Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1960 രൂപയുള്ള ചുവന്ന രക്താണു തൊട്ടടുത്തുള്ള തിരുവനന്തപുരം മെഡി.കോളേജ് ബ്ലഡ് ബാങ്കിൽ വെറും 600 രൂപ; ജനറൽ ആശുപത്രിയിൽ സൗജന്യവും; കരുണയ്ക്ക് പകരം ബില്ലിൽ നിറയുന്നത് ക്രൂരത; ക്യാൻസർ രോഗികളുടെ ഗതികേടിനെ മുതലാക്കി ആർസിസി നിരക്ക് കൂട്ടുമ്പോൾ

1960 രൂപയുള്ള ചുവന്ന രക്താണു തൊട്ടടുത്തുള്ള തിരുവനന്തപുരം മെഡി.കോളേജ് ബ്ലഡ് ബാങ്കിൽ വെറും 600 രൂപ; ജനറൽ ആശുപത്രിയിൽ സൗജന്യവും; കരുണയ്ക്ക് പകരം ബില്ലിൽ നിറയുന്നത് ക്രൂരത; ക്യാൻസർ രോഗികളുടെ ഗതികേടിനെ മുതലാക്കി ആർസിസി നിരക്ക് കൂട്ടുമ്പോൾ

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ക്യാൻസർ ചികിൽസാ കേന്ദ്രമാണ് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ. ക്യാൻസർ രോഗികൾക്ക് മാത്രമായി ആരംഭിച്ച ഇത്തരമൊരു സ്ഥാപനം ഇന്ത്യയിൽ തന്നെ പുതിയൊരു പരീക്ഷണമായിരുന്നു. മറ്റ് സംസ്ഥാനങ്ങൾ പോലും മാതൃകയാക്കാൻ ശ്രമിക്കുന്ന സ്ഥാപനമെന്ന നിലയിൽ ഖ്യാതി നേടിയ ചികിൽസാകേന്ദ്രമാണിത്.

ഇവിടെയെത്തുന്ന രോഗികളിൽ ബഹുഭൂരിപക്ഷവും സ്വകാര്യചികിൽസാ കേന്ദ്രങ്ങൾ പോകുന്നതിനുള്ള സാമ്പത്തികഭദ്രതയില്ലാത്ത സാധാരണക്കാരാണ്. എന്നാൽ ഇപ്പോൾ രോഗികളെ കൊള്ളയടിക്കുന്ന സ്ഥാപനമായി ആർസിസി മാറുകയാണ്. ക്യാൻസർ ചികിൽസാസംബന്ധമായ മരുന്നുകൾക്കും മറ്റും ഒറ്റയടിക്ക് രണ്ടിരട്ടിയോളം വിലവർദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള മെഡിക്കൽ കോളേജിലേതിനേക്കാൾ ഇരട്ടിയാണ് പലതിനും വില. ജനറൽ ആശുപത്രികളിൽ സൗജന്യമായി കിട്ടുന്ന സേവനങ്ങൾക്കും വലിയ തുക കൊടുക്കേണ്ട അവസ്ഥ.

ഈ കോവിഡ് കാലത്ത് പൊതുജനം വലയുമ്പോഴാണ് രോഗികളെ പിഴിയാനായി ആർസിസി നേരിട്ട് ഇറങ്ങിയിരിക്കുന്നത്. ക്യാൻസർ രോഗികൾക്ക്, പ്രത്യേകിച്ച് രക്താർബുദം ബാധിച്ചവർക്ക് ചികിൽസയ്ക്കായി വളരെയധികം ആവശ്യമായ ഒരു രക്തഘടകമാണ് ചുവന്ന രക്താണുക്കൾ. 2019 ൽ കോവിഡ് തുടങ്ങുന്നതിന് മുമ്പ് ചുവന്ന രക്താണുവിന് 600 രൂപയായിരുന്നത് 2020 ൽ 1700 രൂപയായി വർദ്ധിപ്പിച്ചു. ഒറ്റയടിക്ക് വില കൂടിയത് മൂന്നിരട്ടിയോളമായിരുന്നു. ഇപ്പോൾ അത് 1960 രൂപയായി വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.

ക്യാൻസർ രോഗികൾക്ക് ഇടയ്ക്കിടെ ആവശ്യംവരുന്ന മറ്റൊരു രക്തഘടമാണ് പ്ലേറ്റ്ലെറ്റുകൾ. കീമോ തെറാപ്പി ആരംഭിച്ച് കഴിഞ്ഞാൽ പ്ലേറ്റ്ലെറ്റുകൾ അളവ് ക്രമാതീതമായി കുറയാറുണ്ട്. ചിലപ്പോൾ ഒരാഴ്ചയുടെ ദൈർഘ്യത്തിലോ മറ്റു ചിലപ്പോൾ ആഴ്ചകളുടെ ദൈർഘ്യത്തിലോ ഇത് സംഭവിക്കാം. അത് ക്രമമായി നിലനിർത്തേണ്ടി രോഗികളുടെ ജീവൻ സംരക്ഷിക്കുന്നതിന് വളരെ അത്യാവശ്യമാണ്. അതിന് വേണ്ടി ഇടയ്ക്കിടെ പ്ലേറ്റ്ലെറ്റുകൾ പുറത്തുനിന്ന് വാങ്ങേണ്ടിവരും. എന്നാൽ അത്തരം സന്ദർഭങ്ങളെ ചൂഷണം ചെയ്യുകയാണ് ആർസിസി അധികൃതർ എന്നാണ് ഉയരുന്ന പരാതി.

മുമ്പ് പ്ലേറ്റ്ലെറ്റുകളുടെ വില 7000 രൂപയായിരുന്നു. എന്നാൽ 2020 ൽ അത് 10500 ആക്കിയാണ് വർദ്ധിപ്പിച്ചത്. ഇത്തരത്തിൽ 15 ഇനങ്ങൾക്കാണ് കോവിഡിന് ശേഷം ആർസിസിയിൽ വില കൂടിയിരിക്കുന്നത്. ആർസിസിയിൽ ഇപ്പോൾ 1960 രൂപയുള്ള ചുവന്ന രക്താണു തൊട്ടടുത്തുള്ള തിരുവനന്തപുരം മെഡി.കോളേജ് ബ്ലഡ് ബാങ്കിൽ വെറും 600 രൂപയ്ക്ക് ലഭിക്കും. ജനറൽ ആശുപത്രിയിൽ അത് സൗജന്യമായിട്ടാണ് നൽകുന്നത്.

അതേസമയം സർക്കാർ നിർദ്ദേശത്തിനനുസൃതമായാണ് നിരക്ക് വർദ്ധനയെന്നാണ് ആർസിസി അഡീഷണൽ ഡയറക്ടർ ഡോ. സാജിദ് മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ച് ശതമാനം മാത്രമാണ് നിരക്ക് വർദ്ധനവെന്നാണ് അഡീഷണൽ ഡയറക്ടറുടെ വിശദീകരണം. എന്നാൽ 100 ശതമാനത്തിലേറെ വർദ്ധനവുണ്ടായി എന്നതാണ് വസ്തുത. മുഖ്യമന്ത്രി ബോർഡ് ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർപേഴ്സണുമായുള്ള സ്ഥാപനമാണ് നിലാരംബരായ ജനങ്ങളെ ഇങ്ങനെ കൊള്ളയടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP