Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് കാലത്ത് സാമ്പത്തിക തട്ടിപ്പുകാർക്ക് കേന്ദ്രം വക ആശ്വാസം! മെഹുൽ ചോക്സി ഉൾപ്പെടെയുള്ള 50 പേരുടെ 68,000 കോടിയുടെ വായ്പകൾ എഴുതി തള്ളിയെന്ന് ആർബിഐയുടെ വെളിപ്പെടുത്തൽ; ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ എഴുതി തള്ളിയത് 5,492 കോടി രൂപ; ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു നാടുവിട്ട തട്ടിപ്പുകാരന് ലോട്ടറിയായി എഴുതിത്തള്ളൽ; പാർലമെന്റിൽ രാഹുൽ ഗാന്ധി ചോദിച്ചിട്ടും നിർമല സീതാരാമൻ പുറത്തുവിടാത്ത വൻകിട തട്ടിപ്പുകാരുടെ എഴുതി തള്ളൽ പുറത്തുവന്നത് വിവരാവകാശ അപേക്ഷയിൽ

കോവിഡ് കാലത്ത് സാമ്പത്തിക തട്ടിപ്പുകാർക്ക് കേന്ദ്രം വക ആശ്വാസം! മെഹുൽ ചോക്സി ഉൾപ്പെടെയുള്ള 50 പേരുടെ 68,000 കോടിയുടെ വായ്പകൾ എഴുതി തള്ളിയെന്ന് ആർബിഐയുടെ വെളിപ്പെടുത്തൽ; ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ എഴുതി തള്ളിയത് 5,492 കോടി രൂപ; ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു നാടുവിട്ട തട്ടിപ്പുകാരന് ലോട്ടറിയായി എഴുതിത്തള്ളൽ; പാർലമെന്റിൽ രാഹുൽ ഗാന്ധി ചോദിച്ചിട്ടും നിർമല സീതാരാമൻ പുറത്തുവിടാത്ത വൻകിട തട്ടിപ്പുകാരുടെ എഴുതി തള്ളൽ പുറത്തുവന്നത് വിവരാവകാശ അപേക്ഷയിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ച് കോടികൾ വായ്‌പ്പയെടുത്തു മുങ്ങിയവർക്ക് കോവിഡ് കാലത്ത് ഒരു ആശ്വാസ വാർത്ത. ബാങ്കുകളിൽ നിന്നും വായപ്പ എടുത്തു മങ്ങിയ മെഹുൽ ചോക്സി ഉൾപ്പെടെയുള്ള 50 വമ്പൻ സാമ്പത്തിക തട്ടിപ്പുകാരുടെ വായ്‌പ്പകൾ ബാങ്കുകൾ എഴുതി തള്ളിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഏകദേശം 68,607 കോടി രൂപയുടെ വായ്പയാണ് ബാങ്കുകൾ സാങ്കേതികമായി എഴുതിത്ത്തള്ളിയത്. രാഷ്ട്രീയമായി ക്ഷീണമാകുമെന്ന് ഭയന്ന് കേന്ദ്രസർക്കാർ മറച്ചുവെച്ച ഈ വിവരം പുറത്തുവന്നത് വിവരാവകാശ നിയമപ്രകാരം റിസർവ് ബാങ്കിൽ നിന്നും വിവരം തേടിയപ്പോഴാണ്.

സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവർത്തകൻ ഫെബ്രുവരി 16-ന് നൽകിയ അപേക്ഷയിലാണ് ഇപ്പോൾ ആർബിഐ മറുപടി നൽകിയിരിക്കുന്നത്. ഫെബ്രുവരി 16-ന് പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും ഈ വിഷയത്തിൽ മറുപടി പറഞ്ഞിരുന്നില്ല. ബിജെപിയുമായി ബന്ധമുള്ളതു കൊണ്ടാണ് ചോക്‌സി രക്ഷപെട്ടത് എന്നത് അടക്കമുള്ള ആരോപണങ്ങളും നേരത്തെ സജീവമായിരുന്നു. ഈ വിവരത്തെ കുറിച്ച് കേന്ദ്രം മറുപടി നൽകാൻ തയ്യാറാകാതിരുന്നതിനെ കൊണ്ടാണ് താൻ ആർബിഐയെ സമീപിച്ചത് എന്നാണ് സാകേത് ഗോഖലെ പറയുന്നത്.

ചോക്‌സി ഉൾപ്പെടെയുള്ള 50 പേരുടെ പേരിലുള്ള വായ്പകളുടെ നിജസ്ഥിതിയെന്താണെന്നാണ് ഇയാൾ അന്വേഷിച്ചത്. ആർബിഐയുടെ മറിപടിയിൽ താൻ ഞെട്ടിപ്പോയെന്നും സാകേത് ഗോഖലെ പറയുന്നു. 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം വായ്പ തിരികെ അടയ്ക്കാത്ത 50 പേരുടെ വായ്പാ കുടിശ്ശിക ഉൾപ്പെടെ 68,607 കോടി രൂപ ബാങ്കുകൾ എഴുതി തള്ളിയെന്നാണ് ആർബിഐയുടെ മറുപടിയിലുള്ളത്. പട്ടികയിൽ ഒന്നാമതെത്തിയ ചോക്‌സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപ കുടിശ്ശികയുണ്ട്. മറ്റ് ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാൻഡ്‌സ് ലിമിറ്റഡ് എന്നിവയും 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തു. ചോക്‌സി ഇപ്പോൾ രാജ്യത്തിന് പുറത്താണ്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇയാൾ ഇപ്പോൾ ആന്റിഗ്വയിലെ പൗരനാണ്.

എൻഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലുള്ള സന്ദീപ് ജുജുൻവാലയുടെ സ്ഥാപനമായ ആർ.ഇ.ഐ അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനമാണ് രണ്ടാമത്തെ വലിയ വായ്പാ കുടിശ്ശികക്കാരൻ. 4,314 കോടിയാണ് വായ്പാ കുടിശ്ശിക. രാജ്യം വിട്ട മറ്റൊരു രത്‌നവ്യാപാരിയായ ജെയതിൻ മേത്തയുടെ വിൻസം ഡയമണ്ട്‌സിന് 4,076 കോടിയാണ് വായ്പാ കുടിശ്ശിക. റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, കുഡോസ് കെമി, ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ രുചി സോയ ഇൻഡസ്ട്രീസ്, സൂം ഡെവലപ്പേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങൾ 2000 കോടിക്ക് മുകളിൽ വായപാ കുടിശ്ശികയുള്ളവരാണ്.

1000 കോടിക്ക് മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയതിൽ 18 കമ്പനികളാണുള്ളത്. ഇതിൽ വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈനുമുണ്ട്. 1000 കോടിക്ക് താഴെ കുടിശ്ശിക വരുത്തിയ 25 സ്ഥാപനങ്ങളുമുണ്ട്. ഇത്തരത്തിൽ വായ്പാ കുടിശ്ശിക വരുത്തിയ 50 പേരിൽ പ്രമുഖരായവർ അധികവും രത്‌നവ്യാപാരികളും സ്വർണാഭരണ വ്യാപാരികളുമാണ്. വായ്പാ തട്ടിപ്പു നടത്തി 2018ലാണ് മെഹുൽ ചോക്‌സി രാജ്യം വിട്ടത്. തുടർന്ന് ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയും ചെയ്തു. ഇതിനെ തുടർന്നു പാസ്‌പോർട്ട് ആന്റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സമർപ്പിച്ചു. വായ്പാ തട്ടിപ്പു കേസിൽ വിവിധ ഏജൻസികൾ അന്വേഷിക്കുന്ന ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാൻ ആവശ്യപ്പെട്ടെങ്കിലും ഇത് ഉണ്ടായില്ല.

കഴിഞ്ഞ വർഷമാണ് മെഹുൽ ചോക്‌സി ആന്റിഗ്വയിലെയും ബാർബുഡയിലെയും പൗരത്വം എടുത്തത്. ഇരട്ട പൗരത്വം അനുവദിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മെഹുൽ ചോക്‌സിയെ അറിയിച്ചിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടിയുടെ തട്ടിപ്പുനടത്തിയതിനാണു മെഹുൽ ചോക്‌സിക്കും നീരവ് മോദിക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി), സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം തുടങ്ങിയത്. സിബിഐയുടെ അപേക്ഷ പ്രകാരം 2018 ഡിസംബറിൽ ഇന്റർപോൾ ചോക്‌സിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP