Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നു രാവിലെ വിവാഹിതരായ ശബരീനാഥിന്റേയും ദിവ്യയുടേയും വിവാഹസത്കാരം നാലാഞ്ചിറയിൽ തുടങ്ങി; ആശീർവാദവുമായി രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരും ഇരുവരുടേയും സഹപ്രവർത്തകരും; മറുനാടൻ ലൈവ് വീഡിയോ കാണാം

ഇന്നു രാവിലെ വിവാഹിതരായ ശബരീനാഥിന്റേയും ദിവ്യയുടേയും വിവാഹസത്കാരം നാലാഞ്ചിറയിൽ തുടങ്ങി; ആശീർവാദവുമായി രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരും ഇരുവരുടേയും സഹപ്രവർത്തകരും; മറുനാടൻ ലൈവ് വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നു രാവിലെ വിവാഹിതരായ അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടർ ദിവ്യ എസ് അയ്യർക്കും റിസപ്ഷനിൽ ആശംസകളർപിക്കാൻ വൻ തിരക്ക്. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിലാണ് സ്വീകരണ ചടങ്ങ് ഒരുക്കിയിട്ടുള്ളത്. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ശബരി ദിവ്യയ്ക്ക് താലി ചാർത്തി. രാവിലെ ഒൻപതരയോടെയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. തമിഴ്‌നാട് - കേരളം അതിർത്തിയോടു ചേർന്നുള്ള കുമാരസ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതാക്കളിൽ മിക്കവർക്കും ചടങ്ങിൽ എത്താനായില്ല. അതുപോലെ ഐഎഎസുകാരിയായ ദിവ്യയുടേയും സഹപ്രവർത്തകരുൾപ്പെടെയുള്ള മുതിർന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും മറ്റ് സഹപ്രവർത്തകരുമെല്ലാം ഇപ്പോൾ നാലാഞ്ചിറയിലെ സ്വീകരണ ചടങ്ങിലേക്ക് പ്രവഹിക്കുകയാണ്. റിസപ്ഷൻ ചടങ്ങുകളുടെ മറുനാടൻ ലൈവ് വീഡിയോ ഇവിടെ കാണാം.

ഇന്നു രാവിലെ നടന്ന വിവാഹച്ചടങ്ങിൽ കാർത്തികേയ പ്രതിഷ്ഠയ്ക്ക് മുമ്പിൽ, ഗായിക കൂടിയായ ദിവ്യ കീർത്താനാലാപനവും നടത്തി. ഈ സമയം കാർത്തികേയ പ്രതിഷ്ഠയ്ക്ക് മുമ്പിൽ തൊഴു കൈയോടെ എംഎൽഎയും. തീർത്തും ലളിതമായിരുന്നു ചടങ്ങുകൾ. അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളുമാത്രമാണ് ഇവിടെ എത്തിയത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല വി.ഡി സതീശൻ. കെസി ജോസഫ്, ആന്റോ ആന്റണി. എസ് രാജേന്ദ്രൻ, ടി.പി ശ്രീനിവാസൻ, ബിജുപ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വെച്ച് വിവാഹ സൽക്കാരം നടക്കുന്നത്. അരുവിക്കര നിയോജകമണ്ഡലത്തിലെ വിവാഹ സത്ക്കാരം ജൂലൈ രണ്ട് ഞായറാഴ്ച വൈകിട്ട് നാലുമണിമുതൽ ആര്യനാട് ഓഡിറ്റോറിയത്തിലും നടക്കും. അന്തരിച്ച മുൻ നിയമസഭ സ്പീക്കർ ജി കാർത്തികേയന്റെയും ഡോ.എം ടി സുലേഖയുടെയും മകനാണ് ശബരീനാഥൻ. തിരുവനന്തപുരം പാൽക്കുളങ്ങര ശ്രീചക്രയിൽ പി.എസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.

.അധികമാരും അറിയാതെ മാസങ്ങളായി സൂക്ഷിച്ചുവെച്ച പ്രണയമാണ് ഇന്ന് പൂവണിഞ്ഞത്. കോട്ടയം സബ് കലക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ ദിവ്യ തലസ്ഥാനത്ത് എത്തിയതോടെയാണ് ഇരുവരും അടുക്കുന്നത്. സൗഹൃദം പ്രണയമായി ക്രമേണ വളർന്നു. ലോ അക്കാദമിയിലെ സമരവും മാസം തോറും നടക്കുന്ന ജില്ലാ അവലോകന യോഗങ്ങളും ഇതിന് നിമിത്തമായി എന്നു മാത്രം. പ്രണയം പൂത്തുലഞ്ഞ വേളയിലും തങ്ങളുടെ കടമകളും കർത്തവ്യങ്ങളും രണ്ടും പേരും മറന്നില്ല. രണ്ടും ജനസേവനമാണ് എന്നതു കൊണ്ട് തന്നെ ഈ മേഖലയിൽ സജീവമായി ഇവർ പ്രവർത്തനം തുടങ്ങി. ഇനി പരസ്പ്പരം താങ്ങായി ജീവിക്കാം എന്ന തീരുമാനം എടുത്തപ്പോൾ അതിനായി രണ്ട് വീട്ടുകാരോടും സംസാരിക്കുന്ന ദൗത്യം ഏറ്റെടുത്തത് ടി പി ശ്രീനിവാസനായിരുന്നു.

അദ്ദേഹമാണ് 'ശ്രീചക്ര'യിൽ ഐഎസ്ആർഒ മുൻ ഉദ്യോഗസ്ഥൻ കൂടിയായ ദിവ്യയുടെ പിതാവ് ശേഷയ്യരുമായും അമ്മ ഭഗവതി അമ്മാളുമായി സംസാരിച്ചത്. ഇവർക്ക് പിണക്കമുണ്ടാകുമെന്ന നേരിയ ഭയം ശബരിക്കുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് അടുത്തറിയുന്ന ടി പി ശ്രീനിവാസനുമായി സംസാരിച്ചത്. അദ്ദേഹം വിഷയം അവതരിപ്പിക്കുകയും ചെയ്തു. ശബരിയുടെ അമ്മയും സഹോദരനും ഏതാനും ദിവസം മുമ്പു ദിവ്യയുടെ വീട്ടിലെത്തി സംസാരിച്ചതോടെയാണു തീരുമാനം അന്തിമമായത്. ഇതോടെ ശബരി തന്റെ പാർട്ടിയിലെ മുതിർന്ന നേതാക്കളെയും വിവരം അറിയിച്ചു.

തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്നു ബി ടെക്കും ഹരിയാനയിലെ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംബിഎയും കഴിഞ്ഞ ശബരി, കാർത്തികേയന്റെ അപ്രതീക്ഷിത വിയോഗത്തോടെയാണു രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റുന്നത്. ടാറ്റാ ട്രസ്റ്റിന്റെ ആരോഗ്യപദ്ധതിയിൽ പ്രവർത്തിക്കുകയായിരുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ഉജ്വലവിജയം കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആവർത്തിച്ചു. എസ്എസ്എൽസി മൂന്നാം റാങ്കിൽ വിജയിച്ച്, വെല്ലൂരിൽ നിന്ന് എംബിബിഎസും പാസായ ദിവ്യ 2014 ലാണ് ഐഎഎസിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. പാട്ടും നൃത്തവുമെല്ലാം വഴങ്ങുന്ന കലാകാരി, കലയെയും സാഹിത്യത്തെയും ഇഷ്ടപ്പെട്ട കാർത്തികേയന്റെ മരുമകളായി അദ്ദേഹത്തിന്റെ വീട്ടിലേക്കു വലതുകാൽവച്ചു കയറുകയാണ് ഇന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP