Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

തകർന്നടിഞ്ഞ് വ്യാപാര സ്ഥാപനങ്ങളും വീടുകളും; ചെളിയടിഞ്ഞ് റോഡുകൾ; മൂക്കു തുളയ്ക്കുന്ന പൊടിയും ദുർഗന്ധവും; സൂക്ഷിച്ച് സഞ്ചരിച്ചില്ലെങ്കിൽ തെന്നി വീഴും; വൈദ്യുതി എത്താതെ ഇനിയും വീടുകൾ; പ്രളയം റാന്നിയെ അരനൂറ്റാണ്ട് പിന്നോട്ടടിച്ചു; പുനർ നിർമ്മാണത്തിന് അഞ്ചു വർഷമെങ്കിലും വേണ്ടി വരും; സർവ്വവും നശിച്ച് ആത്മഹത്യയുടെ വക്കിൽ വ്യാപാരികൾ; ഷട്ടറുകൾ ഉപേക്ഷിച്ച് പോയവരും നിരവധി; പ്രളയം തകർത്തെറിഞ്ഞ നഗരത്തെ കൈവിട്ട് മാധ്യമങ്ങളും: റാന്നിയിലെ നടുക്കുന്ന കാഴ്‌ച്ചകളിലൂടെ ഒരു സഞ്ചാരം

തകർന്നടിഞ്ഞ് വ്യാപാര സ്ഥാപനങ്ങളും വീടുകളും; ചെളിയടിഞ്ഞ് റോഡുകൾ; മൂക്കു തുളയ്ക്കുന്ന പൊടിയും ദുർഗന്ധവും; സൂക്ഷിച്ച് സഞ്ചരിച്ചില്ലെങ്കിൽ തെന്നി വീഴും; വൈദ്യുതി എത്താതെ ഇനിയും വീടുകൾ; പ്രളയം റാന്നിയെ അരനൂറ്റാണ്ട് പിന്നോട്ടടിച്ചു; പുനർ നിർമ്മാണത്തിന് അഞ്ചു വർഷമെങ്കിലും വേണ്ടി വരും; സർവ്വവും നശിച്ച് ആത്മഹത്യയുടെ വക്കിൽ വ്യാപാരികൾ; ഷട്ടറുകൾ ഉപേക്ഷിച്ച് പോയവരും നിരവധി; പ്രളയം തകർത്തെറിഞ്ഞ നഗരത്തെ കൈവിട്ട് മാധ്യമങ്ങളും: റാന്നിയിലെ നടുക്കുന്ന കാഴ്‌ച്ചകളിലൂടെ ഒരു സഞ്ചാരം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പമ്പ നദിയിലെ മഹാപ്രളയം ശരിക്കും കശക്കിയെറിഞ്ഞത് പമ്പാ മണൽപ്പുറത്തെയും റാന്നിയെയുമാണ്. മനുഷ്യവാസ കേന്ദ്രമായ റാന്നി ഇന്നൊരു മരുപ്പറമ്പാണ്. പ്രളയം ഏറ്റവുമധികം നക്കിത്തുടച്ചതും റാന്നിയെയാണ്. രണ്ടാം ദിവസം റാന്നിയിൽ നിന്ന് പ്രളയജലം ഇറങ്ങി. അതോടെ മാധ്യമശ്രദ്ധയും ഇവിടെ നിന്നൊഴുകിപ്പോയി. പ്രളയാനന്തര റാന്നിയെ മാധ്യമങ്ങൾ കാണുന്നില്ല. അതു കൊണ്ടു തന്നെ അതിഭീകരമായ ഈ നാടിന്റെ അവസ്ഥ പുറംലോകം അറിയുന്നുമില്ല. അതു പറയേണ്ട രാജു ഏബ്രഹാം എംഎൽഎ പിണറായിയെ ഭയന്ന് മൗനം അവലംബിക്കുന്നു. അതിദയനീയമായ കാഴ്ചയാണ് റാന്നിയിലെത്തിയാൽ കാണാൻ കഴിയുക. ചെളിയടിഞ്ഞ റോഡുകൾ, വ്യാപാരികൾ ഉപേക്ഷിച്ചു പോയ സ്ഥാപനങ്ങൾ. ചെളിയടിഞ്ഞ് ഇനിയും കയറി താമസിക്കാൻ കഴിയാത്ത വിധമുള്ള വീടുകൾ. ശുദ്ധജലവും വൈദ്യുതിയും കിട്ടാക്കനി. റാന്നിയിൽ ശരിക്കും ലോകം അവസാനിച്ചുവെന്ന് പറയാം. മരണസംഖ്യ ഏറിയില്ല എന്നതു മാത്രം ഏക ആശ്വാസം. എന്നാൽ, നഷ്ടത്തിന്റെയും ദുരിതത്തിന്റെയും കഥകൾ പറയാൻ കഴിയുന്നതിനും അപ്പുറമാണ്.

ഒറ്റ പ്രളയം കൊണ്ട് അരനൂറ്റാണ്ട് പിന്നിലേക്ക് പോയിരിക്കുകയാണ് റാന്നി. പ്രളയം ബാധിക്കാത്ത ഒരു മേഖലയും റാന്നിയിൽ ഇല്ല. വ്യാപാര സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ, വീടുകൾ എന്നിവയെല്ലാം അടഞ്ഞു കിടക്കുന്നു. ചെളിമൂടി കിടക്കുന്ന റോഡുകൾ. പ്രളയം അടയാളപ്പെടുത്തിയ വമ്പൻ കെട്ടിടങ്ങൾ...അങ്ങനെ നീളുന്നു റാന്നിയുടെ ദുരിത കാഴ്ചകൾ. കേട്ടറിവു മാത്രമുള്ള ദുരന്തം നേരിട്ട് അനുഭവിച്ചറിഞ്ഞ ഞെട്ടലിലാണ് റാന്നി നിവാസികൾ. ഓർമയിൽ പോലും സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ദുരിത ദിനങ്ങളിൽ നിന്നും ഈ നാടിന്റെ മോചനം ഇനി എത്രയോ കാതം അകലെയാണെന്നതാണ് വാസ്തവം.

മലയോരമേഖലയുടെ റാണിയായി വിലസിയിരുന്ന റാന്നിയുടെ അഭിമാനവും ആശ്രയവും എല്ലാമായിരുന്നു പമ്പാനദി. താലൂക്കിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും നേരിട്ടുള്ള സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചു വന്ന പമ്പാനദി കഴിഞ്ഞ 14 ന് നേരം ഇരുണ്ടു വെളുത്തപ്പോൾ റാന്നി എന്ന പ്രദേശത്തെ നക്കിത്തുടച്ചു. സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ റാന്നിയുടെ രണ്ടാം ദുരന്തം പൂർത്തിയാകുകയായിരുന്നു. 1996 ജൂലായ് 29 ന് പകൽ പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വലിയപാലം അപ്രതീക്ഷിതമായി പമ്പാനദിയിലേക്കു തകർന്നു വീണപ്പോൾ മാത്രമാണ് റാന്നി നിവാസികൾ ഇതിനു മുമ്പ് ഇത്രമേൽ ഞെട്ടിയത്. അവിശ്വസനീയമായ ആ വാർത്ത നേരിൽ കണ്ട ശേഷമാണ് ഏവരും ബോധ്യപ്പെട്ടത്. പിന്നീട് മാസങ്ങളോളം റാന്നിയിലെ ജനങ്ങൾ യാത്രാ ബുദ്ധിമുട്ടിലായിരുന്നു.

എന്തിനും ഏതിനും റാന്നി ടൗൺ മേഖലയിലെ അങ്ങാടി, പഴവങ്ങാടി, താലൂക്കാസ്ഥാനത്തെ റാന്നി എന്നീ പഞ്ചായത്തുകളുമായി പരസ്പരം ബന്ധപ്പെട്ടു കഴിഞ്ഞു വന്ന ജനങ്ങൾക്ക് റാന്നി വലിയ പാലം തകർന്നതോടെ യാത്രാ ക്ലേശം രൂക്ഷമായി. പാലത്തിന്റെ തകർച്ച മേഖലയുടെ വികസനം പതിറ്റാണ്ടുകളാണ് പിന്നോട്ടടിച്ചത്. ആദ്യം പട്ടാളം നിർമ്മിച്ച ബെയ്ലി പാലവും പിന്നീട് കോടികൾ ചെലവിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ഇപ്പോഴത്തെ പാലവും യാഥാർത്ഥ്യമായതോടെ റാന്നി വീണ്ടും പുനർജനിക്കുകയായിരുന്നു. മുമ്പത്തേതിനേക്കാൾ മിടുക്കിയായി മുന്നേറുമ്പോഴാണ് അശനിപാതം പോലെ പമ്പാനദിയിലെ പ്രളയജലം റാന്നിയെ അപ്പാടെ വിഴുങ്ങിയത്. താലൂക്കിന്റെ ബഹുഭൂരിഭാഗം പഞ്ചായത്തുകളേയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. പമ്പാ ത്രിവേണി മുതൽ പെരുനാട്, നാറാണംമൂഴി, പഴവങ്ങാടി, അങ്ങാടി, റാന്നി, ചെറുകോൽ, അയിരൂർ പഞ്ചായത്തുകളെ നേരിട്ടും മറ്റു പഞ്ചായത്തു പ്രദേശങ്ങളെ പരോക്ഷമായും പ്രളയം ബാധിച്ചു. കോടികളുടെ നഷ്ടമാണ് ഓരോ പഞ്ചായത്തുകളിലും ഉണ്ടായത്. നൂറു കണക്കിനു വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. വെള്ളം കയറി നാശമുണ്ടായ വീടുകൾ അതിലേറെയാണ്. ഉടുതുണിക്കു മറുതുണി ഇല്ലാതെ പ്രാണരക്ഷാർഥം ഉയർന്ന സ്ഥലങ്ങളിലേക്ക് ഓടിക്കയറിയവർക്ക് പതിന്നാലിനു രാത്രിയിലും പതിനഞ്ചിനു പകലുമായി ഉണ്ടായ വെള്ളപ്പൊക്കം ഓർക്കാൻ പോലും കഴിയുന്നതല്ല.

എല്ലാം നഷ്ടപ്പെട്ടവരാണ് ഇന്നു റാന്നിക്കാർ. ഒരു ഉയിർത്തെഴുന്നേൽപ്പ് ഇന്നാട്ടുകാർക്ക് അടുത്ത കാലത്തെങ്ങും സാധ്യമാകുമെന്നു കരുതുന്നില്ല. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതത്രയും പ്രളയജലം കവർന്നതിന്റെ ഞെട്ടലിൽ നിന്നും രണ്ടാഴ്ചയായിട്ടും ആരും മോചിതരായിട്ടില്ല. വീടുകളിൽ മിക്കതും വാസയോഗ്യമല്ലാത്ത വിധം തകർന്നു കഴിഞ്ഞു. വെള്ളം ഇറങ്ങിയതിനു പിന്നാലെ നിരവധി വീടുകളുടെ ഭിത്തികൾ വിണ്ടു കീറി. പലതും ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലുമാണ്. വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഫ്രിഡ്ജ്, ടിവി. വാഷിങ് മെഷിൻ, മിക്സർ ഗ്രൈൻഡർ, കമ്പ്യൂട്ടറുകൾ തുടങ്ങി വെള്ളം കയറി നശിച്ച ഇലക്ട്രോണിക് സാധനങ്ങൾ എണ്ണമറ്റതാണ്. അതിരുകൾ ഇളക്കിയെറിഞ്ഞാണ് പ്രളയജലം കുത്തിയൊഴുകിയത്. വെള്ളം കയറിയ മേഖലകളിൽ മതിലുകളും കയ്യാലകളും വലിയ തോതിലാണ് തകർന്നത്. മനുഷ്യർക്ക് കാര്യമായ ജീവഹാനി ഉണ്ടായില്ലെന്നത് ഒഴിച്ചാൽ പ്രളയത്തിന്റെ സംഹാരം പൂർണമായിരുന്നു.

വെള്ളം കയറിയിറങ്ങിയ വീടുകളൊക്കെ ചെളി മൂടി നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നിസ്വാർഥ സേവകരുടെ പ്രയത്നത്താൽ വീടുകളിൽ നിറഞ്ഞു കിടന്ന ചെളി കുറച്ചെങ്കിലും കോരി മാറ്റാൻ കഴിഞ്ഞു എന്നതാണ് ആശ്വാസകരം. എന്നാലും ഇനി നിരവധി തവണ തുടർച്ചയായി ശ്രമിച്ചാൽ മാത്രമേ വീടുകൾ പൂർവ സ്ഥിതിയിലാകൂ. കുടിവെള്ള ക്ഷാമമാണ് റാന്നി താലൂക്കിൽ ഏറെ സാരമായിട്ടുള്ളത്. വെള്ളം കയറിയ കിണറുകളിലെ കലക്ക വെള്ളം ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്. റാന്നി പോലെയുള്ള ഗ്രാമപഞ്ചായത്തുകളിൽ വീടുവീടാന്തരം ജോലിക്കാരെ വിട്ട് കിണറ്റിലെ മലിനജലം തേകി കളയുന്നുണ്ട്. പഞ്ചായത്തിൽ നിന്നും ഒരു കിണറിനു രണ്ടായിരം രൂപാ എന്ന ക്രമത്തിൽ നൽകുന്നുണ്ട്. എന്നാൽ മോട്ടോർ ഉപയോഗിച്ച് കിണറ്റിലെ കലക്കവെള്ളം തേകി കളയുന്നതല്ലാതെ കിണറിനുള്ളിൽ ഇറങ്ങി ചെളി കോരി കളയാൻ സംഘം തയാറാകുന്നില്ല. അതിനായി കിണറൊന്നിന് ആയിരത്തിയഞ്ഞൂറും അതിലേറെയും തുകയാണ് അവർ വാങ്ങുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരൊക്കെ ബുദ്ധിമുട്ടുകൾ ഉള്ളിലൊതുക്കി സ്വന്തം വീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. എന്നാൽ ആനത്തോടു ഡാമിൽ നിന്നുള്ള കുമ്മായം കലർന്ന വെള്ളം ഒഴുകിയ പ്രദേശങ്ങളാകെ വെള്ള പുതച്ചു കിടക്കുകയാണ്. ഉണ്ടായിരുന്ന ചെടികളും ചെറിയ മരങ്ങളുമെല്ലാം കരിഞ്ഞ് ഉണങ്ങി. ഒരു കറിവെപ്പില പോലും സ്വന്തമായി എടുക്കാൻ ഇല്ലാത്ത ഭൂമിയിലേക്കാണ് ആയിരങ്ങളുടെ മടങ്ങി വരവ്. 2003ൽ ആനത്തോടു ഡാം തുറന്നു വിട്ടതു മൂലം പമ്പയിൽ ചെറിയ തോതിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. വെള്ളം ഇറങ്ങിയ ശേഷം ആറുമാസത്തോളം നദീതീരം അപ്പാടെ വെള്ള പുതച്ചു കിടക്കുകയായിരുന്നു. നിരവധി തവണ മഴ പെയ്ത് ആ മണ്ണ് ഒലിച്ചു പോയ ശേഷമാണ് പുൽക്കൊടി പോലും അവിടെ മുളച്ചത്. അതിനാൽ നദീ തീരവാസികളുടേയും പ്രളയജലം എത്തിയ സ്ഥലങ്ങളിലേയും കൃഷികളെല്ലാം ഇനി കുറച്ചു കാലത്തേക്ക് നടക്കില്ലെന്നത് വരും ദിനങ്ങളിലെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും.

റാന്നിയുടെ ദുരിത കാഴ്ചകൾ അവർണനീയമാണ്. സാധാരണ വെള്ളപ്പൊക്കത്തെ പോലും അതിജീവിക്കാൻ കഴിയാത്ത മലയോര മേഖലയെ തകർത്തെറിഞ്ഞതായിരുന്നു പമ്പാനദി കരുതി വച്ചത്. റോഡായ റോഡെല്ലാം തകർന്നു. വ്യാപാര സ്ഥാപനങ്ങളിലൊക്കെ വെള്ളം കയറി. നൂറു കണക്കിനു കടകളാണ് ടൗണിൽ മാത്രം മുങ്ങിയത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച വ്യാപാരികളിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. ഓണവ്യാപാരം മുന്നിൽ കണ്ട് വസ്ത്രങ്ങളും മറ്റും സ്റ്റോക്ക് ചെയ്തിരുന്ന വ്യാപാരികൾ കടംകയറി ജീവിതം വഴി മുട്ടി നിൽക്കുകയാണ്. അന്നത്തെ കച്ചവടം കൊണ്ട് കഷ്ടിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്ന ചെറിയ കച്ചവടക്കാരും ഇടത്തരം വ്യാപാരികളുമൊക്കെ ഇനിയെന്ത് എന്ന ചിന്തയിലാണ് ഇപ്പോൾ.

വീടുകളിൽ നിന്നും വാരിവലിച്ചിട്ട മാലിന്യങ്ങൾ അവരവരുടെ പറമ്പുകളിൽ കുന്നു കൂടി കിടക്കുകയാണെങ്കിൽ വ്യാപാര സ്ഥാപനങ്ങളിലെ സ്ഥിതി മറിച്ചാണ്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി പൊലീസ് സ്റ്റേഷൻ മുതൽ റാന്നി പെരുമ്പുഴ സ്റ്റാൻഡ് വരെയും വലിയപാലം മുതൽ മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര, എസ്സി പടി വരെയും ഇതര റോഡുകളിൽ അങ്ങാടി ചെട്ടിമുക്ക്, പുളിമുക്ക്, പുല്ലൂപ്രം, വരവൂർ, കാലായിൽപടി, പേരൂർ, ഇടപ്പാവൂർ, മൂക്കന്നൂർ, പുതിയകാവ്, അയിരൂർ, ചെറുകോൽപ്പുഴ എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ചെളി കോരി റോഡിലേക്ക് നിക്ഷേപിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് അടക്കം വൻതോതിൽ മാലിന്യം ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള വയൽ നികത്തിയ സ്ഥലത്താണ് നിക്ഷേപിക്കുന്നത്. അവിടം ഇപ്പോൾ മാലിന്യത്തിന്റെ വൻ മലയാണ് രൂപപ്പെട്ടിട്ടുള്ളത്.

റോഡരുകരിലേക്ക് കോരി ഇട്ടിരിക്കുന്ന ചെളി ചെറിയ മഴയിൽ പോലും റോഡിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇത് ഇരുചക്ര വാഹന യാത്രികരെ അപകടത്തിലാക്കുന്നുണ്ട്. ഒപ്പം മാലിന്യ കൂമ്പാരം റാന്നിയെ സാംക്രമികരോഗ ഭീതിയിലും ആക്കിയിട്ടുണ്ട്. ഏതു സമയത്തും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയാണ് ഇവിടെ നിലനിൽക്കുന്നത്. വൻ തോതിലുള്ള പൊടി ശല്യം ആസ്ത്മ അടക്കം അലർജി രോഗങ്ങൾ ഉള്ളവരുടെ ആരോഗ്യ സ്ഥിതി മോശമാക്കും. മുഖാവരണം ധരിച്ചാണ് നിരവധിയാളുകൾ സഞ്ചരിക്കുന്നത്. എന്നാൽ ബഹുഭൂരിഭാഗം ആളുകളും പൊടികലർന്ന വായുവാണ് ശ്വസിക്കുന്നത്. മലിനപ്പെട്ട വെള്ളം, അന്തരീക്ഷം എന്നിവയെല്ലാം റാന്നിയെ വീണ്ടും ഒരു ദുരന്തത്തിലേക്കു നയിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. മലനാടിന്റെ റാണി എന്ന വിശേഷണത്തിൽ പുളകം കൊണ്ടിരുന്ന റാന്നിയുടെ ദുരവസ്ഥ മറ്റ് ഏതൊരു നാടിനേക്കാളും മോശമാണ്. ഇതിൽ നിന്നുള്ള ഒരു കരകയറ്റമാണ് റാന്നിയുടെ ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP