കിസ്ഥാനി യുവാവ് ഓടിച്ച കാറാണ് ഇടിച്ചത്.ഇൻഷുറൻസ് ഇല്ലാത്തതിനാൽ പലരും സഹായിച്ചതുകൊണ്ടാണ് ആശുപത്രി ബില്ലടക്കാനായത്.ആ നാളുകൾ അത്രമാത്രം ദുരിതത്തിലായതിനാൽ ഓർക്കാൻ കൂടി ഈ വയോധിക ഇഷ്ടപ്പെടുന്നില്ല.
തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ, അദ്ദേഹത്തിന്റെ സഹോദരിമാരായ ശോഭ തരൂർ, സ്മിത തരൂർ എന്നിവർ റീത്ത രാംദാസ് വാരിയറുടെ കൊൽക്കത്തയിലെ ബാല്യകാല കൂട്ടുകാരാണ്. മൂവരും റീത്തയേക്കാളും പ്രായത്തിൽ ഇളയതായിരുന്നു.

ന്യൂ അലിപൂരിലായിരുന്നു അന്ന് സ്‌കൂൾ വിദ്യാർത്ഥിയായ ശശിതരൂരും കുടുംബവും താമസിച്ചിരുന്നത്. 196971 കാലത്തുകൊൽക്കത്ത സെന്റ് സേവ്യേസ് കോളജിയേറ്റ് സ്‌കൂളിലായിരുന്നു ശശി തരൂർ പഠിച്ചിരുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ചന്ദ്രൻ തരൂർ, സുലേഖ മേനോൻ എന്നിവർ റീത്തയുടെ മാതാപിതാക്കളുമായി അടുപ്പം പുലർത്തിയിരുന്നു.കൊൽക്കത്തയിലെ മലയാളി കൂട്ടായ്മകളിലും ദീപാവലി ആഘോഷത്തിനുമെല്ലാം ശശി തരൂരിന്റെ വീട്ടിലായിരുന്നു ഇവരെല്ലാം ഒന്നിക്കുക. സ്‌കൂൾ വിദ്യാർത്ഥികളായ എല്ലാവരും കുസൃതികൾ കാണിച്ച് കളിച്ചുനടന്നിരുന്നത് റീത്ത ഓർക്കുന്നു.

ഈ ബന്ധത്തിന്റെ പേരിൽ ഒരിക്കൽ ശശി തരൂരിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഈ വാർത്ത കണ്ടെങ്കിലും അദ്ദേഹം പഴയ കൂട്ടുകാരിയെ രക്ഷിക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.താമസ സ്ഥലത്തെ വാടക, വീസ കാലാവധി കഴിഞ്ഞും യുഎഇയിൽ താമസിക്കുന്നതിന്റെ പിഴസംഖ്യ, ഫുജൈറയിലെ ട്രേഡ് ലൈസൻസ് റദ്ദാക്കാനുള്ള പണം തുടങ്ങിയവ അടക്കം വലിയൊരു സംഖ്യ അടച്ചാലേ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകൂ. താമസ സ്ഥലത്തെ വാടക കൊടുക്കാൻ കഴിയാത്തതിനാൽ ഏതു നിമിഷവും തെരുവിലാകുമെന്ന് ഇവർ ഭയക്കുന്നു.കൂടാതെ, നിത്യവൃത്തിക്കും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടി വരുന്നതും പ്രയാസത്തിലാക്കുന്നു. ശശി തരൂരോ മറ്റാരെങ്കിലുമോ തന്റെ പ്രശ്‌നങ്ങൾ തീർത്തുകൊൽക്കത്തയിലേക്ക് മടങ്ങാനുള്ള സംവിധാനം ഒരുക്കിത്തരണമെന്നാണ് അഭ്യർത്ഥന.

പലർക്കും വലിയ തുകകളാണ് പിഴയായും മറ്റും അടയ്ക്കാനുള്ളത്. റീത്ത രാംദാസ് വാരിയർക്ക് അടക്കേണ്ട തുകയെക്കുറിച്ച് വരും ദിവസങ്ങളിൽ കൃത്യമായി അറിയാൻ സാധിക്കുമെന്ന് അഡ്വ.പ്രീത പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങൾ വലയ്ക്കുന്ന ഇവരെ സ്വന്തം നാട്ടിൽ എത്തിക്കേണ്ടത് ഇന്ത്യൻ അധികൃതരുടെയും സമൂഹത്തിന്റെയും കടമയാണ്. ട്രേഡ് ലൈസൻസിന് മേലുള്ള പിഴ, വീസ കാലാവധി കഴിഞ്ഞ് താമസിച്ചതിനുള്ള പിഴ, കെട്ടിട വാടക അടക്കം ഏതാണ്ട് 20,000 ദിർഹം മാത്രമേ അടയ്‌ക്കേണ്ടി വരൂ എന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. പ്രശ്‌നം പരിഹരിക്കാനുള്ള പിന്തുണ എല്ലാവരിൽ നിന്നുമുണ്ടാകുമെന്ന് അഡ്വ.പ്രീത ഉറച്ചുവിശ്വസിക്കുന്നു. ഫോൺ: +971 52 731 8377.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP