Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കേസും വഴക്കുമായി നടന്നിട്ട് കാര്യമില്ലെന്ന് നിയമോപദേശം; രവി പിള്ളയുടെ മോഹത്തിന് തടസ്സാമാകാതെ അഡ്വക്കേറ്റ് ജനറലും റിപ്പോർട്ട് എഴുതി; ഇനി കോവളം കൊട്ടാരം ആർപി ഗ്രൂപ്പിന് തന്നെ; തീരുമാനത്തിൽ ഉടൻ പിണറായി മന്ത്രിസഭയുടെ തീരുമാനമെത്തും

കേസും വഴക്കുമായി നടന്നിട്ട് കാര്യമില്ലെന്ന് നിയമോപദേശം; രവി പിള്ളയുടെ മോഹത്തിന് തടസ്സാമാകാതെ അഡ്വക്കേറ്റ് ജനറലും റിപ്പോർട്ട് എഴുതി; ഇനി കോവളം കൊട്ടാരം ആർപി ഗ്രൂപ്പിന് തന്നെ; തീരുമാനത്തിൽ ഉടൻ പിണറായി മന്ത്രിസഭയുടെ തീരുമാനമെത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോർട്ടും ഒടുവിൽ രവിപിള്ളയ്ക്ക് അനുകൂലമായി. ഏറെ വിവാദമുണ്ടാക്കിയ കോവളം കൊട്ടാരം രവിപിള്ളയ്ക്ക് സ്വന്തമാകും. പൈതൃകസ്മാരകമായ കോവളം കൊട്ടാരത്തിന്റെ കൈവശാവകാശം രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആർ.പി. ഗ്രൂപ്പിന് വിട്ടുനൽകാനാണ് പിണറായി മന്ത്രിസഭയുടെ പൊതു വികാരം. ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്താൻ കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ ആദ്യം സർക്കാരിനെ അറിയിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഈ നിയമോപദേശം അദ്ദേഹം തന്നെ മറുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും സ്വകാര്യഗ്രൂപ്പിന് അനുകൂലമായി വിധിപുറപ്പെടുവിച്ച സാഹചര്യത്തിൽ നിയമപോരാട്ടംകൊണ്ടു കാര്യമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിനെ അറിയിച്ചു.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള ഫയൽ വൈകാതെ മന്ത്രിസഭയുടെ മുന്നിലെത്തുമെന്നാണ് വിവരം. കൊട്ടാരം പൂർണമായി വിട്ടുനൽകുന്നതിനെ റവന്യൂവകുപ്പ് എതിർക്കുന്നുണ്ട്. പോംവഴികളില്ലെങ്കിൽ കൈവശാവകാശം മാത്രം സ്വകാര്യകമ്പനിക്ക് നല്കിയാൽ മതിയെന്നാണ് റവന്യൂവകുപ്പിന്റെ നിർദ്ദേശം. സിവിൽ കേസ് ഫയൽചെയ്യാനുള്ള അധികാരമെങ്കിലും സർക്കാരിൽ നിലനിർത്തിമാത്രമേ കൈമാറാവൂവെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. കൊട്ടാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽപ്പോയിട്ട് കാര്യമില്ലെന്ന് അറ്റോർണി ജനറലും ഉപദേശിച്ചിരുന്നു. കേസിൽ നേരത്തേ സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് അറ്റോർണി ജനറൽ മുകുൾ റോത്തഗിയായിരുന്നു.

Stories you may Like

എൽ.ഡി.എഫ്. അധികാരത്തിലെത്തിയശേഷം കോവളം കൊട്ടാരത്തിന്റെ കൈമാറ്റം വേഗത്തിലാക്കാനുള്ള നടപടി തുടങ്ങിയിരുന്നു. ഇതിനായാണ് അഡ്വക്കേറ്റ് ജനറലിനോടും അറ്റോർണി ജനറലിനോടും നിയമോപദേശം തേടിയിരുന്നത്. ഇടതു സർക്കാരുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് രവിപിള്ള. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ഈ ഗ്രൂപ്പിലായിരുന്നു ഉന്നത ജോലി. ഇതിന് സമാനമായ അടുപ്പം എല്ലാ നേതാക്കളുമായി രവിപിള്ളയ്ക്കുണ്ട്. കോവളം കോട്ടാരം വിഷയമായി ഉയർത്തിയതും സജീവ ചർച്ചയാക്കിയതും വി എസ് അച്യുതാനന്ദനാണ്. അതുകൊണ്ട് തന്നെ കോവളം കൊട്ടാരം കൈമാറുമ്പോൾ ഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാൻ കൂടിയായ വി എസ് എന്തു നിലപാട് എടുക്കുമെന്നത് നിർണ്ണായകമാണ്.

കോവളം കൊട്ടാരം രവി പിള്ളയ്ക്ക് നൽകാൻ യുഡിഎഫ് സർക്കാരിന് താൽപ്പര്യം ഏറെയായിരുന്നു. ഇടതു പക്ഷവും എതിർത്തില്ല. എന്നിട്ടും കൈമാറ്റം മാത്രം നടന്നില്ല. വി എസ് അച്യുതാനന്ദൻ മാത്രമാണ് ഈ വിഷയത്തിൽ രവിപിള്ളയ്ക്ക് അന്നും ഇന്നും എതിര് നിൽക്കുന്നത്. ഇതു സംബന്ധിച്ച ഫയലുകളെല്ലാം ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലാണ്. കൊട്ടാരം കൈമാറാൻ തന്നെയായിരുന്നു തീരുമാനം. എന്നാൽ സിവിൽ കേസ് കൊടുത്തു കൊട്ടാരം സംസ്ഥാന സർക്കാരിനു നിലനിർത്താൻ വകുപ്പുണ്ടെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം എല്ലാം തകിടം മറിച്ചു. തങ്ങളെ അറിയിക്കാതെയാണ് ഇങ്ങനെയൊരു നീക്കമെന്നു റവന്യൂമന്ത്രി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണു നിയമോപദേശത്തിനായി അഡ്വക്കറ്റ് ജനറലിനു വിട്ടത്. എന്നാൽ, ഇതു പഠിച്ച അഡ്വക്കറ്റ് ജനറൽ, നിയമ സെക്രട്ടറി നൽകിയതിനു വിരുദ്ധമായ നിയമോപദേശമാണു നൽകിയത്. ഇതോടെ എല്ലാം അവതാളത്തിലായി. പിന്നെ സഹായത്തിന് അറ്റോർണി ജനറലിന്റെ നിയമോപദേശം. ഒടുവിൽ അഡ്വക്കേറ്റ് ജനറലിന്റെ തിരുത്തലും.

അടുത്തിടെ പിണറായി വിജയൻ ബഹ്‌റിനിൽ പോയ വേളയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി കൂടെ നിന്നത് രവി പിള്ളയായിരുന്നു. അതുകൊണ്ടു തന്നെ കോവളം കൊട്ടാരത്തിന്റെ വിഷയത്തിൽ പിണറായി സർക്കാർ നൽകുമെന്ന് തന്നെയായിരുന്നു വിലയിരുത്തൽ. അതാണ് ശരിയാകുന്നത്. ഐടിഡിസിയുടെ കൈവശമായിരുന്ന കൊട്ടാരവും ഭൂമിയും 2002ലാണ് കേന്ദ്ര സർക്കാർ വിൽപ്പനയ്ക്ക് വച്ചത്. 43.68 കോടി രൂപയ്ക്ക് ഗൾഫാർ ഗ്രൂപ്പാണ് കൊട്ടാരം വാങ്ങിയത്. തുടർന്ന് ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ലീലാ ഗ്രൂപ്പിന് ഇവർ കൊട്ടാരം വിറ്റു. എന്നാൽ 2004-ൽ സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ കൊട്ടാരവും ഭൂമിയും തിരിച്ചു പിടിച്ചു. തുടർന്ന് കൊട്ടാരം ഏറ്റെടുത്തതിന് നിയമ പരിരക്ഷ നൽകാൻ സർക്കാർ 2005ൽ നിയമം കൊണ്ടുവരുകയും ചെയ്തു. സർക്കാർ ഏറ്റെടുത്ത നടപടിക്കെതിരെ ലീലാ ഹോട്ടൽ ഗ്രൂപ്പ് നൽകിയ കേസ് സർക്കാരിന് തിരിച്ചടിയാകുകയും ചെയ്തു. കോവളം കൊട്ടാരം ഏറ്റെടുത്ത സർക്കാർ നടപടി ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി.

പിന്നാലെ ഡിവിഷൻ ബെഞ്ചും സിംഗിൽ ബെഞ്ച് വിധി ശരിവച്ച് സർക്കാരിന്റെ അപ്പീൽ തള്ളുകയും ചെയ്തു. 2014ൽ സുപ്രീംകോടതിയിൽ നിന്നും സർക്കാരിനെതിരായി ഹോട്ടൽ ഗ്രൂപ്പ് അനുകൂല വിധി നേടി. എന്നാൽ ഇതുവരെ കോവളം കൊട്ടാരം കൈമാറ്റം ചെയ്തിട്ടില്ല. സർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെയാണ് ഇതുള്ളതും. പ്രവാസിയും വ്യവസായിയുമായ രവിപിള്ളയുടെ കൈകളിൽ എത്തിയ കൊട്ടാരം നിലവിൽ റാവിസ് എന്നാണ് അറിയപ്പെടുന്നത്. 64.5 ഏക്കർ ഭൂമിയും കൊട്ടാരവുമാണ് ഇവിടെയുള്ളത്. ഇതാണ് രവിപിള്ളയ്ക്ക് കൈമാറാൻ പോകുന്നതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP