Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത്‌ അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനും, വെള്ളപ്പൊക്കത്തിനും സാധ്യത ഏറിയതിനാൽ കോട്ടയം-ഇടുക്കി-എറണാകുളം ജില്ലകളിൽ അതീവ കരുതൽ; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്തും അതീവ ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; കനത്ത മഴയിൽ കൊച്ചി നഗരം വെള്ളക്കെട്ടിൽ, കോട്ടയത്തും വ്യാപന നാശനഷ്ടം; എട്ട് ഡാമുകളിലെ ഷട്ടറുകൾ തുറന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി ജില്ലയിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ പലയിടത്തും 24 മണിക്കൂറിൽ 205 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യമുണ്ടായാൽ എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതൽ രൂക്ഷമായേക്കും. രാത്രി സമയങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ട് ദുരന്ത സാധ്യത മേഖലയിലുള്ളവർക്കു ക്യാംപുകൾ സജ്ജീകരിച്ച് ആളുകളെ അറിയിക്കേണ്ടതും പകൽ സമയത്ത് തന്നെ ക്യാംപുകളിലേക്ക് ആളുകളെ മാറ്റേണ്ടതുമാണ്.

ഇതിനു പുറമേ കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ ഇതിനോടകം ലഭിച്ചു കഴിഞ്ഞ കോട്ടയം, എറണാകുളം ജില്ലകൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെയും കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ജൂലൈ 31നും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓഗസ്റ്റ് 1നും ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓഗസ്റ്റ് 2നും യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റര്ഡ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണം. റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിലും സമീപ ജില്ലകളിലുമുള്ള താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്നു കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്. കോവിഡ്19ന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാംപുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദ്ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം.

കൊച്ചി നഗരം വെള്ളക്കെട്ടിലായി

അതേ സമയം സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയിൽ മധ്യതിരുവിതാംകൂറിൽ നാശനഷ്ടങ്ങൾ രൂക്ഷമായി. കനത്ത മഴയിൽ കൊച്ചി നഗരം വെള്ളക്കെട്ടിലായി. പനമ്പള്ളിനഗർ, പാലാരിവട്ടം, പള്ളുരുത്തി, എം.ജി റോഡ്, തമ്മനം, ചിറ്റൂർ റോഡ്, കമ്മട്ടിപ്പാടം അടക്കം നഗരത്തിലെ പ്രധാനഭാഗങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. കെഎസ്ആർടിസി സ്റ്റാൻഡും വെള്ളത്തിലായി. ഇടപ്പള്ളി വട്ടേക്കുന്നം ജുമാ മസ്ജിദിന് സമീപം റോഡ് ഇടിഞ്ഞ് സമീപത്തെ വീടിനു മുകളിൽ വീണു. റോഡ് ഇടിഞ്ഞ് താഴേക്ക് പതിച്ചതോടെ ഇവിടെ പാർക്ക് ചെയ്തിരുന്ന മൂന്നു കാറുകൾ തകർന്നു.

വെള്ളക്കെട്ട് സ്ഥിരം പ്രശ്‌നമായതോടെ ജില്ലാ ഭരണകൂടം ഓപ്പറേഷൻ ബ്രേക്ക് ത്രൂ നടപ്പാക്കിയെങ്കിലും അതും ഫലം ചെയ്തില്ല. ചിലയിടങ്ങളിൽ കാനകൾ തുറന്നിട്ടതോടെ വഴിയേത് കുഴിയേത് എന്ന് അറിയാത്ത സ്ഥിതിയായി. ഒട്ടേറെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും വെള്ളം കയറി. വെള്ളക്കെട്ടിലായ പള്ളുരുത്തി മേഖല കണ്ടെയിന്മെന്റായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. പശ്ചിമ കൊച്ചിയിലും വെള്ളക്കെട്ട് രൂക്ഷമാണ്.

പി.ആൻ.ഡി.ടി കോളനിയിലെ 87 വീടകൾ ഭാഗികമായി വെള്ളത്തിൽ മുങ്ങി. ഇവരെ മാറ്റി താമസിപ്പിക്കാൻ പൊലീസും തഹസിൽദാരും എത്തിയെങ്കിലും നാട്ടുകാർ അധികൃതരോട് സഹകരിച്ചില്ല. നിരവധി വർഷങ്ങളായി തങ്ങൾ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. വെള്ളക്കെട്ടുണ്ടാകുമ്പോൾ താത്കാലികമായി മാറ്റിത്താമസിക്കുന്നതിന് പകരം സ്ഥിരം സംവിധാനം ഒരുക്കണമെന്ന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തവണയും അതിന് യാതൊരു മാറ്റവുമുണ്ടായില്ലെന്നും കോളനിവാസികൾ പറയുന്നു.താത്കാലികമായി മാറാൻ തയ്യാറാവുകയാണെങ്കിൽ പോലും വീണ്ടും ഇവിടേക്ക് വരേണ്ടിവരും. ഇതാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് പോകാൻ കാരണം. പ്രതിഷേധം ശമിപ്പിക്കാൻ തഹസിൽദാരുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയാണ്.

ജനപ്രതിനിധികൾ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന് കോളനിവാസികൾ കുറ്റപ്പെടുത്തുന്നു. സർക്കാർ വാഗ്ദാനം ചെയ്ത വീടിന്റെ ജോലികൾ ഇതുവരെയും പൂർത്തിയായിട്ടില്ല. സാഹചര്യങ്ങൾ പഴയതുപോലെ വീണ്ടും ആവർത്തിക്കുമ്പോൾ ഇനി താത്കാലികമായി മാറാൻ തയ്യാറല്ലെന്ന് കോളനിവാസികൾ പറയുന്നു. രേഖാമൂലം സർക്കാർ തീരുമാനം അറിയിച്ചേപറ്റുവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.കോട്ടയത്ത് പലമേഖലയിലും മഴ കനക്കുകയാണ്. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.

കോട്ടയത്ത് മണ്ണിടിച്ചിൽ റെയിൽ ഗതാഗതം സ്തംഭിച്ചു

മധ്യകേരളത്തിലും ശക്തമായ മഴകനക്കുകയാണ്.മഴയേത്തുടർന്ന് കോട്ടയം ആർപ്പൂക്കരയിൽ മണ്ണിടിച്ചിലുണ്ടായി. കോട്ടയത്തെ റെയിൽവെ തുരങ്കത്തിനു സമീപവും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കോട്ടയം പാതയിലെ ഒന്നാം തുരങ്കത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതിനേത്തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

പാളത്തിലേക്ക് കല്ലും മണ്ണും വന്ന വീണതിനേത്തുടർന്ന് ഇത് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. തുരങ്കത്തിന് സമീപമുള്ള വൈദ്യുത പോസ്റ്റുകളും മറിഞ്ഞിട്ടുണ്ട്. ട്രാക്കിലേക്ക് വീണ മണ്ണും കല്ലും മാറ്റാനായി ജെ.സി.ബി കൊണ്ടുവരാൻ സാധിക്കാത്തതിനാൽ മനുഷ്യപ്രയത്‌നംകൊണ്ടുമാത്രമേ അത് സാധിക്കു. അതിനാൽ ഇത് പൂർത്തിയാകാൻ കൂടുതൽ സമയം എടുക്കും.

ട്രെയിൻ സർവീസുകൾ കുറവായതിനാൽ വലിയ പ്രശ്‌നങ്ങൾ ഒന്നുംതന്നെയുണ്ടായിട്ടില്ല. രാവിലെ വേണാട് എക്സ്‌പ്രസ് വരേണ്ടതിന് തൊട്ടുമുമ്പാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് ചങ്ങനാശ്ശേരിയിൽ ട്രെയിൻ യാത്ര അവസാനിപ്പിച്ചു. അതേസമയം ആർപ്പൂക്കരയിൽ ജനവാസ കേന്ദ്രത്തിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. ഇവിടെയുള്ള നാല് വീടുകളിലേക്ക് ഏത് സമയവും മണ്ണിടിഞ്ഞുവീഴാമെന്ന ഭീതിയുണ്ട്. കോട്ടയം ജില്ലയിലുൾപ്പടെ സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ 10 മണിക്കൂറിലേറെയായി ശക്തമായ മഴയാണ് പെയ്യുന്നത്.

മീനച്ചിലാറ്റിൽ പെട്ടെന്ന് വെള്ളം ഉയരുകയോ സമീപ മേഖലകളിൽ ഉരുൾപ്പൊട്ടൽ ഉണ്ടാവുകയോ ചെയ്താലുള്ള പ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ട് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലും ശക്തമായി മഴ തുടരുകയാണ്. പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർ്ട്ട് ചെയ്തിട്ടുണ്ട്. മഴ ശക്തമായ സാഹതര്യത്തിൽ മത്സ്യത്തൊഴിലാളികളോട് ജാഗ്രത നിർദ്ദേശം പുറപ്പെടിവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ എട്ട് അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. നെയ്യാർ (തിരുവനന്തപുരം), ഭൂതത്താൻകെട്ട് (എറണാകുളം), മലങ്കര (ഇടുക്കി), ശിരുവാണി, മൂലത്തറ (പാലക്കാട്), കാരാപ്പുഴ (വയനാട്), കുറ്റ്യാടി (കോഴിക്കോട്), പഴശ്ശി (കണ്ണൂർ) എന്നീ അണക്കെട്ടുകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് വെള്ളം ഒഴുക്കിവിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP