Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202214Sunday

ഔദ്യോഗിക പരിപാടികളിൽ മദ്യപാനം നിർബന്ധം; ഇല്ലെങ്കിൽ തൊഴിൽ മേഖലയിൽ ഉയരാൻ ആകില്ല; ലൈംഗിക ചുവയുള്ള തമാശകളും; മദ്യപിച്ച് ബോധം കെടുത്തി കീഴ്ജീവനക്കാരിയെ ബലാത്സംഗം ചെയ്ത ആലിബാബ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു; ചൈനയിലെ തൊഴിൽ സംസ്‌കാരം പ്രതിസ്ഥാനത്ത്

ഔദ്യോഗിക പരിപാടികളിൽ മദ്യപാനം നിർബന്ധം; ഇല്ലെങ്കിൽ തൊഴിൽ മേഖലയിൽ ഉയരാൻ ആകില്ല; ലൈംഗിക ചുവയുള്ള തമാശകളും; മദ്യപിച്ച് ബോധം കെടുത്തി കീഴ്ജീവനക്കാരിയെ ബലാത്സംഗം ചെയ്ത ആലിബാബ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു; ചൈനയിലെ തൊഴിൽ സംസ്‌കാരം പ്രതിസ്ഥാനത്ത്

രവികുമാർ അമ്പാടി

ബീജിങ്: ചൈനീസ് സാങ്കേതിക ഭീമനായ ആലിബാബയിലെ ഒരു ബലാത്സംഗ കഥ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുമ്പോൾ ഉയർന്ന് വരുന്നത് ചൈനയിലെ തൊഴിൽ സംസ്‌കാരത്തിനെതിരെയുള്ള പ്രതിഷേധമാണ്. കഴിഞ്ഞമാസം ചൈനീസ് സമൂഹ മാധ്യമമായ വീബോയിൽ വൈറലായ ഒരു വനിതാ ജീവനക്കാരിയുടെ അനുഭവത്തിലൂടെയാണ് ആലിബാബയിലെ ഈ സംഭവം പുറംലോകമറിഞ്ഞത്. ഔദ്യോഗിക ആവശ്യത്തിനായി യാത്രയിലായിരുന്നു ഇവർ.

യോഗങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ അത്താഴവിരുന്നിൽ ഇവർ മദ്യപിക്കാൻ നിർബന്ധിതയായി അമിതമായി മദ്യപിച്ച ഇവർക്ക് ബോധം നഷ്ടമാവുകയായിരുന്നു. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ തന്റെ ഹോട്ടൽ മുറിയിൽ പൂർണ്ണ നഗ്‌നയായി കിടക്കുകയായിരുന്നു എന്ന് ഇവർ പറയുന്നു. ഹോട്ടലിൽ നിന്നും ലഭിച്ച സി സി ടി വി ദൃശങ്ങളിൽ സീനിയർ മാനേജർ ഒന്നിലധികം തവണ തന്റെ മുറിയിലേക്ക് വന്നതായി കണ്ടു എന്നാണ് ഇവർ പറഞ്ഞത്. ഈ കഥ പുറത്തുവന്നതോടെ ആലിബാബ ഈ സീനിയർ മാനേജരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

എന്നാൽ, ഇക്കാര്യത്തിൽ ഒരു കേസ് റെജിസ്റ്റർ ചെയ്യുവാൻ കഴിയില്ലെന്ന നിലപാടാണ് ചൈനീസ് പൊലീസിനുള്ളത്. മദ്യപിച്ച് ലക്കുകെട്ട യുവതിയുടെ അടുത്ത് ഒരാൾ ചെയ്തെന്നു പറയപ്പെടുന്ന കാര്യം ഒരിക്കലും ഒരു കുറ്റമായി പരിഗണിക്കാനാവില്ലത്രെ! ഈ തീരുമാനം സമൂഹമാധ്യമങ്ങളിൽ ഒരു വൻ പ്രതിഷേധത്തിന് കളമൊരുക്കി. അതോടൊപ്പം തന്നെ ചൈനയുടെ തൊഴിൽ സംസ്‌കാരത്തിനെതിരെയും കടുത്ത പ്രതിഷേധം ഉയരുകയാണ്.

അനുസരിച്ചില്ലെങ്കിൽ അത് ബഹുമാനക്കുറവായി കണക്കാക്കപ്പെടും

ചൈനയിലെ മാത്രമല്ല, കിഴക്കൻ ഏഷ്യയിലെ പൊതുവായ തൊഴിൽ സംസ്‌കാരത്തിൽ മദ്യപാനത്തിന് വലിയൊരു സ്ഥാനമാണുള്ളത്. വ്യക്തിബന്ധങ്ങൾ വ്യാപാരബന്ധങ്ങൾ നിർണ്ണയിക്കുന്നതിൽ കാര്യമായ പങ്കാണ് ഈ രാജ്യങ്ങളിലെ വിപണിയുടെ പൊതുസ്വഭാവം അതുകൊണ്ടുതന്നെ ജോലിയുടെ ഭാഗമായുള്ള മദ്യപാനം ഇവിടെ ബിസിനസ്സ് പ്രക്രിയയുടെ ഒരു അവിഭാജ്യഘടകമായി തുടരുകയാണ്. ജപ്പാനിലെ നോമിക്കായ്, ദക്ഷിണ കൊറിയയിലെ ഹീസിക് തുടങ്ങിയ ചടങ്ങുകളെല്ലാം തന്നെ ഇതിന്റെ ഭാഗമാണ്.

ചൈനയിൽ ജോലിയുടെ ഭാഗമായ മദ്യപാനം നടക്കുന്നത് സാധാരണയായി ആഡംബർ അത്താഴ വിരുന്നുകളിലാണ്. ബായ്ജു എന്ന മദ്യമാണ് ഇവിടെ ഏറെ ജനപ്രിയമായത്. 60 ശതമാനം ആൽക്കഹോൾ അടങ്ങിയതാണ് ഈ മദ്യം. താഴ്ന്ന ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരോട് മദ്യം നിറച്ച ഗ്ലാസ്സുകൾ ഉയർത്തിപ്പിടിച്ച് ചിയേഴ്സ് പറഞ്ഞുവേണം ഇവിടങ്ങളിൽ ബഹുമാനം പ്രകടിപ്പിക്കാൻ. അതുപോലെ തങ്ങളുടെ കക്ഷികളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന ബിസിനസ്സുകാരും ഇപ്രകാരം ചെയ്യും.

മദ്യത്തോടൊപ്പം ചില ഔപചാരികമായസംഭാഷണങ്ങൾ മാത്രമേ ഉണ്ടാകാറുള്ളു എന്ന് ടെക് അനലിസ്റ്റായ റുയി മാ പറയുന്നു. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിലാണ് കാര്യം. പലപ്പോഴും ഉന്നത ഉദ്യോഗസ്ഥർ അവർക്ക് കഴിക്കാൻ കഴിയാതെ ബാക്കി വരുന്ന മദ്യം കഴിക്കുവാൻ കീഴ്ജീവനക്കാരെ നിർബന്ധിക്കാറുമുണ്ടെന്ന് അവർ പറയുന്നു. മേലധികാരിയോട്പറ്റില്ല എന്നു പറയാൻ പറ്റില്ല, കാരണം, ചൈനയിൽ നിലനിൽക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വം അത്ര ശക്തമാണ്. അതുകൊണ്ടു തന്നെയാണ് ഇഷ്ടമല്ലെങ്കിലും വിരുന്നിനുള്ള ക്ഷണം നിരസിക്കാൻ പുതിയതായി ജീവനക്കാർക്ക് കഴിയാതെ പോകുന്നതും.

അങ്ങനെ ക്ഷണം നിരസിച്ചാൽ അത് ബഹുമാനക്കുറവായി പരിഗണിക്കും. തൊഴിലിൽ ഉയർച്ച ആഗ്രഹിക്കുന്ന ഒരാളും അത്തരത്തിലൊരു മനോഭാവം മേലധികാരിയിൽ ഉണ്ടാക്കുവാൻ താത്പര്യപ്പെടില്ല. മർക്കറ്റ് അനലിസ്റ്റായ ഹാന്യു ലിയു പറയുന്നു. അത്തരം ഒത്തുചേരലുകളിൽ പങ്കെടുത്തില്ലെങ്കിൽ തൊഴിലിടങ്ങളിൽ പാർശ്വവത്ക്കരിക്കപ്പെടും. സഹപ്രവർത്തകരിൽ നിന്നുപോലും സഹായവും സഹകരണവും ലഭിക്കാതെവരും.

ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കി സർക്കാർ ഉദ്യോഗസ്ഥന്മാർ ജോലിക്കിടയിലോ, ജോലിയുടെ ഭാഗമായിട്ടോ മദ്യപിക്കരുതെന്ന നിയമം ചൈനീസ് സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാൽ സ്വകാര്യമേഖലയിൽ ഇത് ഇന്നും ശക്തമായി നിലനിൽക്കുകയാണ്. കഴിഞ്ഞ ജനുവരിയിൽഒരു മദ്യപാന മത്സരത്തിൽ പങ്കെടുക്കാൻ മേലുദ്യോഗസ്ഥൻ നിർബന്ധിച്ചതിനാൽ അമിതമായി മദ്യപിച്ച് ഒരു സെക്യുരിറ്റി ഗാർഡ് മരണമടഞ്ഞ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അയാളുടെ ചികിത്സാ ചെലവുകൾ കമ്പനി വഹിച്ചതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതുപോലെ കഴിഞ്ഞ ഓഗസ്റ്റിൽ ഒരു ബാങ്ക് ജീവനക്കാരൻ മദ്യപാനത്തിനുള്ള ക്ഷണം നിരസിച്ചതിന്റെ പേരിൽ മേലുദ്യോഗസ്ഥരിൽ നിന്നും പീഡനമേൽക്കേണ്ടിവന്നത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തന്റെ മുഖത്ത് അടിക്കുകയും അശ്ലീലപദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും ചെയ്തു എന്നായിരുന്നു ഈ യുവാവ് എഴുതിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മേലുദ്യോഗസ്ഥൻ കുറ്റംചെയ്തതായി തെളിഞ്ഞെങ്കിലും ഒരു മുന്നറിയിപ്പ് മാത്രമായിരുന്നു ശിക്ഷ. ഇരയായ യുവാവിനോട് ബാങ്ക് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

ഈ നെറികെട്ട തൊഴിൽ സംസ്‌കാരം ഇല്ലാതെയാകുമോ ?

നേരത്തേ സൂചിപ്പിച്ചതുപോലെ വ്യക്തിബന്ധങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ് ചൈനീസ് വിപണി. വ്യക്തിബന്ധങ്ങളാണ് പ്രധാനമായും ബിസിനസ്സ് ഡീലുകൾക്ക് നിദാനമാകാറുണ്ട്. അത്തരം സാഹചര്യത്തിൽ ഇതുപോലുള്ള ആഘോഷങ്ങൾ തുടരുക തന്നെ ചെയ്യും. എന്നിരുന്നാലും ഇതുപൊലെ പൊതുജനരോഷം ഉയരുന്ന സാഹചര്യത്തിൽ ഇന്നത്തെ നിലയിൽ ഇത് അധികനാൾ തുടരുകയില്ലെന്നാണ് സമൂഹ ശാസ്ത്രജ്ഞർ പറയുന്നത്.

തൊഴിലിന്റെ ഭാഗമായ മദ്യപാനം എന്ന പരിപാടി കാലങ്ങളായി തുടരുന്നുണ്ടെങ്കിലും ആലിബാബയിലെ കാര്യം ലോകമറിയുവാൻ ഇടയാക്കിയത് അത് സമൂഹ മാധ്യമങ്ങളിൽ വന്നതിനാലാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മറ്റേതു രാജ്യത്തെ ജനങ്ങളേക്കാളും സമൂഹമാധ്യമങ്ങളിൽ മുഴുകുന്നവരാണ് ചൈനീസ് ജനത. അതുകൊണ്ടു തന്നെ അവരെ സ്വാധീനിക്കാനും കൂടുതൽ കഴിയുക സമൂഹ മാധ്യമങ്ങൾക്ക് തന്നെ. ഇവിടെ ഉയരുന്ന രോഷം കണ്ടില്ലെന്ന് നടിക്കുവാനും സർക്കാരിനാവില്ല. അതുകൊണ്ടുതന്നെ കോർപ്പറേറ്റുകളെ വരുതിയിൽ നിർത്താൻ ഷീ കൊണ്ടുവരുന്ന പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇത്തരം മദ്യപാന സദസ്സുകൾക്കും വിലക്ക് ഏർപ്പെടുത്തിയേക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP