Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ പാർട്ടിക്കാരും തമ്മിൽ ഒത്തുകളിച്ച് കോവളം കൊട്ടാരം രവിപിള്ളക്ക് കൊടുക്കാൻ തീരുമാനിച്ച സമയത്ത് വിനയായത് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം; ഇനി എന്തു ചെയ്യുമെന്ന് തീരുമാനിക്കാൻ മന്ത്രിസഭ ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെ; മുതലാളിക്ക് വേണ്ടി പൊതുമുതൽ വിട്ടു കൊടുത്തതിന്റെ പേരുദോഷം കേൾക്കേണ്ടി വരുമോ എന്ന് ഭയന്ന് മുഖ്യമന്ത്രി തീരുമാനം വൈകിക്കുന്നു

എല്ലാ പാർട്ടിക്കാരും തമ്മിൽ ഒത്തുകളിച്ച് കോവളം കൊട്ടാരം രവിപിള്ളക്ക് കൊടുക്കാൻ തീരുമാനിച്ച സമയത്ത് വിനയായത് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം; ഇനി എന്തു ചെയ്യുമെന്ന് തീരുമാനിക്കാൻ മന്ത്രിസഭ ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെ; മുതലാളിക്ക് വേണ്ടി പൊതുമുതൽ വിട്ടു കൊടുത്തതിന്റെ പേരുദോഷം കേൾക്കേണ്ടി വരുമോ എന്ന് ഭയന്ന് മുഖ്യമന്ത്രി തീരുമാനം വൈകിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളം കൊട്ടാരം സിവിൽ കേസ് നൽകി സർക്കാരിനു നിലനിർത്താനാകുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കും. രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും വേണ്ടപ്പെട്ടവനാണ് പ്രവാസി വ്യവസായി രവി പിള്ള. ഇടതുപക്ഷവുമായാണ് കൂടുതൽ അടുപ്പവും. പ്രമുഖരായ സിപിഐ(എം) നേതാക്കളുടെ മക്കൾ ജോലി ചെയ്തിരുന്നത് ആർ പി ഗ്രൂപ്പിന് കീഴിലായിരുന്നു. അതിപ്പോഴും തുടരുന്നു. അതുകൊണ്ട് കൂടിയാണ് കോവളം കൊട്ടാരത്തിന്റെ തീരുമാനം എന്താകുമെന്ന ആകാംഷ സാധാരണക്കാർക്കുണ്ടാകുന്നത്. കോവളം കൊട്ടാരം രവി പിള്ളയ്ക്ക് നൽകാൻ യുഡിഎഫ് സർക്കാരിന് താൽപ്പര്യം ഏറെയായിരുന്നു. ഇടതു പക്ഷവും എതിർത്തില്ല. എന്നിട്ടും കൈമാറ്റം മാത്രം നടന്നില്ല. വി എസ് അച്യുതാനന്ദൻ മാത്രമാണ് ഈ വിഷയത്തിൽ രവിപിള്ളയ്ക്ക് അന്നും ഇന്നും എതിര് നിൽക്കുന്നത്.

ഇതു സംബന്ധിച്ച ഫയലുകളെല്ലാം ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലാണ്. സിവിൽ കേസ് കൊടുത്തു കൊട്ടാരം സംസ്ഥാന സർക്കാരിനു നിലനിർത്താൻ വകുപ്പുണ്ടെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം മന്ത്രിസഭ പരിഗണിച്ച ശേഷമാണു തീരുമാനം മുഖ്യമന്ത്രിക്കു വിട്ടത്. വേണമെങ്കിൽ സർക്കാരിന് ഇതു സംബന്ധിച്ച കേസുകൾ തീർപ്പാക്കാമെന്ന നിയമോപദേശം നേരത്തേ നിയമ സെക്രട്ടറി നൽകിയിരുന്നു. മന്ത്രി എ.സി.മൊയ്തീൻ ടൂറിസത്തിന്റെ ചുമതല വഹിക്കുമ്പോഴായിരുന്നു ഇത്. തുടർ നടപടിക്കായി ഈ വിഷയം അന്നു മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നപ്പോൾ ഇത്തരമൊരു നീക്കത്തെ റവന്യൂ മന്ത്രി എതിർത്തു. തങ്ങളെ അറിയിക്കാതെയാണ് ഇങ്ങനെയൊരു നീക്കമെന്നു റവന്യൂമന്ത്രി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണു നിയമോപദേശത്തിനായി അഡ്വക്കറ്റ് ജനറലിനു വിട്ടത്. എന്നാൽ, ഇതു പഠിച്ച അഡ്വക്കറ്റ് ജനറൽ, നിയമ സെക്രട്ടറി നൽകിയതിനു വിരുദ്ധമായ നിയമോപദേശമാണു നൽകിയത്.

ഇതോടെയാണ് ഫയൽ മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്. രവി പിള്ളയ്ക്ക് അനുകൂല തീരുമാനം എടുക്കണമെന്നതാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. എന്നാൽ കോവളം കൊട്ടാരം താൻ രവിപിള്ളിക്ക് കൈമാറി എന്ന പേരു ദോഷം കേൾക്കാൻ മുഖ്യമന്ത്രി തയ്യാറാല്ല. അതുകൊണ്ട് മാത്രമാണ് തീരുമാനം വൈകുന്നത്. പ്രവാസിയും വൻകിട വ്യവസായിയുമായ രവിപിള്ള കണ്ണുവച്ചിരിക്കുന്ന കോവളം കൊട്ടാരം തിരിച്ചുപിടിക്കുന്നതിന് സിവിൽകേസ് നൽകാമെന്നാണ് സർക്കാറിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. കോവളം കൊട്ടാരം വിലയ്ക്ക് വാങ്ങിയ ഹോട്ടൽഗ്രൂപ്പിന് കോടതിയിൽ നിന്നും അനുകൂല വിധിയുള്ള സാഹചര്യത്തിൽ വിട്ടുകൊടുക്കണമെന്ന് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിരുന്നു.ന്നത്.

സർക്കാരിന്റെ പൊതു ഉടമസ്ഥതയിൽ കോവളം കൊട്ടാരം നിലനിർത്താൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നതാണ് റവന്യുവകുപ്പ് അഡ്വക്കേറ്റ് ജനറലിനോട് ആരാഞ്ഞതും. വിഷയത്തിൽ സിവിൽകേസ് ഫയൽ ചെയ്യാമെന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയ ഉപദേശം. എജിയുടെ ഉപദേശമടങ്ങിയ ഫയൽ മുഖ്യമന്ത്രിയുടെ പക്കൽ എത്തിയിട്ട് നിലവിൽ ഒരുമാസമായി. എന്നിട്ടും മുഖ്യമന്ത്രി ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതിന്കാരണമായി പലരും അടക്കം പറയുന്നത് രവി പിള്ളയുമായുള്ള മുഖ്യമന്ത്രിയുടെ അടുപ്പം തന്നെയാണ്. അടുത്തിടെ പിണറായി വിജയൻ ബഹ്റിനിൽ പോയ വേളയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി കൂടെ നിന്നത് രവി പിള്ളയായിരുന്നു. അതുകൊണ്ടു തന്നെ കോവളം കൊട്ടാരത്തിന്റെ വിഷയത്തിൽ പിണറായി മൗനം പാലിക്കുമെന്നാണ് അറിയുന്നത്.

ഐടിഡിസിയുടെ കൈവശമായിരുന്ന കൊട്ടാരവും ഭൂമിയും 2002ലാണ് കേന്ദ്ര സർക്കാർ വിൽപ്പനയ്ക്ക് വച്ചത്. 43.68 കോടി രൂപയ്ക്ക് ഗൾഫാർ ഗ്രൂപ്പാണ് കൊട്ടാരം വാങ്ങിയത്. തുടർന്ന് ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ലീലാ ഗ്രൂപ്പിന് ഇവർ കൊട്ടാരം വിറ്റു. എന്നാൽ 2004-ൽ സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ കൊട്ടാരവും ഭൂമിയും തിരിച്ചു പിടിച്ചു. തുടർന്ന് കൊട്ടാരം ഏറ്റെടുത്തതിന് നിയമ പരിരക്ഷ നൽകാൻ സർക്കാർ 2005ൽ നിയമം കൊണ്ടുവരുകയും ചെയ്തു. സർക്കാർ ഏറ്റെടുത്ത നടപടിക്കെതിരെ ലീലാ ഹോട്ടൽ ഗ്രൂപ്പ് നൽകിയ കേസ് സർക്കാരിന് തിരിച്ചടിയാകുകയും ചെയ്തു. കോവളം കൊട്ടാരം ഏറ്റെടുത്ത സർക്കാർ നടപടി ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി.

പിന്നാലെ ഡിവിഷൻ ബെഞ്ചും സിംഗിൽ ബെഞ്ച് വിധി ശരിവച്ച് സർക്കാരിന്റെ അപ്പീൽ തള്ളുകയും ചെയ്തു. 2014ൽ സുപ്രീംകോടതിയിൽ നിന്നും സർക്കാരിനെതിരായി ഹോട്ടൽ ഗ്രൂപ്പ് അനുകൂല വിധി നേടി. എന്നാൽ ഇതുവരെ കോവളം കൊട്ടാരം കൈമാറ്റം ചെയ്തിട്ടില്ല. സർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെയാണ് ഇതുള്ളതും. പ്രവാസിയും വ്യവസായിയുമായ രവിപിള്ളയുടെ കൈകളിൽ എത്തിയ കൊട്ടാരം നിലവിൽ റാവിസ് എന്നാണ് അറിയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP