Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ലോക കേരളാസഭയിൽ വിളമ്പിയ ഭക്ഷണത്തിന് പണം വേണ്ട; ആ 60 ലക്ഷം ഉപേക്ഷിക്കുന്നതായി അറിയിച്ച് റാവിസ് ഗ്രൂപ്പ്; ബിൽ കൊടുത്തെന്നേ ഉള്ളൂവെന്നും ഒരു രൂപ പോലും സർക്കാരിനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല; ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പും രവി പിള്ളയും; അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കാൻ താത്പര്യവുമില്ല; ഭക്ഷണത്തിന്റെ പേരിലുണ്ടായ വിവാദം അനാവശ്യമെന്നും ആർ. പി ഗ്രൂപ്പു ചെയർമാൻ രവി പിള്ള

ലോക കേരളാസഭയിൽ വിളമ്പിയ ഭക്ഷണത്തിന് പണം വേണ്ട; ആ 60 ലക്ഷം ഉപേക്ഷിക്കുന്നതായി അറിയിച്ച് റാവിസ് ഗ്രൂപ്പ്; ബിൽ കൊടുത്തെന്നേ ഉള്ളൂവെന്നും ഒരു രൂപ പോലും സർക്കാരിനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല; ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പും രവി പിള്ളയും; അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കാൻ താത്പര്യവുമില്ല; ഭക്ഷണത്തിന്റെ പേരിലുണ്ടായ വിവാദം അനാവശ്യമെന്നും ആർ. പി ഗ്രൂപ്പു ചെയർമാൻ രവി പിള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക കേരളസഭയിൽ വിളമ്പിയ ഭക്ഷണത്തിന്റെ പേരിൽ വിവാദം ഉണ്ടായതിനെ തുടർന്ന് ആ തുക വേണ്ടെന്ന് ഹോട്ടൽ ഗ്രൂപ്പു. ഭക്ഷണത്തിനും താമസത്തിനുമായി ഒരു കോടി രൂപയാണ് സർക്കാർ ഇതിനായി ചെലവിട്ടത്. ഭക്ഷണ കരാറിന് മാത്രം 60 ലക്ഷം രൂപ ചെലവായെന്ന വിവരാവകാശ രേഖ ഏറെ വിവാദമായിരുന്നു. തുടർന്നാണ് കോവളം റാവീസ് ഗ്രൂപ്പ് ഭക്ഷണത്തിന്റെ തുക വേണ്ടെന്ന് വ്യക്തമാക്കിയത്.

വ്യവസായിയായ രവിപിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് റാവിസ് ഗ്രൂപ്പ്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ് അറിയിച്ചു. സർക്കാരിനോട് തങ്ങൾ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഉടമകൾ വ്യക്തമാക്കി. ലോകകേരള സഭയ്ക്കായി ഭക്ഷണത്തിന് വലിയ തുക ചെലവാക്കിയെന്ന വാർത്തകൾ വിവാദം സൃഷ്ടിച്ചതിനെ തുടർന്നാണ് റാവിസ് ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരുരൂപ പോലും സർക്കാരിനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് റാവിസ് ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

സർക്കാരിൽ നിന്ന് പണം ഈടാക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ബിൽ നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ പണം വാങ്ങിയിട്ടില്ല. ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പും രവി പിള്ളയും. അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ല. അതിനാൽ പണം ഈടാക്കാൻ താത്പര്യവുമില്ലെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. ലോകകേരള സഭയുമായി ബന്ധപ്പെട്ടുയർന്നത് അനാവശ്യ വിവാദമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ഇപ്പോൾ വന്നിരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ അനാവശ്യമാണെന്നും രവി പിള്ള ചൂണ്ടിക്കാട്ടി. പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും സാധാരണ രീതിയിൽ റാവിസ് കോവളം ഈടാക്കുന്ന സേവന വില വിവരവുമാണ് സംഘാടകർക്ക് നൽകിയിരുന്നത്. പ്രസ്തുത വിവരം ലോക കേരള സഭയുടെ ബന്ധപ്പെട്ട കമ്മിറ്റിയുടെ മുമ്പിൽ വച്ചിട്ടുണ്ടാകാം. റാവിസുമായി ബന്ധപ്പെട്ട വിഷയമായതിനാൽ, വിവാദത്തിനു മുൻപ് ഒരു നിജസ്ഥിതിക്കായി റാവിസ് കോവളം അധികൃതരെ ഒന്ന് ബന്ധപ്പെട്ടിരുന്നെങ്കിൽ ഈ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നു. റാവിസിന്റെ ബിസിനസ് നിബന്ധന അനുസരിച്ചാണെകിൽ ഏതു പരിപാടിക്കും ഒരു അഡ്വാൻസ് തുക കൈപ്പറ്റുകയും പരിപാടിക്ക് കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ ബാക്കിയുള്ള തുകയ്ക്കായുള്ള നടപടികളും കൈക്കൊള്ളാറുണ്ട് - രവി പിള്ള പറഞ്ഞു.

2020 ജനുവരി 1,2,3 തീയതികളിലാണ് രണ്ടാം ലോക കേരള സഭ സമ്മേളനം തിരുവനന്തപുരത്ത് നടന്നത്. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭ, ലോക്‌സഭ അംഗങ്ങൾക്ക് പുറമേ 178 പ്രവാസി പ്രതിനിധികളാണ് പങ്കെടുത്തത്. ലോക കേരളസഭ സമ്മേളനം ധൂർത്തെന്നാരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. ഭക്ഷണം എത്ര പേർക്ക് കരുതണം, എത്ര അളവ് വേണം എന്നതിൽ അന്തിമ തീരുമാനം ആകാത്തതിനാൽ ഇവന്റ് മാനേജ്മെന്റ് ഏജൻസി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു ഡിസംബർ 20ന് ചേർന്ന് ഉന്നതാധികാര സമിതി തീരുമാനിച്ചത്. എന്നാൽ, അവർ അസൗകര്യം അറിയിച്ചതോടെ അവസാനനിമിഷം കോവളം റാവിസ് ഹോട്ടൽ ഗ്രൂപ്പിനെ ഭക്ഷണ വിതരണ ചുമതല ഏൽപിച്ചു.

ഒരാളുടെ പ്രഭാതഭക്ഷണത്തിന് വേണ്ടി മുടക്കിയത് 550+ നികുതി, ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രിഭക്ഷണത്തിനു 1700രൂപ+നികുതി എന്നിങ്ങനെയാണ്. പഞ്ചനക്ഷത്ര ഹോട്ടലിൽനിന്നാണ് ഇവർക്ക് ഭക്ഷണം എത്തിച്ചത്. അതിനാലാണ് ഇത്രയും ഉയർന്നതുക ചെലവായത്. 700പേർക്കാണ് ഈ നിരക്കിൽ ഉച്ചഭക്ഷണം ഏർപ്പെടുത്തിയത്. 600 പേർക്ക് അത്താഴവും 400 പേർക്ക് പ്രഭാതഭക്ഷണവും ഈ നിരക്കിൽ ഒരുക്കിയിരുന്നു.

ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് സമിതി കഴിഞ്ഞ മാസം 28ന് വിലയിരുത്തി. തുടർന്ന് ഹോട്ടലധികൃതരുമായി ചർച്ച നടത്തി ഓരോ നേരത്തേയും ഭക്ഷണത്തിനുള്ള തുകയും എണ്ണവും നിജപ്പെടുത്തി അന്തിമ ബില്ല് തയ്യാറാക്കി. ഇതനുസരിച്ച് 59,82,600 രൂപ ഭക്ഷണ ബില്ലായി അംഗീകരിച്ചു. ഡ്രൈവർമാർ, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷണചെലവായി നാലരലക്ഷത്തോളം രൂപയുടെ മറ്റൊരു ബില്ലും പാസാക്കിയിരുന്നു. വിവരാവകാശ രേഖ പുറത്ത് വന്നതോടെയാണ് ഇത് വിവാദമായത്.

അതേസമയം ഭക്ഷണ വിവാദത്തിൽ പ്രവാസികളെ അപമാനിക്കുന്നതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രതികരിച്ചിരുന്നു. ഗൾഫിലെ പ്രവാസികളാരും പട്ടിണി കിടക്കുന്നവരല്ലെന്നും തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയിലെ ഭക്ഷണവിലയുടെ കാര്യത്തിൽ നടക്കുന്ന കോലാഹലങ്ങൾ പ്രവാസികളോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിന്റെ നട്ടെല്ല് തന്നെ പ്രവാസികളാണ്. അവരുടെ സമ്പാദ്യമാണ് കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ്. പ്രവാസ ലോകവുമായി ബന്ധമില്ലാത്ത ഒരു വീടുപോലും കേരളത്തിലുണ്ടായിരിക്കുകയില്ല. എത്ര വലിയ ആൾക്കാരായാലും പ്രവാസ ലോകത്ത് അധ്വാനിക്കുന്നത് കേരളത്തിന് വേണ്ടിയും അവിടെയുള്ള കുടുംബങ്ങൾക്കു വേണ്ടിയുമാണ്. ഈ പ്രവാസികളുടെയും അവരുടെ അടുത്ത തലമുറയുടെയും ഉന്നതിയെപ്പറ്റി ചർച്ച ചെയ്യുകയും തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള സമ്മേളനമാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന് ലോക കേരള സഭയിൽ പങ്കെടുത്ത പ്രവാസികളാരും പട്ടിണി കിടക്കുന്നവരല്ല.'- യൂസഫലി വ്യക്തമാക്കി. താൻ സമ്മേളനത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ലോക കേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും വൻതുക ചെലവായെന്ന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ സർക്കാറിനെ വെട്ടിലാക്കിയ പ്രതികരണവുമായി സഭയിൽ പങ്കെടുത്ത സംവിധായകനും ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹൻ റോയ് രംഗത്തെത്തിയിരുന്നു. ഭക്ഷണത്തിന് വേണ്ടി ഇത്രയധികം തുക ചെലവാക്കിയെങ്കിൽ ആ പണം താൻ തിരികെ നൽകാൻ തയ്യാറാണെന്ന് സോഹൻ റോയി പ്രതികരിച്ചു. ആയിരക്കണക്കിനു രൂപ ചെലവു വരുന്നതാണ് നൽകിയ ഭക്ഷണമെന്നറിഞ്ഞിരുന്നുവെങ്കിൽ അത് വേണ്ടെന്ന് വച്ചേനെയെന്നും താൻ വരുത്തിയ നഷ്ടം നികത്തുന്നതിനായി രണ്ടായിരത്തി അഞ്ഞൂറ് രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും സോഹൻ റോയ് ഫേസ്‌ബുക്കിൽ കുറിച്ചു.

സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്ന കരുതി മറ്റ് അതിഥികൾക്ക് നൽകിയ ഫൈവ് സ്റ്റാർ താമസ സൗകര്യം നിരസിച്ചിരുന്നു, ആദ്യ ദിവസം രാത്രിയിൽ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരൽ വളരെ വൈകിയതു കൊണ്ട് നിന്ന് ഭക്ഷണം കഴിച്ചു. ആരോ സ്‌പോൺസർ ചെയ്ത ഭക്ഷണമെന്നാണു കരുതിയതെന്നും അഞ്ഞൂറു രൂപയ്ക്കു താഴെ അതു നൽകാൻ കഴിയുന്ന നിരവധി കാറ്ററിങ് കമ്പനികൾ കേരളത്തിലുണ്ടെന്നും കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP