Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നതിന്റെ ശാസ്ത്രീയ സത്യം വിശദീകരിച്ചതോടെ മതനിന്ദാ കുറ്റത്തിൽ പെട്ടു; രക്ഷപ്പെടാൻ അഭയം തേടിയത് ഫിൻലൻഡിൽ; ആലപ്പുഴ സ്വദേശിനിയായ യുവതിയിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ഇന്റർപോളിന്റെ റെഡ് നോട്ടീസ്; യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് വിവാദത്തിൽ

ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നതിന്റെ ശാസ്ത്രീയ സത്യം വിശദീകരിച്ചതോടെ മതനിന്ദാ കുറ്റത്തിൽ പെട്ടു; രക്ഷപ്പെടാൻ അഭയം തേടിയത് ഫിൻലൻഡിൽ; ആലപ്പുഴ സ്വദേശിനിയായ യുവതിയിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ഇന്റർപോളിന്റെ റെഡ് നോട്ടീസ്; യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് വിവാദത്തിൽ

എം മാധവദാസ്

തിരുവനന്തപുരം: യുക്തിവാദി നേതാവും എഴുത്തുകാരനുമായസനൽ ഇടമറുകിന്
ഇനറർപോളിന്റെ റെഡ് നോട്ടീസ്. ആലപ്പുഴ സ്വദേശിനിയായ യുവതിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. വിദേശത്ത് ജോലിവാങ്ങിത്തരാമെന്ന് പറഞ്ഞ് വഞ്ചിച്ചതായാണ് യുവതി പരാതിയിൽ പറയുന്നത്. ഇപ്പോൾ ഫിൻലൻഡിലുള്ള ഇടമറുകിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഫിൻലൻഡിൽ ആദ്യം പഠനവിസയിൽ കൊണ്ടുപോകാമെന്നും, പിന്നീട് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു പലപ്പോഴായി ലക്ഷങ്ങൾ തട്ടിയെടുത്തതായിട്ടാണ് യുക്തിവാദിയും സർക്കാർ ഉദ്യോഗസ്ഥയും കൂടിയായ വീട്ടമ്മയുടെ പരാതി. ഒരു മാസം അഞ്ചു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി ഒരു റഷ്യൻ ഏജൻസി വഴി നൽകാമെന്ന് പറഞ്ഞാണ് തുക കൈക്കലാക്കിയെന്നാണ് ആരോപണം.

ഇന്ത്യൻ യുക്തിവാദി സംഘം, റാഷണലിസ്റ്റ് ഇന്റർനാഷണൽ എന്നിവയുടെ പ്രസിഡന്റായിയുരുന്ന സനൽ ഇടമറുക്, മതനിന്ദാകുറ്റം ചുമത്തപ്പെട്ടതോടെ ഫിൻലൻഡിലേക്ക് കടക്കുകയായിരുന്നു. 2012 മാർച്ചിൽ മുബൈയിലെ ഒരു ദിവ്യദ്ഭുതം ശാസ്ത്ര ദൃഷ്ടിയിൽ വിശദീകരിച്ചതാണ് സനൽ നാടുവിട്ടുപോകാൻ ഇടയാക്കിയത്. മുംബൈയിലെ വിലെ പാർലെയിലെ വേളാങ്കണ്ണി പള്ളിയിൽ നിന്ന് ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നു എന്നാണ് പൊടുന്നനെ ഒരു വാർത്ത പടർന്നത്. തുടർന്നു ആയിരക്കണക്കിനാളുകൾ എത്തി ക്രിസ്തുവിന്റെ കാലിൽ നിന്ന് ഒലിക്കുന്ന വെള്ളം കുപ്പികളിലാക്കി ദിവ്യജലമായി വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചു. ഈ സംഭവത്തെ വെല്ലുവിളിച്ചു കൊണ്ട് സനൽ അവിടെ എത്തി. ഇതിനു പിന്നിലെ ശാസ്ത്രിയ സത്യം ബോധ്യപ്പെടുത്തി. പ്രതിമ നിൽക്കുന്ന സ്ഥലത്തിനടുത്തിന് തൊട്ടടുത്ത് മലിനജലം കെട്ടി നിൽക്കുന്ന ചെറിയ കനാലും സമീപത്ത് മുകളിൽ തന്നെയായി ഒരു വാട്ടർടാങ്കുമുണ്ട്. ഇവിടെ കാപ്പില്ലറി ആക്ഷൻ എന്ന മർദ്ദതത്വത്തിന്റെ ഭാഗമായി വെള്ളം ചെറിയ സുഷിരങ്ങളിലൂടെ പ്രതിമയ്ക്കരികിൽ എത്തുകയും അത് ക്രിസ്തുരൂപത്തിന്റെ കാലിലൂടെ ഒഴുകുകയും ചെയ്യുന്നുവെന്ന് അദേഹം വിശദീകരിച്ചു. ഇത് അദ്ദേഹം ചാനൽ ചർച്ചയിലും പറഞ്ഞതാണ് വിവാദമായത്.

ക്രിസ്ത്യൻ മതമേലധികാരികൾ അദ്ദേഹത്തിനെതിരെ പൊലീസിന് പരാതി നൽകുകയും മുംബൈ പൊലീസ് കേസെടുക്കുകയുമാണുണ്ടായത്. മതവികാരം വ്രണപ്പെടുത്തിയതിന് പരസ്യമായി മാപ്പുപറയണമെന്നും പുരോഹിതർ ആവശ്യപ്പെട്ടു. ഇത് അദ്ദേഹം നിരസിച്ചതോടെ അവർ കേസുമായി മുന്നോട്ടുപോയി. ഇന്ത്യൻ പീനൽകോഡ് സെക്ഷൻ: 295 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജൂഹു സ്റ്റേഷനിൽ (കേസ് നമ്പർ: സി.ആർ. 61/2012) മഹാരാഷ്ട്ര കാത്തലിക് യൂത്ത് ഫോറം പ്രസിഡന്റ് ആഞ്ചെലോ ഫെർണാണ്ടസ് ആണ് പരാതി നൽകിയത്. ഇതിനെ തുടർന്ന് അദേഹം ഫിൻലാൻഡിലേക്ക് പോയ അദ്ദേഹത്തിന് ആ രാഷ്ട്രം അഭയം നൽകുകയായിരുന്നു. അവിടെ ജോലിചെയ്തതുകൊണ്ട് യുക്തിവാദ പ്രവർത്തനങ്ങളും മത നിന്ദാ നിയമങ്ങൾക്കെതിരെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവബോധം സൃഷ്ടിക്കലുമായി സനൽ ഇടമറുക് സജീവമായിരുന്നു.

പ്രശസ്ത യുക്തിവാദിയും പത്രപ്രവർത്തകനുമായ ജോസഫ് ഇടമറുകിന്റെ മകനായി കേരളത്തിലെ തൊടുപുഴയിൽ ജനിച്ച സനൽ, പതിനഞ്ചാം വയസുമുതൽ യുക്തിവാദ പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാണ്. 1977 ൽ കേരള സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം നേടി. തുടർന്ന് ജെഎൻയുവിൽ നിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ എം ഫിൽ ബിരുദവും നേടി. പുസ്തകങ്ങൾ രചിക്കുന്നതിനും മുഴുവൻ സമയ ഇന്ത്യൻ യുക്തിവാദ സംഘത്തിന്റെ പ്രവർത്തനത്തിനുമായി 1982 ൽ ആഫ്രോ - ഏഷ്യൻ റീ കൺസ്ട്രക്ഷനിൽ ലഭിച്ച ജോലി അദ്ദേഹം ഉപേക്ഷിക്കയായിരുന്നു.

യുക്തി ചിന്തയുടെ പ്രാധാന്യം, അന്ധവിശ്വാസങ്ങൾ എതിർക്കപ്പെടേണ്ടത്തിന്റെ ആവിശ്യകത എന്നിവ വിഷയമാക്കി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്ക് നിദാനമായ പൂജാരിവൃന്ദത്തിന്റെ ദിവ്യാത്ഭുതങ്ങൾ അനാവരണം ചെയ്യുന്ന രീതിയിൽ അന്വേഷണാത്മകമായ കണ്ടെത്തെലുകൾ നടത്തിയിട്ടുണ്ട്. അദേഹത്തിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും പ്രമുഖ വാർത്താമാധ്യമങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഇടയായിട്ടുണ്ട്. കേരളത്തിൽ അദേഹവും കൂട്ടരും സംഘടിപ്പിച്ച ഒരു റോഡ് ഷോയിൽ അതീന്ദ്രമായതെന്നു സന്യാസിമാരും മതഗുരുക്കളും അവകാശപ്പെടുന്ന കാര്യങ്ങൾ ഒരു സാധാരണക്കാരന് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് വിവരിക്കുന്നതിനെക്കുറിച്ച് 'ഗുരു ബസ്റ്റ്ര്' എന്ന ഡോകുമെന്ററിയിൽ കാണിക്കുന്നുണ്ട്. ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ആവിശ്യകതയെ പിന്തുണച്ച് ദേശീയ ചാനലുകളിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന മുഖമായിരുന്നു സനലിന്റെത്.

എന്നാൽ റെഡ് നോട്ടീസ് പുറപ്പെടുവിച്ച സംഭവത്തിൽ സനലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. നേരത്തെ ഇതുസംബന്ധിച്ച് പരാതി ഉണ്ടായിരുന്നെന്നും ഇത് സംസാരിച്ച് തീർക്കാൻ ശ്രമിച്ചിരുന്നെന്നുമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പ്രതികരിക്കുന്നത്. വിദേശത്തേക്ക് കടന്ന പ്രതികളെ അവിടെ നേരിട്ടെത്തി പിടികൂടാൻ കേരള പൊലീസിന് സാധിക്കില്ല എന്നതിനാലാണ് അതിനാലാണ് ഇന്റർപോൾ സഹായത്തോടെ റെഡ് നോട്ടീസ് നൽകുന്നത്. ഇന്റർപോളിന്റെ ഇന്ത്യയിലെ വിങ് നാഷണൽ സെൻട്രൽ ബ്യൂറോയെ (എൻസിബി) വിവരം അറിയിക്കും. സിബിഐക്ക് കീഴിലാണ് എൻസിബി. പ്രതിയുടെ ഫോട്ടോ, കേസ് വിവരം എന്നിവ സഹിതമാണ് നൽകുന്ന റിപ്പോർട്ട് എൻസിബി ഇന്റർപോളിന് കൈമാറും. തുടർന്നാണ് റെഡ് നോട്ടീസ്. സംസ്ഥാനത്ത് ഇത്തരം വിഷയങ്ങൾ കൈകാര്യംചെയ്യാൻ പൊലീസ് ആസ്ഥാനത്ത് ഇന്റർനാഷണൽ ഇൻവസ്റ്റിഗേഷൻ കോ-ഓർഡിനേഷൻ ടീം രൂപീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP