Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെടിമരുന്നും മറ്റ് സ്ഫോടകവസ്തുക്കളും സൂക്ഷിച്ചത് വീട്ടിൽ; രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടത് നിരവധി തവണ; തന്നെ തടയരുതെന്ന് അബു യൂസുഫ് ആവശ്യപ്പെട്ടെന്നും ഭാര്യ; തന്റെ നാല് കുട്ടികളുമായി എവിടെ പോകുമെന്നുമുള്ള ചോദ്യം ഉയർത്തി ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരന്റെ ഭാര്യ

വെടിമരുന്നും മറ്റ് സ്ഫോടകവസ്തുക്കളും സൂക്ഷിച്ചത് വീട്ടിൽ; രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടത് നിരവധി തവണ; തന്നെ തടയരുതെന്ന് അബു യൂസുഫ് ആവശ്യപ്പെട്ടെന്നും ഭാര്യ; തന്റെ നാല് കുട്ടികളുമായി എവിടെ പോകുമെന്നുമുള്ള ചോദ്യം ഉയർത്തി ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരന്റെ ഭാര്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് നിരവധി തവണ ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നതായി വെള്ളിയാഴ്‌ച്ച പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകന്റെ ഭാര്യ. ഭർത്താവ് വെടിമരുന്നും മറ്റ് സ്ഫോടകവസ്തുക്കളും ഉത്തർപ്രദേശിലെ ബാൽറാംപൂരിലെ വീട്ടിൽ സൂക്ഷിച്ചുവെന്ന് ഇവർ പറഞ്ഞു. ഇത് ചെയ്യുന്നതിനെതിരെ മുഹമ്മദ് മുസ്തകീം ഖാൻ എന്ന അബു യൂസുഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, തന്നെ തടയരുതെന്ന് അദ്ദേഹം പറഞ്ഞു- യുവതി വാർത്താ ഏജൻസിയായ എഎൻഐയോട് വെളിപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പലതവണ ആവശ്യപ്പെട്ടെന്നും എന്നാൽ ഭർത്താവ് അവസാനിപ്പിച്ചില്ലെന്നും ഭാര്യ പറഞ്ഞു. തനിക്ക് നാല് കുട്ടികളുണ്ടെന്നും അവരുമായി എവിടെ പോകുമെന്നും യുവതി ചോദിച്ചു.

തന്റെ മകൻ വളരെ നല്ല വ്യക്തിയാണെന്നും ഇതുവരെ ആരുമായും വഴക്കിന് പോലും പോയിട്ടില്ലെന്നും ഇത്തരമൊരു പ്രവൃത്തി ചെയ്യുമെന്ന് സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന് പിതാവ് കഫീൽ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടക വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മകനെ വീട്ടിൽ നിന്ന് പുറത്താക്കുമായിരുന്നെന്നും പിതാവ് പറഞ്ഞു.

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ പദ്ധതിയിട്ടത് വൻ സ്‌ഫോടനം നടത്താനെന്നാണ് പൊലീസിന്റെ നി​ഗമനം. ഐ.എസ് ഭീകരൻ അബൂയുസൂഫിന്റെ ഉത്തർപ്രദേശിലെ ബൽറാംപൂരിലുള്ള താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ജാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ ഏഴ് പൊതി, ലെതർ ബെൽറ്റിൽ ഒളിപ്പിച്ച മൂന്നുകിലോ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതായി ഡൽഹി പൊലീസ് സ്‌പെഷ്യൽസെൽ ഡെപ്യൂട്ടി കമീഷണർ പ്രമോദ് കുശ്വാഹ വ്യക്തമാക്കി.

ഒമ്പത് കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ നാലു വ്യത്യസ്ഥ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഇലക്ട്രിക് വയറുകളാൽ ചുറ്റിയ സ്‌ഫോടക വസ്തുക്കൾ നിറച്ച മൂന്ന് സിലിണ്ടർ രൂപത്തിലുള്ള ലോഹ പെട്ടികൾ, ലിഥിയം ബാറ്ററികൾ, ഐ.എസ് പതാക ആലേഖനം ചെയ്ത പെട്ടി തുടങ്ങിയവയും കണ്ടെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഇയാൾ രാജ്യതലസ്ഥാനത്ത് ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. വെള്ളി രാത്രി 11.30 ന് ഡൽഹിയിലെ ധൗല കുവാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെൽ അബു യൂസഫിനെ കീഴ്‌പ്പെടുത്തിയത്. അത്യുഗ്ര സ്‌ഫോടനശേഷിയുള്ള, ഐ.ഇ.ഡി (ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസ്) ഉൾപ്പെടെയുള്ള 15 കിലോയോളം സ്‌ഫോടക വസ്തുക്കൾ ഇയാളിൽനിന്ന് സംഭവസ്ഥലത്തു വെച്ച് പിടിച്ചെടുത്തിരുന്നു. ഒരു പിസ്റ്റലും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഐ.ഇ.ഡി ബുദ്ധ ജയന്തി പാർക്കിലെ റിഗ് റോഡിൽ വെച്ച് നിർവീര്യമാക്കിയിരുന്നു.

ധൗല കോനിലും കരോളും ബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സ്‌പെഷ്യൽ പൊലീസ് സെൽ തെരച്ചിൽ ആരംഭിച്ചത്. അബ്ദുൾ യൂസഫ് തനിച്ചാണ് നീക്കങ്ങൾ നടത്തിയിരുന്നത്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും കുശ്വാഹ പറഞ്ഞു. ഐ.എസ് ബന്ധമുള്ള കൂടുതൽ പേർ ഡൽഹിയിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ഡൽഹി ബുദ്ധ ജയന്തി പാർക്കിന് സമീപം എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഐ.എസുമായി ബന്ധമുള്ളതെന്ന പേരിൽ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഡോക്ടർ അറസ്റ്റിലായിരുന്നു.

തലസ്ഥാനത്തെ പല സ്ഥലങ്ങളും അബു യൂസഫ് സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവിടങ്ങളിൽ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. അബു യൂസഫിന്റെ അറസ്റ്റിന് പിന്നാലെ ഡൽഹി ബുദ്ധ ജയന്തി പാർക്കിന് സമീപം എൻഎസ്ജിയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. ഐഎസുമായി ബന്ധമുള്ളതിന്റെ പേരിൽ ഒരു ഡോക്ടർ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിലും ഐഎസ് പ്രവർത്തകന്റെ അറസ്റ്റുണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP