Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഇസ്ലാമും, ഹിന്ദുവും, ക്രിസ്തുമതവും ഒന്നുമല്ല സ്വാതന്ത്ര്യമാണ് ഞങ്ങളുടെ 'മതം' എന്ന് പ്രഖ്യാപിച്ച് സ്വതന്ത്ര ചിന്തകർ വീണ്ടും ഒത്തുചേരുന്നു; സി രവിചന്ദ്രൻ, ജാമിദ ടീച്ചർ, ഡോ കെ എം ശ്രീകുമാർ തൊട്ട് വിവിധ രാജ്യങ്ങളിൽനിന്നായി 25ലേറെ പ്രഭാഷകർ; മതമില്ലാതെയും ജീവിക്കാമെന്ന് ചർച്ചചെയ്യുന്ന 'നിർമതം' പാനൽ ഡിസ്‌ക്കഷൻ; ഡോ വൈശാഖൻ തമ്പിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് മൽസരം; കേരത്തിലെ എറ്റവും വലിയ ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറായ എസ്സ്യൻഷ്യക്ക് ഒരുങ്ങി കൊച്ചി

മറുനാടൻ ഡെസ്‌ക്ക്

കൊച്ചി: എന്താണ് നിങ്ങളുടെ മതം എന്ന് ചോദിച്ചാൽ 'സ്വാതന്ത്ര്യമാണ് എന്റെ മതം' എന്ന് പറയുന്നവർ കേരളത്തിൽ എത്രപേരുണ്ട്? മത കാലുഷ്യത്തിന്റെയും വർഗീയതയുടെയും ചാവേർ ആക്രമണങ്ങളുടെയും പേരിൽ ലോകം വിരണ്ടുനിൽക്കുന്ന ഇക്കാലത്ത്, യൂറോപ്പ്യൻ രാജ്യങ്ങളിൽ രൂപപ്പെട്ട പോലൊരു മതരഹിത സമൂഹത്തിന്റെ സാന്നിധ്യം പതുക്കെയാണെങ്കിലും കേരളത്തിലും എത്തുകയാണ്.'ഫ്രീഡം ഇസ് മൈ റിലീജിയൻ' എന്ന മുദ്രാവാക്യം ഉയർത്തി, എസ്സൻസ് ക്ലബ് എന്ന ശാസ്ത്ര -സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനമായ 'എസ്സൻഷ്യ-19' ന് ലഭിക്കുന്ന വലിയ സ്വീകരണം തെളിയിക്കുന്നത്, നിർമതരായ ആളുകളുടെ എണ്ണം മലയാളി സമൂഹത്തിലും വർധിക്കുന്നുവെന്നാണ്. ഡിസംബർ 31 എറണാകുളം ടൗൺഹാളിൽ രാവിലെ 9 മണിമുതൽ രാത്രി 8 മണിവരെ നടക്കുന്ന 'എസ്സൻഷ്യ' ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാർ ആവുകയാണ്.

മതത്തെ എതിർക്കേണ്ടതില്ല, പൗരോഹിത്യത്തെ മാത്രം എതിർത്താൽ മതിയെന്ന് കേരളത്തിൽ നന്നായി പ്രചരിപ്പിക്കുന്ന പൊതുബോധത്തെ എതിർത്തുകൊണ്ടാണ് എസ്സൻസ് തങ്ങളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. മതവും മതാധിഷിഠിത യുക്തിയും തന്നെയാണ്, മനുഷ്യസമൂഹത്തെ പിറകോട്ട് അടുപ്പിക്കുന്നതെന്നും , ആധുനികതക്കും, 
നാഗരികതയ്ക്കും ഏറ്റവും കൂടുതൽ വിലങ്ങ് നിൽക്കുന്നതെന്നും സ്വതന്ത്ര ചിന്തകർ ചൂണ്ടിക്കാട്ടുന്നു.

'പാരതന്ത്ര്യത്തിന്റെയും  വിലക്കുകളുടെയും കേന്ദ്രമാണ് മതങ്ങൾ. മിക്കവാറും എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണ് താനും. ഈ സാഹചര്യത്തിൽ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വിശാലമായ അർഥം ബോധ്യപ്പെടണമെങ്കിൽ നിങ്ങൾ മതത്തിൽ നിന്ന് പുറത്തു കടക്കണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്വാതന്ത്ര്യമാണ് നമ്മുടെ 'മതം'. ഈ അർഥത്തിലാണ് ഫ്രീഡം ഈസ് മൈ റിലീജയൻ എന്ന മുദ്രാവാക്യം പരിപാടിക്ക് ഉപയോഗിക്കുന്നത്'- എസ്സൻസ് ഗ്ലോബൽ പ്രസിഡന്റ് ശ്രീലേഖ ചന്ദ്രശേഖർ പറയുന്നു.

'പലരും തെറ്റിദ്ധരിക്കുന്ന പോലെ വിശ്വാസികൾക്ക് എതിരല്ല യുക്തിവാദവും സ്വതന്ത്ര ചിന്തയും. അത് വിശ്വാസികൾക്ക് വേണ്ടിയാണ്. വിശ്വാസികളെ മതത്തിന്റെ ഇരകൾ മാത്രമായാണ് സ്വതന്ത്രചിന്തകർ കാണുന്നത്'- എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ ഡോ വൈശാഖൻ തമ്പി ചൂണ്ടിക്കാട്ടുന്നു.

 മതം മാത്രമല്ല മതേതര അന്ധവിശ്വാസങ്ങളെയും എതിർക്കാനും എസ്സൻസ് ശ്രമിച്ചിട്ടുണ്ട്. ഹോമിയോപ്പതി, ആയുർവേദം, സിദ്ദ-യുനാനി തുടങ്ങിയ കപട വൈദ്യങ്ങൾ, യോഗ, ജൈവകൃഷി തുടങ്ങിയ വളരെ പ്രചാരം കിട്ടിയ മതേതര അന്ധവിശ്വാസങ്ങൾ എന്നിവ
തൊട്ട് മാർക്സിസവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും അടക്കമുള്ള പ്രത്യയശാസ്ത്ര
അന്ധവിശ്വാസങ്ങളെയും എസ്സൻസ് തുറന്നു കാട്ടാറുണ്ട്. ഇത്തരം സെഷനുകൾ ഇത്തവണത്തെ എസ്സൻഷ്യയിലും നിരവധിയാണ്. സ്വാതന്ത്ര്യം കുറവാണെങ്കിലും പട്ടിണിയില്ലല്ലോ എന്ന് മുമ്പ് സോവിയറ്റ് യൂണിയൻ പോലുള്ള രാജ്യങ്ങളെ നോക്കി ചൂണ്ടിക്കാട്ടിയവർ പോലും ഇന്ന് നിലപാട് മാറ്റിയിരിക്കയാണ്. വ്യക്തിസ്വാതന്ത്ര്യം തന്നെയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ്  ഈമാസം  31ന് എറണാകുളം ടൗൺ ഹാളിൽ സ്വതന്ത്രചിന്തകർ ഒത്തുചേരുന്നത്.

 

സി രവിചന്ദ്രൻ മുതൽ മുപ്പതോളം പ്രാസംഗികർ

പ്രശ്സത എഴുത്തുകാരനും പ്രഭാഷകനും സി രവിചന്ദ്രൻ അടക്കം 25ലധികം പ്രഭാഷകർ
ആണ് എസ്സൻഷ്യയിൽ പങ്കെടുക്കുന്നത്. ജാമിദ ടീച്ചർ, ഡോ കെ.എം ശ്രീകുമാർ, ധന്യ ഭാസ്‌കർ, ചന്ദ്രശേഖർ രമേഷ്, ഡോ രാഗേഷ്, ഡോ പ്രവീൺ ഗോപിനാഥ്, ഡോ സാബുജോസ്,
മാവൂരാൻ നാസർ  എന്നിവരടക്കം പ്രമുഖരായ ശാസ്ത്ര- സ്വതന്ത്രചിന്താ പ്രചാരകർ ഒക്കെയും ഇവിടെ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിക്ക് മതരഹിതരുടെ
നിലപാടുകളും പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്ന 'നിർമതം19' എന്ന പൊതു സമ്പർക്ക പരിപാടിയായിരിക്കും ഈ വർഷത്തെ ഹൈലൈറ്റ്. ജാമിത ടീച്ചർ, അയൂബ് പി.എം, മുൻ ക്രൈസ്തവ പുരോഹിതനായ  മാണി എന്നിവർക്കൊപ്പം മോഡറേറ്ററായി ഷിബു ഈരിക്കലും പങ്കെടുക്കുന്നു.

എസ്സ്യൻഷ്യയുടെ രജിസ്ട്രഷൻ പുരോഗമിക്കയാണ്. 200 രൂപയാണ് ഫീസ് (ഉച്ചഭക്ഷണം, ചായ എന്നിവ അടക്കമാണിത്). രജിസ്റ്റർ ചെയ്യാൻ /സംഭാവന നൽകാൻ താല്പര്യപെടുന്നവർ താഴെക്കാണുന്ന ലിങ്ക് ഉപയോഗിക്കാം..essentia'19 Reg Link- https://essenseglobal.com/essentia19/

മാസ്റ്റർ മൈൻഡ് ക്വിസ്

essentia'19 ലെ സുപ്രധാന പരിപാടിയാണ് എസ്സൻസ് മാസ്റ്റർ മൈൻഡ് ക്വിസ്. ഈ പരിപാടിയുടെ പ്രാഥമിക മത്സരങ്ങൾ തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിലും കേരളത്തിന് പുറത്തുള്ളവർക്ക് ഓൺലെൻ ആയും നടന്നു കഴിഞ്ഞു. പ്രാഥമിക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർ ഓരോ ടീമായി 2019 ഡിസംബർ 31 ന് എസ്സൻഷ്യക്ക് ഉച്ചയ്ക്കുശേഷം 3 മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. ഇതിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50000 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 20000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 10000 രൂപയും സമ്മാനമായി ലഭിക്കും. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രൈസ് മണി ലഭിക്കുന്ന ക്വിസ് മൽസരങ്ങളിൽ ഒന്നാണിത്.

2019-20 അദ്ധ്യയനവർഷത്തിൽ 7 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് MaesSENSEstermind Quiz'19 ൽ പങ്കെടുക്കുന്നത്.  ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ഫീസ് ഇല്ല. പ്രശസ്ത ശാസ്ത്ര പ്രചാരകരും എഴുത്തുകാരുമായ ഡോ. വൈശാഖൻ തമ്പി, ഡോ. പ്രവീൺ ഗോപിനാഥ്, അനുപമ രാധാകൃഷ്ണൻ എന്നിവരാണ് ക്വിസ് മൽസരം നയിക്കുകന്നത്.

വഴിത്തിരിവായത് 'നാസ്തികനായ ദൈവം'

അത്രയൊന്നും ജനകീയമല്ലാതെ വെറും പത്തും അമ്പതും പേർ അടങ്ങുന്ന ചെറിയ വേദികളിൽ ഒതുങ്ങിയിരുന്ന, കേരളത്തിന്റെ യുക്തിവാദ പ്രവർത്തനത്തിന്റെ ഗതിമാറിയത് പ്രശസ്ത എഴുത്തുകാരനും ചിന്തകനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസിന്റെ 'ഗോഡ് ഡെല്യൂഷൻ' എന്ന  പ്രശസ്തമായ പുസ്തകത്തിന്റെ സ്വതന്ത്ര വിവർത്തനമായ 'നാസ്തികനായ ദൈവവുമായി' സി രവിചന്ദ്രൻ രംഗത്ത് എത്തിയതോടെയായിരുന്നു. ഒമ്പതുവർഷംമുമ്പ് കോഴിക്കോട് നളന്ദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ രവിചന്ദ്രന്റെ ആദ്യ പ്രഭാഷണം, യൂറോപ്യൻ രീതിയിലുള്ള നവ നാസ്തികതയിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പായി.

മതങ്ങളെയും മതേതര പ്രത്യയശാസ്ത്രങ്ങളെയും അവയുടെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്ന പരമ്പരാഗത യുക്തിവാദ രീതിയിൽ നിന്ന് മാറി, തീർത്തും സയൻസിന്റെ മാനദണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു സി രവിചന്ദ്രൻ സ്വീകരിച്ചത്. വളരെ പെട്ടെന്നുതന്നെ ഇത് ഒരു പുതിയ തരംഗമായി മാറുകയും യുവാക്കൾ അടക്കമുള്ള വലിയ സംഘം ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു.
ഇതോടൊപ്പം ഡോ അഗസ്റ്റ്‌സ് മോറിസ്, വൈശാഖൻ തമ്പി, മനോജ് ബ്രൈറ്റ് തുടങ്ങിയ ഒട്ടനവധി പ്രഭാഷകരും ശാസ്ത്രപ്രചാരകരും ഈ മേഖലയിലേക്ക് കടന്നുവരികയും ചെയ്തു. നവാസ്ജാനെ, ജേക്കബ് വടക്കൻചേരി, സന്ദീപാനന്ദഗിരി, ചിദാന്ദപുരി തൊട്ട് കെ. വേണു വരെയുള്ളവരുമായുള്ള രവിചന്ദ്രന്റെ സംവാദങ്ങൾ യൂ ട്യൂബിൽ വൈറൽ ആവുകയും ചെയ്തു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിത്തെറിച്ച് കിടക്കുന്ന ശാസ്ത്രകുതുകികളുടെ ചുവടുപിടിച്ചാണ് 2016 ഒക്ടോബർ രണ്ടാം തീയതി esSENSE എന്ന സംഘടന ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. രണ്ടായിരത്തിൽപരം അംഗസംഖ്യയുള്ള 'നാസ്തികനായ ദൈവം' ഫേസ്‌ബുക്ക് സീക്രട്ട് ഗ്രൂപ്പിലാണ് ഈ എന്ന ആശയം 2016 ഓഗസ്റ്റിൽ രൂപം കൊള്ളുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്‌മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ആണ് ഈ ആശയം നിർദ്ദേശിക്കുന്നതും പ്രസ്തുത പേര് കണ്ടെത്തുന്നതും. പിന്നീടുവന്ന ലോകമെമ്പാടുമുള്ള വിവിധങ്ങളായ എസ്സെൻസ് ഗ്രൂപ്പുകളും കൂട്ടായ്മകളുമെല്ലാം 'നാസ്തികനായ ദൈവം' ഗ്രൂപ്പിന്റെ അനുബന്ധങ്ങളാണ്.

കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് കേരളത്തിലെ എസ്സെൻസ് മൂവ്‌മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും യൂണിറ്റുകളുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകൾ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു. മതം തിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രതിഫലേച്ഛയോടെ പ്രീണിപ്പിക്കാനോ അവരുടെ മുന്നിൽ സ്വയം മിനുക്കാനോ, ശാസ്ത്രപക്ഷപാതത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്. എസ്സെൻസ് മെംബെർഷിപ്പിന് ഫീസ് ഈടാക്കാറില്ല. താല്പര്യമുള്ളവർക്ക് എസ്സെൻസ് ഗ്ലോബൽ പേജിൽ റിക്വസ്റ്റ് അയച്ചു എസ്സെൻസിൽ ചേരാവുന്നതാണ്. ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും പരിപാടികൾ അവതരിപ്പിക്കാനും താല്പര്യമുള്ളവർക്ക് എസ്സെൻസ് കണക്ട് എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.http://essenseglobal.com/office/manager/memberadd.p-hp

2016 സെപ്റ്റംമ്പർ നാലിനാണ് എസ്സെൻസ് ഫ്രീതിങ്കേഴ്‌സ് ഡയറി എന്നൊരു ഫേസ് ബുക്ക് ചാനൽ നാസ്തികനായ ദൈവം (എൻ ഡി ഗ്രൂപ്പ്) തുടങ്ങുന്നത്. തുടർന്ന് അതേപേരിൽ വെബ് മാഗസിനും ട്വിറ്റർ അക്കൗണ്ടും ഓഡിയോ ചാനലും തുടങ്ങി. 2016 ഒക്ടോബർ രണ്ടിന് ഈ നാല് സംരംഭങ്ങളും മൂവാറ്റുപുഴ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. രാജ്യാന്തര പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി 2018 ജൂണിൽesSENSE Global (TSR/TC/352/2018) എന്നൊരു ക്ലബും തൃശൂർ കേന്ദ്രമായി ഗ്രൂപ്പ് ആംരംഭിച്ചു.

തുടർന്നങ്ങോട്ട് ഏസ്സൻസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞതവണ കോഴിക്കോട് ഒക്ടോബർ 2ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ലിറ്റ്മസ്-2019ൽ എണ്ണായിരത്തോളം പേരാണ് പങ്കെടുത്തത്. ആളുകളുടെ തിരക്ക് അനിനിയന്ത്രിതമായതോടെ രജിസ്ട്രേഷൻ രാവിലെ 11 മണിയോടെ നിർത്തിവെക്കയായിരുന്നു. കേരളത്തിലെ സ്വതന്ത്രചിന്തകരുടെ ഏറ്റവും വലിയ സമ്മേളനം എന്ന ഖ്യാതിയോടെയാണ് ലിറ്റ്മസ് 19ന് തിരശ്ശീല വീണത്.

 

എസ്സൻഷ്യ- 2019- കാര്യപരിപാടി

രാവിലെ- 7:30 രജിസ്‌ട്രേഷൻ

9:00 - വർണ്ണാലയം- ധന്യാഭാസ്‌ക്കർ

9:22 - കാവി ഭാവന- പ്രസാദ് വേങ്ങര

9:44- തോമാ മിഥ്യ- റോഷൻ മാത്യു വർഗീസ്

10:06 - പ്ലാസിബോപതി- ഡോ. ആരിഫ് ഹുസൈൻ

10:28- വളയം പിടിക്കുന്ന അരൂപി- ചന്ദ്രശേഖർ രമേഷ്

10:50- 'നിർമതം'19- മതമില്ലാതെയും ജീവിക്കാം - അയൂബ് പി എം, ജാമിദ ടീച്ചർ, മാണി പറമ്പത്ത്, ഷിബു ഈരിക്കൽ. 

11:32 നേരില്ലാതെ, നിർഭയം..! - ഡെന്നിതോമസ്

11:54 - ജീവിക്കാതെ ജീവിക്കുന്നവർ - രഹ്ന എം

12:16 - ലൈഫ് ഈസ് ബ്യൂട്ടിഫുൾ- അജീഷ്ബാലകൃഷ്ണൻ (ജർമ്മനി)

12:38 - കാർഗോ കൾട്ട് - ഡോ. കെ എം ശ്രീകുമാർ

12:58 - ലഞ്ച്ബ്രേക്ക്

1:28 - ഡിഎൻഎ ഒറിഗാമി - എസ് അരുൺ

1:50 - ദയാവധത്തിന്റെ നൈതികത- വിഷ്ണുമോഹൻ

2:12- ഇരുട്ടിന്റെ ചിത്രം- രമേഷ് രാജശേഖരൻ

2:34 - കോടതിസമക്ഷം - ഡോ ഹരീഷ് കൃഷ്ണൺ

2:56 - കയ്യടിച്ചു കരങ്ങൾ ഉയർത്തി- ജസ്റ്റിൻ വി എസ്

3:20- എസ്സൻസ് മാസ്റ്റർ മൈൻഡ് ക്വിസ് - ഡോ. വൈശാഖൻ തമ്പി, ഡോ. പ്രവീൺ ഗോപിനാഥ്, അനുപമ രാധാകൃഷ്ണൻ

4:22 - ഡെഡ് സ്പേസ് - ഡോ സാബുജോസ്

4:44- മുട്ടുമടക്കുന്ന ദൈവം- ബിനീഷ് അഗസ്റ്റിൽ ( ഓസ്ട്രേലിയ)

5:06- വൈക്കം, ചരിത്രത്തിന്റെ ഉരകല്ലിൽ- സനിൽ കെ വി

5:28 - ജസ്റ്റിസ് ഫോർ ജസ്റ്റിസ് - സുരേഷ്ബാബു ചെറൂളി

5:50 - നിൻകാസിയും ഞാനും- ജസ്റ്റിൻ രാജ്

6:12- സുരക്ഷിത ലഹരി- ഡോ രാഗേഷ് ആർ

6:34 - ദിവ്യാത്ഭുതങ്ങൾ - ജോയ് ലോറൻസ് ( ഓസ്ട്രേലിയ)

6:58 - ഗുരുത്വം - അനൂപ് ഐസക്ക്

7:20 - രാജാവ് നഗ്നനാണ് -മാവൂരാൻ നാസർ

7:40- കാളയും കയറും- രവിചന്ദ്രൻ സി

8:00 - പുതുവത്സരാഘോഷപരിപാടികൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP