Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

മാഷിന്റെ സംഗീതത്തിന്റെ വിലയായി കിട്ടിയ ഫ്‌ളാറ്റായിരുന്നു എനിക്കത്; ഇപ്പോൾ വിൽക്കാതെ നിവൃത്തിയില്ല! 'രവീന്ദ്രസംഗീതസന്ധ്യ'യിൽ സംഘാടകർ കുടുംബത്തെ ചതിച്ചു; ക്രിസ്റ്റൽ ഗ്രൂപ്പിന്റെ ഫ്‌ളാറ്റും പറ്റിച്ചു; ഹരിമുരളീരവം പൊഴിഞ്ഞ രവീന്ദ്രൻ മാഷിന്റെ ഭാര്യ വേദന പങ്കുവയ്ക്കുമ്പോൾ

മാഷിന്റെ സംഗീതത്തിന്റെ വിലയായി കിട്ടിയ ഫ്‌ളാറ്റായിരുന്നു എനിക്കത്; ഇപ്പോൾ വിൽക്കാതെ നിവൃത്തിയില്ല! 'രവീന്ദ്രസംഗീതസന്ധ്യ'യിൽ സംഘാടകർ കുടുംബത്തെ ചതിച്ചു; ക്രിസ്റ്റൽ ഗ്രൂപ്പിന്റെ ഫ്‌ളാറ്റും പറ്റിച്ചു; ഹരിമുരളീരവം പൊഴിഞ്ഞ രവീന്ദ്രൻ മാഷിന്റെ ഭാര്യ വേദന പങ്കുവയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിലയ്ക്കാത്ത ഈണങ്ങളുടെ കൂട്ടിൽ നിന്ന് അനശ്വരതയിലേക്ക് രവീന്ദ്രൻ മാസ്റ്റർ കടന്നുപോയിട്ട് 18 വർഷം കഴിഞ്ഞു. കാലഭേമില്ലാതെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവം പൊഴിഞ്ഞ സംഗീത സംവിധായകൻ. മലയാള ചലച്ചിത്ര ഗാന ശാഖയെ സമ്പന്നമാക്കിയ സംഗീതജ്ഞൻ.മലയാള സംഗീതത്തിന്റ സുവർണ കാലഘട്ടത്തിൽ ഗാംഭീര്യമുള്ള ഈണങ്ങൾ സൃഷ്ടിച്ച രവീന്ദ്രൻ മാഷ്. എന്നാൽ ഈ പ്രതിഭയുടെ ഭാര്യ ഇന്ന് കഷ്ടതയിലാണ്. സംഗീതസംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭയ്ക്ക് നഷ്ടപ്പെടാൻപോകുന്നത് കിടപ്പാടമാണ്.

ബെംഗളൂരുവിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയായിരുന്നു ഒന്പതുവർഷം മുമ്പ് 'രവീന്ദ്രസംഗീതസന്ധ്യ'യെന്ന പരിപാടി സംഘടിപ്പിച്ചത്. ഒരു ഫ്‌ളാറ്റും 25 ലക്ഷം രൂപയും ശോഭയ്ക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. പരിപാടി ഗംഭീരമായെങ്കിലും രവീന്ദ്രന്റെ ഭാര്യയെ കാത്തിരുന്നത് ചതിയായിരുന്നു. ഇപ്പോൾ ആ കിടപ്പാടം വിൽക്കേണ്ട വസ്ഥയിലും. ''മാഷിന്റെ സംഗീതത്തിന്റെ വിലയായി കിട്ടിയ ഫ്‌ളാറ്റായിരുന്നു എനിക്കത്. ഇപ്പോൾ വിൽക്കാതെ നിവൃത്തിയില്ല''-ശോഭ പറയുന്നു. 12 ലക്ഷത്തിന്റെ കടമുണ്ട് ശോഭയ്ക്ക്. താമസം വെണ്ണല പാലച്ചുവടുള്ള ഒരുവീടിന്റെ മുകൾനിലയിൽ വാടകയ്ക്കാണ്.

''ഞാൻ പട്ടിണിയിലും ദാരിദ്ര്യത്തിലുമൊന്നുമല്ല. വിവാദമുണ്ടാക്കാനും ആഗ്രഹമില്ല. പക്ഷേ, ഇപ്പോൾ 12 ലക്ഷം എനിക്ക് വലുതാണ്. അത് അടയ്ക്കാൻ നിർവാഹമില്ലാത്തതുകൊണ്ടാണ് ഫ്‌ളാറ്റ് വിൽക്കാനുള്ള ആലോചനയെന്നാണ് ശോഭ പറയുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് പല നുണകളും ശ്രദ്ധയിൽ പെട്ടു. ''പരിപാടിക്കുശേഷം എനിക്ക് 50 ലക്ഷം രൂപ ലഭിച്ചു എന്നാണ് പറയുന്നത്. ദാസേട്ടൻ പുതിയ ഫ്‌ളാറ്റ് വാങ്ങിത്തന്നുവെന്നും ചിലർ പ്രചരിപ്പിക്കുന്നു. ഇതൊക്കെ കിട്ടിയെങ്കിൽ പിന്നെ ഞാൻ പന്ത്രണ്ടുലക്ഷം അടയ്ക്കാൻ പെടാപ്പാടുപെടുന്നത് എന്തിനാണ്'' -ശോഭ വിവാദത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ദാരിദ്ര്യം നിറഞ്ഞ ബാല്യവും യൗവനവും ജീവിതത്തിലൂടെ കടന്നു പോയപ്പോഴും സംഗീതത്തെ വിടാതെ ചേർത്തു നിർത്തി അദ്ദേഹം. സംഗീത കോളജിലെ പഠനമാണ് കുളത്തൂപ്പുഴ രവിയെ മലയാളത്തിന്റെ രവീന്ദ്രൻ മാസ്റ്ററായി വാർത്തെടുത്തത്. സഹപാഠിയായിരുന്ന യേശുദാസിനോടുള്ള ചങ്ങാത്തം സിനിമയിലേക്ക് രവീന്ദ്രൻ മാസ്റ്ററെ എത്തിച്ചു. ദാസിനു വേണ്ടി ഈണമിടാൻ രവിക്കും ശബ്ദമാകാൻ ദാസിനും ഏറെ പ്രിയം. രണ്ട് ഇതിഹാസങ്ങളുടെ കൂടിച്ചേരൽ സമ്മാനിച്ചതെല്ലാം ഗന്ധർവ ഗാനങ്ങൾ. അങ്ങനെ മലയാളിയെ ആനന്ദത്തിൽ ആറാടിച്ച സംഗീത സംവിധായകൻ.

മദ്രാസിലെ കോടമ്പാക്കത്തെ ഇന്ദിരാഗാന്ധി സ്ട്രീറ്റിൽ 'തായ്‌നാദം' എന്ന വീട്ടിലിരുന്നാണ് രവീന്ദ്രൻ ആദ്യകാലങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചത്. വീടിന്റെ താഴത്തെ നില താമസത്തിനുപയോഗിച്ചപ്പോൾ മുകൾ നില അദ്ദേഹം ഒരു കൊച്ചു സ്റ്റുഡിയോ ആയി ഉപയോഗിക്കുകയായിരുന്നു. 'ഒറ്റക്കമ്പി നാദം..', 'തേനും വയമ്പും..' തുടങ്ങി അദ്ദേഹത്തിന്റെ ആദ്യകാല ഹിറ്റുകളിൽ പലതും ഇവിടെയാണ് പിറവി കൊണ്ടത്. പിന്നീട് മലയാള സിനിമാനുബന്ധ പ്രവർത്തനങ്ങൾ മദ്രാസിൽ നിന്ന് കേരളത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടപ്പോൾ അദ്ദേഹം ഈ വീട് വിൽക്കുകയായിരുന്നു.

'രവീന്ദ്രസംഗീതസന്ധ്യ'യെന്ന പരിപാടിയിൽ യേശുദാസും ചിത്രയുമുൾപ്പെടെ എല്ലാവരും പാടിയത് പ്രതിഫലം വാങ്ങാതെ ആയിരുന്നു. ഗ്രൗണ്ട്പോലും സൗജന്യമായി കിട്ടി. വേദിയിൽവെച്ചുതന്നെ ഫ്‌ളാറ്റിന്റെ താക്കോൽ ശോഭയ്ക്ക് കൈമാറി. നിർമ്മാതാക്കളായ ക്രിസ്റ്റൽ ഗ്രൂപ്പ് സ്‌പോൺസർമാരെന്ന നിലയിൽ നൽകിയതായിരുന്നു ഫ്‌ളാറ്റ്. പരിപാടിയുടെ സംപ്രേഷണാവകാശം സ്വകാര്യചാനൽ വാങ്ങിയത് 56 ലക്ഷം രൂപയ്ക്കാണ്. സ്‌പോൺസർഷിപ്പുൾപ്പെടെ ആകെ ഒന്നരക്കോടിയിലധികം രൂപ സംഘാടകർക്ക് ലഭിച്ചു. ഇതിൽനിന്ന് ശോഭയ്ക്ക് നൽകിയത് വെറും മൂന്നുലക്ഷം. 25 ലക്ഷം കൊടുത്തില്ല. പിന്നീടാണ് ഫ്‌ളാറ്റിലെ ചതിയെത്തുന്നത്.

ഇതറിയാതെ ശോഭ ഏപ്രിലിൽത്തന്നെ ഫ്‌ളാറ്റിലേക്ക് താമസം മാറി. വൈദ്യുതികണക്ഷൻപോലുമില്ലായിരുന്നു. അപ്പോഴും ഫ്‌ളാറ്റ് രജിസ്റ്റർചെയ്ത് നൽകാൻ ക്രിസ്റ്റൽ ഗ്രൂപ്പ് തയ്യാറായതുമില്ല. തരാമെന്നുപറഞ്ഞ തുകയ്ക്കായി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ സമീപിച്ചെങ്കിലും ഒന്നും കിട്ടിയില്ല. ആ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ഓരോ ഫ്‌ളാറ്റും ആറരലക്ഷം രൂപയ്ക്ക് ഈടുവെച്ചുകൊണ്ട് ക്രിസ്റ്റൽ ഗ്രൂപ്പ് വായ്പയെടുത്തിരുന്നുവെന്ന് ശോഭ ഞെട്ടലോടെയാണ് അറിഞ്ഞത്. താമസക്കാരുടെ അസോസിയേഷന് ഫ്‌ളാറ്റുകളെല്ലാം കൈമാറി ക്രിസ്റ്റൽ ഗ്രൂപ്പ് കൈകഴുകി. വായ്പയുടെ ബാധ്യത താമസക്കാരുടേതുമായി. ഫ്‌ളാറ്റ് കൈമാറുന്ന വിവരമറിഞ്ഞ് മൂന്നുലക്ഷം രൂപ കടംവാങ്ങി ശോഭതന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കി.

അടിസ്ഥാനസൗകര്യങ്ങൾപോലുമില്ലാതിരുന്ന ഫ്‌ളാറ്റ് അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുകയും താമസക്കാരെല്ലാം മറ്റിടത്തേക്ക് മാറുകയും ചെയ്തതോടെ ശോഭയും അടുത്തുതന്നെയുള്ള ഒരു വീടിന്റെ മുകൾനിലയിലേക്ക് വാടകയ്ക്ക് താമസംമാറ്റി. മൂന്നരമാസം എന്നുപറഞ്ഞ് തുടങ്ങിയ അറ്റകുറ്റപ്പണി ഒന്നരവർഷമായിട്ടും തീർന്നിട്ടില്ല. ഇടയ്ക്ക് ക്രിസ്റ്റൽ ഗ്രൂപ്പിന്റെ വായ്പക്കുടിശ്ശികയിലേക്കായി രണ്ടുലക്ഷം അസോസിയേഷനു കൊടുത്തെങ്കിലും ഫ്‌ളാറ്റിന്റെ അറ്റകുറ്റപ്പണിക്കാണ് ഉപയോഗിച്ചത്. മറ്റുതാമസക്കാരെല്ലാം വായ്പക്കുടിശ്ശിക അടച്ചു.

രവീന്ദ്രനോടുള്ള ആദരവെന്നോണം ശോഭയുടെ പണം തത്കാലത്തേക്ക് അസോസിയേഷൻ നൽകി. അത് പലിശസഹിതം ഇപ്പോൾ 12 ലക്ഷം രൂപയായി. ഈ തുക നൽകിയെങ്കിൽമാത്രമേ ഫ്‌ളാറ്റിന്റെ രേഖകൾ ശോഭയ്ക്ക് കിട്ടൂ. ഈ പണം ഉണ്ടാക്കാനുള്ള വഴിയും മുന്നിലില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP