Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

150 രാജ്യങ്ങളെ ബാധിച്ച റാൻസംവേർ ആക്രമണത്തിന് താൽക്കാലിക വിരാമം; പിന്നിൽ പ്രവർത്തിച്ചത് ഉത്തരകൊറിയയെന്ന റിപ്പോർട്ട് ഞെട്ടിച്ചത് യുദ്ധത്തിന് തയ്യാറെടുക്കുന്ന അമേരിക്കയെ; കേരളത്തിൽ വൈറസ് ബാധിച്ചത് ആറു പഞ്ചായത്തുകളിൽ; ലോകത്തെ വലിയൊരു വിപത്തിൽ നിന്ന് രക്ഷിച്ചത് 'കിൽ സ്വിച്ച്' കണ്ടെത്തൽ

150 രാജ്യങ്ങളെ ബാധിച്ച റാൻസംവേർ ആക്രമണത്തിന് താൽക്കാലിക വിരാമം; പിന്നിൽ പ്രവർത്തിച്ചത് ഉത്തരകൊറിയയെന്ന റിപ്പോർട്ട് ഞെട്ടിച്ചത് യുദ്ധത്തിന് തയ്യാറെടുക്കുന്ന അമേരിക്കയെ; കേരളത്തിൽ വൈറസ് ബാധിച്ചത് ആറു പഞ്ചായത്തുകളിൽ; ലോകത്തെ വലിയൊരു വിപത്തിൽ നിന്ന് രക്ഷിച്ചത് 'കിൽ സ്വിച്ച്' കണ്ടെത്തൽ

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: ലോകത്തെ നടുക്കിയ റാൻസംവേർ ആക്രമണത്തിന് താൽക്കാലിക വിരാമം. 150 രാജ്യങ്ങളിലെ രണ്ടേകാൽലക്ഷത്തോളം കംപ്യൂട്ടറുകളെ ബാധിച്ച സൈബർ ആക്രമണത്തിന്റെ വ്യാപനം ഏറെക്കുറെ അവസാനിച്ചു. വാനാക്രൈ റാൻസംവേർ ആക്രമണത്തിൽനിന്ന് മുക്തരായി ലോകം സാധാരണ ജീവിതത്തിലേക്ക് കടന്നു. എന്നാൽ, ഭീഷണി അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അപ്രതിരോധ്യമായ റാൻസംവേറുകൾ വരാനിരിക്കുന്നുവെന്നുമുള്ള മുന്നറിയിപ്പാണ് സൈബർ രംഗത്തെ വിദഗ്ദ്ധർ നൽകുന്നത്. അതേസമയം, സൈബർ ആക്രമണം ഇന്ത്യയെ കാര്യമായി ബാധിച്ചില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

ഹാക്കർമാർ രംഗത്തിറക്കിയ വാനാക്രൈ റാൻസംവേറിനെ നശിപ്പിക്കാൻപോന്ന 'കിൽ സ്വിച്ച്' അതിൽത്തന്നെയുണ്ടെന്ന് കണ്ടെത്തിയ ബ്രിട്ടീഷുകാരനായ 22-കാരൻ മാർക്കസ് ഹച്ചിൻസാണ് ലോകത്തെ വലിയൊരു വിപത്തിൽനിന്ന് രക്ഷിച്ചത്. ഹച്ചിൻസ് ലോകത്തിന്റെ മു്ന്നിൽ ഹീറോയായപ്പോൾ, കിൽ സ്വിച്ചില്ലാത്ത പുതിയ തരം റാൻസംവേറുകൾ അണിയറയിൽ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പ് വിദഗ്ദ്ധർ നൽകുന്നു. മറ്റൊരു വലിയ ആക്രമണം നേരിടാൻ സജ്ജരായിരിക്കണമെന്ന് ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി ആവശ്യപ്പെട്ടു. കിൽ സ്വിച്ചില്ലാത്ത തരം റാൻസംവേറുകൾ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ടെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ പ്രൂഫ്‌പോയന്റിലെ റോബ് ഹോംസ് പറഞ്ഞു. മോചനദ്രവ്യം കൊടുത്ത് കംപ്യൂട്ടറുകളിലെ ലോക്ക് ഒഴിവാക്കാനാണ് ഹാക്കർമാർ നിർദേശിച്ചിട്ടുള്ളത്. മോചനദ്രവ്യം കൊടുത്താലും ഉപയോക്താവിന് ഫയലുകൾ തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും ഇതുവരെ 54,000 ഡോളറോളം ഹാക്കർമാരുടെ അക്കൗണ്ടിലെത്തിയെന്നും സൂചനയുണ്ട്.

ഈ സൈബർ ആക്രമണത്തിനിരയായി കേരളവും പകച്ചു പോയിരുന്നു. സംസ്ഥാനത്തെ ആറിടത്ത് വാനാക്രൈ കടന്നുകൂടിയതായി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂർ, വയനാട്, പത്തനംതിട്ട ജില്ലകളിൽ വാനാക്രൈ ആക്രമണം റിപ്പോർട്ട് ചെയ്തു. കേരളത്തിലെ പഞ്ചായത്ത് ഓഫീസുകളാണ് സൈബർ ആക്രമികൾ മുഖ്യമായും ലക്ഷ്യമിട്ടത്. കൊല്ലത്ത് തൃക്കോവിൽവട്ടം പഞ്ചായത്ത്, തിരുവനന്തപുരത്ത് കരവാരം പഞ്ചായത്ത്, തൃശൂരിൽ അന്നമനട, കുഴൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ഒടുവിൽ ക്രമക്കേട് കണ്ടെത്തിയത്. വയനാട്ടിലെ തരിയോട് പഞ്ചായത്തിലും പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലുമാണ് ആദ്യം ആക്രമണമുണ്ടായത്.

വാനാക്രൈ ആക്രമണത്തിന്റെ തോത് കുറഞ്ഞെങ്കിലും, ഓഫീസുകൾ ഓരോന്നായി പ്രവർത്തന സജ്ജമാകുന്ന മുറയ്ക്ക് കൂടുതൽ ആക്രമണം കണ്ടെത്തിയേക്കുമെന്ന സൂചനയുണ്ട്. രണ്ടാം വട്ട ആക്രമണത്തിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് നാഷണൽ ക്രൈം ഏജൻസി ഡയറക്ടർ ജനറൽ ലിൻ ഓവൻസ് പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ഡാറ്റ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വാനാക്രൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് അഭ്യൂഹങ്ങളാണേറെയും. ഉത്തരകൊറിയയിലെ ഹാക്കർമാരാണ് ലോകത്തെ നടുക്കിയ വാനാക്രൈ ആക്രമണത്തിന് പിന്നിലെന്ന വാദവും ശക്തമാണ്. സൈബർ സുരക്ഷാ സ്ഥാപനങ്ങളായ സിമാൻടെക്കും കാസ്പർസ്‌കിയും അത്തരത്തിലൊരു സാധ്യത തള്ളിക്കളയുന്നില്ല.

ഉത്തരകൊറിയയുമായി ബന്ധമുള്ള ലസാറസ് എന്ന സംഘത്തിലേക്കാണ് ഇവർ സംശയത്തിന്റെ വിരൽ ചൂണ്ടുന്നത്. ഇതേ ഹാക്കർമാർ മുമ്പ് അവതരിപ്പിച്ച റാൻസംവേറുമായുള്ള സാദൃശ്യമാണ് ഉത്തരകൊറിയൻ സംഘമാണ് ഇതിന് പിന്നിലെന്ന് കരുതാനുള്ള കാരണം. 2014-ൽ സോണി പിക്‌ചേഴ്‌സ് എന്റർടൈന്മെന്റിന്റെ കംപ്യൂട്ടറുകൾ ആഴ്ചകളോളം ഹാക്ക് ചെയ്തത് ലസാറസാണ്. 2009-ൽ ബംഗ്ലാദേശിന്റെ സെൻട്രൽ ബാങ്കിൽനിന്ന് 81 ദശലക്ഷം ഡോളർ തട്ടിയെടുത്തതും ഇതേ ഹാക്കർമാരാണ്. ഉത്തരകൊറിയൻ ഹാക്കർമാരാണ് സംഭവത്തിന് പിന്നിലെങ്കിൽ അത് അമേരിക്കയ്ക്കുള്ള ശക്തമായ താക്കീതാണ്. ഉത്തരകൊറിയക്കെതിരെ യുദ്ധം നടത്താനൊരുങ്ങുന്ന അമേരിക്കയ്ക്ക് എതിരാളികളെ വിലകുറച്ചുകാണരുതെന്ന മുന്നറിയിപ്പാണ് ഇത് നൽകുന്നത്. എന്നാൽ, കൂടുതൽ തെളിവുകൾ ലഭിക്കാതെ ഏത് ഹാക്കർമാരാണ് ഇതിന് പിന്നിലെന്ന് ഉറപ്പിക്കാനാവില്ലെന്ന് കാസ്പർസ്‌കി വ്യക്തമാക്കി.

കേരളത്തിൽ കൊല്ലം തൃക്കോവിൽവട്ടം പഞ്ചായത്തിൽ ആറും തൃശൂരിൽ അന്നമനടയിൽ ഒന്നും കുഴൂരിൽ അഞ്ചും കംപ്യൂട്ടറുകൾ തകരാറിലായി. വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കംപ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. കംപ്യൂട്ടറിലെ ഫയലുകൾ തിരികെ നൽകാൻ പണം ആവശ്യപ്പെടുന്ന ഭീഷണി സന്ദേശമാണ് സ്‌ക്രീനുകളിൽ തെളിയുന്നത്. വൈറസ് അകറ്റാൻ 300 ഡോളറിന്റെ ബിറ്റ്‌കോയിനാണ് നൽകേണ്ടത്. ഒരാഴ്‌ച്ചയ്ക്കകം പണം നൽകിയില്ലെങ്കിൽ ഫയലുകൾ നശിപ്പിച്ച് കളയുമെന്നും കംപ്യൂട്ടറുകൾ തകരാറിലാക്കുമെന്നും ഭീഷണിയുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കംപ്യൂട്ടറുകൾ തകരാറിലായിത്തുടങ്ങിയത്. എന്നാൽ വെള്ളിയാഴ്‌ച്ച തന്നെ വൈറസ് പ്രവർത്തിച്ചു തുടങ്ങിയെന്നാണ് കരുതുന്നത്. പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ആക്രമണം വീണ്ടുമുണ്ടാകുമെന്ന് യൂറോപ്പിലെ പ്രമുഖ സുരക്ഷ ഏജൻസിയായ യൂറോപോൾ മുന്നറിയിപ്പു നൽകിയിരുന്നു. വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റമുള്ള കംപ്യൂട്ടറുകളെയാണ് വൈറസ് ഏറ്റവുമധികം ബാധിച്ചത്.

റാൻസംവെയർ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷമാണ്. വനംവകുപ്പ് ആസ്ഥാനത്തെ 20 കംപ്യൂട്ടറുകളിലായിരുന്നു ആക്രമണം. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ അടങ്ങിയിരുന്ന കംപ്യൂട്ടറുകളിലാണ് 'ആർഎസ്എ 4096' എന്ന വൈറസ് ബാധിച്ചത്. തുടർന്നു കംപ്യൂട്ടറുകളിലെ വിവരങ്ങൾ മായ്ച്ചുകളയേണ്ടിവന്നു. ഇത് കാര്യമായെടുക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. വാനാക്രൈ റാൻസംവെയറിന്റെ ആക്രമണത്തിൽ ലോകമാകെ 25,600 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഏകദേശ കണക്ക്. ചൈനയിൽ മാത്രം രണ്ടുലക്ഷം കംപ്യൂട്ടറുകളെ ബാധിച്ചു. ധാരാളം ബഹുരാഷ്ട്ര സ്ഥാപനങ്ങളുെട പ്രവർത്തനങ്ങളെ വാനാക്രൈ കാര്യമായി തടസമുണ്ടാക്കി. കംപ്യൂട്ടറുകളെ ആക്രമികളിൽനിന്ന് തിരിച്ചെടുക്കാനായിട്ടില്ല. ആശുപത്രികളുടെയും ബാങ്കുകളുടെ പ്രവർത്തനം താളംതെറ്റി. സ്വാഭാവിക നിലയിലാകാൻ വലിയ സമയമെടുക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ബ്രിട്ടനിലെ പൊതുമേഖലാ ആരോഗ്യ സംവിധാനത്തെ (എൻഎച്ച്എസിനെ) ഏറെക്കുറെ താറുമാറാക്കിയ റാൻസംവേർ ആക്രമണത്തിൽനിന്ന് ട്രസ്റ്റുകൾ മുക്തരാകാൻ ഇനിയും കാലതാമസമെടുക്കും. റദ്ദാക്കിയ ഓപ്പറേഷനുകൾക്ക് പുതിയ തീയതി ലഭിക്കുന്നതിന് രോഗികൾ ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. വാനാക്രൈ ആക്രമണത്തെത്തുടർന്ന് നിശ്ചലമായ ട്രസ്റ്റുകളെല്ലാംതന്നെ വീണ്ടും പ്രവർത്തനമാരംഭിച്ചു. ആക്രമണത്തെത്തുടർന്ന് പ്രവർത്തനം ഏറെക്കുറെ നിലച്ച എൻഎച്ച്എസിനാണ് നഷ്ടമേറെയുണ്ടായത്. ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന് മുക്തരാകാൻ ഒരുമാസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. എണ്ണമറ്റ ഓപ്പറേഷനുകളാണ് റദ്ദാക്കേണ്ടിവന്നത്. വാനാക്രൈ ആക്രമണത്തെ നേരിടുന്നതിനാവശ്യമായ പാച്ച് ഫയലുകൾ കംപ്യൂട്ടറുകളിൽ ഡൗൺലോഡ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പ് എൻഎച്ച്എസ് ഡിജിറ്റൽ ടീം എല്ലാ ട്രസ്റ്റുകൾക്കും ജിപിമാർക്കും അയച്ചുകൊടുത്തിരുന്നു. എന്നാൽ, പലരും അത് ചെയ്തിരുന്നില്ല. അതാണ് വിനയായത്.

ലോകത്താകെ സൈബർ ആക്രമണമുണ്ടായതിനു പിന്നാലെ ബാങ്കുകൾക്ക് ആർബിഐ മുന്നറിയിപ്പു നൽകിയിരുന്നു. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എടിഎമ്മുകൾ അടച്ചിടണമെന്നാണ് നിർദ്ദേശം. സോഫ്റ്റ്‌വെയർ അപ്‌ഡേഷനുമാത്രമേ എടിഎമ്മുകൾ തുറക്കാവൂ എന്നും നിർദേശമുണ്ട്. 150 രാജ്യങ്ങളും രണ്ടുലക്ഷം കംപ്യൂട്ടർ ശൃംഖലകളുമാണ് ഇതുവരെ വാനാക്രൈ ആക്രമണത്തിനിരയായത്. വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്റെ കൂടുതൽ അപകടകാരിയായ വാനാക്രൈ 2.0 എന്ന പുതിയ പതിപ്പാണ് കംപ്യൂട്ടറുകളെ ബാധിച്ചത്. സ്ഥിതി അതീവ ഗുരുതരമെന്നാണു കേന്ദ്രസർക്കാരിന്റെ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി) വിലയിരുത്തിയത്. ഇന്ത്യയിൽ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാൻസംവെയർ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. മിക്ക സർക്കാർ വകുപ്പുകളിലും ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാൽ കേരളത്തിൽ അക്രമണഭീഷണി കുറവാണെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാൽ പഴയ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിൽ സുരക്ഷ കുറവായതിനാൽ ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാം. എന്നാൽ ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും വേണ്ടത്ര സുരക്ഷാമുൻകരുതൽ എടുത്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

അതിനിടെ, രഹസ്യപ്രോഗ്രാമുകൾ സുരക്ഷിതമായി വയ്ക്കാൻ കഴിയാത്ത അമേരിക്കൻ രഹസ്വാന്വേഷണ ഏജൻസികളെ മൈക്രോസോഫ്റ്റ് കുറ്റപ്പെടുത്തി. സോഫ്റ്റ്‌വെയർ പിഴവുകൾ കണ്ടെത്തുമ്പോൾ അതു ബന്ധപ്പെട്ട കമ്പനികളെയും പൊതുജനങ്ങളെയും അറിയിച്ച് സുരക്ഷിതത്വം കൂട്ടാൻ സഹായിക്കാതെ സ്ഥാപിത താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത് വിമർശിച്ചു. വിൻഡോസ് ഉപയോക്താക്കൾ അടിയന്തരമായി ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്നു മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകി. വിൻഡോസ് 10 പതിപ്പിനു മുൻപുള്ള ഒഎസുകളിലെ സുരക്ഷാപിഴവ് ചൂഷണം ചെയ്താണ് റാൻസംവെയർ ആക്രമണം.

മാർച്ച് 14നു തന്നെ മൈക്രോസോഫ്റ്റ് പിഴവ് പരിഹരിച്ച് അപ്‌ഡേറ്റ് പുറത്തിറക്കിയെങ്കിലും ഉപയോക്താക്കൾ പലരും ഇത് ഇൻസ്റ്റാൾ ചെയ്യാതിരുന്നതാണു പ്രശ്‌നമായത്. വിൻഡോസ് എക്‌സ്പി വേർഷന്റെ സുരക്ഷാപിന്തുണ ഒരുവർഷം മുൻപ് പൂർണമായി പിൻവലിച്ചെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ചു എല്ലാ വേർഷനുകൾക്കുമായി കഴിഞ്ഞദിവസം അപ്‌ഡേറ്റ് പുറത്തിറക്കി. ഇവ ഉടൻ ഡൗൺലോഡ് ചെയ്യാനാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP