Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖുർആൻ പഠനം എന്ന പേരിൽ തീവ്രവാദ ക്ലാസുകൾ നടത്തുകയും സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടെ 'ഹിജ്‌റ' ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു; പീസ് സ്‌ക്കൂളിലെ മുൻ ജീവനക്കാരൻ ഒപ്പം കൂട്ടിയത് അവിടുത്തെ ചില ജീവനക്കാരെയും; എല്ലാറ്റിനും കൂട്ട് രണ്ടാം ഭാര്യ യാസ്മിനും; കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് പോയി ഇതുവെരെ കൊല്ലപ്പെട്ടത് 35പേർ; അഫ്ഗാനിൽ കൊല്ലപ്പെട്ട അബദുൾ റാഷിദ് തികഞ്ഞ ഇസ്ലാമിക ഭീകരൻ

ഖുർആൻ പഠനം എന്ന പേരിൽ തീവ്രവാദ ക്ലാസുകൾ നടത്തുകയും സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടെ 'ഹിജ്‌റ' ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു; പീസ് സ്‌ക്കൂളിലെ മുൻ ജീവനക്കാരൻ ഒപ്പം കൂട്ടിയത് അവിടുത്തെ ചില ജീവനക്കാരെയും; എല്ലാറ്റിനും കൂട്ട് രണ്ടാം ഭാര്യ യാസ്മിനും; കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് പോയി ഇതുവെരെ കൊല്ലപ്പെട്ടത് 35പേർ; അഫ്ഗാനിൽ കൊല്ലപ്പെട്ട അബദുൾ റാഷിദ് തികഞ്ഞ ഇസ്ലാമിക ഭീകരൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: അഫ്ഗാനിസ്ഥാനിലെ നങ്കർഹാർ-ഖൊറോസാൻ പ്രവിശ്യകൾ കേന്ദ്രമാക്കി 'വിശുദ്ധയുദ്ധം ' നയിച്ച ഭീകരനാണ് കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്ന കാസർഗോഡ് പടന്നയിലെ അബ്ദുൾ റാഷിദ്. വീട്ടിൽ വെച്ച് ഖുർ-ആൻ പഠനം എന്ന പേരിൽ തീവ്രവാദ ക്ലാസുകൾ നടത്തുകയും സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടെ 'ഹിജ്‌റ ' ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തത് അബ്ദുൾ റാഷിദും അയാളുടെ രണ്ടാം ഭാര്യ യാസ്മിനുമായിരുന്നു. ഇക്കാര്യം എൻ.ഐ. എ. കണ്ടെത്തുകയും ചെയ്തിരുന്നു. അബ്ദുൾ റാഷിദ് ഉൾപ്പെടെ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് പോയ 35 ഓളം പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കാസർഗോഡ് ജില്ലയിൽ നിന്നും 21 പേരാണ് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഐ. എസ്. പോരാളികളാകാൻ പോയത്. ഇതിന്റെ തുടർച്ചയെന്നോണം കണ്ണൂരിൽ നിന്നും കഴിഞ്ഞ വർഷം നവംബർ മാസം കുട്ടികളടക്കം പത്തംഗ സംഘം അഫ്ഗാനിലേക്ക് കടന്നിരുന്നു.

ഈ സംഘത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന കണ്ണൂർ അഴീക്കോട്-പൂതപ്പാറയിലെ എ. അൻവർ കൊല്ലപ്പെട്ടുവെന്ന വിവരം അയാളുടെ ഭാര്യ തന്നെ സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വിട്ടിരുന്നു. ബീഹാർ സ്വദേശിനിയായ യാസ്മിനും അബ്ദുൾ റാഷിദും മലപ്പുറത്തെ പീസ് സ്‌ക്കൂളിൽ വച്ചാണ് പരിചയപ്പെട്ടത്. കഴിഞ്ഞ വർഷം ഡൽഹി വിമാനത്താവളത്തിൽ വെച്ച് യാസ്മിനെ അറസ്റ്റ് ചെയ്തതോടെയാണ് കേരളത്തിലെ ഐ.എസ്. തീവ്രവാദത്തിന്റെ വ്യാപ്തിയെക്കുറിച്ച് വ്യക്തമായ തെളിവുകൾ പുറത്ത് വന്നത്.

ഇസ്ലാമിക തീവ്രവാദത്തിന് സാമ്പത്തിക ആനുകൂല്യം ലഭിച്ചിരുന്നത് യാസ്മിന്റെ പേരിലായിരുന്നു. നിലവിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്ന് പോയവരെല്ലാം കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൊല്ലപ്പെട്ട അൻവർ , അയാളുടെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ടി.വി. ഷമീർ, ഷമീറിന്റെ രണ്ടു മക്കൾ, ഇവരെല്ലാം കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. നേരത്തെ പീസ് സ്‌ക്കൂളിലെ പലരും തങ്ങൾക്കൊപ്പം ഹിജ്‌റ ചെയ്തവരാണെന്നും മുമ്പ് പീസ് സ്‌ക്കൂൾ അഡ്‌മിനിസ്‌ട്രേറ്റീവ് ജീവനക്കാരനായ റാഷിദ് ആരോപിച്ചിരുന്നു.

മാസങ്ങൾക്കു മുമ്പ് ഇസ്ലാമിക് സ്റ്റേ്റ്റ്‌സിലേക്ക് ചേക്കേറിയ മലയാളികൾ കടുത്ത പ്രതിസന്ധിയായിരുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയിൽ പാറമടകളിലും ഗുഹകളിലും കഴിയുന്നവരെ അമേരിക്കൻ സേനയും അഫ്ഗാൻ സേനയും അതിന് പുറമേ താലിബാൻകാരും ആക്രമിക്കുക പതിവാണ്. ഫലത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്‌സിൽ എത്തിപ്പെട്ടവർ ത്രിമുഖ യുദ്ധമാണ് നേരിടേണ്ടി വന്നത്. സേനയുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടാലും താലിബാൻകാർ ഇവർക്കു നേരെ നിറയൊഴിക്കും.

മൂന്ന് മാസം മുമ്പ് വരെ അഫ്ഗാനിലെ ഖൊറോസാൻ പ്രവിശ്യയിൽ നിന്ന് ടെലിഗ്രാം അക്കൗണ്ട് വഴി ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ റാഷിദ് ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഐ. എസിന്റെ ആശയങ്ങളും റാഷിദ് വഴി പ്രചരിക്കാതായി. ഇതേ തുടർന്നുള്ള നിരീക്ഷണത്തിലാണ് റാഷിദ് കൊല്ലപ്പെട്ടതായുള്ള വിവരം ലഭിച്ചത്. റാഷിദിനൊപ്പം രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടുവെന്നാണ് വിവരം. 2016 മെയ് മാസമാണ് കാസർഗോഡ് പടന്നയിൽ നിന്നും 21 പേർ ഇസ്ലാമിക് സ്റ്റേറ്റ്‌സിൽ ചേരാൻ വേണ്ടി നാടുവിട്ടത്.

ഐഎസിലേക്ക് നയിച്ചത് സലഫിസം തന്നെ

അബ്ദുൾ റാഷിദ് അബ്ദുള്ള എന്നയാൾ തന്റെ മുജാഹിദ് ബന്ധങ്ങൾ തുറന്ന് പറഞ്ഞ് ശബ്ദരേഖ പുറത്തു വിട്ടതും ഏറെ ചർച്ചയായിരുന്നു. തന്നെ ഐ.എസിലേക്ക് തന്നെ നയിച്ചത് കേരളത്തിലെ തീവ്ര സലഫി ചിന്താധാരകളുമായുള്ള അടുപ്പമാണെന്നായിരുന്നു ഇയാൾ തന്റെ ഓഡിയോ ക്ലിപ്പിൽ അവകാശപ്പെട്ടത്.കാസർഗോഡ്്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഐ.എസ് ക്യാംപിലെത്തിയെന്ന് കരുതപ്പെടുന്ന മലയാളികളെല്ലാം ഇത്തരത്തിൽ മുജാഹിദ് വിഭാഗം ആശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പലായനം ചെയ്ത് ഐ.എസിൽ എത്തിയവരാണെന്നും ഇയാൾ പറയുന്നു. ഐ.എസ് ആശയങ്ങളെ കേരളത്തിലെ സലഫി ബുദ്ധിജീവകൾ തള്ളിപ്പറയുന്ന സാഹചര്യത്തിലും അവരെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു റാഷിദിന്റേതെന്നു പറയുന്നു ശബ്ദ സന്ദേശം.

കേരളത്തിലെ ഐ.എസിന്റെ ബേസ് ദമ്മാജ് സലഫിസമാണെന്ന ഊഹാപോഹങ്ങളും ചർച്ചകളും ശരിവെക്കുന്നതായിരുന്ന ഈശബ്ദരേഖ.
കേരളത്തിലെ പ്രമുഖ സലഫി നേതാവായ കെ.കെ സകരിയ സലാഹിയുടെ 'ഐ.എസ് തീവ്രവാദികളുടെ വിതണ്ഡ വാദങ്ങൾ, ഒരു പൊളിച്ചെഴുത്ത്'എന്ന പുസ്തകത്തിനുള്ള മറുപടിയാണ് അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം.ഐ.എസുമായുള്ള സലഫി ബന്ധങ്ങളെ തള്ളിക്കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ പുസ്തകം. ഐ.എസിനു പിന്നിൽ പ്രവർത്തിച്ചത് ഇസ്ലാമിക വിരുദ്ധരാണെന്നാണ് പുസ്തകം അവകാശപ്പെടുന്നത്. എന്നാൽ ഇ.കെ, എ.പി സുന്നി കുടുംബങ്ങളിൽ ആയിരുന്നെങ്കിൽ താൻ ഐ.എസിൽ എത്തുമായിരുന്നില്ലെന്നും മുജാഹിദ് ആദ്യം മടവൂർ പിന്നീട്, കെ.എൻ.എം,അതിനുശേഷം വിസ്ഡം, ഒടുവിൽ ദമ്മാജ്. അങ്ങിനെ സ്റ്റെപ് സ്റ്റെപ്പായാണ് ഐ.എസിലെത്തുകയെന്നും നേരത്തെ അബ്ദുൽ റാഷിദ് സന്ദേശത്തിൽ പറഞ്ഞിരുന്നു. കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഐഎസിൽ എത്തിയവരെല്ലാം ഇങ്ങനെയാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്നും റാഷിദ് അബ്ദുല്ല ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP