Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശത്ത് നിന്നും 'ഒരു അധോലോക വെല്ലുവിളി' ! ബ്യൂട്ടി പാർലറിൽ വെടിയുതിർത്ത തന്റെ ആളുകളെ മിടുക്കുണ്ടെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് അധോലോക നായകൻ രവി പൂജാരി; വിദേശത്ത് നിന്നും വെല്ലുവിളി നടത്തിയത് ഏഷ്യാനെറ്റിലേക്ക് വിളിച്ച്; നടി ലീനയോട് 25 കോടി ആവശ്യപ്പെട്ടതിന്റെ കാരണം പൊലീസിനറിയാമെന്നും താൻ തന്നെ അത് വെളിപ്പെടുത്തുമെന്നും പൂജാരി ; പ്രതികളെ വലയിലാക്കാൻ പരക്കം പാഞ്ഞ് അന്വേഷണ സംഘം

വിദേശത്ത് നിന്നും 'ഒരു അധോലോക വെല്ലുവിളി' ! ബ്യൂട്ടി പാർലറിൽ വെടിയുതിർത്ത തന്റെ ആളുകളെ മിടുക്കുണ്ടെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് അധോലോക നായകൻ രവി പൂജാരി; വിദേശത്ത് നിന്നും വെല്ലുവിളി നടത്തിയത് ഏഷ്യാനെറ്റിലേക്ക് വിളിച്ച്; നടി ലീനയോട് 25 കോടി ആവശ്യപ്പെട്ടതിന്റെ കാരണം പൊലീസിനറിയാമെന്നും താൻ തന്നെ അത് വെളിപ്പെടുത്തുമെന്നും പൂജാരി ; പ്രതികളെ വലയിലാക്കാൻ പരക്കം പാഞ്ഞ് അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടിയും മോഡലുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയിൽ കൊച്ചിയിൽ ബ്യൂട്ടി പാർലറിന് നേരെ വെടിവച്ച സംഭവത്തിന് പിന്നാലെ നാടകീയമായ സംഭവ വികാസങ്ങൾ. സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മുംബൈ അധോലോക നായകൻ രവി പൂജാരി കേരളാ പൊലീസിനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റിന്റെ ഓഫീസലേക്ക് വിളിച്ചതാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്.

വെടിയുതിർത്ത തന്റെ ആളുകളെ മിടുക്കുണ്ടെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്നാണ് പൂജാരിയുടെ വെല്ലുവിളി. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്‌പ്പിന് പിന്നിൽ താനാണെന്ന് കഴിഞ്ഞ 19നാണ് രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയത്. മംഗലാപുരത്തും ബംഗലൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്ന് കൊച്ചി പൊലീസ് സ്ഥിരീകരിച്ചത്. എന്നാൽ ബ്യൂട്ടി പാർലറിൽ വെടിയുതിർത്ത രണ്ടംഗസംഘത്തെ തിരിച്ചറിയാൻപോലും പൊലീസിന് ഇതേവരെ കഴിഞ്ഞില്ല.

മിടുക്കന്മാരാണെങ്കിൽ കൊച്ചി സിറ്റി പൊലീസ് ഇവരെ കണ്ടെത്തട്ടെയെന്നാണ് രവി പൂജാരി പറയുന്നത്. വെടിവയ്‌പ്പ് സംഭവത്തിന് പിന്നിൽ രവി പൂജാരി തന്നെയെന്ന് കൊച്ചി സിറ്റി പൊലിസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഏഷ്യാനെറ്റ് ന്യൂസിന് വിദേശത്തുനിന്ന് ഫോൺവിളിയെത്തിയത്.

നടി ലീനയോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്റെ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാമെന്നും വൈകാതെ അക്കാര്യം താൻ വെളിപ്പെടുത്തുമെന്നും രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടി ലീന മരിയ പോളിനോട് 25 കോടി രൂപ ആവശ്യപ്പെടാൻ ചില കാരണങ്ങളുണ്ട്. അത് എന്താണെന്ന് പൊലീസിന് അറിയാമെന്ന് രവി പൂജാരി പറയുന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിലൂടെ തന്നെ വൈകാതെ തുറന്നു പറയുമെന്നും രവി പൂജാരി വ്യക്തമാക്കി.

ബ്യൂട്ടി പാർലർ വെടിവയ്പ് നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന്റെ മൂക്കിൻ തുമ്പത്ത് കൂടി രക്ഷപ്പെട്ട പ്രതികളാരെന്നുപോലും കണ്ടെത്താൻ ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പൊലീസിനെത്തന്നെ വെല്ലുവിളിച്ച് രവി പൂജാരി രംഗത്തെത്തിയിരിക്കുന്നത്.

പൂജാരി ഇപ്പോൾ ഓസ്‌ട്രേലിയിയലോ ?

കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടത്തിയവർക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നകാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്. അതിനിടെ, വെടിവെപ്പ് നടത്തിയവർ സീപോർട്ട്-എയർപോർട്ട് റോഡിലൂടെയാണ് ബൈക്കിൽ രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്. രവി പൂജാരിയുമായി ബന്ധപ്പെടു കർണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരിൽ ചിലാണു രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. രവി പൂജാരിയുടേതാണു ഭീഷണി ശബ്ദമെങ്കിൽ കേസ് ഗൗരവമുള്ളതാകും.

കർണാടകയിലെ പല ബിസിനസുകാരെയും ബിൽഡർമാരെയും സമ്പന്നരെയും രവി പൂജാരി സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്നതായി മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 25 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞ നവംബർ മുതൽ തനിക്കു ഭീഷണി ഫോൺ കോളുകൾ വരുന്നതായി ലീന മരിയ പോൾ പറഞ്ഞിരുന്നു. ഇത്രയും ഭീമമായ തുക ലീന മരിയ പോളിൽ നിന്നു രവി പൂജാരി ആവശ്യപ്പെട്ടതിന്റെ രഹസ്യമാണു പൊലീസിനെ പ്രതിസന്ധിയിലാക്കുന്നത്. ഏറെ ദുരൂഹതകളുള്ള ലീനയുടെ ഇടപാടുകളും പൊലീസ് അന്വേഷിക്കും. ലീനയുടെ കൂട്ടാളി സുകേഷ് ചന്ദ്രശേഖറിനെയാണ് പൂജാരി ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. തീഹാർ ജയിലിലും സുകേഷ് ബാഹ്യ ഇടപെടലുകൾ നടത്തുന്നതിന്റെ സൂചനയാണ് ഇത്.

ഈ സാഹചര്യത്തിൽ ലീനയിൽ നിന്നു വീണ്ടും പൊലീസ് മൊഴിയെടുക്കും. രവി പൂജാരിയുടെ 40 അനുയായികളുടെ പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. ബ്യൂട്ടി സലൂണിൽ വെടിവയ്പു നടത്താൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. വെടിവെപ്പ് നടത്തിയവർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടന്ന് വരികയാണ്. സീപോർട്ട് എയർപോർട്ട് റോഡിലൂടെയാണ് വെടി വെച്ച ശേഷം കടന്നുകളഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതികളെ കണ്ടെത്താനായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.

മുംബൈ അധോലോക നായകനായ രവി പൂജാരി ഇപ്പോൾ ഓസ്ട്രേലിയയിൽ ആണെന്നാണ് പറയുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കലും എളുപ്പമല്ല. മുംബൈ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രവി പൂജാരിയെന്ന് കരുതുന്നയാളെ സഹായിക്കുന്ന ആരോ കൊച്ചിയിലുണ്ടെന്ന് വ്യക്തമായതിനാൽ അതിലേക്ക് എത്താനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്. അക്രമികളെ കണ്ടെത്താനായാൽ അക്രമത്തിന്റെ യഥാർഥ ഉദ്ദേശ്യം മനസ്സിലാകും. 25 കോടി ആവശ്യപ്പെട്ടാണ് ലീനയ്ക്ക് ഫോൺവിളികൾ വന്നിട്ടുള്ളത്.

മൊഴികളിൽ വ്യക്തത വരുത്താനും മുൻകാല കേസുകളെക്കുറിച്ച് കൂടുതൽ അറിയാനും ഇവരെ വീണ്ടും വിളിച്ചുവരുത്തും. ഇതുകൂടി കഴിഞ്ഞാലെ കേസിനെക്കുറിച്ച് വ്യക്തത വരൂ എന്ന് പൊലീസ് വ്യക്തമാക്കുന്നു. കടുത്ത ശ്വാസംമുട്ടലിന് അജ്ഞാത കേന്ദ്രത്തിൽ ചികിത്സയിലാണ് നടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP